Tuesday, April 27, 2010

ട്യൂബ് ലൈറ്റ് ഉപയോഗിച്ച് ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്

ഫ്യൂസായ ട്യൂബ് ലൈറ്റ് ഉപയോഗിച്ച് ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍. ചെലവ് 500 രൂപ. ലാഭം ജീവിതാന്ത്യം വരെ മറ്റുചെലവുകളില്ലാതെ ചൂടുവെള്ളം, പിന്നെ ഊര്‍ജ്ജവും.
നാഗര്‍കോവില്‍ മഞ്ഞാലൂംമൂട്ടിലെ നാരായണ ഗുരു എന്‍ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രോണിക്സ് ആന്റഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളായ വിപിന്‍കുമാറും അരുണ്‍ ദര്‍ശനുമാണ് വാട്ടര്‍ ഹീറ്റര്‍ നിര്‍മിച്ചത്.
മനുഷ്യരാശിക്കു വിനാശം വിതച്ചുകൊണ്ടിരിക്കുന്ന ഹരിതഗൃഹ പ്രതിഭാസത്തെയാണ് ഇതിനായി ഇവര്‍ കൂട്ടുപിടിച്ചിരിക്കുന്നത്.
വലുതും ചെറുതുമായ ട്യൂബ് ലൈറ്റുകളാണ് ഹീറ്ററിന് വേണ്ട അവശ്യ ഘടകം. പിന്നെ മീഥേന്‍ വാതകവും, കറുത്ത പെയിന്റും. മീഥേന്‍ എന്നുകേട്ട് ഞെട്ടണ്ട. സാധനം ബയോഗ്യാസിലുള്ളതാണ്. ബയോഗ്യാസില്‍ 72 ശതമാനത്തോളം മീഥേന്‍ വാതകം അടങ്ങിയിട്ടുണ്ട്.
ചെറിയ ട്യൂബ് ലൈറ്റില്‍ കറുത്ത നിറം പൂശി അതിനെ ബ്ളാക്ക് ബോഡിയാക്കുന്നു. എന്നിട്ട് വലിയ ട്യൂബ് ലൈറ്റിനുള്ളില്‍ കടത്തിവച്ചശേഷം രണ്ടിനുമിടയില്‍ മീഥേന്‍ വാതകവും ജലബാഷ്പവും നിറച്ച് അടയ്ക്കുന്നു. ചെറിയ ട്യൂബിനുള്ളിലൂടെയാണ് ചൂടാക്കുന്നതിനുള്ള ജലം കടത്തിവിടുന്നത്.
ആദ്യത്തെ ട്യൂബ് ലൈറ്റിലൂടെ ഉള്ളില്‍ പ്രവേശിക്കുന്ന സൂര്യരശ്മിയിലെ ചൂട് മീഥേന്‍ വാതകം ഉണ്ടാകുന്ന ഹരിതഗൃഹ പ്രതിഭാസം കാരണം വര്‍ദ്ധിക്കുന്നു. ഉള്ളിലെ കറുത്ത ട്യൂബ് ലൈറ്റ് സൂര്യപ്രകാശത്തിലെ ഇന്‍ഫ്രാ റെഡ് രശ്മികളെ പ്രതിഫലിപ്പിക്കുന്നു. രണ്ടു ട്യൂബിനിടയിലെയും വായുവിന്റെ താപനിലയെ വര്‍ദ്ധിപ്പിക്കാന്‍ ഇതും കാരണമാകുന്നു. ചെറിയ ട്യൂബിനുള്ളിലെ ജലം ഈ ചൂടിനെ ആഗിരണം ചെയ്യുകയും തത്ഫലമായി ജലം ചൂടാകുകയും ചെയ്യും. 80 മുതല്‍ 82 വരെ ഡിഗ്രി സെല്‍ഷ്യസ് വരെ ജലത്തെ ചൂടാക്കാന്‍ സാധിക്കും.
വീട്ടില്‍തന്നെ നിര്‍മിക്കാവുന്ന ഈ ഹീറ്ററിനെ ആധുനികമാക്കാന്‍ സൂര്യപ്രകാശത്തിനനുസരിച്ച് തിരിക്കാനായി ഓട്ടോമാറ്റിക് കണ്‍ട്രോളര്‍ ഘടിപ്പിക്കാവുന്നതാണ്. അതിന് 3000 രൂപയോളമാകും.
കൂറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് പരമാവധി ലാഭം എങ്ങനെ ഉണ്ടാക്കാം എന്ന് ലോകം ചിന്തിച്ചുകൊണ്ടിരിക്കെ ഇവരുടെ കണ്ടുപിടിത്തം നാളെയുടേതാണ്. വിപിന്‍കുമാര്‍ വെങ്ങാനൂര്‍ സ്വദേശിയും അരുണ്‍ ബാലരാമപുരം സ്വദേശിയുമാണ്.

1 comment:

Anonymous said...

flourescence kuanjo theliyanoru thamasam