Thursday, May 26, 2011

റെയ്ന്‍ പോലെ റൈയ്മ

പാരമ്പര്യം ഏറെയുണ്ട് റൈയ്മാ സെന്നിന്. ഭാഗ്യവും. സിനിമയില്‍ മാത്രമല്ല ചരിത്രത്തിലും. മുത്തശ്ശി സുചിത്ര സെന്‍ബംഗാളിലെ ഇതിഹാസ സിനിമാ താരം. അമ്മയും പ്രശസ്ത, മൂണ്‍ മൂണ്‍ സെന്‍. കൂടാതെ സഹോദരിയാണെങ്കിലോ റിയ സെന്‍, ബോളിവുഡിലെ മിന്നും താരം. അച്ഛന്‍ ഭരത് ദേവ് വര്‍മ്മ ത്രിപുരയിലെ രാജവംശത്തില്‍ പിറന്നു. രാജ കുടുംബങ്ങളുമായുള്ള ബന്ധം ത്രിപുരയില്‍ ഒതുങ്ങുന്നില്ല. ജയ്പൂര്‍, കൂച്ച് ബീഹാര്‍, ബറോഡ തുടങ്ങിയ രാജവംശങ്ങളുമായും റൈയ്മയ്ക്ക് രക്ത ബന്ധങ്ങളുണ്ട്. ഇതൊക്കെയാണെങ്കിലും ഇന്ത്യയൊട്ടുക്ക് റൈയ്മ അയലത്തെ പെണ്‍കുട്ടിയാണ്. റിയ കച്ചവട സിനിമയുടെ മുഖമാണെങ്കില്‍ റൈയ്മയ്ക്കുള്ളത് ആര്‍ട്ട സിനിമയെന്ന ലേബലാണ് കൂടുതലുള്ളത്.


ഇത്രയൊക്കെ പോരേ മക്കള്‍ രാഷ്ട്രീയം പോലെ മക്കള്‍ സിനിമ കളിക്കാന്‍. എന്നാല്‍ റൈയ്മ പറയും. അതൊക്കെ വെറുതെ. നിങ്ങള്‍ക്ക് ആദ്യ സിനിമ ലഭിക്കാന്‍ നിങ്ങളുടെ പാരമ്പര്യം സഹായകരമാകും എന്നാല്‍ തുടര്‍ന്ന് സിനിമാ രംഗത്ത് പിടിച്ച് നില്‍ക്കണമെങ്കില്‍ കഴിവുണ്ടായേ തീരൂ. നിങ്ങളുടെ അഭിനയം സംവിധായകനും അതിലുപരി പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കില്‍ വന്നവഴി മടങ്ങി വീട്ടിലിരിക്കാനേ സാധിക്കുകയുള്ളൂ. കഴിവാണ് എല്ലാ രംഗത്തും സഹായകരമാകുക. പാരമ്പര്യത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂ. എന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വീട്ടില്‍നിന്ന് ലഭിച്ചു എന്നത് എനിക്ക് കിട്ടിയ വലിയ ഭാഗ്യമായി കരുതുന്നു. എന്റെ ഭാവി തിരഞ്ഞെടുക്കാന്‍ അച്ഛനും അമ്മയും എന്നെ അനുവദിച്ചു.



സിനിമാ ലോകത്ത് റൈയ്മയെ മുത്തശ്ശി സുചിത്ര സെന്നുമായി താരതമ്യം ചെയ്യുക പതിവാണ്. അമ്മയെയും സഹോദരി റിയയെയും ഇക്കാര്യത്തില്‍ എല്ലാവരും വെറുതേ വിട്ടു. എന്നാല്‍ റൈയ്മയെ കരിയറിന്റെ തുടക്കത്തില്‍ ജനം എന്നെ മുത്തശിയുമായി താരതമ്യപ്പെടുത്താറുണ്ടായിരുന്നു. മുത്തശിയെപ്പോലെ അഭിനിയക്കുന്നു എന്ന് ധാരാളം പേര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചോക്കേര്‍ ബാലി, പരിനീത തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് ശേഷം പ്രേക്ഷകര്‍ എന്നെ ഞാനായി അംഗീകരിച്ചു. ഋതുപര്‍ണ ഘോഷിന്റെ ചോക്കേര്‍ ബാലിയാണ് എനിക്ക് ബ്രേ്ക്കത്രൂ നല്കിയത്. ഇപ്പോള്‍ മുത്തശിയുമായി താരതമ്യപ്പെടുത്തുന്നത് കുറഞ്ഞിട്ടുണ്ട്. മുത്തശി ചെയ്തിട്ടുള്ള സിനിമകള്‍ എല്ലാം ബംഗാളി സിനിമ ചരിത്രത്തിന്റെ ഭാഗമാണ്. അവര്‍ക്കൊപ്പം അല്ലെങ്കില്‍ അവരെ മറികടക്കാനുള്ള ടാലന്‍ഡ് എനിക്ക് ഉള്ളതായി കരുതുന്നില്ല. അവര്‍ അഭിനയിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങളെ എനിക്ക് റീമേക്ക് ചെയ്യണമെന്ന ആഗ്രഹവുമില്ല. നല്ല സിനിമകള്‍ ചെയ്ത് എന്റേതായ ഒരു സ്‌പേസ് ഉണ്ടാക്കണമെന്ന ആഗ്രഹമേ ഉള്ളൂ.

മുത്തശിയുടെ പ്രത്യേകത അവരുടെ വ്യക്തിത്വമാണ്. നല്ല കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനും ്അവയെ മനോഹരമായി അഭിനയിച്ച് ഫലിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു.



വീരപുത്രനെന്ന ചരിത്ര സിനിമയിലെ അഭിനയത്തിലൂടെ അവാര്‍ഡ് ലക്ഷ്യമിടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ റൈയ്മ വിനയാന്വിതയാകും. അവാര്‍ഡിന് വേണ്ടിയല്ല അഭിനിയക്കുന്നത്. സംവിധായകനെയും പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുക എന്ന് ആഗ്രഹം മാത്രമേ ഉള്ളൂ.





സഹോദരി റിയെക്കുറിച്ച്... ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. എനിക്ക് ന്ല്ല ഉപദേശങ്ങള്‍ നല്കാറുണ്ട്. എന്റെ സിനിമകളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ നടത്തുന്നതില്‍ അമ്മയും റിയയും സഹായിക്കാറുണ്ട്. കുട്ടിക്കാലത്ത് ഞങ്ങള്‍ തമ്മില്‍ തല്ല് കൂടാറുണ്ടായിരുന്നു. ഇപ്പോള്‍ അത് ആലോചിക്കുമ്പോള്‍ വളരെ രസകരമായി തോന്നുന്നു. സിനിമയില്‍ ഞങ്ങള്‍തമ്മില്‍ മത്സരമൊന്നുമില്ല. രണ്ടുപേര്‍ക്കും ലഭിക്കുന്ന റോളുകളെക്കുറിച്ച് അസൂയയും ഇല്ല. റോളുകളെക്കുറിച്ച് പരസ്പരം സംസാരിക്കാറുണ്ട്. ധാരാളം പേരുമായി മത്സരിക്കാനുള്ളപ്പോള്‍ ഞങ്ങള്‍ തമ്മില്‍ എന്തിനാ മത്സരിക്കുന്നത്. എനിക്ക് വളരെയധികം പ്രോത്്‌സാഹനം തരുന്നത് വീട്ടുകാരാണ്. അതില്‍ റിയയ്ക്കും നല്ലൊരു പങ്കുണ്ട്.

ഇഷ്ടതാരം കുട്ടിക്കാലത്ത് ഷാരൂഖ്ഖാന്‍. ഇപ്പോള്‍ രാഹുല്‍ബോസിന്റെ ഒക്കെ അഭിനയം ഇഷ്ടമാണ്.

അപര്‍ണ സെന്നിന്റെ ജാപ്പനീസ് വൈഫിലെ അഭിനയമാണ് റൈയ്മ സെന്നിന് മലയാള സിനിമയിലേക്കുള്ള പാത തുറന്നത്. അതിലെ അഭിനയം ഇഷ്ടപ്പെട്ട വീരപുത്രന്റെ സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് വീരപുത്രനില്‍ നരേന്റെ നായികയായി റൈയ്മയെ തീരുമാനിക്കുകയായിരുന്നു.

പേരിലെ സാമ്യം റൈയ്മയെ പോകുന്നിടത്തെല്ലാം റീമാ സെന്നായി ആളുകള്‍ തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

No comments: