മുസൂയി എന്ന സന്താള്‍ ഗോത്ര വംശജന്‍ ഇന്ന് ബംഗാളില്‍ ശാന്തിനികേതന് സമീപത്തെ ഏതോ ഒരുഗ്രാമത്തില്‍ ചായക്കച്ചവടം നടത്തി ജീവിക്കുകയാണ്. അവിവാഹിതനാണ്. എന്നാല്‍ ഇങ്ങ് തിരുവനന്തപുരത്ത് മുസൂയി കനകക്കുന്ന് കൊട്ടാരത്തില്‍ സന്ദര്‍ശകരുമായി ബൌദ്ധിക സംവാദത്തിലാണ്. വിവാഹിതനുമാണ്. മുസൂയിയുടെ നല്ലപകുതിയുടെ പേര് മയ്യ.
പ്രശസ്ത ശില്പി കെ.എസ് രാധാകൃഷ്ണന്റെ കരവിരുതില്‍ മെനഞ്ഞെടുത്ത വെങ്കല ശില്പങ്ങളിലുടെയാണ് മുസൂയി ലോകം ചുറ്റുന്നത്. അദ്ദേഹം നിര്‍മിക്കുന്ന പ്രതിമകള്‍ക്കെല്ലാം മുസൂയിയുടെ മുഖമാണ്.
ചരിത്രത്തിലും മിത്തിലും വര്‍ത്തമാനകാലത്തിലും ഉള്ള വ്യക്തിത്വങ്ങളെ മുസൂയി, മയ്യ എന്നീ കഥാപാത്രങ്ങളിലേക്കാവഹിച്ചാണ് രാധാകൃഷ്ണന്‍ ശില്പങ്ങളൊരുക്കുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം ആരംഭിക്കുന്ന കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ക്കായി ശാന്തിനികേതനിലേക്ക് പോകണം. അവിടെ ശില്പി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി. ശില്പകലയാണ് പഠന വിഷയം.
നിരവധി ഗ്രാമീണര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് സ്റ്റഡി നടത്തുവാന്‍ മോഡലായി എത്തും. അവരൊക്കെ കുട്ടികളിലൂടെ ശില്പങ്ങളായും ചിത്രങ്ങളായും മാറി. ഒരു ദിവസം രാധാകൃഷ്ണനുമുന്നില്‍ മോഡലായൊരു സന്താള്‍ യുവാവെത്തി. വലിയ സവിശേഷതകളൊന്നുമില്ലാത്ത രൂപം. ഗ്രാമീണന്റെ ശൈശവ സമാനമായ ലാളിത്യം. ചെറിയൊരു മന്ദതയുമുണ്ട്. ചുണ്ടില്‍ ഒന്നുമറിയാത്തവന്റെ ഒരു പുഞ്ചിരി. ചപ്രച്ച തലമുടി, അല്പം അടഞ്ഞ കണ്ണുകള്‍. രൂപം പകര്‍ത്തിയ ശേഷം രാധാകൃഷ്ണന്‍ പ്രതിഫലമായി രണ്ടുരൂപ നല്കി. അത്ഭുതത്തോടെ രൂപയിലും കലാകാരന്റെ മുഖത്തും നോക്കിയ ശേഷം അവന്‍ പോയി. ശില്പനിര്‍മാണം അദ്ദേഹം തുടര്‍ന്നു.
ഞാന്‍ വന്നു എന്ന് ആരോ സന്താളി കലര്‍ന്ന ബംഗാളിയില്‍ പറയുന്നത് കേട്ട് രാധാകൃഷ്ണന്‍ പുറത്തേയ്ക്ക് നോക്കി. വാതില്‍ക്കലില്‍ ഒരു രൂപം. പുറത്ത് നല്ല സൂര്യപ്രകാശമായതിനാല്‍ ആളെ വ്യക്തമായി കാണുന്നില്ല. മനസ്സിന്റെ മെമ്മറികാര്‍ഡില്‍ അദ്ദേഹം സെര്‍ച്ച് ചെയ്തു. മന്ദമായ കണ്ണുകളും ചിരിയും പരിചിതമാണ്. സെര്‍ച്ച് റിസല്‍ട്ട് കിട്ടി. കുറച്ചുമുമ്പ് തന്റെ മുന്നില്‍ മോഡലായി നിന്ന സന്താള്‍ യുവാവ്. 'ബാബു അങ്ങു തന്ന രണ്ടുരൂപ കൊണ്ട് ഞാന്‍ മുടിയെല്ലാം വെട്ടിച്ചു. എങ്ങനെയുണ്ട് എന്നെക്കാണാന്‍' നിഷ്കളങ്കമായി അവന്‍ ചോദിച്ചു. അവന്റെ മൊട്ടത്തലയും മന്ദമായ കണ്ണുകളും നിസംഗമായ പുഞ്ചിരിയും അവനു പുതിയൊരു വ്യക്തിത്വം നല്കി. എനിയ്ക്ക് നിന്റെയീ മൊട്ടത്തല ശില്പമാക്കണം രാധാകൃഷ്ണന്‍ പറഞ്ഞു. മുസൂയി കളിമണ്‍ രൂപം പ്രാപിക്കുകയായിരുന്നു അവിടെ.
ശാന്തിനികേതന്‍ വിടുന്നതിന്റെ തലേദിവസം മുസൂയിയുടെ മുഴുകായ പ്രതിമയില്‍നിന്ന് തല രാധാകൃഷ്ണന്‍ മുറിച്ചെടുത്തു. തന്റെ കലാജീവിതം മുസൂയിയോടൊപ്പം യാത്ര ആരംഭിക്കുകയായിരുന്നു അദ്ദേഹം.
മുസൂയി എന്ന കഥാപാത്രം ബൌദ്ധികമായും കലാപരമായും യഥാര്‍ത്ഥ മുസൂയിയില്‍നിന്നും ഇന്ന് വ്യത്യസ്തനാണ്. സാഹചര്യങ്ങള്‍ക്കൊപ്പം മുസൂയിയും മാറുകയായിരുന്നു. സിനിമയില്‍ നടന്മാര്‍ കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശം നടത്തുന്നതുപോലെ മുസൂയിയും രാധാകൃഷ്ണന്റെ ഭാവനകളിലൂടെ കടന്ന് രൂപാന്തരത്വം പ്രാപിക്കുന്നു.
അടൂര്‍ ഗോപാലകൃഷണന്റെ എലിപ്പത്തായത്തെ ആധാരമാക്കി രാധാകൃഷ്ണന്‍ നിര്‍മിച്ച റാറ്റ് ട്രാപ്പ്, മുസൂയി ആസ് എ റാറ്റ് കാച്ചര്‍ എന്നീ ശില്പങ്ങളില്‍ എലിപ്പത്തായത്തിലെ ഉണ്ണിയാണ്. മുസൂയി ആസ് ഇംപ് എന്ന ശില്പത്തില്‍ കുട്ടിച്ചാത്തനെ സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കുകയാണ്.
ആദിയില്‍ മുസൂയി ഉണ്ടായി. മുസൂയില്‍നിന്ന് രാധാകൃഷ്ണന്‍ മയ്യയെ സൃഷ്ടിച്ചു. മുസൂയി തന്നയാണ് മയ്യ, മയ്യ തന്നെയാണ് മുസൂയി. ഓരോ മനുഷ്യനിലും സ്ത്രീയും പുരുഷനും നൂറുശതമാനമുണ്ട് എന്ന ശില്പിയുടെ വിശ്വാസത്തില്‍നിന്നാണ് മയ്യയുടെ പിറവി. മുസൂയിയിലേക്ക് മുടിയും സ്ത്രൈണതയും സന്നിവേശിച്ചപ്പോള്‍ മയ്യ ശില്പജാതയായി.
ഉല്പത്തി മുസൂയിയില്‍നിന്നാണെങ്കിലും ശില്പി മയ്യയെ സ്വാതന്ത്യ്രം നല്കിയാണ് വളര്‍ത്തിയത്.
ഈ ദമ്പതീ ശില്പങ്ങള്‍ ഇന്ത്യന്‍ കലാരംഗത്ത് സ്ഥിര പ്രതിഷ്ഠ നേടിയവരാണ്. ഇവര്‍ കഥാപാത്രങ്ങളാകുന്ന വലിയൊരു ശില്പ ശേഖരം ഫ്രാന്‍സിലെ ടൈംസ് മാനേജ്മെന്റ് ഇന്റര്‍നാഷണലില്‍ പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശാന്തിനികേതനില്‍ സഹപാഠിയായിരുന്ന മിമിയാണ് രാധാകൃഷ്ണന്റെ ഭാര്യ. മകന്‍ ത്രിനാഞ്ജന്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്.
No comments:
Post a Comment