Sunday, August 15, 2010

പെണ്ണുങ്ങള്‍ പണിയുന്ന പട്ടണങ്ങള്‍


തട്ടിക്കൂട്ട് സിനിമകള്‍ക്ക് പകരം കാമ്പുള്ള കഥയും പുതുമയും ഒത്തുവന്നത് പെണ്‍പട്ടണം, മലര്‍വാടി ആര്‍ട്സ് ക്ളബ്, അപൂര്‍വ്വരാഗം എന്നീ സിനിമകളുടെ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായതായി പെണ്‍പട്ടണത്തിന്റെ സംവിധായകന്‍ വി.എം.വിനു. പുതിയ ചിത്രമായ പെണ്‍പട്ടണത്തെക്കുറിച്ച് ഫ്ളാഷ്സിനിമയോട് സംസാരിക്കുകയായിരുന്നു വിനു.


ഇതൊരു ആര്‍ട്ട്സിനിമയാണോ?

കൊമേഴ്സ്യല്‍ മൂഡില്‍നിന്ന് വ്യതിചലിച്ചുള്ള സിനിമയാണ് പെണ്‍പട്ടണം എന്നത് തെറ്റാണ്. എന്റെ സിനിമാ സങ്കല്പ്പങ്ങള്‍ക്ക് അനുസരിച്ചാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. കൊമേഴ്സ്യല്‍ ഘടകങ്ങളെല്ലാം ഇതിലുണ്ട്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം, പണം കൊടുത്ത് കാണാന്‍ കയറുന്നവന് കാശ് മുതലാകണം സിനിമ എന്നതാണ് എന്റെ സിനിമാ സങ്കല്പം.

എന്താണ് പെണ്‍പട്ടണമടക്കമുള്ള പുതിയ ചിത്രങ്ങളുടെ ശക്തി?

ഇതുവരെ ആരും പറയാത്ത കുടുംബശ്രീ പ്രവര്‍ത്തകരുടെ കഥ ബാക്ക് ഡ്രോപ്പായി വന്നതാണ് പെണ്‍പട്ടണത്തിന്റെ ബലം. പുതിയ തലമുറയുടെ സിനിമയാണ് മലര്‍വാടി. അതിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പ്രതിഭാധനനായ ചെറുപ്പക്കാരനാണ്. സിബി മലയിലും വിനീതും പുതിയ ആളുകളെ ഉപയോഗിച്ച് സിനിമയെടുത്തു. ഇത് ആ സിനിമകള്‍ക്ക് പ്ളസ് പോയിന്റായി.

എന്തായിരുന്നു നിലവിലെ സിനിമകളുടെ കുറവ്?

നല്ല സിനിമകള്‍ സംഭവിക്കുന്നില്ല എന്ന മലയാളി പ്രേക്ഷകരുടെ പരാതിക്കാണ് ഈ സിനിമകളുടെ വിജയം അന്ത്യമുണ്ടാക്കിയത്. സ്പാര്‍ക്കുള്ള സിനിമകള്‍ ഉണ്ടാകുന്നില്ലായിരുന്നു. ഇതും സ്ഥിരം മുഖങ്ങളും വ്യത്യസ്തതയില്ലാത്ത കഥകളും കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍നിന്ന് അകറ്റി. ഒന്നോ രണ്ടോ ആഴ്ച തിയേറ്ററുകളിലോടുന്ന സിനിമകളാണ് പൊതുവേ ഉണ്ടായിക്കൊണ്ടിരുന്നത്. ഇതൊക്കെ മലയാളി പ്രേക്ഷകര്‍ നല്ല തമിഴ് സിനിമ തേടിപ്പോകുന്ന അവസ്ഥയുണ്ടാക്കി. ഞാനും ഇതിന് കാരണക്കാരനാണ്.

കുടുംബശ്രീ പ്രവര്‍ത്തകരെക്കുറിച്ചുള്ള ചിത്രം എന്നത് എന്തെങ്കിലും തരത്തില്‍ ദോഷകരമായോ?

'കുടുംബശ്രീ പ്രവര്‍ത്തകരെക്കുറിച്ചുള്ള ഡോക്യുമെന്ററിയല്ല ഈ സിനിമ. കാരണം അവരെക്കുറിച്ച് ആഴത്തില്‍ സിനിമയില്‍ പറയുന്നില്ല. എന്നാല്‍ അവരെ ഉപയോഗിച്ച് മനുഷ്യരെക്കുറിച്ചുള്ള കഥ പറയാനായി. അവരുടെ വിഷമങ്ങളും വികാരങ്ങളും പ്രതിസന്ധികളും സിനിമയിലുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാനും പെണ്‍പട്ടണത്തിലൂടെ കഴിഞ്ഞു. പുരുഷ മേധാവിത്വത്തിനെതിരായുള്ള സ്ത്രീപക്ഷ സിനിമയാണിത്'



രഞ്ജിത്തിന്റെ കഥയും റസാഖിന്റെ തിരക്കഥയും?

രഞ്ജിത്തിന്റെ നല്ല കഥയ്ക്ക് റസാഖിന്റെ ശക്തമായ തിരക്കഥ ലഭിച്ചത് സിനിമയ്ക്ക് മുതല്‍ക്കൂട്ടായി. ഞങ്ങള്‍ മൂന്ന് പേരും നന്നായി ആശയവിനിമയം നടത്തുന്നവരാണ്. ചെറിയ സൂചനകളിലൂടെ തന്നെ കാര്യങ്ങള്‍ വ്യക്തമാവുന്ന സാഹചര്യം ഞങ്ങള്‍ക്കിടയിലുണ്ട്.

മൂന്ന് നായികമാര്‍, പിന്നെ ലളിത ച്ചേച്ചിയും?

രേവതിയുടെയും കെ.പി.എ.സി ലളിതയുടെയും, ശ്വേതാ മേനോന്റെയും, വിഷ്ണുപ്രിയയുടെയും പൂര്‍ണമായ പങ്കാളിത്തം സിനിമയിലുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി ഇവര്‍ പൂര്‍ണമായും കുടുംബശ്രീ പ്രവര്‍ത്തകരായി മാറി. വേഷത്തിലും മറ്റും യാതൊരു വ്യത്യാസവുമുണ്ടായില്ല. ആദ്യ സിനിമയില്‍ അഭിനയിക്കും പോലുള്ള മൂഡിലായിരുന്നു ലളിതച്ചേച്ചി. വളരെ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു അവര്‍. നാലുപേരും മത്സരബുദ്ധിയോടെയാണ് അഭിനയിച്ചതെന്ന് പറയാം.

രഞ്ജിത്തിന്റെ വഴി പിന്‍തുടര്‍ന്നാണോ നാടകപ്രവര്‍ത്തകരെയും പരിഗണിച്ചത് ?

അങ്ങനെ വേണമെങ്കില്ല്‍ പറയാം. സിനിമയ്ക്ക് മൊത്തം ഫ്രെഷ്നസ് തോന്നിക്കാനാണ് നാടക പ്രവര്‍ത്തകരെ സിനിമയില്‍ അഭിനയിപ്പിച്ചത്. അവര്‍ അത് നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു.

No comments: