കോഴിക്കോട്: "ജീവിക്കണമെങ്കില്‍ ജോലി വേണം. കലയെ മാത്രം സ്നേഹിക്കുകയും പാതി വഴിയില്‍ നിന്ന്പോകുകയും ചെയ്ത പലരെയും നേരിട്ട് അറിയാം. അതുകൊണ്ട് പഠനം തുടരണം. റിസര്‍ച്ച് ചെയ്യണം. എന്റെ കല എപ്പോഴും എന്നോടൊപ്പമുണ്ടാകും." പ്രായോഗികമതിയാണ് ദീപിക.
ഇന്ത്യയിലാദ്യമായി ഏകാംഗ നാടകവേദിയില്‍ 50 സ്ത്രീ കഥാപാത്രങ്ങളെ ഒരുവേദിയില്‍ അവതരിപ്പിക്കുക എന്ന റെക്കോര്‍ഡിനുടമയാണ് ഈ ഇരുപതുകാരി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍നിന്ന് ബി.എസ്.സി സുവോളജി അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ദീപിക.
ചവിട്ടി നില്കാന്‍ ഇത്തിരി മണ്ണുണ്ടെങ്കില്‍ കലയെ ഉപാസിക്കാം എന്ന ആത്മവിശ്വാസത്തിലാണ് അവര്‍.
വിവിധ കാലങ്ങളിലെ എഴുത്തുകാരിലൂടെ സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ സ്ത്രീ കഥാപാത്രങ്ങളെയാണ് ദീപിക രംഗത്ത് വേദിയില്‍ അവതരിപ്പിച്ചത്. രണ്ടു സാഹിത്യകാരന്‍മാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്. ടി.പത്മനാഭന്റെ ഗൌരി സംസാരിക്കുന്നത് എം.ടിയുടെ നാലുകെട്ടിലെ അമ്മിണിയോടാണ്. പുരാണത്തിലെ ദ്രൌപദി ആധുനിക കാലഘട്ടത്തിലെ ദ്രൌപദിയാകുകയാണ് വാക്കുകളിലൂടെ. സെക്കന്റുകള്‍കൊണ്ട് കഥാപാത്രങ്ങള്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് പരകായ പ്രവേശം നടത്തുകയായിരുന്നു ദീപികയിലൂടെ. കഥാപാത്രം മാത്രമല്ല കാലം കൂടെ മാറുന്നുണ്ട്. ഒറ്റപ്പെട്ട സ്ത്രീയുടെ നിസ്സഹായതയും ഒറ്റപ്പെടല്‍ എന്നാല്‍ മരിക്കുന്നതിന് തുല്യമാണെന്ന ഭാവവും പ്രേക്ഷകരിലെത്തിക്കാന്‍ ദീപികയുടെ അഭിനയ ചാരുതയ്ക്കായി.
ഒ.ചന്തുമേനോന്റെ ഇന്ദുലേഖയില്‍ തുടങ്ങിയ നാടകത്തില്‍ നിമിഷ നേരം കൊണ്ട് കഥാപാത്രങ്ങള്‍ മാറിമാറി പോകുകയാണ് കേരള കൌമുദി കോട്ടയം യൂണിറ്റ് ചീഫ് പി.സി.ഹരീഷ് സംവിധാനം ചെയ്ത കഥായാട്ടം എന്ന ഏകാംഗ നാടകത്തില്‍. കഥാപാത്രങ്ങള്‍ കാണികളോട് സംവദിക്കുന്ന രീതിയിലാണ് നാടകത്തിന്റെ ഒഴുക്ക്.
കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശമായ കൊളത്തറയിലാണ് കഥായാട്ടം അരങ്ങേറിയത്. രംഗത്ത് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച് അധികമൊന്നും അറിഞ്ഞുകൂടാത്തവരായിരുന്നു കാണികളിലധികവും. കൂവാന്‍ തയ്യാറായി നില്ക്കുന്ന കാണികളെ കൈയിലെടുക്കുന്ന പ്രകടനമാണ് ദീപിക കാഴ്ച്ച വച്ചത്.
കാണികളായ കുട്ടികള്‍ക്കിടയിലിരുന്ന് ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ കുഞ്ഞാമിനയെയും പദ്മയെയും കുറിച്ച് പറഞ്ഞ ശേഷം സ്റ്റേജിലേക്ക് തിരികെ കയറുമ്പോള്‍
ചേച്ചീ ആമിനയ്ക്ക് എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ട് ചെറിയകുട്ടികള്‍ കൂടെ വന്നത് ദീപികയുടെ അഭിനയത്തിന്റെ വിജയമായി.
കഥപറച്ചിലിന്റെ കെമിസ്ട്രി ദീപികയെ പഠിപ്പിച്ചത് ആകാശവാണിയിലെ ആര്‍ട്ടിസ്റ്റായ എല്‍സി സുകുമാരനാണ്. ഇത് നാടകത്തില്‍ പ്രശംസനീയമാംവണ്ണം ഉപയോഗിക്കാനായി.
കഥയാട്ടത്തിന്റെ പ്രോജക്ടില്‍ തുടക്കത്തില്‍ സീരിയസ്സായിരുന്നില്ല. പരിശീലനം തുടങ്ങി രണ്ടുമൂന്നു കഥാപാത്രങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ ഭയമായി. പിന്നെ ആവേശമായി, ദീപിക പറഞ്ഞു.
നാടകത്തിലെ കഥാപാത്രങ്ങളെ മനസ്സിലേക്കാവാഹിക്കാന്‍ മിക്ക പുസ്തകങ്ങളും അവര്‍ വായിച്ചു. വായിക്കാത്ത കഥാപാത്രങ്ങളെക്കുറിച്ച് മറ്റുള്ളവരില്‍ നിന്ന് കേട്ട് മനസ്സിലാക്കി. ഇതെല്ലാം തന്റെ പ്രകടനത്തിന് സഹായകരമായതായി.
ക്ളാസിക്കല്‍ നൃത്ത പഠനം പാകപ്പെടുത്തിയ അഭിനയത്തെ നാടകത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതായി സംവിധായകന്‍ പി.സി ഹരീഷ് പറഞ്ഞു. രാമായണത്തില്‍ താടക ശ്രീരാമനെ നോക്കി നില്‍ക്കുന്ന ഡയലോഗുകളില്ലാത്ത ഒരു രംഗത്തില്‍ കണ്ണുകള്‍ കൊണ്ട് താടകയുടെ ഹൃദയ വികാരങ്ങളെ അതിവിദഗ്ധമായി പ്രതിഫലിപ്പിക്കാന്‍ ദീപികയ്ക്കായി.
കലയോട് താല്പര്യമില്ലാഞ്ഞിട്ടല്ല, പഠനത്തോടുള്ള താല്പര്യവും സ്വന്തം കാലില്‍ നില്ക്കണമെന്നുള്ള മോഹവുമാണ് സിനിമകളില്‍നിന്ന് ഓഫറുകള്‍ വന്നിട്ടും അഭിനയരംഗത്തേക്ക് സീരിയസ്സായി കാലുകുത്താന്‍ അവര്‍ മടിക്കുന്നത്. പ്രശസ്ത നാടകകാരന്‍ ഇബ്രാഹിം വെങ്ങരയുടെ ഹുസ്നു ജമാല്‍ ബദറുല്‍ മുനീര്‍ എന്ന നാടകത്തില്‍ ഹുസ്നു ജമാലിനെ അവതരിപ്പിച്ചത് ദീപികയാണ്. അമൃത ചാനല്‍ നടത്തിയ ബെസ്റ്റ് ആക്ടര്‍ റിയാലിറ്റി ഷോയില്‍ മൂന്നാം റണ്ണര്‍ അപ്പ് ആയി. നാലാം വയസ്സുമുതല്‍ ദീപിക നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, മോണോആക്ട് എന്നിവയില്‍ പരിശീലനം നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സോണല്‍ കലാതിലകം ആയിരുന്നു. സ്കൂള്‍ തലത്തിലും നൃത്ത ഇനങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.
കോഴിക്കോട് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സ്സൈസില്‍ ജീവനക്കാരനായ ടി.എ രാധാകൃഷ്ണനാണ് അച്ഛന്‍. അമ്മ പുഷ്പവല്ലി സ്കൂള്‍ ടീച്ചറും അനിയത്തി ദേവിക റ്റി.റ്റി.സിക്ക് പഠിക്കുകയാണ്.
No comments:
Post a Comment