പ്ളസ്ടു വരെ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം കണ്ടിരുന്ന പെണ്‍കുട്ടി. പിന്നീട് ഡ്രിഗ്രിക്ക് കോളേജില്‍ എത്തിയിട്ട് ക്ളാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാന്‍ യോഗം ഇല്ലാതിരുന്ന പെണ്‍കുട്ടി. തിയേറ്ററില്‍ എക്സ്പ്രസായി ഓടുന്ന സുഗീതിന്റെ ഓര്‍ഡിനറി എന്ന സിനിമയില്‍ കല്ല്യാണിയെന്ന ശ്രദ്ധേയമായ വേഷം ചെയ്തിരിക്കുന്ന ശ്രിത ശിവദാസിന് ഇതൊക്കെയായിരുന്ന ഒരുവര്‍ഷം മുമ്പ് വരെ സിനിമ.
ഓര്‍ഡിനറിയിലേക്ക്....
ഞാന്‍ കൈരളി ചാനലില്‍ താരോത്സവം എന്ന റിയാലിറ്റിഷോ അവതരിപ്പിച്ചിരുന്നു. അത് കണ്ടിട്ടാണ് ഓര്‍ഡിനറിയുടെ സംവിധായകന്‍ സുഗീതേട്ടന്‍ എന്നെ ഓഡിഷന് വിളിക്കുന്നത്. ആദ്യ ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നീട് കൊച്ചിയില്‍ ഫൈനല്‍ ഓഡിഷന്‍ നടത്തിയിരുന്നു. അത് കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞാണ് സെലക്ട് ചെയ്തിട്ടുണ്ടെന്ന് സുഗീതേട്ടന്‍ വിളിച്ച് പറഞ്ഞത്. വളരെ സന്തോഷം തോന്നി. തമിഴില്‍നിന്ന് ധാരാളം ഓഫറുകള്‍ വന്നിരുന്നു. മലയാളത്തില്‍നിന്ന് ആദ്യമായി വന്ന ഓഫര്‍ ഓര്‍ഡിനറിയിലേതാണ്. ആദ്യം എന്റെ കുറെ ഫോട്ടോസ് എടുത്ത് നോക്കിയിരുന്നു. ഓര്‍ഡിനറിയിലെ കല്ല്യാണിയെന്ന കാരക്ടറുമായി ബന്ധപ്പെട്ട ചില ചെറിയ സിറ്റുവേഷന്‍സ് തന്നിട്ട് അഭിനയിക്കാന്‍ പറഞ്ഞു.
കൈരളി വീ ചാനലില്‍ തമിഴകം എന്ന സ്ക്രിപ്റ്റ് ബേസ്ഡ് ആയിട്ടുള്ള ഒരു പരിപാടിയും ഡ്യൂഡ്രോപ്സ് എന്ന ഫോണ്‍ഇന്‍ പരിപാടിയും ചെയ്തിരുന്നു. അതില്‍നിന്നാണ് റിയാലിറ്റി ഷോയായ താരോത്സവത്തില്‍ അവതാരകയായി എത്തുന്നത്.
എക്സ്ട്രാ ഓര്‍ഡിനറി എക്സ്പീരിയന്‍സ്....
നല്ല എക്സ്പീരിയന്‍സായിരുന്നു ഓര്‍ഡിനറിയില്‍ ലഭിച്ചത്. ആദ്യം സിനിമ തന്നെ ഇത്രയും എക്സ്പീരിയന്‍സുള്ള വലിയൊരു ക്രൂവിനൊപ്പം ചെയ്യാനായി. അത്തരമൊരു സിനിമയില്‍ തുടങ്ങാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.
ഓര്‍ഡിനറിയിലെ ആദ്യ ഷോട്ടും എന്റെ അഭിനയത്തിന്റെ ആദ്യ ഷോട്ടും ഒന്നുതന്നെയാണ്. കല്ല്യാണി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റില്‍ കല്ല്യാണി ചക്കോച്ചന്റെ ഇരിവിയെന്ന കാരക്ടറിനെ കാത്ത് നില്‍ക്കുന്നതാണ് ആദ്യം എടുത്തത്. സംസാരമുണ്ടായിരുന്നില്ല.
ഓര്‍ഡിനറി പ്രതീക്ഷകള്‍
നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്. ആദ്യദിനം തന്നെ റെക്കോഡ് കളക്ഷനുണ്ട്. എല്ലായിടത്തും ഹൌസ്ഫുള്ളാണ്. മൊത്തം 74 തിയേറ്ററുകളിലാണ് ഓര്‍ഡിനറി പ്രദര്‍ശിപ്പിക്കുന്നത്. ബിജുവേട്ടനും ബാബുരാജേട്ടനുമൊക്കെ നല്ല കൈയടി ലഭിക്കുന്നുണ്ട്. സിനിമ കണ്ടിട്ട് വിളിച്ചവരൊക്കെ കല്ല്യാണിയെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു എങ്ങനെയായിരിക്കുമെന്ന്. സോംഗ്സ് കണ്ടിരുന്നെങ്കിലും റിലീസിന്മുമ്പ് സിനിമ ഞാന്‍ കണ്ടിരുന്നില്ല. തിയേറ്ററില്‍ വന്നപ്പോഴാണ് കാണുന്നത്. ശനിയാഴ്ച്ച ആദ്യ ഷോയ്ക്ക് എറണാകുളത്ത് സംവിധായകന്‍ സുഗീതേട്ടന്റെ ഫാമിലിയോടൊപ്പമാണ് സിനിമ കണ്ടത്. എന്റെ സീന്‍ വരുന്നതിന് മുമ്പ് ഞാന്‍ വളരെ ടെന്‍സ്ഡ് ആയിരുന്നു. എന്റെ ഇന്‍ട്രൊഡക്ഷന്‍ ഷോട്ടില്‍ എല്ലാരും കൈയടിച്ച് കണ്ടപ്പോള്‍ സമാധാനമായി. തിയേറ്ററില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ ചില ചേച്ചിമാര്‍ എന്നെ തിരിച്ചറിഞ്ഞ് അടുത്ത്വന്ന് അഭിനയം നന്നായിരുന്നുവെന്ന് പറഞ്ഞ് കുറച്ച്നേരം സംസാരിച്ചു.
പഠന കാലത്തെ സിനിമ
പ്ളസ്ടുവരെ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് വളരെ കുറവായിരുന്നു. വര്‍ഷത്തില്‍ ഒരുസിനിമയൊക്കെ ആ സമയത്ത് കണ്ടിരുന്നുള്ളൂ. ഇപ്പോള്‍ പരമാവധി സിനിമകള്‍ കാണുന്നുണ്ട്. കോളേജില്‍ ക്ളാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാന്‍ സാധിച്ചിട്ടില്ല. ഗവണ്‍മെന്റ് കോളേജായിരുന്നുവെങ്കിലും ഞങ്ങളുടേത് സെല്‍ഫ് ഫൈനാന്‍സിംഗ് കോഴ്സായിരുന്നു. അതിനാല്‍ അറ്റന്റന്‍സ് വളരെ കര്‍ശനമായിരുന്നു. അത് കൊണ്ട് ക്ളാസ് കട്ട് ചെയ്ത് കാന്റീനില്‍ പോലും പോയിട്ടില്ല. പഠിച്ചിരുന്ന സമയത്ത് ഫുള്‍ടൈം ലാബും മറ്റുമായിരുന്നതിനാല്‍ ബോറടിച്ചിരുന്നു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ നഷ്ടബോധം തോന്നുന്നു. ആ സമയത്തിന്റെ വില മനസിലാക്കുന്നത് ഇപ്പോഴാണല്ലോ. എന്നാലും അത് ആസ്വദിച്ചിരുന്നതായി ഇപ്പോള്‍ തോന്നുന്നു.
ആദ്യമായി കണ്ട സിനിമ
ആദ്യമായി തിയേറ്ററില്‍ പോയി കാണുന്നത് ഈ പുഴയും കടന്ന് എന്ന സിനിമയാണ്. അതിന്റെ ചെറിയ ചെറിയ സംഭവങ്ങളേ എനിക്ക് ഇപ്പോള്‍ ഓര്‍മ്മയുള്ളൂ. വളരെ വര്‍ഷങ്ങള്‍ക്ക്മുമ്പ് അപ്രതീക്ഷിതമായാണ് ആ സിനിമയ്ക്ക് പോയത്. ഏലൂരിലെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. അച്ഛന്‍ കര്‍ശനക്കാരനൊന്നുമായിരുന്നില്ല. എന്നാലും അന്ന് കുടുംബമായി സിനിമയ്ക്ക് പോകുന്നത് വളരെ കുറവായിരുന്നു.
വീട്ടിലെ പിന്തുണ ശക്തി
വീട്ടില്‍നിന്ന് നന്നായി സപ്പോര്‍ട്ട് ഉണ്ട്. അതാണല്ലോ നമുക്ക് ലഭിക്കേണ്ടത്. അച്ഛനും അമ്മയും നല്ല സപ്പോര്‍ട്ടാണ് നല്‍കുന്നത്. അതാണ് എന്റെ ഏറ്റവും വലിയ സ്ട്രെംഗ്ത്.
പുതിയ സിനിമകള്‍
തമിഴില്‍ ഒന്നുരണ്ടു പ്രോജക്ടുകള്‍ വന്നിട്ടുണ്ട്. മലയാളത്തിലും ഉണ്ട്.പക്ഷേ തമിഴിലാണ് കുറച്ചുകൂടി നല്ല പ്രോജക്ട് വന്നത്.
പഠനം
കാലടി ശ്രീശങ്കര കോളേജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞു. ബി.എസ്സി. മൈക്രോബയോളജിയായിരുന്നു. തുടര്‍ പഠനത്തിന് ജൂണില്‍ പി.ജിക്ക് ചേരണമെന്ന് വിചാരിക്കുന്നു. മിക്കവാറും വിദൂര വിദ്യാഭ്യാസമായിരിക്കും.
കുടുംബം
അച്ഛന്‍ ശിവദാസ് എഫ്.എ.സി.ടിയില്‍ വര്‍ക്ക് ചെയ്യുന്നു. അമ്മ ഉമാ ശിവദാസ് ഹൌസ്വൈഫാണ്. അനിയന്‍ വിഘ്നേഷ് എസ്.ദാസ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ആലുവ ഉളിയന്നൂര്‍ സ്വദേശിനിയാണ്.
ഇഷ്ടപ്പെട്ട നടന്‍: എല്ലാരെയും ഇഷ്ടമാണ്. ഈ മറുപടി ഡിപ്ളോമാറ്റിക്കാണെന്ന് എല്ലാരും പറയാറുണ്ട്. എന്നാലും ലാലേട്ടനെ ഇഷ്ടമാണ്.
ഇഷ്ടപ്പെട്ട നടി: ശോഭന, മഞ്ജുവാര്യര്‍ എന്നിവരെ ഇഷ്ടമാണ്.
രാഷ്ട്രീയം: കോളേജില്‍ ഏറ്റവും ആക്ടീവായി നില്‍ക്കുന്നവരോടാണ് എനിക്ക് ആഭിമുഖ്യമുണ്ടായിരുന്നത്. എസ്.എഫ്.ഐയായിരുന്നു ഞാന്‍ പഠിക്കുമ്പോള്‍ ശങ്കരയില്‍ ആക്ടീവായിരുന്നത്.അതിനാല്‍ അവരോടൊപ്പം നിന്നു. ഞങ്ങളുടെ ക്ളാസില്‍ ഭൂരിപക്ഷവും അവരോടൊപ്പമായിരുന്നു.