Sunday, July 13, 2014

തെരട്ടമ്മല്‍ കണി കണ്ട് ഉണരുന്ന ഫുട്‌ബോള്‍


കോഴിക്കോട്ടുകാരായ കുഴപ്പത്തൊടി എന്ന ജന്മി കുടുംബത്തിന് മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരിയിലും തെരട്ടമ്മലിലും മറ്റും ഏക്കറുകണക്കിന് ഭൂമി  ഉണ്ടായിരുന്നു. ഊ ഭൂമിയിലെ ഒഴിഞ്ഞ ഇടങ്ങളില്‍ തെരട്ടമ്മലുകാര്‍ പന്തുതട്ടി കളിച്ചു. ഓരോ വീട്ടിലും ഓരോ ടീം ഉണ്ടാക്കാവുന്ന തരത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉണ്ടായിരുന്നു. പ്രകൃതി തന്നെ ഒരുക്കി നല്‍കിയ ''അന്താരാഷ്ട്ര സ്‌റ്റേഡിയ''ങ്ങളാണ് തെരട്ടമ്മലിലെ ഫുട്ബാളിനെ വളര്‍ത്തിയത്. ആര്‍ക്കും പന്തുരുട്ടാന്‍ തോന്നുന്ന ഒന്നാന്തരം നാല് പച്ചപ്പുല്‍ മൈതാനങ്ങള്‍. രാവിലെയും വൈകുന്നേരവും ഇവിടെ ഫുട്‌ബോള്‍ കളി നടക്കും. ''ഉച്ച സമയത്ത് കന്നുകാലികള്‍ പുല്ല് തിന്ന് ഒരേ നിരപ്പാക്കി തരികയും ചെയ്യും,'' ചിരിയോടെ സി ജാബിര്‍ പറയുന്നു. 1994-95-ല്‍ നെഹ്‌റു കപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി റൈറ്റ് വിങ് ബാക്കായി ഇറങ്ങിയ മലപ്പുറത്തുകാരനാണ് ജാബിര്‍.''മലപ്പുറം ജില്ലയില്‍ നിന്ന് മൂന്നുപേര്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. പരേതനായ മലപ്പുറം മൊയ്തീന്‍ കുട്ടിയും യു ഷറഫലിയും പിന്നെ ഞാനും,''  സി ജാബിര്‍ പറയുന്നു. ഇതില്‍ ഷറഫലിയും ജാബിറും തെരട്ടമ്മലുകാര്‍ തന്നെ. ജാബിറിന്റെ വീട്ടിലും, ഷറഫലിയുടെ വീട്ടിലും കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ കളിച്ച ജസീറിന്റെ വീട്ടിലുമൊക്കെ ഒരു സെവന്‍സ് ടീമിനു വേണ്ട കുട്ടികള്‍ ഉണ്ടായിരുന്നു താനും. ''ഞങ്ങള്‍ സ്‌കൂളില്‍ നിന്ന് വന്നാല്‍ നേരെ ചായയും കുടിച്ച് ഗ്രൗണ്ടിലേക്ക് ഓടും ഫുട്‌ബോള്‍ കളിക്കാന്‍,'' ജാബിര്‍ പറയുന്നു. തെരട്ടമ്മല്‍ ഗ്രൗണ്ടിന് സമീപത്തു തന്നെയായിരുന്ന ജാബിറിന്റെ വീട്. അവിടെ കളിക്കാന്‍ തയ്യാറായി പല പ്രായത്തിലെ ആളുകള്‍ ഉണ്ടാകും.
ഈ ഗ്രാമത്തില്‍ ജനിച്ച് വളരുന്ന കുട്ടികള്‍ കണ്ടു വളരുന്നത് തന്നെ ഫുട്‌ബോളാണ്. ഇവിടെ മറ്റൊരു കായിക വിനോദങ്ങളും ഇല്ല. പൂര്‍ണമായും  ഒരു ഫുട്‌ബോള്‍ കുത്തക ഗ്രാമം. ഏഴെട്ട് വയസ് ആകുമ്പോള്‍ തന്നെ കുട്ടികള്‍ പന്ത് തട്ടി തുടങ്ങും.
സെവന്‍സ് ആണ് തെരട്ടമ്മലിന്റെ ശ്വാസം. ''ഞങ്ങള്‍ ആദ്യമായി ഇലവന്‍സ് കാണുന്നത് കോളെജില്‍ എത്തിയപ്പോഴാണ്,'' ഇപ്പോള്‍ എം എസ് പിയില്‍ സി ഐ ആയ ജാബിര്‍ അനുസ്മരിക്കുന്നു. ജാബിറിന്റെ കളി മികവ് കണ്ട് മമ്പാട് കോളെജില്‍ പി ടി മാഷായിരുന്ന അഷറഫ് ആണ് പ്രീഡിഗ്രിക്ക് ആ കോളെജിലേക്ക് ജാബിറിനെ ക്ഷണിക്കുന്നത്. ''സെവന്‍സിന്റെ വേഗവും കളി കാണാനുള്ള ആവേശവുമാണ് തെരട്ടമ്മലുകാരെ സെവന്‍സിലേക്ക് ആകര്‍ഷിക്കുന്നത്,'' കെ എസ് ഇ ബിയില്‍ ജോലി ചെയ്യുകയും കളിക്കുകയും ചെയ്യുന്ന അഹമ്മദ് മാലിക് പറയുന്നു. എല്ലാവര്‍ഷവും ഗാലറി കെട്ടി, ഫ്‌ളഡ്‌ലൈറ്റിട്ട് സെവന്‍സ് ടൂര്‍ണമെന്റ് ഇവിടെ സംഘടിപ്പിക്കാറുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 16-ഓളം ടീമുകള്‍ പതിവായി ടൂര്‍ണമെന്റിന് എത്താറുണ്ട്. 2010-ല്‍ ഗാലറി തകര്‍ന്ന് 19 പേര്‍ക്ക് പരിക്കേറ്റെതൊന്നും അവരുടെ ആവേശത്തെ തടുപ്പിക്കുന്നില്ല.
തെരട്ടമ്മലില്‍ പന്ത് തട്ടി കളിച്ച് വളര്‍ന്ന് ആദ്യമായി കേരളത്തിനുവേണ്ടി കളിക്കുന്നത് ബഷീര്‍ അഹമ്മദ് ആണ്. ടൈറ്റാനിയത്തിന്റെ കളിക്കാരനായിരുന്നു അദ്ദേഹം. പിന്നീട് നിരവധി പേര്‍ സര്‍വകലാശാലകള്‍ക്കുവേണ്ടിയും വിവിധ പ്രൊഫഷണല്‍ ക്ലബുകള്‍ക്കുവേണ്ടിയും സംസ്ഥാനത്തിനുവേണ്ടിയും ഒക്കെ കളിച്ചു. അവര്‍ക്കൊന്നും ഇന്നത്തെപ്പോലെ ശാസ്ത്രീയമായ പരിശീലനം ഒന്നും ലഭിച്ചിരുന്നില്ലെങ്കിലും ഈ ഗ്രാമത്തില്‍ നിന്നും നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ ഉദയം ചെയ്തു.
ഇവിടെ നിന്ന് ആദ്യമായി ശാസ്ത്രീയ പരിശീലനം ലഭിച്ചത് എം എസ് പിയില്‍ ഉദ്യോഗസ്ഥനായ യു ഷറഫലിക്കാണ്. അദ്ദേഹത്തിന് ഇരിങ്ങാലക്കുട സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ പ്രവേശനം ലഭിച്ചു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലും കേരളത്തിന്റെ ടീമിലും അവിടെ നിന്ന് ഇന്ത്യന്‍ ടീമിലും അദ്ദേഹം ഇടം പിടിച്ചു. 1985 മുതല്‍ ഷറഫലി കേരള പൊലീസിന്റെ ഭാഗമാണ്. വി പി സത്യനും സി വി പാപ്പച്ചനും ഐ എം വിജയനും അടങ്ങിയ കേരള പൊലീസിന്റെ സുവര്‍ണ തലമുറയുടെ ഭാഗമായിരുന്നു ഷറഫലി. 1992, 1993 വര്‍ഷങ്ങളില്‍ കേരള ടീമിനെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കുന്നതിലും നിര്‍ണായ ഘടകമായിരുന്നു അദ്ദേഹം.
തങ്ങള്‍ക്ക് ശാസ്ത്രീയമായ പരിശീലനം ലഭിക്കാത്തതിന്റെ കുറവ് കൃത്യമായി അറിയാവുന്ന പഴയ തലമുറ അത്തരമൊന്ന് പുതിയ തലമുറയ്ക്ക് സംഭവിക്കാതിരിക്കാന്‍ ജാഗരൂകരാണ്. ജാബിറും മറ്റും ചേര്‍ന്ന് ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് ദിവസം കുട്ടികള്‍ക്കായി ഫുട്‌ബോള്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. അവധിക്കാലത്ത് എല്ലാ ദിവസവും പരിശീലനം നല്‍കും. കൂടാതെ താഴെ തട്ടില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന കോഴിക്കോട്ടെ സ്‌പോര്‍ട്‌സ് ആന്റ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ (സെപ്റ്റ്) കീഴില്‍  തെരട്ടമ്മലിലെ കുട്ടികളുടെ രണ്ട് ബാച്ച് പരിശീലിക്കുന്നുമുണ്ട്. മലപ്പുറത്തെ എം എസ് പി സ്‌കൂളിന്റെ ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെ മികച്ച ടീമാക്കുന്നതില്‍ ഷറഫലി പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്. ഈ ടീം ദല്‍ഹിയില്‍ നടക്കുന്ന സുബ്രതോ കപ്പില്‍ ശ്രദ്ധേയമായ വിജയങ്ങള്‍ നേടുകയും 2012-ല്‍ റണ്ണേഴ്‌സ് അപ്പ് ആകുകയും ചെയ്തിട്ടുണ്ട്.
ഫുട്‌ബോള്‍ തെരട്ടമ്മലുകാര്‍ക്ക് കേവലം വിനോദോപാധി മാത്രമല്ല, ജീവനോപാധി കൂടിയാണ്. കേരളത്തിലെ പല ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളിലും തെരട്ടമ്മലുകാരെ കാണാനാകും. ഷറഫലിയെയും ജാബിറിനെയും   കൂടാതെ കഴിഞ്ഞ സന്തോഷ്‌ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വല കാത്ത നിഷാദും കേരള പൊലീസിലാണ്. ബിഎസ്എന്‍എല്ലിലെ ഉബൈയ്ദും കെ എസ് ഇ ബിയിലെ ജസീറും സലിലും ഒക്കെ ഉദാഹരണങ്ങള്‍. തെരട്ടമ്മലിന്റെ ഫുട്ബോള്‍ ആവശേത്തിന് ടീമിന്റെ രൂപം നല്‍കുന്നത് ഇവിടത്തെ ഫുട്‌ബോള്‍ ക്ലബുകളാണ്. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബും തെരട്ടമ്മല്‍ സോക്കര്‍ ക്ലബും അരീക്കോട് ബ്രദേഴ്‌സും ഒക്കെ ഇവിടത്തെ ക്ലബുകളില്‍ ചിലത് മാത്രം.
 അണ്ടര്‍ 16 ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഹനാന്‍ ജാവേദും 2017-ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഫവാദുമൊക്കെയാണ് നാളെയുടെ പ്രതീക്ഷകള്‍. ഇരുവരും സെപ്റ്റിന്റെ ക്യാമ്പില്‍ പരിശീലനം നേടിയവരാണ്.
സമീപത്തെ അരീക്കോടിന് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം നേടി കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് തെരട്ടെമ്മല്‍ ആയിരുന്നു. പണ്ട് ചാലിയാര്‍ പുഴ കടന്ന് അരീക്കോട്ടുകാരും ഊര്‍ങ്ങാട്ടിരിക്കാരും ഒക്കെ ഇവിടെ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. അരീക്കോടെ ഫുട്‌ബോള്‍ ക്ലബുകളില്‍ തെരമ്മലുകാര്‍ ഇടം നേടുകയും ചെയ്തിരുന്നു. ഷറഫലിയൊക്കെ അരീക്കോട് ബ്രദേഴ്‌സ് എന്ന ടീമില്‍ കളിച്ചിരുന്നതാണ്. എന്നാല്‍ അരീക്കോട്ടുകാര്‍ക്ക് സ്വന്തമായി മൈതാനം ലഭിച്ചപ്പോള്‍ ഏതാനും വര്‍ഷങ്ങളായി അവര്‍ തെരട്ടമ്മലിലേക്ക് എത്താതായി. എങ്കിലും ഈ ഗ്രാമവാസികള്‍ പന്തു തട്ടികൊണ്ടേയിരിക്കുന്നു.

ഫോട്ടോ സക്കീര്‍ ഹുസൈന്‍

No comments: