ജീവിതമെന്ന വലിയ യാത്രയുടെ കണ്ണികളാണ് ഓരോ ചെറുയാത്രയും. ശരീരത്തിനൊപ്പം മനസും യാത്ര ചെയ്യുമ്പോഴാണ് ഇത് പൂര്‍ണമാകുന്നത്. യാത്രയില്‍ കാണുന്നതിപ്പുറം പോകുകയെന്നതാണ് ഓരോ സഞ്ചാരസാഹിത്യകൃതികളുടെയും ധര്‍മം.
കേന്ദ്രസാഹിത്യ അക്കാദമിയുടെ 55 വര്‍ഷത്തെ ചരിത്രത്തില്‍ ഹൈമതഭൂവില്‍ എന്ന സഞ്ചാരസാഹിത്യകൃതിക്കും രചയിതാവ് എം.പി.വീരേന്ദ്രകുമാറിനും പ്രത്യേക സ്ഥാനമുണ്ട്. കാരണം എല്ലാറ്റിന്റെയും ചരിത്രത്തില്‍ ആദ്യത്തേത് എന്ന സ്ഥാനത്തിന് ഒരിക്കലും മാറ്റമുണ്ടാകില്ല. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സഞ്ചാര സാഹിത്യ കൃതിക്ക് അവാര്‍ഡ് കൊടുക്കുന്നത്. മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് ഡയറ്ക്ടറായ വീരേന്ദ്രകുമാര്‍ എന്ന സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാര്‍ട്ടിയുടെ നേതാവിന് ഇതിന് സമാനമായ ആദ്യത്തേതിന് എട്ടുവര്‍ഷത്തെ പ്രായമുണ്ട്. 2002 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ആമസോണും കുറെ വ്യാകുലതകളും എന്ന പുസ്തകത്തിന് ലഭിച്ചപ്പോഴാണ്. രണ്ടു തവണയും ആദ്യമായാണ് സര്‍ഗാത്മക സാഹിത്യത്തിനൊപ്പം സഞ്ചാരസാഹിത്യത്തെയും പരിഗണിച്ചത്.
ഞങ്ങള്‍ കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ ചെല്ലുമ്പോള്‍ വീരേന്ദ്രകുമാര്‍ സുഹൃദ് സംഘത്തിന്റെ നടുവിലായിരുന്നു. യാത്രകള്‍ സമ്മാനിച്ച കുറച്ച് സുഹൃത്തുക്കള്‍ക്കുമൊത്ത്. ബിസിനസുകാരായ അവര്‍ മലപ്പുറത്ത് തുടങ്ങാന്‍ പോകുന്ന ജുവലറിയുടെ ഉദ്ഘാടനത്തിന് വീരേന്ദ്രകുമാറിനെ ക്ഷണിക്കാന്‍ വന്നതായിരുന്നു അവര്‍. അവാര്‍ഡ് ലഭ്യതയില്‍ അഭിനന്ദിച്ച് കൊണ്ട് തുടങ്ങിയ അവര്‍ മഞ്ഞളാംകുഴി അലിയിലൂടെയും മറ്റും സഞ്ചരിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. യാത്ര പറഞ്ഞിറങ്ങിയ അവരുടെ പിന്നാലെ ഹൈമവതഭൂവിലൂടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു.
അപ്രതീക്ഷിതമായിരുന്നു അവാര്‍ഡ്, വീരേന്ദ്രകുമാര്‍ പറഞ്ഞുതുടങ്ങി. ഒരു എഴുത്തുകാരനെ സംബന്ധിച്ച ഏറ്റവും വലിയ ആഹ്‌ളാദം അവാര്‍ഡ് ലഭിക്കുമ്പോഴാണ്. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സഞ്ചാര സാഹിത്യത്തിന് അവാര്‍ഡ് നല്കുന്നത്. സര്‍ഗാത്മത സൃഷ്ടികളായ കവിത, കഥ, നോവല്‍ തുടങ്ങിയവയിലേക്ക് സഞ്ചാരസാഹിത്യം ചേര്‍ക്കപ്പെട്ടു എന്ന പ്രത്യേകത ഇതിനുണ്ട്.
ഹൈമവത ഭൂവില്‍ എഴുതിയത് മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ കൊണ്ടാണ്. ഓരോ യാത്രയിലും ശരീരം മാത്രമല്ല മനസും സഞ്ചരിക്കുന്നു. ഓരോ സ്ഥലത്തും എത്തുമ്പോള്‍ അവിടുത്തുകാരുമായി സംവദിക്കുമ്പോള്‍ കൂടുതല്‍ അറിവുകള്‍ ലഭിക്കും. സ്ഥല ചരിത്രവും മിത്തും മറ്റു വിവരങ്ങളും ശേഖരിച്ച് ആ സ്ഥലത്തിന്റെ ആത്മാവിലൂടെയുള്ള യാത്രയാണ് നടത്തുന്നത്. പിന്നീട് തിരിച്ചെത്തി എഴുതാനിരിക്കുമ്പോള്‍ ധാരാളം റഫറന്‍സ് പുസ്തകങ്ങളിലൂടെയുള്ള യാത്രയും ഉണ്ടാകും. ഹൈമവത ഭൂവില്‍ എഴുതാനായി 400 ല്‍പരം പുസ്തകങ്ങള്‍ പരിശോധിച്ചിരുന്നു. ഒരു പുസ്തകം വായിക്കുന്നതിനേക്കാള്‍ അറിവുകള്‍ ഓരോ യാത്രയ്ക്കും സമ്മാനിക്കാനാകും.
ധാരാളം യാത്ര ചെയ്യുന്ന എന്നെ ഏറ്റവും കൂടുതല്‍ ആശ്ചര്യപ്പെടുത്തുകയും ഉണര്‍ത്തുകയും ചെയ്തിട്ടുള്ളത് ഹിമവാനാണ്. ഹിമാലയ സാനുക്കളലൂടെയുള്ള യാത്ര പ്രത്യേക അനുഭവമാണ് സമ്മാനിക്കുന്നത്. ആല്‍പ്‌സ് പര്‍വ്വതവും വലുതാണ് എന്ന് മാത്രമേ നമുക്ക് പറയാനാകൂ. എന്നാല്‍ ഹിമാലയം അതിനപ്പുറം നമ്മുടേത് കൂടിയാണ്. മഹാമേരുവാണ് ഹിമാലയം. എന്റെ അമ്മയുടെ പേര് മരുദേവി എന്നാണ്. മരുവിന്റെ മകള്‍ എന്നര്‍ത്ഥം. അതിനാല്‍ ഹിമാലയം എന്നില്‍ അമ്മയുടെ ഓര്‍മകള്‍ കൊണ്ടുവരും.
വോള്‍ഗയെ പോലെ അല്ല ഗംഗയും യമുനയും അടങ്ങുന്ന നമ്മുടെ നദികള്‍. അവ നമ്മില്‍ ഗൃഹാതുരത്വം നിറയ്ക്കും. പ്രകൃതി സൗന്ദര്യം ഗൃഹാതുരത്വം കൂടിയാണ്.
യാത്രാവിവരണം ദേശത്തിന്റെ കഥകൂടിയാണ്. ചരിത്രം, മിത്ത്, നാടോടി കഥകള്‍ എല്ലാമതിലുണ്ടാകും. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും നമ്മെ അവയുമായി ബന്ധിപ്പിക്കുന്ന ഓരോന്നുണ്ടാകും. അയ്യായിരം പ്രസംഗങ്ങള്‍ ചെയ്താല്‍ അവ മറന്നുപോകും എന്നാല്‍ അക്ഷരങ്ങളുടെ ലോകത്തിന് അവസാനമില്ല.
വയനാട്ടില്‍നിന്ന്...
വീരേന്ദ്രകുമാറിന്റെ പ്രതിഭയുടെ വേരുകള്‍ വയനാടിന്റെ പച്ചപ്പില്‍ ആഴത്തിലൂന്നിയവയാണ്. എന്റെ മനസില്‍ എന്റെ ഗ്രാമവും അതിന്റെ പച്ചപ്പുമുണ്ട്. സി.വി ശ്രീരാമന്റെ എഴുത്തുകള്‍ മറ്റു ദേശക്കാരെക്കുറിച്ചാണ്. എന്നാല്‍ വയനാടിന്റെ പച്ചപ്പ് മൃഗങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ചു.
കാര്‍ യാത്രകള്‍
രണ്ടുമൂന്ന് മാസം മുമ്പ് യൂറോപ്പില്‍ പോയിരുന്നു. അന്ന് റോമില്‍ വിമാനമിറങ്ങിയശേഷം തുടര്‍ യാത്ര കാറിലായിരുന്നു. വിമാനത്തിലോ ട്രെയിനിലോ ഇല്ലാത്ത സൗകര്യം കാറില്‍ യാത്ര ചെയ്യുമ്പോള്‍ ലഭിക്കും. യാത്ര ചെയ്യുന്ന സ്ഥലത്തിന്റെ സൗന്ദര്യം മുഴുവന്‍ മനസിലാക്കാന്‍ സാധിക്കും. ആഗ്രഹിക്കുന്ന സ്ഥലത്ത് യാത്ര നിറുത്തി കാഴ്ച്ചകള്‍ ആസ്വദിക്കാനാകും. അതിനാല്‍ കാറിലെ യാത്രകള്‍ ഞാന്‍ ആസ്വദിക്കുന്നു.
മാതൃഭൂമിയില്‍ വീരേന്ദ്രകുമാറിന്റെ മുറിയില്‍ ധാരാളം പുസ്തകങ്ങള്‍ ചില്ലലമാരയില്‍ സൂക്ഷിച്ചിട്ടുണ്ട്. മേശപ്പുറത്തും പുസ്തകങ്ങള്‍ക്ക് കുറവൊന്നുമില്ല. ദ ബ്‌ളാക്ക് ബുക്ക് ഒഫ് കമ്മ്യൂണിസം, ഓര്‍ഫാന്‍ പാമുക്കിന്റെ മൈ നെയിം ഈസ് റെഡ്, തുടങ്ങി നിരവധി പുസ്തകങ്ങളുണ്ട്. വിവിധ പ്രമേയങ്ങളിലെ പുസ്തകങ്ങളാണിവ. ഒരേ സമയം വിവിധ പുസ്തകങ്ങള്‍ സമാന്തരമായി വായിക്കാറുണ്ട്. കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസത്തിനുണ്ടായ തകര്‍ച്ചയെക്കുറിച്ചുള്ള പുസ്തകമാണത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ചുള്ള വായനയാണോ എന്ന ചോദ്യത്തിനുള്ള മറുപടി ഗൗരവമുള്ള ചെറുപുഞ്ചിരിയിലൊതുക്കി.
വിവേകാനന്ദനെക്കുറിച്ചും പിന്നെ ഒരു യാത്രാവിവരണവുമാണ് അണിയറയിലെരുങ്ങുന്ന പുസ്തകളങ്ങള്‍. അച്ഛന്‍ എം.കെ പത്മപ്രഭാ ഗൗഡര്‍ തെളിയിച്ച വായനാ വഴിയിലൂടെയുള്ള യാത്രയിലാണ് വീരേന്ദ്രകുമാര്‍. അദ്ദേഹം നൈനിറ്റാളിലെ നൈനി തടാകത്തിലേ തണുപ്പില്‍നിന്നും ലഖ്‌നൗവിലൂടെ നേപ്പാളിലും ഗംഗാ തീരത്തുമലഞ്ഞ് പാലടീ പുത്രത്തിലെത്തിയശേഷം ഡല്‍ഹിയുടെ ചൂടിലേക്ക് എത്തിയപ്പോള്‍ ഞങ്ങള്‍ വിട പറഞ്ഞിറങ്ങി. യാത്ര അവസാനിക്കുന്നില്ല; എങ്കിലും ഇപ്പോള്‍ വിട.
No comments:
Post a Comment