Sunday, August 15, 2010

ചാലിയാര്‍ വീണ്ടുമൊഴുകുന്നു

മുപ്പത് വര്‍ഷം മുമ്പ് ചാലിയാര്‍ പുഴ കടക്കാന്‍ ഒരു വിവാഹ സംഘമെത്തി. പതിനേഴുകാരിയായ വധുവിനോട് ചെക്കന്‍െറ ബന്ധുക്കളിലാരോ പറഞ്ഞു. ആദ്യം അവനെ തോണിയില്‍ കയറ്റ്, അല്ളെങ്കില്‍ അവന്‍ മുങ്ങും. പൊങ്ങുന്നത് പാര്‍ട്ടി യോഗത്തിലായിരിക്കും. മലപ്പുറത്ത് എളമരത്തെ ചാലിയാറിനക്കരെയുള്ള വീട്ടിലേക്കുള്ള ചെറിയ തോണിയിരിക്കെ റഹ്മത്തിന് പുതിയാപ്ള കരീമിന്‍െറ സ്വഭാവം എന്താണെന്ന് വ്യക്തമായി മനസ്സിലായി.

പുതിയാപ്ള കരീം ഇന്ന് കേരളത്തിന്‍െറ വ്യവസായ മന്ത്രിയായ എളമരം കരീമായി വളര്‍ന്നപ്പോഴും പണ്ടത്തെ സ്വഭാവം മാറ്റിയിട്ടില്ള. വീട്ടിലെത്തുന്നത് അതിഥിയായാണ്. വീട്ടിലെത്തിയാല്‍ ആള് പിന്നെ സ്നേഹനിധിയായ ഭര്‍ത്താവായി. വീട്ടിലെ ഈ മന്ത്രിയുടെ വകുപ്പില്‍ അധികം ഇടപെടുകയുമില്ള. ചിലപ്പോള്‍ സ്നേഹം കൂടുമ്പോള്‍ അടുക്കളയില്‍ കയറി ഒരു കൈ സഹായം നല്കാറുണ്ട്. എന്നാല്‍ വീട്ടിന് പുറത്ത് നിറുത്തുന്ന ഒന്നുണ്ട്, രാഷ്ട്രീയം. ഈ വീട്ടില്‍ രാഷ്ട്രീയം പാടില്ള എന്നാണ് അലിഖിത നിയമം. ആരെങ്കിലും റഹ്മത്തിനോട് രാഷ്ട്രീയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മറുപടി ചെറുചിരിയിലൊതുക്കുന്നതും അതുകൊണ്ട് തന്നെ.

മധുര പതിനേഴില്‍ റഹ്മത്തിന്‍െറ ജീവിതത്തിലേക്ക് കടന്നുവന്ന കരീമിക്കായുടെ വളര്‍ച്ചയുടെ ഓരോ പടിയിലും അവരുടെ താങ്ങുണ്ട്. റഹ്മത്തിന്‍െറ ജീവിതത്തിലേക്ക് കരീമിന്‍െറ വരവ് ആകസ്മികമായിരുന്നു. റഹ്മത്തിന്‍െറ ഉമ്മയുടെ പുറക്കാട്ടിരിയിലെ സഹോദരിയുടെ മകളെ പെണ്ണ് കാണാനെത്തിയ കരീമിന് എന്തോ ആ കുട്ടിയെ ബോധിച്ചില്ള. കോവൂരാണ് റഹ്മത്തിന്‍െറ കുടുംബം താമസിച്ചിരുന്നത്. പിന്നീട് കുട്ടികൃഷ്ണന്‍ എന്ന പാര്‍ട്ടി സഖാവ് വഴിയാണ് റഹ്മത്തിന്‍െറ ബാപ്പയുടെ അടുത്ത് കരീമിന്‍െറ വിവാഹാലോചന എത്തുന്നത്.

എളമരം ഏര്യാകമ്മിറ്റിയംഗമായിരുന്ന കരീം അന്ന് മാവൂര്‍ റയോണ്‍സിലെ കരാര്‍ തൊഴിലാളികളുടെ മാനേജരും ആയിരുന്നു. ഭാര്യയെ ജോലിക്ക് വിടാന്‍ താല്പര്യമില്ളാത്ത കരീമിന് എസ്.എസ്.എല്‍.സി പാസായ കുട്ടി മതി എന്ന ഏക ഡിമാന്‍േറ ഉണ്ടായിരുന്നുള്ളൂ. അന്ന് റഹ്മത്തിന്‍െറ ചേച്ചിയുടെ കല്ള്യാണം കഴിഞ്ഞിട്ടുണ്ടായിരുന്നില്ള. ചേച്ചി അന്ന് ഡിഗ്രിക്കു പഠിക്കുന്നു. പിന്നെയുള്ളത് പതിനഞ്ച് വയസ്സുകാരി റഹ്മത്തും. മൂത്തവളുടെ കല്യാണം കഴിയാതെ ഇളയവളെ കെട്ടിച്ചു കൊടുക്കുകയില്ള എന്ന ബാപ്പയുടെ നിര്‍ബന്ധത്തിന് വഴങ്ങി കരീം റഹ്മത്തിനായി രണ്ടു വര്‍ഷം കാത്തിരുന്നു. ആറുമക്കളില്‍ നാലാമത്തെ ആളായിരുന്നു റഹ്മത്ത്. രണ്ട് വര്‍ഷം കൂടി കാത്തിരുന്നശേഷം, ഇരുപത്തിയേഴാം വയസ്സിലാണ് പതിനേഴുകാരിയായ റഹ്മത്തുമായി കരീമിന്‍െറ വിവാഹം നടക്കുന്നത്. കമ്മ്യൂണിസ്റ് പാര്‍ട്ടിയോട് അനുഭാവമുള്ള കുടുംബമായിരുന്നു റഹ്മത്തിന്‍േറതും.

തോണി യാത്രയ്ക്കിടയില്‍ മണവാളന്‍െറ സ്വഭാവം നന്നായി പിടികിട്ടിയതിനാല്‍ കരീമിന്‍െറ തിരക്കുപിടിച്ച പാര്‍ട്ടി ജീവിതത്തെക്കുറിച്ച് റഹ്മത്തിന് പരിഭവം ഉണ്ടായില്ള. അതിനനുസരിച്ച് ജീവിക്കാന്‍ പഠിച്ചു. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ അതിഥിയെപ്പോലെ വീട്ടിലെത്തുന്ന കരീമിന്‍െറ ഇഷ്ട വിഭവമായ കപ്പയും മീനും നല്കി സല്ക്കരിക്കുന്നതിലും മക്കളുടെ കാര്യങ്ങള്‍ നോക്കി ജീവിക്കുന്നതിലും സായൂജ്യം കണ്ടെത്തുകയാണ് അവര്‍.



മന്ത്രി ചൂടനാണോ...

ഏയ്... അല്ള. പുസ്തകം വായിക്കുമ്പോഴോ, എഴുതുമ്പോഴോ ശല്യപ്പെടുത്തിയാല്‍ ചൂടാകും. അല്ളാത്തപ്പോഴൊക്കെ പാവമാണ്. പാര്‍ട്ടിയും മക്കളുമാണ് അദ്ദേഹത്തിന്‍െറ ദൌര്‍ബല്യങ്ങള്‍.



യാത്രകളും സംഗീതവും...

പാര്‍ട്ടി യോഗങ്ങള്‍ക്കും മറ്റു ഔദ്യോഗിക പരിപാടികള്‍ക്കും സംസ്ഥാനത്തിന് പുറത്തേക്ക് പോകുമ്പോള്‍ മന്ത്രി ഭാര്യയെയും കൂട്ടും. യാത്രയ്ക്ക് കൂടെ ഭാര്യയില്ളാത്തപ്പോള്‍ തിരിച്ചെത്തുമ്പോള്‍ സമ്മാനമായി പാട്ടിന്‍െറ സിഡികളും കാസറ്റുകളും കൈയില്‍കാണും. റഫിയുടെയും മറ്റും പഴയ ഹിന്ദി പാട്ടുകളുടെ ശേഖരം മന്ത്രി പത്നിയുടെ കൈവശമുണ്ട്. റഫിയുടെ കടുത്ത ആരാധകനായിരുന്നു ബോംബേയില്‍ പട്ടാളത്തിലായിരുന്ന ബാപ്പ. അതേ പാരമ്പര്യം തന്നെയാണ് റഹ്മത്തിനും. അദ്ദേഹത്തിനുമുണ്ടായിരുന്നു പഴയ ഹിന്ദി ഗാനങ്ങളുടെ വലിയൊരു ശേഖരം.

വീട്ടുകാര്യങ്ങളും നോക്കി കോഴിക്കോട് താമസിക്കുന്ന റഹ്മത്ത് അപൂര്‍വമായേ തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തില്‍ താമസിക്കാനെത്താറുള്ളൂ. മന്ത്രിയുടെ പൊതുജീവിതത്തില്‍നിന്നും അകന്നാണ് അവരുടെ ജീവിതം. അദ്ദേഹത്തിന് സ്വന്തമായി നല്ളൊരു പുസ്തകശേഖരമുണ്ടെങ്കിലും ഭാര്യയ്ക്ക് ഇഷ്ടം അതെല്ളാം പൊടിതട്ടി ഭംഗിയായി സൂകഷിക്കാനാണ്. ശ്രീശ്രീ രവി ശങ്കര്‍ മുതല്‍ മാര്‍ക്സിയന്‍ തത്വചിന്ത വരെ ആ ശേഖരത്തിലുണ്ട്.

ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. സുമിന്‍, നിമിന്‍. ഇവരുടെ മറ്റൊരു കുഞ്ഞ് അകാലത്തില്‍ മരിച്ച് പോയിരുന്നു. ഓഡിയോളജിസ്റായ സുമിന്‍ ഭര്‍ത്താവ് അബ്ദുള്‍ റൌഫിനൊപ്പം യു.കെയിലാണ്. അവിടെ ആര്‍ക്കിടെക്ടാണ് റൌഫ്. ചെറുമകള്‍ മൂന്നുവയസ്സുകാരി ഐറിന്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ഫോണിലൂടെ മാത്രം ഉമ്മൂമ്മായുടെയും ഉപ്പൂപ്പായുടെയും ശബ്ദം കേട്ടിട്ടുള്ള ഐറീനെ അടുത്തമാസം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രിയും കുടുംബവും. റഹ്മത്തിനൊപ്പം മകള്‍ നിമിനുമാണ് കോവൂരിലെ വീട്ടില്‍ താമസിക്കുന്നത്. വിളിപ്പാടകലെ ഉമ്മയും ബന്ധുക്കളുമുണ്ട്. ചാലിയാറിലേക്ക് ഒഴുകിയിറങ്ങിയ മഴവെള്ളം പോലെ കയറ്റങ്ങളും ഇറക്കങ്ങളുമായി ഇവരുടെ ജീവിതം മൂന്നുപതിറ്റാണ്ടായി നിശ്ശബ്ദം ഒഴുകുന്നു

സ്ഥലത്തെ പ്രധാന പക്രു

പൊക്കക്കുറവ് കര്‍മ്മപഥത്തില്‍ ഇല്ലെന്ന ഗിന്നസ്പക്രുവിന്റെ മുദ്രാവാക്യം ജീവിതചര്യയാക്കിയ കഥാപാത്രമാണ് 'സ്വന്തം ഭാര്യ സിന്ദാബാദ്' എന്ന സിനിമയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്. സ്ഥലത്തെ പ്രധാന ദിവ്യനായി വിലസുന്ന സര്‍വ്വസമ്മതനായ രാഷ്ട്രീയക്കാരനാണ് നായകന്‍. ഇപ്പോള്‍ തമിഴില്‍ രണ്ട് സിനിമകള്‍ ഒരേ സമയം അഭിനയിക്കുന്ന പക്രു തനിക്ക് പ്രാധാന്യമുള്ള കഥകളുണ്ടാകുന്നതില്‍ സന്തോഷവാനാണ്.

നായികാ പ്രാധാന്യം ഉള്ള സിനിമയില്‍ പക്രുവിന്റെ ഭാര്യയായി അഭിനയിക്കാന്‍വേണ്ടി നിരവധി താരങ്ങളെ തിരഞ്ഞ ശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രുതിയിലെത്തിയത്. എന്നാല്‍ തനിക്കൊപ്പം നായികയായി അഭിനയിക്കാന്‍ നടിമാരെ ലഭിക്കുമോ എന്ന സന്ദേഹം പക്രുവിനെ അലട്ടുന്നില്ല. ഇമേജ് പ്രശ്നമല്ലാത്ത നായികമാരെ തനിക്ക് ലഭിക്കും എന്ന വിശ്വാസത്തിലാണ് അദ്ദേഹം. കല്ല്യാണം കഴിച്ച് കൂടെ താമസിപ്പിക്കാനലല്ലോ?കൂടെ നായികയായി അഭിനയിക്കാനല്ലേ, പക്രു ചോദിക്കുന്നു.

മുമ്പ് പൊക്കക്കുറവുള്ളവര്‍ക്ക് സര്‍ക്കസിലെ കോമാളികളായി അങ്ങോട്ടുമിങ്ങോട്ടും എടുത്തെറിയപ്പെടാനുള്ള കഥാപാത്രങ്ങളെയാണ് ലഭിച്ചിരുന്നത്. ഇന്നത് മാറുന്നു. പൊക്കക്കുറവിനെ തമാശയായി കാണാതെ ജീവിതത്തോട് അടുത്ത് നില്ക്കുന്ന സിനിമകള്‍ ലഭിക്കുന്നുണ്ട്. തന്റെ പൊക്കത്തിന് പ്രാധാന്യം ലഭിക്കുന്ന കഥയൊരുക്കാന്‍ തിരക്കഥാകൃത്തുക്കളും സിനിമയെടുക്കാന്‍ നിര്‍മ്മാതാക്കളും തയ്യാറാകുന്നുണ്ട്. ഈ വേഷം പക്രു ചെയ്താല്‍ നന്നായിരിക്കും എന്ന് ഇവര്‍ കരുതുന്നത് കൊണ്ടാണ് നല്ല കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തുന്നത്.

സ്വന്തം ഭാര്യ സിന്ദാബാദ് എന്ന പേരിനെക്കുറിച്ചും പക്രു പറഞ്ഞു. "കൌതുകമുള്ള പേര്. അത് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കുടുംബവും കുടുംബാനുഭവങ്ങളും മനസില്‍ ഓടിയെത്തും. പ്രേക്ഷകനോട് അടുത്ത് നില്ക്കുന്ന പേരാണിത്. എല്ലാപേര്‍ക്കും സ്വന്തം ഭാര്യ സിന്ദാബാദാണ്."

സൂര്യ നായകനായ ഏഴാമറിവും വിജയിന്റെ കാവല്‍ക്കാരനിലുമാണ് പക്രു ഇപ്പോള്‍ അഭിനയിക്കുന്നത്. സൂധീര്‍ എന്ന ഏഴാമറിവിലെ കഥാപാത്രം സൂര്യയുടെ കൂട്ടുകാരനായി സിനിമയിലുടനീളം ഉണ്ട്.

ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്കായ കാവല്‍ക്കാരനില്‍ ബോഡിഗാര്‍ഡിലെ അതേ കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്.

അച്ഛന്‍ വരുന്നു

'അമ്മ'യുടെ എതിര്‍പ്പുകള്‍ക്കിടയില്‍ 'അച്ഛന്റെ' ഷൂട്ടിങ് കഴിഞ്ഞു. താരസംഘടനയായ അമ്മയുടെ അഭിനയ വിലക്ക് നിലനില്ക്കുന്ന തിലകനെ നായക കഥാപാത്രമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'അച്ഛന്‍'.

ചിറക് മുറ്റിയ മക്കള്‍ ജോലി ലഭിച്ച് വിദേശത്തേക്ക് പറന്ന് പോയശേഷം ഭാര്യയും അപ്രതീക്ഷിതമായി മരിക്കുന്ന വൃദ്ധന്റെ കഥയാണ് അച്ഛനില്‍ പറയുന്നത്. ഇന്നത്തെ വാര്‍ദ്ധക്യം അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് ചിത്രം ക്യാമറയിലാക്കുന്നത്. രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണ് ഫ്രെയിമിലുണ്ടാകുക. തിലകന്റെ കഥാപാത്രമായ മേജര്‍ മാധവ മേനോനും സഹായിയായി വേഷമിടുന്ന ശശി ഇരഞ്ഞിക്കലും. മറ്റുള്ളവര്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും സിനിമയിലെത്തും.

മേജര്‍ മാധവ മേനോന്റെ മക്കളിലൊരാള്‍ യൂറോപ്പിലാണ്. മറ്റൊരാള്‍ അമേരിക്കയില്‍. അവര്‍ അവിടെ സ്ഥിര താമസക്കാരാണ്. അമേരിക്കയില്‍ മരുമകളുടെ പ്രസവ ശുശ്രൂഷ ചെയ്യുന്നതിനായി മാധവമേനോന്റെ ഭാര്യ അവിടേക്ക് പോകുന്നു. ഭാര്യ പോകുന്നതിനോട് മാധവമേനോന് താല്പര്യമില്ല. ഇതിനിടെ അവര്‍ അവിടെ വച്ച് മരിക്കുന്നു. ഭാര്യയുടെ മരണം അദ്ദേഹത്തിന് ഷോക്കാകുന്നു. എന്നാല്‍ മക്കള്‍ അമ്മയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നില്ല. അമ്മയുടെ ഭൌതികശരീരം മക്കള്‍ അച്ഛനെ കാണിക്കാതിരിക്കുന്നതിന് കാരണം സാമ്പത്തികമാണ്-മൃതദേഹം നാട്ടിലെത്തിക്കുന്നത് വലിയ ചെലവുള്ള കാര്യമാണ്. മക്കള്‍ പണം വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നവരാണ്. പിന്നെ അവധിയില്ലാത്ത തങ്ങള്‍ക്ക് ചടങ്ങുകള്‍ക്ക് വേണ്ടി നാട്ടിലെത്തണം. ഇതെല്ലാം ഒഴിവാക്കാന്‍ രണ്ടുമക്കളും കൂടി കണ്ടെത്തിയ വഴിയാണ്, അമ്മയുടെ ശരീരം അമേരിക്കയില്‍ സംസ്കരിച്ചശേഷം ചിതാഭസ്മം അച്ഛന് പാഴ്സലായി അയച്ചുകൊടുക്കുകയെന്നത്.

തിലകന്റെ കഥാപാത്രത്തിന് സിനിമയില്‍ സംഭാഷണങ്ങളില്ല. തന്റെ പ്രിയപ്പെട്ട ഭാര്യയുടെ മരണശേഷമാണ് മാധവമേനോന്‍ മൂകനായത്. അച്ഛനും മക്കളും തമ്മിലുള്ള ആശയവിനിമയം നടക്കുന്നത് ഇന്റര്‍നെറ്റിലൂടെയും. ഇതിന് അദ്ദേഹത്തെ സഹായിക്കുന്നത് ശശി ഇരഞ്ഞിക്കലിന്റെ കഥാപാത്രവും. കഥ, തിരക്കഥ എസ്.ആര്‍ രവീന്ദ്രന്‍.

അലി അക്ബറിനിത് ഇത് കുടുംബകാര്യം....

ഭാര്യ നിര്‍മ്മിച്ച് ഭര്‍ത്താവ് സംവിധാനം ചെയ്ത് മകള്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയാണ് 'അച്ഛന്‍'. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെയും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയ്ക്ക് ഇതില്‍പരമുള്ള കോംപിനേഷന്‍ വേറെയില്ല.

എന്ത് കൊണ്ടിത് 'കുടുംബചിത്രമായി'യെന്ന ചോദ്യത്തിന് മറുപടി... അഭിനയ വിലക്കുള്ള തിലകനെ അഭിനയിപ്പിക്കുന്നത് കാരണം ഫെഫ്കയുടെ ജീവനക്കാരനെ എടുത്താല്‍ ചിലപ്പോള്‍ അവരുടെ ഭാവി ഇരുളടയും. തന്റെ കൂടെ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന പലരും ഭയം കാരണം സഹകരിക്കാന്‍ മടിച്ചു. ഇന്ന് സജീവമായി സിനിമയില്‍ നില്ക്കുന്നവര്‍ ഇതിലേക്ക് വരില്ല. 25നും 30നും ലക്ഷത്തിനിടയില്‍ ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തിക്കും. തിലകനെ നായകനാക്കി സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍, അതിന് പ്രതികരണമായി ഉണ്ടായത് സംവിധായകന്‍ അലിയുടെ വീട് ആക്രമണമാണ്. അച്ഛന്റെ ഷൂട്ടിങ് നടക്കുന്നത് കോഴിക്കോട് ചേവായൂരിലെ അലിഅക്ബറിന്റെ വീട്ടിലാണ്. അലീന ചേവായൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥിനിയാണ്.

സംവിധാനം, കാമറ- അലി അക്ബര്‍. നിര്‍മ്മാണം- ലൂസിയമ്മ, ഭാര്യ. സംഗീത സംവിധാനം- അലീന അലി, മകള്‍.

ക്യൂന്‍ പൂജ




രാജാവും മന്ത്രിയും തേരോട്ടവും യുദ്ധവും പൂജയെന്ന ഒന്‍പത് വയസ്സുകാരിക്ക് കഥാപുസ്തകങ്ങളിലേതിനേക്കാള്‍ പരിചയം ചതുരംഗകളത്തിലാണ്. കരുക്കള്‍ കൊണ്ട് അടരാടി വിജയകഥകള്‍ മെനയുകയാണ് അവളുടെ കുട്ടിക്കളി. വിജയങ്ങള്‍ ചേര്‍ത്ത്വച്ച് പൂജ നേടിയത് അവളുടെ പ്രായത്തിലെ കുട്ടികള്‍ക്ക് മാതൃകയാണ്. നിലവില്‍ ഫിഡേ റേറ്റിംഗ് നേടിയ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് പൂജ.

അഞ്ചരവയസ്സിലാണ് പൂജ ആദ്യമായി ചെസ് ബോര്‍ഡിന് മുന്നിലെത്തുന്നത്. അതിന് നിമിത്തമായത് അവളുടെ വികൃതിയും. വീട്ടില്‍ വികൃതി കാണിച്ച് കുഞ്ഞാറ്റയെപ്പോലെ പറന്ന് നടന്നിരുന്ന പൂജയെ ചെസ് ബോര്‍ഡിന് മുന്നിലെത്തിച്ചത് അമ്മ നിഷയാണ്. അമ്മയുടെ ലകഷ്യം മകളെ അടങ്ങിയിരിക്കാന്‍ പഠിപ്പിക്കുക എന്നതായിരുന്നു. പകേഷ വയസ് ഒന്‍പത് ആയപ്പോഴും പൂജയുടെ വികൃതിത്തരത്തിന് കുറവൊന്നും ഉണ്ടായില്ള. എന്നാല്‍ അമ്മയുടെയും അച്ഛന്‍െറയും തീരുമാനം തെറ്റിയെന്ന് പറയാനാവില്ള. ചെസ് പഠനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പൂജയുടെ ആദ്യകിരീടധാരണം നടന്നു. ഒന്‍പത് വയസ്സിന് താഴെയുള്ളവരുടെ ജില്ളാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തി. പിന്നെ 200 ഓളം മത്സരങ്ങളില്‍ പൂജ തേരോട്ടം നടത്തി. തൃശ്ശൂരില്‍ നടന്ന നാലാമത് ഇന്‍റര്‍നാഷണല്‍ ഫിഡേ റേറ്റിംഗ് ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയിയായാണ് ഫിഡേ റേറ്റിംഗ് ലിസ്റിലേക്ക് പൂജ കരുനീക്കിയത്.

ചടുലമായ നീക്കങ്ങള്‍ കൊണ്ട് എതിരാളികളില്‍ സമ്മര്‍ദമുയര്‍ത്തി തോല്‍വിയിലേക്ക് തള്ളി വിടുകയാണ് പൂജാസ് സ്റൈല്‍. എതിരാളി നീക്കങ്ങള്‍ക്കായി എടുക്കുന്ന സമയത്തിന്‍െറ വളരെക്കുറച്ചേ പൂജയ്ക്ക് വേണ്ടി വരാറുള്ളൂ. ഇത് എതിരാളികളുടെമേല്‍ മാനസികമായ മേല്‍ക്കൈ നേടാന്‍ പൂജയെ സഹായിക്കുന്നു. 13 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ച് തുടങ്ങിയിട്ടുള്ള പൂജയുടെ വേഗതയ്ക്ക് ബ്രേക്ക് ഇടാനാണ് ഗുരു നിര്‍മ്മല്‍ ദാസിന്‍െറ തീരുമാനം. കാരണം വളരെപ്പെട്ടെന്ന് നടത്തുന്ന നീക്കങ്ങള്‍ ചിലപ്പോള്‍ തോല്‍വിക്ക് കാരണമാകും. ഈ തിരിച്ചറിവ് പൂജയുടെ ചടുല നീക്കങ്ങള്‍ക്ക് വിരാമമിടും. എന്നാല്‍ വിജയപരമ്പരയ്ക്ക് ബ്രേക്കിടില്ളെന്ന് നിര്‍മ്മല്‍ ശുഭാപ്തി വിശ്വാസിയാകുന്നു.

ഗുരുമുഖത്ത്നിന്ന് കേള്‍ക്കുന്ന തന്ത്രങ്ങള്‍ വളരെപ്പെട്ടെന്ന് ഗ്രഹിച്ചെടുക്കുന്നതിനും അവ ചതുരംഗക്കളത്തില്‍ എതിരാളിക്കള്‍ക്ക്മേല്‍ പ്രയോഗിക്കാനും പൂജ മിടുക്കിയാണ്. ആലോചിച്ച് നീക്കങ്ങള്‍ നടത്തുമ്പോള്‍ അവയുടെ കണിശത കൂട്ടാനാകും. ഇതാണ് നിര്‍മ്മല്‍ദാസ് കണക്ക്കൂട്ടുന്നത്.

വിശ്വനാഥന്‍ ആനന്ദാണ് പൂജയുടെ ചെസ് ദൈവം. ആനന്ദ് കളിയില്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ തന്നെയും പഠിപ്പിക്കണമെന്നാണ് ഗുരുവിനോട് അവളുടെ ഡിമാന്‍റ്. ഗുരുവിന് ശിഷ്യയുടെ വികൃതിയും വാശിയും നന്നായി അറിയാം. പഠനത്തിന്‍െറ ആദ്യദിനം തന്നെ അദ്ദേഹം മനസ്സിലാക്കിയതാണ്. അന്ന് ക്ളാസ് കഴിഞ്ഞ് പൂജ തിരികെ പോയപ്പോള്‍ മൂന്ന് കരുക്കള്‍ കാണാനില്ള. ഒടുവില്‍ ഇവ ക്ളാസിന് പുറത്ത് വരാന്തയില്‍നിന്ന് കിട്ടിയതാണ്. തന്നിലെ വികൃതിക്കുട്ടിയെ അടക്കിയിരുത്താന്‍ ശ്രമിച്ച മാഷിന് കുഞ്ഞ് പൂജ കൊടുത്ത മുന്നറിയിപ്പായിരുന്നു. മാഷ് ശിഷ്യയോട് ചെക്ക് പറഞ്ഞു. പകേഷ അന്ന് തന്നെ പൂജയുടെ കാര്യഗ്രഹണശേഷി നിര്‍മ്മല്‍ മനസ്സിലാക്കിയിരുന്നു.

അടുത്ത കാലത്ത് ഒരു ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായപ്പോള്‍ സംഘാടകര്‍ വലഞ്ഞു. ചാമ്പ്യന്‍ പൂജയ്ക്ക് ലഭിച്ചതിനേക്കാള്‍ വലിയ ട്രോഫി രണ്ടാം സ്ഥാനക്കാരിക്ക് നല്കി. വലിയ ട്രോഫി തനിക്ക് വേണമെന്ന പൂജയുടെ വാശിക്ക് മുന്നില്‍ സംഘാടകര്‍ക്ക് വഴങ്ങേണ്ടി വന്നു. രണ്ടാം സ്ഥാനക്കാരി പൂജയെക്കാളും മുതിര്‍ന്നയാള്‍ ആയത് കൊണ്ടാണ് വലിയ ട്രോഫി നല്കിയതെന്ന സംഘാടകരുടെ സാന്ത്വനത്തിന് അവളെ ആശ്വസിപ്പിക്കാനായില്ള. അവര്‍ പിന്നീട് വലിയ ട്രോഫി പൂജയ്ക്ക് വീട്ടിലെത്തിച്ച് കൊടുത്തു. ഇപ്പോള്‍ അന്ന് രണ്ടാംസ്ഥാനക്കാരിയായ കുട്ടി പൂജയെ കളിയാക്കുന്നത് ഇത് പറഞ്ഞാണ്.

ഈ വര്‍ഷം പതിനൊന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് വേണ്ടിയുള്ള ചാമ്പ്യഷിപ്പില്‍ രണ്ടാം സ്ഥാനക്കാരിയാണ് പൂജ. ഈ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ പ്രമുഖ കളിക്കാരെ പൂജ തോല്പ്പിച്ചാണ് രണ്ടാം സ്ഥാനം നേടിയത്. ഒന്‍പത് വയസ്സിന് താഴെയുള്ള കാറ്റഗറിയില്‍ സംസ്ഥാന ചാമ്പ്യയാണ്.

കോഴിക്കോട് വിദ്യാകേന്ദ്ര സ്കൂളില്‍ നാലാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് പൂജ. വെള്ളമാടുകുന്ന് കൈയ്യാലത്തൊടിയില്‍ ഷൈജുവാണ് അച്ഛന്‍. വൃന്ദാവന്‍ സെറാമിക്സില്‍ മാനേജറാണ്. അമ്മ നിഷ, അനിയന്‍ രണ്ടര വയസ്സുകാരനായ പുനീത്. ഗുരു നിര്‍മ്മല്‍ ദാസ് വെള്ളിമാടുകുന്നില്‍ മാഗ്നം ചെസ്സ് അക്കാദമി നടത്തുന്നു.

പെണ്ണുങ്ങള്‍ പണിയുന്ന പട്ടണങ്ങള്‍


തട്ടിക്കൂട്ട് സിനിമകള്‍ക്ക് പകരം കാമ്പുള്ള കഥയും പുതുമയും ഒത്തുവന്നത് പെണ്‍പട്ടണം, മലര്‍വാടി ആര്‍ട്സ് ക്ളബ്, അപൂര്‍വ്വരാഗം എന്നീ സിനിമകളുടെ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായതായി പെണ്‍പട്ടണത്തിന്റെ സംവിധായകന്‍ വി.എം.വിനു. പുതിയ ചിത്രമായ പെണ്‍പട്ടണത്തെക്കുറിച്ച് ഫ്ളാഷ്സിനിമയോട് സംസാരിക്കുകയായിരുന്നു വിനു.


ഇതൊരു ആര്‍ട്ട്സിനിമയാണോ?

കൊമേഴ്സ്യല്‍ മൂഡില്‍നിന്ന് വ്യതിചലിച്ചുള്ള സിനിമയാണ് പെണ്‍പട്ടണം എന്നത് തെറ്റാണ്. എന്റെ സിനിമാ സങ്കല്പ്പങ്ങള്‍ക്ക് അനുസരിച്ചാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. കൊമേഴ്സ്യല്‍ ഘടകങ്ങളെല്ലാം ഇതിലുണ്ട്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം, പണം കൊടുത്ത് കാണാന്‍ കയറുന്നവന് കാശ് മുതലാകണം സിനിമ എന്നതാണ് എന്റെ സിനിമാ സങ്കല്പം.

എന്താണ് പെണ്‍പട്ടണമടക്കമുള്ള പുതിയ ചിത്രങ്ങളുടെ ശക്തി?

ഇതുവരെ ആരും പറയാത്ത കുടുംബശ്രീ പ്രവര്‍ത്തകരുടെ കഥ ബാക്ക് ഡ്രോപ്പായി വന്നതാണ് പെണ്‍പട്ടണത്തിന്റെ ബലം. പുതിയ തലമുറയുടെ സിനിമയാണ് മലര്‍വാടി. അതിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പ്രതിഭാധനനായ ചെറുപ്പക്കാരനാണ്. സിബി മലയിലും വിനീതും പുതിയ ആളുകളെ ഉപയോഗിച്ച് സിനിമയെടുത്തു. ഇത് ആ സിനിമകള്‍ക്ക് പ്ളസ് പോയിന്റായി.

എന്തായിരുന്നു നിലവിലെ സിനിമകളുടെ കുറവ്?

നല്ല സിനിമകള്‍ സംഭവിക്കുന്നില്ല എന്ന മലയാളി പ്രേക്ഷകരുടെ പരാതിക്കാണ് ഈ സിനിമകളുടെ വിജയം അന്ത്യമുണ്ടാക്കിയത്. സ്പാര്‍ക്കുള്ള സിനിമകള്‍ ഉണ്ടാകുന്നില്ലായിരുന്നു. ഇതും സ്ഥിരം മുഖങ്ങളും വ്യത്യസ്തതയില്ലാത്ത കഥകളും കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍നിന്ന് അകറ്റി. ഒന്നോ രണ്ടോ ആഴ്ച തിയേറ്ററുകളിലോടുന്ന സിനിമകളാണ് പൊതുവേ ഉണ്ടായിക്കൊണ്ടിരുന്നത്. ഇതൊക്കെ മലയാളി പ്രേക്ഷകര്‍ നല്ല തമിഴ് സിനിമ തേടിപ്പോകുന്ന അവസ്ഥയുണ്ടാക്കി. ഞാനും ഇതിന് കാരണക്കാരനാണ്.

കുടുംബശ്രീ പ്രവര്‍ത്തകരെക്കുറിച്ചുള്ള ചിത്രം എന്നത് എന്തെങ്കിലും തരത്തില്‍ ദോഷകരമായോ?

'കുടുംബശ്രീ പ്രവര്‍ത്തകരെക്കുറിച്ചുള്ള ഡോക്യുമെന്ററിയല്ല ഈ സിനിമ. കാരണം അവരെക്കുറിച്ച് ആഴത്തില്‍ സിനിമയില്‍ പറയുന്നില്ല. എന്നാല്‍ അവരെ ഉപയോഗിച്ച് മനുഷ്യരെക്കുറിച്ചുള്ള കഥ പറയാനായി. അവരുടെ വിഷമങ്ങളും വികാരങ്ങളും പ്രതിസന്ധികളും സിനിമയിലുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാനും പെണ്‍പട്ടണത്തിലൂടെ കഴിഞ്ഞു. പുരുഷ മേധാവിത്വത്തിനെതിരായുള്ള സ്ത്രീപക്ഷ സിനിമയാണിത്'



രഞ്ജിത്തിന്റെ കഥയും റസാഖിന്റെ തിരക്കഥയും?

രഞ്ജിത്തിന്റെ നല്ല കഥയ്ക്ക് റസാഖിന്റെ ശക്തമായ തിരക്കഥ ലഭിച്ചത് സിനിമയ്ക്ക് മുതല്‍ക്കൂട്ടായി. ഞങ്ങള്‍ മൂന്ന് പേരും നന്നായി ആശയവിനിമയം നടത്തുന്നവരാണ്. ചെറിയ സൂചനകളിലൂടെ തന്നെ കാര്യങ്ങള്‍ വ്യക്തമാവുന്ന സാഹചര്യം ഞങ്ങള്‍ക്കിടയിലുണ്ട്.

മൂന്ന് നായികമാര്‍, പിന്നെ ലളിത ച്ചേച്ചിയും?

രേവതിയുടെയും കെ.പി.എ.സി ലളിതയുടെയും, ശ്വേതാ മേനോന്റെയും, വിഷ്ണുപ്രിയയുടെയും പൂര്‍ണമായ പങ്കാളിത്തം സിനിമയിലുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി ഇവര്‍ പൂര്‍ണമായും കുടുംബശ്രീ പ്രവര്‍ത്തകരായി മാറി. വേഷത്തിലും മറ്റും യാതൊരു വ്യത്യാസവുമുണ്ടായില്ല. ആദ്യ സിനിമയില്‍ അഭിനയിക്കും പോലുള്ള മൂഡിലായിരുന്നു ലളിതച്ചേച്ചി. വളരെ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു അവര്‍. നാലുപേരും മത്സരബുദ്ധിയോടെയാണ് അഭിനയിച്ചതെന്ന് പറയാം.

രഞ്ജിത്തിന്റെ വഴി പിന്‍തുടര്‍ന്നാണോ നാടകപ്രവര്‍ത്തകരെയും പരിഗണിച്ചത് ?

അങ്ങനെ വേണമെങ്കില്ല്‍ പറയാം. സിനിമയ്ക്ക് മൊത്തം ഫ്രെഷ്നസ് തോന്നിക്കാനാണ് നാടക പ്രവര്‍ത്തകരെ സിനിമയില്‍ അഭിനയിപ്പിച്ചത്. അവര്‍ അത് നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു.

Saturday, August 14, 2010

രണ്ടടി ആറിഞ്ച്കാരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കഥ

ലോകത്തിലെ ആദ്യത്തെ രണ്ടടി ആറിഞ്ച് പൊക്കകാരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കഥ സിനിമയാകുന്നു. വെട്ടൂര്‍ ശിവന്‍കുട്ടി എന്ന കമ്മ്യൂണിസ്റ്റ് നേതാവായി എത്തുന്നത് ഉണ്ടപക്രു ആണ്. സ്വന്തം ഭാര്യ സിന്ദാബാദ് എന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ബിജു വട്ടപ്പാറയും.

പാര്‍ട്ടിയാണ് എല്ലാമെന്ന് കരുതി ജീവിക്കുന്ന ശിവന് രക്തസാക്ഷിയാകണം എന്നാണ് ആഗ്രഹം. സ്വന്തം പഞ്ചായത്ത് വിട്ട് പുറത്ത് പോയിട്ടല്ലാത്തയാളാണ് ശിവന്‍കുട്ടി. കമ്മ്യൂണിസത്തിന്റെ അപചയങ്ങളും കമ്മ്യൂണിസ്റ്റുകാരന്റെ മൂല്യച്യുതിയുമൊന്നും ഈ ഗ്രാമത്തിലെത്തിയിട്ടില്ല. പുറംലോകത്ത് എന്ത് നടക്കുന്നുവെന്നറിയാത്ത നേതാവ് കൂടിയാണിയാള്‍.

സ്ത്രീ വിരോധിയാണ് സഖാവ് ശിവന്‍കുട്ടി. കാരണം മറ്റൊന്നുമല്ല. തന്റെ പൊക്കക്കുറവുണ്ടാക്കുന്ന ഈഗോയാണ്സഖാവിനെ സ്ത്രീവര്‍ഗ്ഗത്തിനെതിരാക്കുന്നത്. സ്ത്രീ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ട ചുമതല ഇദ്ദേഹത്തെയാണ് പാര്‍ട്ടി ഏല്പിക്കുന്നത്. എന്നാല്‍ അവരുടെ എണ്ണം കൂട്ടാന്‍ ശിവന് താല്പര്യമില്ല. സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നില്ലെങ്കിലും സര്‍വ്വസമ്മതായ ഈ നേതാവിനെ പാര്‍ട്ടിക്ക് വലിയ കാര്യമാണ്. ഒരു കാര്യത്തില്‍ മാത്രമേ പാര്‍ട്ടി ഔദ്യോഗകപക്ഷവും ശിവന്‍കുട്ടി വിമതപക്ഷമാകുന്നുള്ളൂ. അത് സ്ത്രീവിരോധത്തിലാണ്.

പുര നിറഞ്ഞ് നില്ക്കുന്ന ശിവന്‍കുട്ടിയെ കെട്ടിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. ചൈനയില്‍നിന്നോ ത്രിപുരയില്‍ നിന്നോ ബംഗാളില്‍നിന്നോ മാത്രമേ പെണ്ണ്കെട്ടുകയുള്ളൂ എന്ന വാശിയിലാണ് ശിവന്‍കുട്ടി. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹം വിവാഹിതനാകുന്നു. അതാണ് സിനിമയിലെ വഴിത്തിരിവ്.

സ്ത്രീവിരോധിയാണെങ്കിലും ഭാര്യയാകുന്ന പെണ്‍കുട്ടിയെക്കുറിച്ച് ശിവന്‍കുട്ടിക്കൊരു സങ്കല്പമുണ്ട്. മാര്‍ക്സിനെയും ലെനിനെയും അരച്ച്കലക്കി കുടിച്ച് ഉറച്ച കമ്മ്യൂണിസ്റ്റ്കാരിയാകണം തന്റെ വാമഭാഗം. തന്റെ പൊതുപ്രവര്‍ത്തനത്തിന് താങ്ങുംതണലുമായി നില്ക്കുന്നവള്‍. എന്നാല്‍ കമ്മ്യൂണിസ്റ്റ് ദൈവങ്ങള്‍ ശിവന്റെ തലയില്‍ വരച്ചിരുന്നത് നേരെ തിരിച്ചായിരുന്നു. എല്ലാ ടി.വി സീരിയലുകളും വിടാതെ കാണുന്ന പൈങ്കിളി നോവലുകള്‍ മുടങ്ങാതെ വായിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയാണ് ഭാര്യയായി ലഭിച്ചത്.

അവള്‍ക്കുമുണ്ടായിരുന്നു ഭാവി വരനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍. സിനിമയിലെ സൂപ്പര്‍ താരം സുശീല്‍കുമാറിന്റെ ആരാധികയാണ് അവള്‍. സുശീല്‍കുമാറിനെപ്പോലെയുള്ള ഒരാളെയാണ് ഭര്‍ത്താവായി ആഗ്രഹിക്കുന്നത്. പലപ്പോഴും ശിവന്‍കുട്ടിയുടെ പൊക്കക്കുറവിനെ കളിയാക്കുകയും സുശീല്‍കുമാറിനെ പുകഴ്ത്തിയും മറ്റും അവള്‍ സംസാരിക്കാറുണ്ട്. അങ്ങനെയിരിക്കെ അവരുടെ കലുഷിതമായ ദാമ്പത്യജീവിതത്തില്‍ കെടുങ്കാറ്റായി ആ ഗ്രാമത്തിലേക്ക് സുശീല്‍കുമാറിന്റെ സിനിമയുടെ ഷൂട്ടിങ്ങ് സംഘം എത്തുന്നു. ഇത് സഖാവ് ശിവന്‍ കാണുന്നത് തന്റെ ജീവിതം തകര്‍ക്കാനായി അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഗൂഢാലോചനയായാണ്. തന്റെ ഭാര്യയെ തട്ടികൊണ്ടുപോകാനെത്തുന്ന വില്ലനാണ് സുശീല്‍കുമാര്‍, ശിവന്‍കുട്ടിക്ക്. ഇത് വഴി ഗ്രാമത്തില്‍ പാര്‍ട്ടിയുടെ നട്ടെല്ല് തകര്‍ക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നതായി ഇയാള്‍ കരുതുന്നു. രസകരമായ സംഭവങ്ങള്‍ക്ക് ശേഷം കഥാന്ത്യം "സ്വന്തം ഭാര്യ സിന്ദാബാദ്" എന്ന മുദ്രാവാക്യത്തിലേക്ക് സ്ത്രീവിരോധിയായ നായകന്‍ എത്തുകയാണ്.

മുഴുനീള തമാശ സിനിമയാണെങ്കിലും ഉണ്ടപക്രുവിന് തമാശ രംഗങ്ങളൊന്നും തന്നെയില്ല. ശ്രുതി ലക്ഷമിയാണ് ഉണ്ടപക്രുവിന്റെ നായികയായി എത്തുന്നത്. സ്വരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, കെ.പി.എ.സി ലളിത തുടങ്ങിയ ഹാസ്യതാരങ്ങളുടെ നിര ഈ സിനിമയില്‍ തമാശകളുമായി എത്തുന്നുണ്ട്.

മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി രാമരാവണന്‍ സംവിധാനം ചെയ്ത ബിജുവട്ടപ്പാറയൊരുക്കുന്ന വ്യത്യസ്തമായ ചിത്രമാണ് സ്വന്തം ഭാര്യ സിന്ദാബാദ്. സീരിയസ് സിനിമയായ രാമരാവണില്‍നിന്നും വ്യത്യസ്തമായി തമാശ നിറഞ്ഞതാണ് സ്വന്തം ഭാര്യ സിന്ദാബാദ്.
തിരക്കഥ, സംഭാഷണം, സംവിധാനം ബിജുവട്ടപ്പാറ, ക്യാമറ- ബാലസുബ്രഹ്മണ്യം, ബാദുഷാ- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.