സഞ്ജൂ, പതിനെട്ടാം വയസില്‍ ഞങ്ങള്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു," ആറാമത് ഐ പി എല്‍ സീസണില്‍ മെയ് 17-ന് രാജസ്ഥാന് റോയല്‍സിനുവേണ്ടി സഞ്ജു വിശ്വനാഥ് ഹൈദരാബാദില്‍ സണ്‍ റൈസേഴ്സിന് എതിരേ ടി 20 ക്രിക്കറ്റ് മത്സരത്തില്‍ ബാറ്റ് ചെയîാന് ക്രീസിലെത്തിയപ്പോള്‍ സ്റ്റേഡിയത്തില്‍ ഒരു യുവാവ് ഉയര്‍ത്തിയ പോസ്റ്ററിലെ വാചകങ്ങളായിരുന്നു ഇത്. ടി വി സ്ക്രീനില്‍ ഈ പോസ്റ്ററും യുവാവും തെളിഞ്ഞതിന് പിന്നാലെ ഉരുളയ്ക്കുപ്പേരിപോലെ മറുപടി എത്തി കമന്ററി ബോക്സില്‍ നിന്ന്, "അതുകൊണ്ടാണ് താങ്കള്‍ ഇപ്പോള്‍ ഗാലറിയില്‍ ഇരിക്കുന്നത്."
ഒരുമാസം മുമ്പ് ഏപ്രില്‍ 14-ന് ജയ്പൂരിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ കിങ്സ് ഇലവന് പഞ്ചാബിന്‍െറ താരമായ പീയൂഷ് ചൌളയെ എക്സ്ട്രാ കവറിലൂടെ ബൌണ്ടറി കടത്തി രാജസ്ഥാന് റോയല്‍സിനെ വിജയത്തിലെത്തിച്ചു കൊണ്ടാണ് തിരുവനന്തപുരം സ്വദേശിയായ ഈ പതിനെട്ട് വയസുകാരന് ദേശീയ ശ്രദ്ധയിലെത്തുന്നത്. പഞ്ചാബിന്‍െറ 124 റണ്‍സിനെ പിന്തുടര്‍ന്ന രാജസ്ഥാന് 79 റണ്‍സിന് നാല് വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങുമ്പോഴാണ് അരങ്ങേറ്റക്കാരനായ സഞ്ജു ബാറ്റിങിനിറങ്ങുന്നത്. കന്നിക്കാരന്‍െറ പരിഭ്രമമില്ലാതെ ബാറ്റ് വീശിയ അദ്ദേഹം മൂന്ന് ഫോറുകളുടെ പിന്തുണയോടെ 23 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. അജ്യന്‍ക രഹാനെയുമൊത്ത് 6.3 ഓവറില്‍ 47 റണ്‍സിന്‍െറ പിരിയാത്ത കൂട്ടുകെട്ടാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്. വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജു വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചു. പഞ്ചാബിന്‍െറ നാലുപേരെ പുറത്താക്കി. മൂന്ന് ക്യാച്ചും ഒരു റണ്ണൌട്ടും. മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് കിട്ടേണ്ട പ്രകടനമായിരുന്നു അന്നേദിവസം സഞ്ജുവിന്‍േറത്. എന്നാല്‍ ഫോക്നറായിരുന്നു അന്ന് മാന്‍ ഓഫ് ദ മാച്ചായത്. പക്ഷേ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തിലെത്തിയ 30,000 കാണികളുടെയും ടിവിയില്‍ തത്സമയം കളി കണ്ടവരുടെയും മനസില്‍ സഞ്ജുവായിരുന്നു കളിയിലെ താരം.
കഴിഞ്ഞ ഐ പി എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറ റിസര്‍വ് ബഞ്ചില്‍ ഇരുന്ന സഞ്ജു ഈ വര്‍ഷമാണ് രാജസ്ഥാന് റോയല്‍സില്‍ എത്തിയത്. ഈ സീസണിലെ ആദ്യ കളികളില്‍ അവസരം ലഭിക്കാതിരുന്ന അദ്ദേഹത്തെ ടീമിലെ വിക്കറ്റ് കീപ്പര്‍ കൂടിയായ ദിശാന്ത് യാഗ്നികിന് പരിക്കേറ്റതാണ് ക്രീസിലേക്കുള്ള വഴി തെളിച്ചത്. രാജസ്ഥാന് ബാറ്റിങ് ലൈനപ്പിലെ മധ്യനിരയിലെ പ്രശ്നങ്ങള്‍ പരിഹാരം കൂടിയാകുക ആയിരുന്നു കിട്ടിയ അവസരം മുതലാക്കിയ സഞ്ജു. ഈ ഐ പി എല്ലില്‍ മാറ്റുതെളിയിച്ച താരങ്ങളില്‍ ഒരാളാണ് സഞ്ജു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അടുത്ത മത്സരത്തില്‍ സഞ്ജുവിന് ബാറ്റിംഗ് ക്രമത്തില്‍ പ്രൊമോഷന് ലഭിച്ചു. കൊല്‍ക്കത്തയുടെ 172 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാനുവേണ്ടി മൂന്നാമനായി ഇറങ്ങിയ അദ്ദേഹം 41 പന്തില്‍ നിന്ന് പുറത്താകാതെ 63 റണ്‍സ് നേടി. ഐ പി എല്ലില്‍ അര്‍ദ്ധ സെഞ്ച്വറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡും മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും ഈ പ്രകടനത്തിലൂടെ സഞ്ജുവിനെ തേടിയെത്തി. 18 വയസ് കഴിഞ്ഞ് 169-ാം ദിവസമാണ് സഞ്ജുവിന്‍െറ റെക്കോര്‍ഡ് പ്രകടനം. മുരളി കാര്‍ത്തിക്കിനെ തുടര്‍ച്ചയായി രണ്ടുതവണ സിക്സറിന് തൂക്കിയ സഞ്ജുവിന്‍െറ ഇന്നിങ്സിലെ സ്ട്രോക്കുകളുടെ ടൈമിംഗും വൈവിധ്യവും ശ്രദ്ധിക്കപ്പെട്ടു. പന്തിനെ ഏഴു തവണ ബൌണ്ടറി കടത്തുകയും ചെയ്തു. കളിയിലെ നിര്‍ണ്ണായക തീരുമാനമായിരുന്നു അദ്ദേഹത്തെ മൂന്നാമനായി ഇറക്കിയത്.
"മികച്ച ബാക്ക് ഫൂട്ട് കളിക്കാരനാണ് അദ്ദേഹം. കൂടാതെ വിക്കറ്റിന്‍െറ എല്ലാവശങ്ങളിലേക്കും സ്ട്രോക്കുകള്‍ ഉതിര്‍ക്കുകയും ചെയîുന്നു," രാജസ്ഥാന്‍െറ ക്യാപ്റ്റനും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ദ്രാവിഡ് സഞ്ജുവിനെ പ്രകീര്‍ത്തിക്കുന്നു. ക്രീസില്‍ സഞ്ജുവിന്‍െറ ഭാവി ശോഭനമാണെന്ന് പറയുന്നവര്‍ ചൂണ്ടികാണിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണിത്. സാധാരണ ഇന്ത്യന്‍ സാഹചര്യങ്ങളിലെ പിച്ചുകളില്‍ കളി പഠിച്ചു വളരുന്നവരെല്ലാം ഫ്രണ്ട് ഫൂട്ട് കളിക്കാരാണ്. വിദേശത്തെ ബൌണ്‍സുള്ള പിച്ചുകളില്‍ ഈ കളിക്കാര്‍ക്ക് കളിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. എന്നാല്‍ ബാക്ക് ഫൂട്ടില്‍ കളിക്കുന്നവര്‍ക്ക് പന്തിനെ നേരിടാന്‍ കുറച്ചു കൂടി സമയം ലഭിക്കുന്നു. ഇത് റിസ്ക് കൂടുതലുള്ള ഷോട്ടുകള്‍ കളിക്കാനും അതേസമയം മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനും സഹായിക്കും. മികച്ച പ്രതിഭയുള്ള കളിക്കാര്‍ക്ക് മാത്രമേ ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ സാധിക്കുകയും ഉള്ളൂ.
പ്രായത്തില്‍ കവിഞ്ഞ പക്വതയും മികവും സഞ്ജുവിന്‍െറ പ്രകടനങ്ങളിലുണ്ട്. ഈ ഐ പി എല്ലില്‍ രാജസ്ഥാന് റോയല്‍സ് മത്സരത്തിന്‍െറ നിര്‍ണ്ണായ ഘട്ടങ്ങളില്‍ നില്ക്കുന്ന അവസരങ്ങളിലാണ് സഞ്ജുവിനെ ക്യാപ്റ്റന്‍ ക്രീസിലേക്ക് അയക്കുന്നത്. എതിരാളികളെയോ സാഹചര്യങ്ങളെയോ ഭയക്കാതെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ സഞ്ജു കളിക്കുന്നുന്നതാണ് ക്യാപ്റ്റനെ ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. വളരെ സ്വാഭാവികമായ കളിയാണ് അദ്ദേഹം പുറത്തെടുക്കുന്നതെന്ന ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. അരങ്ങേറ്റ മത്സരത്തിലും തുടര്‍ന്നുള്ള മത്സരങ്ങളിലും സ്വയം തെളിയിച്ച സഞ്ജു ഒമ്പത് മത്സരങ്ങളില്‍ നിന്നായി 196 റണ്‍സാണ് നേടിയത്.
ദല്‍ഹി പൊലീസിലായിരുന്ന സഞ്ജുവിന്‍െറ പിതാവ് സാംസണ് ദല്‍ഹിയുടെ സന്തോഷ് ട്രോഫി ടീമില്‍ അംഗമായിരുന്നു. പക്ഷേ മക്കളായ സാലിയും സഞ്ജുവും ഫുട്ബാളിന് പകരം തെരഞ്ഞെടുത്തത് ക്രിക്കറ്റും. "അവര്‍ രണ്ടുപേരും കണ്ടുവളരുന്നത് ക്രിക്കറ്റില്‍ സചിന് ടെണ്ടുല്‍ക്കറുടെയും ദ്രാവിഡിന്‍െറയും സൌരവ് ഗാംഗുലിയുടെയും കളികളാണ്. അവരാണ് ഇരുവരുടെയും റോള്‍മോഡലുകള്‍," സാംസണ് പറയുന്നു. ദല്‍ഹിയിലെ സ്കൂള്‍ പഠന കാലയളവില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്ന മക്കളുടെ ക്രിക്കറ്റ് ഭാവിക്കുവേണ്ടിയാണ് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍െറ സി ലൈസന്‍സുള്ള പരിശീലകന് കൂടിയായ സാംസണ് സ്വമേധയാ വിരമിച്ച് ദല്‍ഹിയില്‍ നിന്നും തിരിച്ചെത്തി തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് സ്ഥിര താമസമാക്കിയത്. സഞ്ജുവിന്‍െറ ചേട്ടന് കേരള ടീമില്‍ അംഗമാണ്. ഇരുവരും ഒരുമിച്ച് കേരള ജൂനിയര്‍ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്.
നാട്ടില്‍ തിരിച്ചെത്തിയ ഇരുവരും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകനായ ബിജു ജോര്‍ജ്ജിന് കീഴിലാണ് പരിശീലനം തുടര്‍ന്നത്. അന്ന് സഞ്ജുവിന് 12 വയസായിരുന്നു പ്രായം. "വളരെ സ്ഥിരതയുള്ള പ്രകടനമാണ് സഞ്ജുവിന്‍േറത്. കേരളത്തിനുവേണ്ടി അണ്ടര്‍-14, 16, 19, രഞ്ജി ട്രോഫി എന്നിവയിലും ഐ പി എല്ലിലും മികച്ച പ്രകടനം കാഴ്ച്ച വച്ച് സഞ്ജു പ്രതിഭ തെളിയിച്ചതാണ്," ബിജു പറയുന്നു. "ആത്മവിശ്വാസത്തോടെ ഉത്തരവാദിത്തപൂര്‍വം വളരെ നിയന്ത്രണത്തോടെ കളിക്കാന്‍ സഞ്ജുവിന് കഴിയുന്നുണ്ട്. ഇന്ത്യയുടെ മുന്‍ കളിക്കാരില്‍ ഒക്കെ കാണുന്ന സ്വഭാവഗുണങ്ങളാണിത്," ബിജു കൂട്ടിച്ചേര്‍ക്കുന്നു. രണ്ടുമൂന്ന് വര്‍ഷം മുമ്പ് ഹൈദരാബാദില്‍ നടന്ന മൊയ്നുദ്ദീനുള്ള ടൂര്‍ണമെന്റില്‍ സി കെ സുരേഷ് കുമാറിന്‍െറ പരിശീലനത്തിനു കീഴില്‍ കളിക്കാനിറങ്ങിയ കേരള ടീമില്‍ സഞ്ജുവും ഉണ്ടായിരുന്നു. ബാറ്റ് ചെയîുകയായിരുന്ന പ്രായം കുറവായ സഞ്ജുവിനെ വിരട്ടാന്‍ എതിര് ടീമിലെ ഫാസ്റ്റ് ബൌളര്‍ സഞ്ജുവിന്‍െറ കാലില്‍ പന്തെറിഞ്ഞു. വളരെ ശാന്തനായി നിന്ന സഞ്ജു അടുത്ത പന്ത് ബൌണ്ടറി കടത്തികൊണ്ടാണ് ആ ബൌളര്‍ക്ക് മറുപടി നല്‍കിയത്. ഇതേ ശാന്തത ഐ പി എല്ലില്‍ ലോകോത്തര കളിക്കാരെ നേരിടുമ്പോഴും സഞ്ജുവിലുണ്ടായിരുന്നു. "ബൌളര്‍മാര്‍ക്കുമേല്‍ മേധാവിത്വം നേടാന്‍ സഞ്ജുവിന്‍െറ ബാറ്റിങ് ശൈലിക്ക് സാധിക്കുന്നുണ്ട്," ബിജു പറയുന്നു.
അഞ്ചു മത്സരങ്ങള്‍ അടങ്ങിയ ഒരു അണ്ടര്‍-13 ടൂര്‍ണമെന്റില്‍ ഒരു ഇരട്ട സെഞ്ച്വറി, മൂന്ന് സെഞ്ച്വറികള്‍, ഒരു അര്‍ദ്ധസെഞ്ച്വറി എന്നിവ നേടിയ സഞ്ജു അര്‍ദ്ധ സെഞ്ച്വറി നേടിയ കളിയില്‍ ക്യാപ്റ്റനായിരുന്നു. ആ മത്സരത്തില്‍ വിക്കറ്റ് കീപ്പിങ് സഹകളിക്കാരനെ ഏല്പിച്ച സഞ്ജു 20 ഓവര്‍ പന്തെറിയുകയും ചെയ്തു. കളിയുടെ എല്ലാ മേഖലകളും പഠിക്കണമെന്ന വാശിയായിരുന്നു ആ നീക്കത്തിന് പിന്നില്‍. രഞ്ജി ട്രോഫി സീസണില്‍ കേരളത്തിനുവേണ്ടി 13 ഇന്നിങ്സുകളില്‍ നിന്നായി 31.75 ശരാശരിയില്‍ 381 റണ്‍സാണ് സഞ്ജുവിന്‍െറ സമ്പാദ്യം. ഹിമാചല്‍ പ്രദേശിനെതിരെ നേടിയ 127 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ആ കളിയുടെ സ്കോര്‍ ബോര്‍ഡില്‍ 26 ആയിരുന്നു രണ്ടാമത്തെ ഉയര്‍ന്ന റണ്‍സ്. രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടു സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കേരള താരമാണ് സഞ്ജു. സര്‍വീസസിനെതിരെ നേടിയ 112 റണ്‍സാണ് സഞ്ജുവിന്‍െറ മികച്ച രണ്ടാമത്തെ രഞ്ജി സ്കോര്‍. ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ 222 റണ്‍സും നേടി. അണ്ടര്‍ 19 ഏഷ്യന്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സഞ്ജു. പക്ഷേ 14 റണ്‍സ് മാത്രമെടുത്ത സഞ്ജുവിന് മികവ് പുലര്‍ത്താന്‍ ആയില്ല. അതേ തുടര്‍ന്ന ഓസ്ത്രേലിയയില്‍ നടന്ന അണ്ടര്‍-19 ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തില്‍ അവസരം കിട്ടിയില്ല. ആ ടീമിന്‍െറ ക്യാപ്റ്റന്‍ ആയിരുന്നു ഉന്മുക്ത് ചന്ദിനെക്കാള്‍ മികച്ച പ്രകടനമാണ് സഞ്ജു ഐ പി എല്ലില്‍ കാഴ്ച്ചവയ്ക്കുന്നത്. ഒമ്പത് കളികളില്‍ നിന്നായി 158 റണ്‍സെടുക്കാനേ ചന്ദിന് കഴിഞ്ഞിട്ടുള്ളൂ. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളില്‍ നിന്ന് ഈ വര്‍ഷം പ്ലസ് ടു പാസായ സഞ്ജുവിന് പരീക്ഷാ സമയത്തായിരുന്നു ഗുവഹാട്ടിയില്‍ നടന്ന ദിയോദാര്‍ ട്രോഫി മത്സരങ്ങളും. ഗുവഹാട്ടിയില്‍ നിന്നും ചെന്നൈ വഴി തിരുവനന്തപുരത്തേക്കുള്ള ഓട്ടമത്സരങ്ങളായി ആ ദിവസങ്ങളില്‍ സഞ്ജുവിന്‍േറത്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്ന സഞ്ജുവിനെ സാസണ് സ്കൂളില്‍ എത്തിക്കും. കുളിയും പ്രാഥമിക കൃത്യങ്ങളൊക്കെയും സ്കൂളില്‍ നിര്‍വഹിച്ചിട്ട് പരീക്ഷാ ഹാളിലേക്ക് പോകും. ഒടുവില്‍ ഫലം വന്നപ്പോള്‍ മികച്ച വിജയം നേടാന്‍ സഞ്ജുവിനായി.
ഏതൊരു ക്രിക്കറ്റ് താരത്തെയും പോലെ സഞ്ജുവിന്‍െറയും സ്വപ്നം ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയെന്നതാണ്. പണത്തിന്‍െറയും ഗ്ലാമറിന്‍െറയും ഒരുപാടു ചതിക്കുഴികളുടെയും ലോകമായ ഐ പി എല്ലില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന സഞ്ജു ഐ പി എല്‍ ഇന്ത്യന്‍ ടീമിലേയ്ക്കുള്ള ഒരു ചുവടുവ്യപ്പുമാത്രമാണെന്ന് തിരിച്ചറിയുന്നു.