കോഴിക്കോട്: കഴിഞ്ഞ മെയ് മാസത്തിലെ വേനല്‍ മഴമേഘങ്ങള്‍ക്കൊപ്പം മരണത്തിലേക്ക് യാത്ര പോയ കമല സുരയ്യയ്ക്ക് ഓര്‍മക്കുറിപ്പെഴുതി ഒരു നാടകം "ഒണ്‍ലി ദ സോള്‍ നോസ്". കവിതകളിലൂടെ മാധവിക്കുട്ടിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് നാടകം സംവിധാനം ചെയ്തിരിക്കുന്നത് ഐ.ജി.മിനി ആണ്. കമലസുരയ്യയുടെ എന്റെ കഥ, പരുന്തുകള്‍, വെളുത്ത ബാബു തുടങ്ങിയവയിലെ കഥാപാത്രങ്ങളാണ് നാടകത്തിലെ കഥാപാത്രങ്ങളുടെ രൂപീകരണത്തില്‍ സ്വാധീനിച്ചിരിക്കുന്നത്. നാലു കഥാപാത്രങ്ങള്‍ ഉണ്ട്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും. കമല സുരയ്യ പ്രതിനിധാനം ചെയ്യുന്ന മൂന്ന് സ്ത്രീ ഭാവങ്ങളും അവരിലേക്ക് സന്തോഷവും ദു:ഖവും എത്തിക്കുന്ന പോസ്റ്റുമാനും ആണ് കഥാപാത്രങ്ങള്‍. പുസ്തകങ്ങളിലെ പല പല പോയിന്റുകള്‍ കോര്‍ത്തിണക്കിയാണ് നാടകാവതരണം. സ്നേഹത്തില്‍നിന്നും നഷ്ടത്തിലേക്ക് പോകുന്ന സ്ത്രീത്വങ്ങളെക്കുറിച്ചാണ് നാടകം പ്രതിപാദിക്കുന്നത്. പ്രകൃതിയെയും സ്നേഹത്തെയും നാടകത്തിനുള്ളിലെ കഥാപാത്രങ്ങള്‍ ആണ്. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണെന്ന് കമലസുരയ്യ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
സംവിധായിക നാടകത്തില്‍ അഭിനയിക്കുന്നുമുണ്ട്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുഷ്പ കാപ്പില്‍, പുഷ്പ സി.എം, ഹരീഷ് ഇയ്യാട് എന്നിവരാണ്.
ഓരോ സ്ത്രീയുടെയും അനുഭവങ്ങള്‍ അപൂര്‍ണമാണ്. വ്യത്യസ്തമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ സ്ത്രീക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള സമൂഹമാണ് കേരളത്തിലേത്. കമല സുരയ്യ കേരള സമൂഹത്തില്‍ അവശേഷിപ്പിച്ച ധാരാളം പ്രതിബിംബങ്ങള്‍ ഉണ്ട്. ബലിയാടാവുകയായിരുന്നു കമല. അവരുടെ ധൈര്യമാണ് തന്നെ കമലയിലേക്ക് അടുപ്പിച്ചതെന്ന് മിനി പറഞ്ഞു. കമലയുടെ ഓര്‍മ്മയ്ക്കായാണ് ഈ നാടകം ചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷത്തോളമെടുത്താണ് നാടകം പൂര്‍ത്തീകരിച്ചത്.
കോളേജുകളില്‍ നടത്തുന്ന കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ പഠനകാലത്തിനു ശേഷം തുടരുന്നവര്‍ വളരെക്കുറവാണ്. ജീവിതം മുട്ടിവിളിക്കുമ്പോള്‍ കലയെ ഉപേക്ഷിച്ച് കൂടെ പോകുന്നവരാണ് ഏറെപ്പേരും. സ്ത്രീകളാകുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ തനിക്ക് കലയോടൊപ്പമുള്ള ജീവിതം മതി എന്ന് വാശിപിടിക്കുകയും ജീവിതത്തെ തന്റെ വഴിയിലേക്ക് എത്തിക്കുകയും ചെയ്യുന്നവര്‍ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഇരിപ്പിടം സ്വന്തമാക്കാറുണ്ട്. അങ്ങനെയൊരു സ്ത്രീത്വത്തിനുടമയാണ് ബാലുശ്ശേരി സ്വദേശിയായ മിനി. തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്ന അവര്‍ വിവാഹത്തെതുടര്‍ന്നാണ് ബാലുശ്ശേരിയിലെത്തുന്നത്.
തിരുവനന്തപുരം ഗവണ്‍മെന്റ് വിമെന്‍സ് കോളേജില്‍ പ്രീഡിഗ്രി കാലത്ത് ചില്ലറ ആര്‍ട്സ് ക്ളബ് പ്രവര്‍ത്തനവുമായി കൌമാരം ആഘോഷിച്ചു നടക്കുന്നതിനിടയിലാണ് മിനി കോളേജില്‍ നടന്ന നാടകക്യാമ്പില്‍ പങ്കെടുക്കുന്നത്. ഒരു ജിജ്ഞാസ കൊണ്ടാണ് ക്യാമ്പിന് പേരുകൊടുത്തത്. എന്താണ് തന്റെ തലവരയെന്ന് മിനി തിരിച്ചറിയുകയായിരുന്നു ക്യാമ്പിലൂടെ.
വീട്ടില്‍നിന്നുള്ള എതിര്‍പ്പുകള്‍ വകവയ്ക്കാതെ അവര്‍ മുന്നോട്ടുപോയി. ഇതിനിടയില്‍ പ്രീഡിഗ്രി കഴിഞ്ഞു. ആര്‍ട്സ് കോളേജില്‍നിന്ന് ബി.എ ഇക്കണോമിക്സ് കഴിഞ്ഞു. രാത്രി ഏറെ വൈകിയുള്ള നാടകപ്രവര്‍ത്തനങ്ങളും ഈരംഗത്തെക്കുറിച്ചുള്ള കഥകളും വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടാക്കി. എന്നാല്‍ സ്വന്തം വഴി തിരിച്ചറിഞ്ഞിരുന്ന മിനി അവരെ കുറ്റംപറയുന്നില്ല.
ഡിഗ്രിക്കുശേഷം തൃശ്ശൂര്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ ചേര്‍ന്ന മിനി ഒരു വര്‍ഷത്തെ പഠനത്തിനുശേഷം ഡെല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ ചേര്‍ന്നു. അവിടെനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തൃശ്ശൂരിലെ പരിശീലനമാണ് തന്നിലെ നാടകക്കാരിയെ ഒരുക്കിയെടുത്തതെന്ന് മിനി പറയും. കാരണം നാടകത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന വിധത്തിലാണ് അവിടത്തെ പഠനരീതി. തിരവനന്തപുരം മണക്കാടുള്ള അമച്ച്വര്‍ നാടക ഗ്രൂപ്പായ സ്വാതി കലാകേന്ദ്രവും തന്നെ വളരെ സഹായിച്ചു. ഇതുവരെ 25 ഓളം നാടകങ്ങള്‍ സംവിധാനം ചെയ്തു.
കൊളംബിയന്‍ സാഹിത്യകാരനായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ മഞ്ഞില്‍ പതിഞ്ഞ നിന്റെ ചോരപ്പാടുകള്‍ എന്ന കഥയെ അധികരിച്ച് സംവിധാനം ചെയ്ത ലൈഫ് ഫെസ്റ്റിവല്‍ ആന്റ് ഡെത്ത് എന്ന നാടകമാണ് മിനിക്ക് സ്വന്തം നാടകങ്ങളില്‍ ഏറ്റവും പ്രിയകരം. മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസത്തെ കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയിലേക്ക് പറിച്ചുനടുകയായിരുന്നു. രണ്ടുപേര്‍ തമ്മിലുള്ള പ്രണയവും വിവാഹവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും നാടകത്തില്‍ പ്രതിപാദിക്കുന്നു. പ്രണയകാലത്തെ സ്വാതന്ത്രത്തില്‍ നിന്ന് വിവാഹം എന്ന വ്യവസ്ഥിതിയിലേക്ക് രണ്ടുപേര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന പ്രണയ വ്യതിയാനത്തെ നാടകത്തില്‍ നന്നായി പ്രതിഫലിപ്പിക്കാനായി എന്ന് മിനി അഭിമാനിക്കുന്നു.
സര്‍വ്വ സ്വതന്ത്രയായ കമലാ സുരയ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ചെയ്ത നാടകമാണ് ഒണ്‍ലി ദ സോള്‍ നോസ്. സുരയ്യയുടെ പുസ്തകങ്ങളിലുടെ അവരെ മനസ്സിലാക്കിയ മിനി സ്വാതന്ത്യ്രം ആഗ്രഹിക്കുന്ന സ്ത്രീ മനസ്സിനെ പ്രതിഫലിപ്പിക്കുകയാണ് ഈ നാടകത്തില്‍. കമലയുടെ ജീവിതത്തിലൂടെയുള്ള തീര്‍ത്ഥയാത്ര കൂടിയാണ് മിനിക്ക് ഒണ്‍ലി ദ സോള്‍ നോസ്.
ഇപ്പോള്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റ് ഒ തിയേറ്ററിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആണ്.
ചാള്‍സ് വാലസ് ഇന്ത്യ ട്രസ്റ്റ് അവാര്‍ഡ് നേടിയ ആദ്യമലയാളി നാടക പ്രവര്‍ത്തകയാണ് ഈ മുപ്പത്തിഅഞ്ചുകാരി. ദേശീയ അന്തര്‍ദേശീയ നാടക ഫെസ്റ്റിവലുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഒണ്‍ലി ദ സോള്‍ നോസ്, ദ ലിറ്റില്‍ പ്രിന്‍സ്, ദ കോണ്‍ഫെറന്‍സ് ഒഫ് ദ ബേര്‍ഡ്സ്, അന്‍ഡോറ തുടങ്ങിയവയാണ് മിനിയുടെ നാടകങ്ങള്‍. ഭര്‍ത്താവ് നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയിലെ വിസിറ്റിങ്ങ് പ്രൊഫസര്‍ ആണ്. പഴശ്ശിരാജ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. മകന്‍ ഏഴുവയസ്സുകാരനായ പ്രണവ്.