Saturday, December 04, 2010

അശ്വതി നടനം

കോഴിക്കോട്: മഴത്തുള്ളികള്‍ മണ്ണിലേക്ക് കിനിഞ്ഞ് ഇറങ്ങുന്നത് പോലെയാണ് കുഞ്ഞ് അശ്വതിയുടെ മനസിലേക്ക് നൃത്തവും സാഹിത്യവും വീണലിഞ്ഞത്. അമ്മയുടെ സ്വാധീനമാകണം ആ കുഞ്ഞു മനസിലേക്ക് നൂപുരധ്വനികള്‍ മാത്രം അവശേഷിപ്പിച്ച് സാഹിത്യത്തെ മാറ്റി നിറുത്തിയത്. അച്ഛന്‍ മഹാനായ എം.ടി വാസുദേവന്‍ നായര്‍ അമ്മ കലാമണ്ഡലം സരസ്വതി. ഇവരുടെ മകള്‍ അശ്വതിക്ക് ഇത് നല്ളൊരു മേല്‍വിലാസമാണിത്. എന്നാലിന്ന് അശ്വതി നൃത്തലോകത്ത് സ്വന്തം വ്യകതിത്വം ഉറപ്പിക്കുന്ന പാതയിലൂടെയാണ് ചരിക്കുന്നത്.

അമ്മയുടെ അടുത്ത് നൃത്തം അഭ്യസിക്കാനെത്തുന്ന ചേച്ചിമാരാണ് കുട്ടികാലത്തെ കൂട്ടുകാര്‍. അവര്‍ നൃത്തം അഭ്യസിക്കുന്നതിനിടയിലൂടെ കുഞ്ഞികാലുകള്‍ തത്തിതത്തി വച്ച് നടന്നിരുന്ന അശ്വതി സ്കൂള്‍ യുവജനോത്സവവേദികളില്‍ കയറിയിട്ടില്ള. അമ്മയുടെ വിദ്യാര്‍ത്ഥിനികള്‍ വേദികളിലാടുമ്പോള്‍ അവള്‍ അമ്മയോടൊപ്പം ഗ്രീന്‍ററൂമിലായിരിക്കും. ഏഴാം വയസ്സില്‍ ഗുരുവായൂരപ്പന് മുന്നില്‍ അരങ്ങേറ്റം. ടീച്ചര്‍ പഠിപ്പിച്ചാല്‍ എന്‍െറ മകള്‍ യുവജനോത്സവത്തിന് ഒന്നാമതെത്തും എന്ന് രക്ഷിതാക്കള്‍ പറയുന്ന ടീച്ചറുടെ മകളായിട്ടും അശ്വതി സ്കൂള്‍ യുവജനോത്സവവേദികളില്‍ മത്സരിച്ചില്ള.



എന്തുകൊണ്ട് യുവജനോത്സവവേദികളില്‍ കയറില്ള

യുവജനോത്സവവേദികളിലെ അന്തര്‍നാടകങ്ങളെക്കുറിച്ച് അമ്മ പറഞ്ഞ് നന്നായി അറിയാമായിരുന്നു. അതിനാല്‍ യുവജനോത്സവവേദികളോട് താല്പര്യമുണ്ടായില്ള.എന്നാല്‍ അമ്മയുടെ കീഴില്‍ പഠിച്ചിരുന്ന കുട്ടികളുടെ മത്സരം കാണാന്‍ പോകുമായിരുന്നു. കോളേജിലെത്തിയപ്പോള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കോളേജ് അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയത്. ഇന്റര്‍ സോണ്‍ വരെയെത്തിയിട്ടുണ്ട്. ഡിഗ്രി കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലാണ് ചെയ്തത്. ഇംഗ്ളീഷ് സാഹിത്യമായിരുന്നു ഐച്ഛികവിഷയം.



അമ്മയുടെ സ്വാധീനം



ആദ്യ ഗുരു അമ്മയാണ്. എന്നിലെ നര്‍ത്തകിക്ക് അടിത്തറ പാകിയത് അമ്മയാണ്. അമ്മയുടെ ശകതമായ സ്വാധീനം എന്നിലുണ്ട്. കുട്ടിക്കാലത്ത് വളര്‍ന്നത് ഡാന്‍സിനും പാട്ടിനും നടുവിലായിരുന്നു. ചെറുതിലേ അമ്മ നൃത്തം പഠിപ്പിച്ചു. എങ്കിലും മകള്‍ സീരിയസ് ആയി എടുത്തിരുന്നില്ള. അമ്മ നടത്തുന്ന നൃത്താലയത്തില്‍ പോകുമായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അവിടെ പഠിപ്പിക്കുകയും നൃത്തത്തിന് കോറിയോഗ്രാഫി നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. കോഴിക്കോട് പ്രശസ്തരായ നര്‍ത്തകര്‍ പരിപാടികള്‍ അവതരിപ്പിക്കാനെത്തുമ്പോള്‍ കാണാന്‍ അമ്മ കൊണ്ടുപോകുമായിരുന്നു. അങ്ങനെ പത്മസുബ്ര്ഹമണ്യത്തെപ്പോലുള്ളവരുടെ നൃത്തങ്ങള്‍ ആസ്വദിക്കാനായി. ഇത് പിന്നീട് ഗുണം ചെയ്തു.



നൃത്തത്തെ സീരിയസ് ആയി എടുത്ത് തുടങ്ങിയത്



നേരത്തെ പറഞ്ഞില്ളേ അമ്മയുടെ നൃത്താലയത്തില്‍ പഠിപ്പിക്കാന്‍ പോകുമായിരുന്നെന്ന്. അവിടത്തെ ട്രൂപ്പിന്‍െറ പരിപാടികളില്‍ നൃത്തം ചെയ്യാറുമുണ്ട്. ഡ്രിഗ്രിക്ക് പഠിക്കുമ്പോഴാണ് ഡാന്‍സ് കൂടുതല്‍ ശ്രദ്ധയോടെ പഠിക്കാന്‍ തുടങ്ങിയത്. കാരണം പരിപാടികള്‍ക്ക് ശേഷം ആളുകള്‍ നന്നായിരുന്നെന്ന് അഭിനന്ദിക്കുമ്പോള്‍ കുറച്ച് കൂടി ഇംപ്രൂവ് ചെയ്യണമെന്ന് തോന്നും. ശ്രീകാന്തിനടുത്ത് പഠിക്കാനെത്തുന്നത് അങ്ങനെയാണ്. ഏതെങ്കിലും ഒരുനിമിഷത്തെ തോന്നല്‍ കാരണം നൃത്തത്തെ പ്രൊഫഷണലായി എടുക്കുകയായിരുന്നില്ള. അതിന് ദിവസങ്ങളോളം ആലോചിച്ചാണ് തീരുമാനമെടുത്തത്.



അരങ്ങേറ്റവേദിയെക്കുറിച്ച്



ഏഴാം വയസ്സില്‍ ഗുരുവായൂരപ്പന് മുന്നിലായിരുന്നു അരങ്ങേറ്റം. അതിനെക്കുറിച്ച് വലിയ ഓര്‍മകളൊന്നും ഇല്ള. ഏതുവേദിയിലായാലും കഴിവിന്‍െറ 100 ശതമാനവും അവിടെ ഉപയോഗിക്കാനാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. അതിനാല്‍ എല്ളാ വേദികളും എനിക്ക് ഒരുപോലെയാണ്. ചെന്നൈയ്ക്ക് സമീപത്തെ ഗ്രാമത്തിലെ ഒരു സ്കൂളില്‍ കുട്ടികള്‍ക്ക് നൃത്തത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഞങ്ങള്‍ ക്ളാസ് എടുത്തിട്ടുണ്ട്. നൃത്തം അവതരിപ്പിച്ച് വിശദീകരിക്കുകയാണ് പതിവ്. കോര്‍പ്പറേറ്റ് വേദികളിലും ചെയ്യാറുണ്ട്. ആ വേദികളില്‍ കാണികളായെത്തുന്നവര്‍ക്ക് എന്റര്‍ടെയ്മെന്റ് ആണ്. അതിനാല്‍ ഏതുവേദിയിലും എന്റെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് പതിവ്.



കോംപോസിഷന്‍ നൃത്തയിനങ്ങളാണോ

സോളോയാണോ കൂടുതല്‍ താല്പര്യം



രണ്ടും ഒരുപോലെയാണ് എനിക്ക്. രണ്ടിനും അതിന്റേതായ ഭംഗിയുണ്ട്. സോളോ ചെയ്യുമ്പോള്‍ കൂടുതല്‍ സ്റാമിന വേണം. കോമ്പിനേഷന്‍ ചെയ്യുമ്പോള്‍ പങ്കാളിയെ മനസിലാക്കണം. മറ്റേയാള്‍ ചെയ്യുന്നതിനനുസരിച്ച് വേണം നമ്മള്‍ ആടാന്‍. ഈ അണ്ടര്‍സ്റാന്‍റിംഗ് ഉണ്ടാകാന്‍ നിരവധി മാസങ്ങളും നിരവധി വേദികളും എടുക്കും. കോമ്പിനേഷനില്‍ ഒരാള്‍ സ്ട്രോങ്ങും മറ്റേയാള്‍ വീക്കും ആകാറാണ് പതിവ്. എന്‍െറ രണ്ടാമത്തെ ഗുരു ശ്രീകാന്താണ്. ശ്രീകാന്തുമായി ചേര്‍ന്ന് നൃത്തം ചെയ്യുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ നല്ളൊരു കെമിസ്ട്രി ഉണ്ടെന്ന് ആളുകള്‍ പറയുമായിരുന്നു. രണ്ടുപേരും സ്ട്രോങ്ങാണെങ്കിലും പരസ്പരധാരണയോടെ നൃത്തം അവതരിപ്പിക്കാനാകുന്നുണ്ട്.



ഈ പരസ്പരധാരണയാണോ ശ്രീകാന്തുമായുള്ള വിവാഹത്തിലെത്തിയത്



ധാരാളം കല്ള്യാണാലോചനകള്‍ വന്നിരുന്നു. എന്നാല്‍ അവര്‍ക്ക് ഞാന്‍ നൃത്തം തുരുന്നതിന് താലപര്യമുണ്ടായിരുന്നില്ള. അങ്ങനെയൊരു വിവാഹത്തിന് ഞാന്‍ ഒരുക്കമായിരുന്നില്ള. കാരണം ഞാന്‍ നൃത്തത്തെ പ്രൊഫഷനായി സ്വീകരിച്ചകാലമായിരുന്നു അത്. അപ്പോള്‍ ഞാന്‍ ശ്രീകാന്തിനടുത്ത് പഠിക്കാന്‍ പോകുന്നുണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം ആലോചിച്ചു. രണ്ട് കലകാരന്‍മാര്‍ തമ്മിലുള്ള വിവാഹത്തെക്കുറിച്ച്. അതില്‍ പ്രണയമുണ്ടായിരുന്നില്ള. വളരെ ആലോചിച്ച് തീരുമാനമെടുത്തശേഷം വീട്ടില്‍ പറഞ്ഞു. ആര്‍ക്കും എതിര്‍പ്പുണ്ടായില്ള.



സ്വപ്ന പദ്ധതിയെക്കുറിച്ച്



അശ്വതി- ഞങ്ങളുടെ ഡാന്‍സ് സ്കൂളായ നൃത്താലയയെ വികസിപ്പിക്കണം. കേരളത്തില്‍ നൃത്തം പഠിക്കാന്‍ താല്പര്യമുള്ള കുട്ടികളില്‍ ഒട്ടുമിക്കപേര്‍ക്കും നല്ള കഴിവുണ്ട്. അത്തരക്കാരെ നൃത്തം പഠിപ്പിച്ച് ധാരാളം നല്ള കോറിയോഗ്രഫികള്‍ ചെയ്ത് നൃത്താലയയെ ഉയര്‍ത്തണം.



ശ്രീകാന്ത്- അച്ഛന്റെ നിര്‍മ്മാല്യം ഡാന്‍സ് രൂപത്തിലാക്കണമെന്ന് വലിയൊരു ആഗ്രഹമുണ്ട്. അത് ചെയ്യുന്നതിന് ധാരാളം സമയവും പണവും മറ്റു സൌകര്യങ്ങളും ആവശ്യമുണ്ട്. പ്രോഗ്രാമുകള്‍ക്ക് പോകുമ്പോള്‍ എം.ടിയുടെ മരുമകനാണെന്ന് പറയുമ്പോള്‍ ചിലര്‍ ചോദിക്കും, എന്തുകൊണ്ട് രണ്ടാമൂഴത്തിലെ ഭീമന് നൃത്തരൂപം നല്കികൂടായെന്ന്. അങ്ങനെ ഭീമനും എന്‍െറ മനസില്‍ കയറി. അങ്ങനെ രണ്ട് ഡ്രീം പ്രോജക്ടുകള്‍ എനിക്കുണ്ട്.



നൃത്തത്തില്‍ നടത്തുന്ന പരീക്ഷണങ്ങളെക്കുറിച്ച്



ഭരതനാട്യത്തിന്‍െറ ഗ്രാമര്‍ നഷ്ടപ്പെട്ടു പോകാതെയുള്ള പരീക്ഷണങ്ങളോടാണ് താല്പര്യം. അത് നഷ്ടപ്പെടുത്തി മോഡേണ്‍ ആയി ചെയ്യില്ള. ഞങ്ങള്‍ അമേരിക്കയിലെ ഒരു പ്രൊഡകഷന്‍ കമ്പനിക്ക് വേണ്ടി തീമാറ്റിക് ഡാന്‍സ് ചെയ്തിരുന്നു. പ്രകൃതിയെക്കുറിച്ചുള്ള സ്നേഹയാഗം, ബൈബിളിലെ ഉല്പത്തിയില്‍ സൃഷ്ടിയുടെ ഏഴ്ദിവസങ്ങളില്‍ നിന്ന് ആശയം സ്വീകരിച്ച് മതാത്മകതയെ ഒഴിവാക്കി നൃത്തം കോറിയോഗ്രാഫി ചെയ്തിരുന്നു. ദൈവമെന്ന ആശയത്തെ അതിന്റെ പ്യുവര്‍ ഫോമിലെടുത്ത് കൊണ്ടുള്ളതായിരുന്നു അത്. ഇതിലെല്ളാം ഭരതനാട്യത്തിന്‍െറ ഗ്രാമര്‍ ഉണ്ടായിരുന്നു.



തീമാറ്റിക് ഡാന്‍സുകള്‍ ചെയ്യുന്നതിനെക്കുറിച്ച്



അവ കേരളത്തില്‍ അധികം അവതരിപ്പിക്കാനാകില്ള. കാരണം വലിയൊരു മുതല്‍മുടക്ക് ആവശ്യമാണ്. നല്ള സ്പോണ്‍സേഴ്സിനെ ലഭിച്ചാല്‍ ചെയ്യാനാകും. എന്നാല്‍ വിദേശത്തെ പ്രൊഡകഷന്‍ കമ്പനികള്‍ക്ക് ഇത് ചെയ്യാനാകുന്നുണ്ട്.



വായനയും എഴുത്തും...



തീമാറ്റിക് ഡാന്‍സുകള്‍ ചെയ്യുന്നതിന് നല്ള വായന ആവശ്യമാണ്. നല്ള ഗവേഷണവും ഇതിന് ആവശ്യമാണ്. എന്നാല്‍ എന്‍െറ വായന അതിന് വേണ്ടി മാത്രമല്ള. സ്ഥിരമായി വായിക്കാറുണ്ട്. കോളേജ് മാഗസീനുവേണ്ടിയൊക്കെ എഴുതിയിട്ടുണ്ട്. അത് സീരിയസായി എടുത്തില്ള.

അശ്വതി ഇപ്പോള്‍ സന്തോഷത്തിന്റെ കൊടുമുടിയിലാണ്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് കലാചാര്‍ കലാസാംസ്കാരിക സംഘടന നല്കിയ യുവകലാഭാരതി പുരസ്കാരം കഴിഞ്ഞമാസം അശ്വതിക്ക് ലഭിച്ചു. ധനഞ്ജയന്‍, ശാന്താ ധനഞ്ജയന്‍, പദ്മ സുബ്രഹ്മണ്യം, ചിത്രാ വിശ്വേശ്വരന്‍, സുധാറാണി രഘുപതി തുടങ്ങിയവരടങ്ങിയ സമിതിയാണ് അശ്വതിയെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് ഈ പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ആരെങ്കിലും എതിര്‍പ്പുയര്‍ത്തിയാല്‍ ചര്‍ച്ച ചെയ്യുന്ന പേര് മാറ്റിവയ്ക്കുകയാണ് പതിവ്.