Tuesday, April 02, 2013

ഉണരുന്ന കളിക്കാര്‍ വളരുന്ന കേരളം

കടപ്പയിലെ വൈ എസ് രാജശേഖരറെഡ്ഢി സ്റ്റേഡിയത്തില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് വൈകുന്നേരം പതിവിലും നേരത്തെ സൂര്യപ്രകാശം കുറഞ്ഞു തുടങ്ങിയപ്പോള്‍ ഇരുട്ട് വീണത് കേരള ക്രിക്കറ്റ് ടീമിന്‍െറ സ്വപ്നങ്ങള്‍ക്ക് മുകളിലേക്കാണ്. രഞ്ജി ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെതിരെ നടന്ന അവസാന മത്സരത്തില്‍ കേരളത്തിന് ജയിക്കാന്‍ അവസാന ഓവറില്‍ 17 റണ്‍സ് മാത്രം മതിയായിരിക്കെ അമ്പയര്‍മാര്‍ കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതു കാരണം നോക്കൌട്ട് സ്റ്റേജിലേക്ക് പ്രവേശിക്കാനുള്ള കേരളത്തിന്‍െറ മോഹം കൂടി അസ്തമിക്കുകയായിരുന്നു. ഒരു വിജയം നോക്കൌട്ടിലേക്കുള്ള വാതില്‍ തുറക്കുമായിരുന്ന കേരളത്തിന് മുന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സമനില വാതിലടച്ചു താഴിട്ടു. വെളിച്ചക്കുറവുള്ളതായി ബാറ്റ്സ്മാന്മാര്‍ പരാതി പറഞ്ഞാല്‍ മാത്രം കളി നിര്‍ത്തുകയെന്നതായിരുന്നു പതിവ്. പക്ഷേ ഇവിടെ ബാറ്റ് ചെയîുകയായിരുന്ന വി എ ജഗദീഷും ആര്‍ എം ഫെര്‍ണാണ്ടസും ആവശ്യപ്പെടാതെയാണ് കളി നിര്‍ത്താന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്. ആറു പന്തില്‍ 17 റണ്‍സ് എന്നത് അസാധ്യമായ ലക്ഷ്യമായി ഇരുവരും കരുതിയില്ല. കാരണം 61 പന്തില്‍ നിന്ന് 70 റണ്‍സ് അടിച്ചു കൂട്ടിയ ജഗദീഷിന് കൂട്ടു നിന്ന ഫെര്‍ണാണ്ടസ് 12 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയിരുന്നു. തൊട്ടുമുമ്പുള്ള ഓവറുകളില്‍ ഈ സംഖ്യം 16 ഉം 22 ഉം റണ്‍സ് ടി20 ശൈലിയില്‍ അടിച്ചു കൂട്ടിയിരുന്നു. ഈ ആത്മവിശ്വാസത്തെ മുഖവിലയ്ക്കെടുക്കാന്‍ അമ്പയര്‍മാര്‍ തയîാറാകാത്തതിനെ തുടര്‍ന്ന് കേരളം പുറത്തായപ്പോള്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ഝാര്‍ഖണ്ഡ് നോക്കൌട്ട് റൌണ്ടിലേക്ക് കടന്നു. കടുത്ത ആരാധകര്‍ പോലും കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കാത്തതാണ് നോക്കൌട്ട് റൌണ്ടിലേക്കുള്ള പ്രവേശനം. അതിനാല്‍ പുറത്താകല്‍ നിരാശജനകമായിരുന്നെങ്കിലും ആരിലും വിഷമം ഉണ്ടാക്കിയില്ല. രഞ്ജി സീസണിന്‍െറ അവസാനം എട്ട് മത്സരങ്ങളില്‍ രണ്ട് ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമായിരുന്നു കേരളത്തിന്‍െറ ക്രിക്കറ്റ് കിറ്റില്‍ അവശേഷിച്ചത്. ഇത് മൂന്ന് മാസം പിന്നിലേക്കുള്ള ഫ്ളാഷ് ബാക്ക്.

ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദ്
മാര്‍ച്ച് 26. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 സൂപ്പര്‍ ലീഗില്‍ 2012 ലെ അണ്ടര്‍- 19 ലോകകപ്പ് ഇന്ത്യയിലേക്ക് വീണ്ടും കൊണ്ടുവന്ന ടീമിന്‍െറ നായകന്‍ ഉന്‍ മുക്ത് ചന്ദ് അംഗമായ ദല്‍ഹിയെ കേരളം അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി കേരളത്തിന്‍െറ ബൌളിംഗ് ആക്രമണത്തെ തച്ചുടച്ച് ഒരോവറില്‍ 9.75 റണ്‍സ് ശരാശരിയില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് വാരിക്കൂട്ടി. ഉന്‍ മുക്ത് 67 പന്തില്‍ നിന്ന് 105 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളവും അതേ നാണയത്തില്‍ തിരിച്ചടിച്ചു. രണ്ടോവര്‍ ബാക്കിവച്ച് 18-ാം ഓവറില്‍ ടീം കേരള വിജയിച്ചു. ഒരോവറില്‍ 10.94 റണ്‍സ് ശരാശരിയില്‍ കേരളം നാലുവിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 51 പന്തില്‍ നിന്ന് പുറത്താകാതെ 92 റണ്‍സെടുത്ത റോഹന്‍ പ്രേം വിജയത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ 19 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ സചിന്‍ ബേബിയും അഞ്ച് പന്തില്‍ 16 റണ്‍സെടുത്ത റൈഫി വിന്‍സെന്‍റ് ഗോമസും പിന്തുണ നല്‍കി. എല്ലാതലത്തിലും ദല്‍ഹിയുടെ പ്രകടനത്തേക്കാള്‍ ഒരു പടിക്കുമുന്നില്‍ നില്‍ക്കുന്നതായിരുന്നു കേരളത്തിന്‍െറ പ്രകടനം. ഇന്ത്യന്‍ ദേശീയ ടീമിന്‍െറ സെലക്ടര്‍മാര്‍ കാണാന്‍ നേരിട്ടെത്തിയ കളിയായിരുന്നു ഇത്. ദേശീയ ടീമിലേക്ക് വീരേന്ദര്‍ സേവാഗിനെയും ഗൌതം ഗംഭീറിനെയും പോലുള്ള നിരവധി കളിക്കാരെ സംഭാവന ചെയ്തിട്ടുള്ള ദല്‍ഹിയുടെ കളി കാണാന്‍ എത്തിയ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വിജയം കൊയ്തത് ആദ്യമായി ടൂര്‍ണമെന്‍റിന്‍െറ സൂപ്പര്‍ ലീഗില്‍ കടന്ന ചെറുമീനായ കേരളവും. "ഇന്ത്യയിലെ മികച്ച ടീമുകളിലൊന്നായ ദല്‍ഹിയെ തോല്‍പ്പിച്ചത് കളിക്കാരുടെ ആത്മവിശ്വാസം വളര്‍ത്തും," സചിന്‍ പറഞ്ഞു.    

കൊമ്പന്മാരെ അടിച്ചും എറിഞ്ഞും ഒതുക്കി
ജനുവരി ഒന്നിനും മാര്‍ച്ച് 26-നും ഇടയില്‍ കേരളത്തിന്‍െറ ക്രിക്കറ്റ് ടീം ചരിത്രത്തിലെ പല അദ്ധ്യായങ്ങളും മാറ്റിയെഴുതി. അസാധ്യമെന്ന് കരുതി പല വിജയങ്ങളും സ്വന്തമാക്കി. ബുച്ചി ബാബു ടൂര്‍ണമെന്‍റില്‍ റണ്ണേഴ്സപ്പായ കേരളം വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റില്‍ സെമിയില്‍ എത്തുകയും ചെയ്തു. കെ എസ് സുബ്ബയî പിള്ള ട്രോഫിയില്‍ കര്‍ണാടകത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ടീം സയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്‍റിലേക്ക്  യോഗ്യത നേടുകയും ചെയ്തു. ഇതൊക്കെ കേരളത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായി എന്ന തലക്കെട്ടിനു കീഴില്‍ എഴുതപ്പെട്ടവയാണ്. ഇന്ത്യന്‍ താരം യുവ രാജ് സിംഗ് കളിക്കാനിറങ്ങിയ കരുത്തരായ പഞ്ചാബിനെതിരെ 46 റണ്‍സിന്‍െറ വിജയം നേടിയാണ് വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ കേരളം സെമി ഫൈനലിലേക്ക് കുതിച്ചത്. വി എ ജഗദീഷിന്‍െറ 119 റണ്‍സിന്‍െറയും സചിന്‍ ബേബിയുടെ 104 റണ്‍സിന്‍െറയും പിന്‍ബലത്തില്‍ അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് നേടിയ കേരളത്തിനുമുന്നില്‍ പഞ്ചാബ് 274 റണ്‍സിന് പുറത്താകുകയായിരുന്നു. യുവരാജിനെ പ്രശാന്ത് പരമേശ്വരന്‍ പൂജ്യത്തിന് പുറത്താക്കിയത് കേരളത്തിന്‍െറ ബൌളിംഗ് കരുത്തിന് ഉദാഹരണമായി. സെമിയില്‍ അസമിനോട് പരാജയപ്പെട്ടെങ്കിലും പഞ്ചാബിനെതിരായി നേടിയ വിജയം താല്‍ക്കാലിക പ്രതിഭാസമായിരുന്നില്ലെന്ന് തുടര്‍ന്ന് നടന്ന കെ എസ് സുബ്ബയî പിള്ള ട്രോഫിയില്‍ കേരളം തെളിയിച്ചîു. ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ കര്‍ണാകത്തിന്‍െറ മുന്നില്‍ മാത്രമാണ് കേരളം പരാജയം സമ്മതിച്ചത്. ഗോവയെ പരാജയപ്പെടുത്തി രണ്ടാംസ്ഥാനക്കാരായി സൂപ്പര്‍ ലീഗിലേക്ക് ആദ്യമായി എത്തിയ കേരളം വിജയ വഴിയില്‍ കരുത്തരായ തമിഴ്നാടിനെയും ഹൈദരാബാദിനെയും കൂടാതെ ആന്ധ്രയെയും പരാജയപ്പെടുത്തി. ഏകദിനത്തിലും ടി 20-യിലും മികച്ച മാര്‍ജിനുകളിലാണ് കേരളത്തിന്‍െറ വിജയങ്ങളെല്ലാം. എതിര്‍ ടീം ഉയര്‍ത്തുന്ന സ്കോറിനെ പിന്തുടര്‍ന്ന് വിജയം കണ്ടെത്തുന്നതിലും സ്വന്തം സ്കോറിനെ പ്രതിരോധിക്കുന്നതിലും ഒരുപോലെ കേരളം വിജയം കണ്ട നാളുകളായിരുന്നു കടന്ന് പോയത്.

ആത്മവിശ്വാസം അതല്ലേ എല്ലാം
ടീമിന്‍െറ വിജയ കുതിപ്പിനു പിന്നിലെ രഹസ്യം കൂട്ടായ പരിശ്രമം ആണെന്ന് ക്യാപ്റ്റന്‍ സചിന്‍ ബേബി പറയും. "ഞങ്ങള്‍ ഒരു കുടുംബത്തെ പോലെയാണ്. എല്ലാവരും പരസ്പരം സഹായിക്കുന്നു. ബൌളിങിലും ഫീല്‍ഡിങിലും ബാറ്റിങിലുമൊക്കെ എല്ലാവരും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്," സചിന്‍ വിശദമാക്കുന്നു. കഠിനമായ പരിശീലനവും പരിശ്രമവുമാണ് കേരളത്തിന് ടിനു യോഹന്നാനിലും ശ്രീശാന്തിലും ഒതുങ്ങി നിന്നിരുന്ന കേരളത്തെ ഏഴ് ഐ പി എല്‍ താരങ്ങളെ ഈ സീസണില്‍ സംഭാവന ചെയ്ത തരത്തിലേക്ക് വളര്‍ത്തിയത്. ഒന്നുമില്ലായ്മയില്‍ നിന്നുമാണ് ടിനും ശ്രീയും ഇന്ത്യന്‍ ടീമില്‍ പന്തെറിയാനെത്തിയത്. ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്ന ഐ പി എല്‍ സീസണ്‍ ആറില്‍ കളിക്കുന്ന ഏഴു മലയാളികളില്‍ ഒരാള്‍ ശ്രീയാണ്. പുതു തലമുറ മലയാളി ക്രിക്കറ്റര്‍മാര്‍ക്ക് ശ്രീശാന്ത് നല്‍കുന്ന പ്രചോദനവും ആത്മവിശ്വാസവും ഏറെയാണെന്ന് ക്യാപ്റ്റന്‍ സചിന്‍ ബേബിയുടെ വാക്കുകള്‍ പറയുന്നു. "നമുക്ക് വിജയിക്കാനും യോഗ്യത നേടാനും ആകുമെന്ന് പറഞ്ഞ് ശ്രീശാന്ത് പ്രചോദിപ്പിക്കാറുണ്ട്," ക്യാപ്റ്റന്‍െറ വാക്കുകള്‍. ടീമിനെ വിജയദാഹികളാക്കിയതില്‍ കോച്ചിന്‍െറ പങ്കും ക്യാപ്റ്റന്‍ തള്ളിക്കളയുന്നില്ല. "കളിക്കാരെ മാനസികമായി ശക്തരാക്കാന്‍ കോച്ചിന് കഴിഞ്ഞിട്ടുണ്ട്. നല്ല പിന്തുണ അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കുന്നു," സചിന്‍ പറയുന്നു. രഞ്ജിയില്‍ ആന്ധ്രയ്ക്കെതിരായ അവസാന മത്സരത്തില്‍ വിജയത്തിന് തൊട്ടടുത്തെത്തിയത് കളിക്കാരുടെ ആത്മവിശ്വാസത്തിന് മുതല്‍ കൂട്ടായി എന്ന് കോച്ച് സുജിത് സോമസുന്ദര്‍ അഭിപ്രായപ്പെടുന്നു.  

ഓള്‍ റൌണ്ടര്‍മാരുടെ ടീം
ഒറ്റയാള്‍ പോരാട്ടങ്ങള്‍ ധാരാളം കേരള ക്രിക്കറ്റിന്‍െറ ചരിത്രത്തില്‍ കാണാം. ഒരാള്‍ തിളങ്ങിയാല്‍ പിന്തുണ നല്‍കാനുള്ള കെല്‍പ് ഇല്ലാതിരുന്ന കാലം. ക്രീസില്‍ നിന്ന് ഘോഷയാത്രയായി ബാറ്റ്സ്മാന്മാര്‍ ഡ്രസിങ് റൂമിലേക്ക് തിരിച്ചെത്തുമായിരുന്നു അന്ന്. ഈ വിജയ സീസണില്‍ ഈ പഴി കളിക്കാര്‍ കേള്‍പ്പിച്ചിട്ടില്ല. "കേരളത്തിന്‍െറ ഏറ്റവും വലിയ ശക്തി ഒമ്പത് കളിക്കാര്‍ ഓള്‍ റൌണ്ടര്‍മാര്‍ ആണ്്," സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡി ഗോപകുമാര്‍ പറഞ്ഞു.  ഓപ്പണര്‍മാര്‍ മുതല്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങുന്ന താരം വരെ നന്നായി ബാറ്റ് ചെയîുന്നതും ബൌള്‍ ചെയîുന്നതും എതിരാളികള്‍ക്കുമേല്‍ കേരളത്തിന് മേല്‍കൈ നല്‍കുന്നു. "എല്ലാ കളിക്കാരും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ച വയ്ക്കുന്നു. ഒരു കളിയില്‍ ഒരാളുടെ പ്രകടനം മോശമായാല്‍ പിന്നാലെ എത്തുന്നവരുടെ മികച്ച പ്രകടനം ആ പോരായ്മ നികത്തുന്നുണ്ട്," ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗം ജയറാം അഭിപ്രായപ്പെട്ടു. "ജഗദീഷ്, സചിന്‍ ബേബി, റോഹന്‍ പ്രേം, റൈഫി അങ്ങനെ ധാരാളം മികച്ച കളിക്കാര്‍ കേരള നിരയിലുണ്ട്," അദ്ദേഹം പറയുന്നു. സ്കൂള്‍ മൈതാനം മുതല്‍ സംസ്ഥാന ടീം തലം വരെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ക്രിക്കറ്റിന്‍െറ ചെറുരൂപങ്ങളാണ്. സ്കൂള്‍ മൈതാനത്ത് ഉച്ചഭക്ഷണ ഇടവേളയിലെ പത്തോവര്‍ കളി മുതല്‍ മുകളില്‍ എത്തുമ്പോള്‍ അമ്പതോവര്‍ വരെയാകുന്നു. നാലുദിവസത്തെ രഞ്ജിയിലേതിനേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കേരളം ഏകദിനത്തിലും ടി20 യിലും വിജയിക്കുന്നതിന് കാരണമായി ജയറാം ചൂണ്ടികാണിക്കുന്നത് ഈ ധാരാളിത്തമാണ്. കഴിഞ്ഞ വര്‍ഷം മാത്രമാണ് രണ്ടുദിവസത്തെ ടൂര്‍ണമെന്‍റ് ആരംഭിച്ചതെന്ന് ഗോപകുമാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങളിലായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പരിശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയെന്നും ജയറാം ചൂണ്ടിക്കാണിക്കുന്നു. കേരളത്തിനകത്തും പുറത്തും വിദേശത്തുമൊക്കെ കളിക്കാനുള്ള അവസരങ്ങള്‍ അവര്‍ ഒരുക്കി നല്‍കുന്നു. ഒന്നിനും ഒരു കുറവുമില്ല. അനുഭവ സമ്പത്തിന്‍െറയും യുവത്വത്തിന്‍െറയും മിശ്രണമാണ് കേരള ടീം. ഏറ്റവും ഉയര്‍ന്ന പ്രായം 28 വയസാണ്. മുന്‍ ക്യാപ്റ്റന്‍ കൂടിയായ ജഗ്ഗു എന്ന് വിളിപ്പേരുള്ള വി എ ജഗദീഷാണ് ഇരുപത്തിയെട്ടുകാരന്‍. ടീമിലെ ബേബി നിഖിലേഷ് സുകുമാരനും. പതിനഴ്േ വയസ്.
അനുഭവ സമ്പത്തിനും പ്രകടന മികവിനും കഴിവിനുമാണ് ടീം തെരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഗോപകുമാര്‍ പറഞ്ഞു. ഈ വര്‍ഷം ജൂണിലോ ജൂലായിലോ കളിക്കാരെ മൂന്നാഴ്ച്ച പരിശീലനത്തിനായി ഇംഗ്ലണ്ടിലേക്ക് അയക്കുന്നുള്ള ഒരുക്കങ്ങള്‍ കെ സി എ നടത്തുന്നതായി ഗോപകുമാര്‍ വെളിപ്പെടുത്തി.