Showing posts with label arunkc. Show all posts
Showing posts with label arunkc. Show all posts

Sunday, July 13, 2014

കായിക വികസനത്തിന് ഒരു ബൂസ്റ്റ്‌


ഒരു കായിക ഉണര്‍വിന് തയാറെടുക്കുകയാണ് കേരളം. വളരെക്കാലമായി കേരളത്തിന്റെ കായിക മാമാങ്കം എല്ലാ വര്‍ഷവും മുറപോലെ നടത്തി വരുന്ന സ്‌കൂള്‍ ഗെയിംസാണ്. എന്നാല്‍ കായിക ഇന്ത്യ തന്നെ കേരളത്തിന്റെ അതിഥികളായി എത്തുകയാണ്. ദേശീയ ഗെയിംസിന്റെ രൂപത്തില്‍. ഗെയിംസ് അടുത്ത വര്‍ഷം ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടത്താന്‍ തീരുമാനമായത് കഴികെ കുറെ നാളുകളായി  ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന ഒരുക്കങ്ങളെ വേഗത്തിലാക്കി. രണ്ടു കൊല്ലത്തിലൊരിക്കല്‍ നടക്കേണ്ട ഗെയിംസ് 2002-ല്‍ ഹൈദരാബാദില്‍ നടന്നതിനുശേഷം കൃത്യമായ ഇടവേളയില്‍ വിവിധ കാരണങ്ങളാല്‍ നടക്കാറുണ്ടായിരുന്നില്ല. 2007-ല്‍ നടക്കേണ്ടിയിരുന്ന ഗെയിംസ് 2011-ലായിരുന്നു റാഞ്ചിയില്‍ നടന്നത്. 2012-ലായിരുന്നു കേരളത്തില്‍ നടക്കേണ്ടിയിരുന്നത്. വൈകലൊക്കെ ഒരു വശത്ത് ഉണ്ടെങ്കിലും കായിക അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ഒരു വന്‍ കുതിച്ചു ചാട്ടത്തിനാണ് കേരളം ഒരുങ്ങി കൊണ്ടിരിക്കുന്നത്. നേരത്തേ അത്‌ലറ്റിക്‌സിനുവേണ്ട സിന്തറ്റിക് ട്രാക്കും മറ്റും തിരുവനന്തപുരത്തും എറണാകുളത്തുമായിരുന്നു ഉണ്ടായിരുന്നത്. ഫുട്‌ബോളും ക്രിക്കറ്റും ഒഴിച്ചുള്ള കായിക ഇനങ്ങളുടെ കാര്യത്തിലും ഈ അവസ്ഥ തന്നെയായിരുന്നു. ഫുട്‌ബോളിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയവും മഞ്ചേരിയിലെ സ്‌റ്റേഡിയവും ക്രിക്കറ്റിന് പെരിന്തമണ്ണയിലും കൃഷ്ണഗിരിയിലും തലശേരിയിലും ഒക്കെ മികച്ച ഗ്രൗണ്ടും പരിശീലന സൗകര്യങ്ങളും ഉണ്ട്. എന്നാല്‍ മറ്റു കായിക ഇനങ്ങള്‍ക്ക് അത്തരമൊരു ഭാഗ്യം ഉണ്ടായിരുന്നില്ല. അതിനൊരു പരിഹാരം ആകുകയാണ് 611 കോടി രൂപയുടെ ബജറ്റുള്ള ദേശീയ ഗെയിംസ് കേരളത്തിലുടനീളം വിവിധ ഇടങ്ങളിലായി നടത്താനുള്ള തീരുമാനം. ഇത് മൂന്ന് വര്‍ഷം മുമ്പ് തീരുമാനിച്ച തുകയായതിനാല്‍ 40 ശതമാനം വര്‍ധനവ് വേണമെന്ന് മുറവിളിയും ഉയര്‍ന്നിട്ടുണ്ട്.  
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഏഴ് ജില്ലകളിലായി ദേശീയ ഗെയിംസിന്റെ പതാക ഉയരുമ്പോള്‍ ഇവിടങ്ങളിലെല്ലാം പുതിയ കായിക അടിസ്ഥാന സൗകര്യങ്ങളുടെ ഉദ്ഘാടനം കൂടെയാണ് നടക്കുന്നത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് 32 ഏക്കറില്‍ അന്താരാഷ്ട്ര നിലവാരത്തിലെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും കണ്ണൂരിലെ മുണ്ടയാട് സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്‌റ്റേഡിയവും ആണ് പണിതു കൊണ്ടിരിക്കുന്നത്. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്ന കഴക്കൂട്ടത്തെ സ്‌റ്റേഡിയം ഫുട്‌ബോളിനും ക്രിക്കറ്റിനും ഉപയുക്തമാകുന്ന രീതിയിലാണ് നിര്‍മ്മിക്കുന്നത്. ഫിഫയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായ നിലവാരമുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയം കൂടിയാണിത്. 50,000 പേര്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കുകയും ചെയ്യാം. സ്‌റ്റേഡിയത്തിനൊപ്പം ഒരു ഇന്‍ഡോര്‍ സ്‌റ്റേഡിയം കൂടെ ഒരുങ്ങുന്നുണ്ട്. 12 ഷട്ടില്‍ കോര്‍ട്ടുകള്‍,ടെന്നീസ് കോര്‍ട്ട്, സ്‌ക്വാഷ് കോര്‍ട്ട്, സ്വിമ്മിങ് പൂള്‍ എന്നിവയും ഇവിടെയുണ്ടാകും. 160 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതേസമയം മുണ്ടായാട്ടേത് ബാസ്‌ക്കറ്റ് ബോളിനും റസ്‌ലിങിനും വേണ്ടിയുള്ളതും. സ്‌റ്റേഡിയം നിര്‍മ്മാണം ഈ വര്‍ഷം ഓഗസ്തില്‍ പൂര്‍ത്തിയാകുമെന്ന് കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.  ഗെയിംസിന്റെ നടത്തിപ്പിനായി നവീകരിക്കുന്ന വിവിധ സ്‌റ്റേഡിയങ്ങളെ കൂടാതെ പുതുതായി നിര്‍മ്മിക്കുന്നവയുടെ കൂട്ടത്തില്‍പ്പെട്ടവയാണ് ഇവ.
കോഴിക്കോട് മെഡിക്കല്‍ കോളെജ് ഗ്രൗണ്ടില്‍ നിര്‍മ്മിക്കുന്ന പുതിയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഗ്രാസ് ഫുട്‌ബോള്‍ ടര്‍ഫും ഗാലറിയും കൂടാതെ ഒരു സിന്തറ്റിക് ട്രാക്കുമുണ്ട്. ലോണ്‍ ബൗളിനായി കൊച്ചിയില്‍ ഒരു കോര്‍ട്ട് നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ ട്രാപ് ആന്റ് സ്‌കീറ്റ് ഔട്ട് ഡോര്‍ ഷൂട്ടിങ് മത്സരങ്ങള്‍ നടത്തുന്നതിനായി റേഞ്ച് നിര്‍മ്മിക്കാന്‍ തൃശൂര്‍ പൊലീസ് അക്കാദമിയില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഗെയിംസ് ഏഴുമാസം മാത്രം അകലെ നില്‍ക്കവേ നിര്‍മ്മാണത്തിനുള്ള ദര്‍ഘാസ് ക്ഷണിച്ചിട്ടേയുള്ളൂ. അതേസമയം തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ചിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ 70 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് കോഴിക്കോട് ചേവായൂരില്‍ നിര്‍മ്മിക്കാനിരിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയവും. അവിടേയും അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല. സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണവും നവീകരണവും വിവിധ ഘട്ടങ്ങളിലാണെങ്കിലും ദേശീയ ഗെയിംസ് ആരംഭിക്കുന്നതിന് മുമ്പ് എല്ലാം പൂര്‍ത്തീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍.
പുതുതായി ഒരുക്കുന്ന സൗകര്യങ്ങളില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ സ്‌ക്വാഷ് കോര്‍ട്ടും കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയവും ഉള്‍പ്പെടുന്നു. കൊല്ലത്ത് അസ്‌ട്രോ ടര്‍ഫ് സ്‌റ്റേഡിയവും ഗാലറിയുമാണ് നിര്‍മ്മിക്കുന്നത്. ഹോക്കിയില്‍കേരളം വന്‍ശക്തിയൊന്നും അല്ലെങ്കിലും പുതിയ സ്‌റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും കേരളത്തിന് പ്രതീക്ഷ നല്‍കുന്ന താരങ്ങളുടെ ഉദയത്തിന് കാരണമായേക്കാം. 

ഉപയോഗിച്ചാല്‍ നേട്ടം
കായിക വികസനത്തിനുള്ള ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുണ്ടായിരുന്നുവെങ്കിലും വടക്കന്‍ ജില്ലകളില്‍ സൗകര്യങ്ങള്‍ കുറവായിരുന്നു. എന്നാല്‍ താരങ്ങളിലധികവും വന്നിരുന്നത് വടക്കന്‍ കേരളത്തില്‍ നിന്നുമായിരുന്നു. പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് അവര്‍ സാഹചര്യങ്ങോട് പൊരുതി മുന്നേറി. എന്നാല്‍ ദേശീയ ഗെയിംസ് ഈ പ്രദേശത്തു കൂടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. അത് പുതിയ തലമുറയ്ക്ക് ഗുണം ചെയ്യും. മലബാറില്‍ നിന്ന് ഒരാള്‍ക്ക് ''സിന്തറ്റിക് ട്രാക്കില്‍ ഓടില്‍ പരിശീലിക്കുന്നതിന് എറണാകുളത്ത് പോകുക എളുപ്പമല്ല. എല്ലാ ദിവസവും പോയി വരാന്‍ ആകില്ല. അപ്പോള്‍ അവിടെ തങ്ങി പരിശീലനം നടത്തേണ്ടി വരും. അതിനുള്ള സാമ്പത്തിക ശേഷി ഉള്ളവരല്ല അധികവും. അത്തരക്കാര്‍ക്ക് പ്രയോജനകരമാകും കോഴിക്കോടും കണ്ണൂരിലും ഒക്കെ ഗെയിംസിനുവേണ്ടി ഒരുക്കുന്ന സൗകര്യങ്ങള്‍,'' ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‌ലറ്റായ ഒളിമ്പ്യന്‍ പി ടി  ഉഷ ഇന്ത്യാ ടുഡേയോട് പറയുന്നു. എന്നാല്‍ ഗെയിംസ് കഴിഞ്ഞ് ഈ സൗകര്യങ്ങള്‍ പൂട്ടിയിടാതെ കുട്ടികള്‍ക്ക് പരിശീലനം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും വേണമെന്ന് അവര്‍ കൂട്ടി ചേര്‍ക്കുന്നു.
കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും മികച്ച സ്‌റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും  ഉണ്ട്. എന്നാല്‍ അവയൊക്കെ കേരളത്തില്‍  ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹച്ചിരുന്നതായി ഉഷ ഓര്‍മ്മിക്കുന്നു. കാരണം കേരളത്തിലാണ് ഏറ്റവും പ്രതിഭയുള്ള കുട്ടികള്‍ ഉള്ളത്. എന്നാല്‍ മുമ്പ് അവര്‍ക്ക് പരിശീലനത്തിനുള്ള വേദി ഉണ്ടായിരുന്നില്ല. അത്തരം ഒരവസ്ഥയ്ക്ക് പരിഹാരം കൂടിയാകുകയാണ് ഗെയിംസിനായി ഒരുങ്ങുന്ന സ്‌റ്റേഡിയങ്ങള്‍.
പല ജില്ലകളിലായി മത്സരങ്ങള്‍ നടക്കുന്നത് ഒരു ഗെയിംസ് എന്ന നിലയില്‍ ആവേശം ഉയര്‍ത്തിയെന്ന് വരില്ല എന്ന വിമര്‍ശനം ഉണ്ടെങ്കിലും ഈ നീക്കം കേരളത്തിലെ വിവിധ ഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഉപയോഗപ്രദമാകുമെന്ന്  ഉഷ മറുവാദം ഉന്നയിക്കുന്നു. എല്ലാ ജില്ലകളിലും ഗെയിംസിന്റെ സന്ദേശം അടിസ്ഥാന സൗകര്യ വികസനത്തിലൂടെ എത്തിക്കാനാകും. അത് ആ പ്രദേശങ്ങളിലെ നിരവധി കുട്ടികളെ കായിക രംഗത്തിലേക്ക് ആകര്‍ഷിക്കാനും ഇടയാക്കും.
1987-നുശേഷം കേരളത്തില്‍ വിരുന്നെത്തുന്ന ദേശീയ ഗെയിംസിനായി ഏഴു ജില്ലകളിലായി ഒരുക്കുന്ന സൗകര്യങ്ങള്‍ ഗെയിംസിനുശേഷം മികച്ച രീതിയില്‍ പരിപാലിക്കുന്നതിനും അവയെ കായിക താരങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കായിക കേരളം മുടക്കുന്ന പണം നഷ്ടമാകുകയാണ് ചെയ്യുക. അതിനാല്‍ അവയുടെ ഭാവിയിലെ ഉപയോഗത്തിനുവേണ്ട നടപടികള്‍ കൂടെ സര്‍ക്കാര്‍ ഗെയിംസിനുശേഷം സ്വകരിക്കേണ്ടതുണ്ട്.

തെരട്ടമ്മല്‍ കണി കണ്ട് ഉണരുന്ന ഫുട്‌ബോള്‍


കോഴിക്കോട്ടുകാരായ കുഴപ്പത്തൊടി എന്ന ജന്മി കുടുംബത്തിന് മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരിയിലും തെരട്ടമ്മലിലും മറ്റും ഏക്കറുകണക്കിന് ഭൂമി  ഉണ്ടായിരുന്നു. ഊ ഭൂമിയിലെ ഒഴിഞ്ഞ ഇടങ്ങളില്‍ തെരട്ടമ്മലുകാര്‍ പന്തുതട്ടി കളിച്ചു. ഓരോ വീട്ടിലും ഓരോ ടീം ഉണ്ടാക്കാവുന്ന തരത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉണ്ടായിരുന്നു. പ്രകൃതി തന്നെ ഒരുക്കി നല്‍കിയ ''അന്താരാഷ്ട്ര സ്‌റ്റേഡിയ''ങ്ങളാണ് തെരട്ടമ്മലിലെ ഫുട്ബാളിനെ വളര്‍ത്തിയത്. ആര്‍ക്കും പന്തുരുട്ടാന്‍ തോന്നുന്ന ഒന്നാന്തരം നാല് പച്ചപ്പുല്‍ മൈതാനങ്ങള്‍. രാവിലെയും വൈകുന്നേരവും ഇവിടെ ഫുട്‌ബോള്‍ കളി നടക്കും. ''ഉച്ച സമയത്ത് കന്നുകാലികള്‍ പുല്ല് തിന്ന് ഒരേ നിരപ്പാക്കി തരികയും ചെയ്യും,'' ചിരിയോടെ സി ജാബിര്‍ പറയുന്നു. 1994-95-ല്‍ നെഹ്‌റു കപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി റൈറ്റ് വിങ് ബാക്കായി ഇറങ്ങിയ മലപ്പുറത്തുകാരനാണ് ജാബിര്‍.''മലപ്പുറം ജില്ലയില്‍ നിന്ന് മൂന്നുപേര്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. പരേതനായ മലപ്പുറം മൊയ്തീന്‍ കുട്ടിയും യു ഷറഫലിയും പിന്നെ ഞാനും,''  സി ജാബിര്‍ പറയുന്നു. ഇതില്‍ ഷറഫലിയും ജാബിറും തെരട്ടമ്മലുകാര്‍ തന്നെ. ജാബിറിന്റെ വീട്ടിലും, ഷറഫലിയുടെ വീട്ടിലും കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ കളിച്ച ജസീറിന്റെ വീട്ടിലുമൊക്കെ ഒരു സെവന്‍സ് ടീമിനു വേണ്ട കുട്ടികള്‍ ഉണ്ടായിരുന്നു താനും. ''ഞങ്ങള്‍ സ്‌കൂളില്‍ നിന്ന് വന്നാല്‍ നേരെ ചായയും കുടിച്ച് ഗ്രൗണ്ടിലേക്ക് ഓടും ഫുട്‌ബോള്‍ കളിക്കാന്‍,'' ജാബിര്‍ പറയുന്നു. തെരട്ടമ്മല്‍ ഗ്രൗണ്ടിന് സമീപത്തു തന്നെയായിരുന്ന ജാബിറിന്റെ വീട്. അവിടെ കളിക്കാന്‍ തയ്യാറായി പല പ്രായത്തിലെ ആളുകള്‍ ഉണ്ടാകും.
ഈ ഗ്രാമത്തില്‍ ജനിച്ച് വളരുന്ന കുട്ടികള്‍ കണ്ടു വളരുന്നത് തന്നെ ഫുട്‌ബോളാണ്. ഇവിടെ മറ്റൊരു കായിക വിനോദങ്ങളും ഇല്ല. പൂര്‍ണമായും  ഒരു ഫുട്‌ബോള്‍ കുത്തക ഗ്രാമം. ഏഴെട്ട് വയസ് ആകുമ്പോള്‍ തന്നെ കുട്ടികള്‍ പന്ത് തട്ടി തുടങ്ങും.
സെവന്‍സ് ആണ് തെരട്ടമ്മലിന്റെ ശ്വാസം. ''ഞങ്ങള്‍ ആദ്യമായി ഇലവന്‍സ് കാണുന്നത് കോളെജില്‍ എത്തിയപ്പോഴാണ്,'' ഇപ്പോള്‍ എം എസ് പിയില്‍ സി ഐ ആയ ജാബിര്‍ അനുസ്മരിക്കുന്നു. ജാബിറിന്റെ കളി മികവ് കണ്ട് മമ്പാട് കോളെജില്‍ പി ടി മാഷായിരുന്ന അഷറഫ് ആണ് പ്രീഡിഗ്രിക്ക് ആ കോളെജിലേക്ക് ജാബിറിനെ ക്ഷണിക്കുന്നത്. ''സെവന്‍സിന്റെ വേഗവും കളി കാണാനുള്ള ആവേശവുമാണ് തെരട്ടമ്മലുകാരെ സെവന്‍സിലേക്ക് ആകര്‍ഷിക്കുന്നത്,'' കെ എസ് ഇ ബിയില്‍ ജോലി ചെയ്യുകയും കളിക്കുകയും ചെയ്യുന്ന അഹമ്മദ് മാലിക് പറയുന്നു. എല്ലാവര്‍ഷവും ഗാലറി കെട്ടി, ഫ്‌ളഡ്‌ലൈറ്റിട്ട് സെവന്‍സ് ടൂര്‍ണമെന്റ് ഇവിടെ സംഘടിപ്പിക്കാറുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 16-ഓളം ടീമുകള്‍ പതിവായി ടൂര്‍ണമെന്റിന് എത്താറുണ്ട്. 2010-ല്‍ ഗാലറി തകര്‍ന്ന് 19 പേര്‍ക്ക് പരിക്കേറ്റെതൊന്നും അവരുടെ ആവേശത്തെ തടുപ്പിക്കുന്നില്ല.
തെരട്ടമ്മലില്‍ പന്ത് തട്ടി കളിച്ച് വളര്‍ന്ന് ആദ്യമായി കേരളത്തിനുവേണ്ടി കളിക്കുന്നത് ബഷീര്‍ അഹമ്മദ് ആണ്. ടൈറ്റാനിയത്തിന്റെ കളിക്കാരനായിരുന്നു അദ്ദേഹം. പിന്നീട് നിരവധി പേര്‍ സര്‍വകലാശാലകള്‍ക്കുവേണ്ടിയും വിവിധ പ്രൊഫഷണല്‍ ക്ലബുകള്‍ക്കുവേണ്ടിയും സംസ്ഥാനത്തിനുവേണ്ടിയും ഒക്കെ കളിച്ചു. അവര്‍ക്കൊന്നും ഇന്നത്തെപ്പോലെ ശാസ്ത്രീയമായ പരിശീലനം ഒന്നും ലഭിച്ചിരുന്നില്ലെങ്കിലും ഈ ഗ്രാമത്തില്‍ നിന്നും നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ ഉദയം ചെയ്തു.
ഇവിടെ നിന്ന് ആദ്യമായി ശാസ്ത്രീയ പരിശീലനം ലഭിച്ചത് എം എസ് പിയില്‍ ഉദ്യോഗസ്ഥനായ യു ഷറഫലിക്കാണ്. അദ്ദേഹത്തിന് ഇരിങ്ങാലക്കുട സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ പ്രവേശനം ലഭിച്ചു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലും കേരളത്തിന്റെ ടീമിലും അവിടെ നിന്ന് ഇന്ത്യന്‍ ടീമിലും അദ്ദേഹം ഇടം പിടിച്ചു. 1985 മുതല്‍ ഷറഫലി കേരള പൊലീസിന്റെ ഭാഗമാണ്. വി പി സത്യനും സി വി പാപ്പച്ചനും ഐ എം വിജയനും അടങ്ങിയ കേരള പൊലീസിന്റെ സുവര്‍ണ തലമുറയുടെ ഭാഗമായിരുന്നു ഷറഫലി. 1992, 1993 വര്‍ഷങ്ങളില്‍ കേരള ടീമിനെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കുന്നതിലും നിര്‍ണായ ഘടകമായിരുന്നു അദ്ദേഹം.
തങ്ങള്‍ക്ക് ശാസ്ത്രീയമായ പരിശീലനം ലഭിക്കാത്തതിന്റെ കുറവ് കൃത്യമായി അറിയാവുന്ന പഴയ തലമുറ അത്തരമൊന്ന് പുതിയ തലമുറയ്ക്ക് സംഭവിക്കാതിരിക്കാന്‍ ജാഗരൂകരാണ്. ജാബിറും മറ്റും ചേര്‍ന്ന് ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് ദിവസം കുട്ടികള്‍ക്കായി ഫുട്‌ബോള്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. അവധിക്കാലത്ത് എല്ലാ ദിവസവും പരിശീലനം നല്‍കും. കൂടാതെ താഴെ തട്ടില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന കോഴിക്കോട്ടെ സ്‌പോര്‍ട്‌സ് ആന്റ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ (സെപ്റ്റ്) കീഴില്‍  തെരട്ടമ്മലിലെ കുട്ടികളുടെ രണ്ട് ബാച്ച് പരിശീലിക്കുന്നുമുണ്ട്. മലപ്പുറത്തെ എം എസ് പി സ്‌കൂളിന്റെ ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെ മികച്ച ടീമാക്കുന്നതില്‍ ഷറഫലി പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്. ഈ ടീം ദല്‍ഹിയില്‍ നടക്കുന്ന സുബ്രതോ കപ്പില്‍ ശ്രദ്ധേയമായ വിജയങ്ങള്‍ നേടുകയും 2012-ല്‍ റണ്ണേഴ്‌സ് അപ്പ് ആകുകയും ചെയ്തിട്ടുണ്ട്.
ഫുട്‌ബോള്‍ തെരട്ടമ്മലുകാര്‍ക്ക് കേവലം വിനോദോപാധി മാത്രമല്ല, ജീവനോപാധി കൂടിയാണ്. കേരളത്തിലെ പല ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളിലും തെരട്ടമ്മലുകാരെ കാണാനാകും. ഷറഫലിയെയും ജാബിറിനെയും   കൂടാതെ കഴിഞ്ഞ സന്തോഷ്‌ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വല കാത്ത നിഷാദും കേരള പൊലീസിലാണ്. ബിഎസ്എന്‍എല്ലിലെ ഉബൈയ്ദും കെ എസ് ഇ ബിയിലെ ജസീറും സലിലും ഒക്കെ ഉദാഹരണങ്ങള്‍. തെരട്ടമ്മലിന്റെ ഫുട്ബോള്‍ ആവശേത്തിന് ടീമിന്റെ രൂപം നല്‍കുന്നത് ഇവിടത്തെ ഫുട്‌ബോള്‍ ക്ലബുകളാണ്. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബും തെരട്ടമ്മല്‍ സോക്കര്‍ ക്ലബും അരീക്കോട് ബ്രദേഴ്‌സും ഒക്കെ ഇവിടത്തെ ക്ലബുകളില്‍ ചിലത് മാത്രം.
 അണ്ടര്‍ 16 ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഹനാന്‍ ജാവേദും 2017-ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഫവാദുമൊക്കെയാണ് നാളെയുടെ പ്രതീക്ഷകള്‍. ഇരുവരും സെപ്റ്റിന്റെ ക്യാമ്പില്‍ പരിശീലനം നേടിയവരാണ്.
സമീപത്തെ അരീക്കോടിന് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം നേടി കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് തെരട്ടെമ്മല്‍ ആയിരുന്നു. പണ്ട് ചാലിയാര്‍ പുഴ കടന്ന് അരീക്കോട്ടുകാരും ഊര്‍ങ്ങാട്ടിരിക്കാരും ഒക്കെ ഇവിടെ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. അരീക്കോടെ ഫുട്‌ബോള്‍ ക്ലബുകളില്‍ തെരമ്മലുകാര്‍ ഇടം നേടുകയും ചെയ്തിരുന്നു. ഷറഫലിയൊക്കെ അരീക്കോട് ബ്രദേഴ്‌സ് എന്ന ടീമില്‍ കളിച്ചിരുന്നതാണ്. എന്നാല്‍ അരീക്കോട്ടുകാര്‍ക്ക് സ്വന്തമായി മൈതാനം ലഭിച്ചപ്പോള്‍ ഏതാനും വര്‍ഷങ്ങളായി അവര്‍ തെരട്ടമ്മലിലേക്ക് എത്താതായി. എങ്കിലും ഈ ഗ്രാമവാസികള്‍ പന്തു തട്ടികൊണ്ടേയിരിക്കുന്നു.

ഫോട്ടോ സക്കീര്‍ ഹുസൈന്‍

Monday, June 20, 2011

വേറിട്ട വഴികളില്‍ നരേന്‍

നരേന്‍ എന്ന പേരിന് അര്‍ത്ഥം നല്ല മനുഷ്യന്‍ എന്നാണ്. എന്നാല്‍ ആ അര്‍ത്ഥത്തിനുംമേലെ, നല്ല കഥാപാത്രങ്ങളെ കിട്ടാനും അവ മികച്ചതാക്കാനും ആഗ്രഹിക്കുന്ന നടനാണ് നരേന്‍. ഒരിക്കല്‍ അവതരിപ്പിച്ച  കഥാപാത്രങ്ങള്‍ക്ക് സമാനമായവ വീണ്ടും വന്നാല്‍ 'നോ' പറയാന്‍ നരേന് കഴിയുന്നത് അതുകൊണ്ടാണ്. ഏകദേശം രണ്ടുവര്‍ഷത്തിന്ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന നരേന്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'വീരപുരുഷന്റെ' സെറ്റില്‍വച്ച് ഫ്ളാഷ് സിനിമയുമായി സംസാരിച്ചു:

വീരപുരുഷനിലെ അബ്ദുറഹ്മാന്‍ സാഹിബായി അഭിനയിക്കാന്‍ വേണ്ടി നടത്തിയ മുന്നൊരുക്കങ്ങള്‍ എന്താണ്? 
ആദ്യം സ്ക്രിപ്റ്റ് വായിച്ചു. ഇത് സാധാരണ ഒരുകഥയാണെങ്കില്‍ അത് എങ്ങനെ വേണമെങ്കിലും പെര്‍ഫോം ചെയ്യാം. നമ്മുടെ ഇഷ്ടം. അത്വേണ്ട, ഇത് വേണ്ട എന്നൊക്കെ ഡയറക്ടര്‍ പറയും. എന്നാല്‍ വീരപുത്രനില്‍ നമ്മള്‍ അബ്ദു റഹ്മാന്‍ സാഹിബിനെക്കുറിച്ച് അറിഞ്ഞിട്ടുളള കാര്യങ്ങളില്‍നിന്ന് മാറി ചെയ്യാനാകില്ല. സാഹിബ് എപ്പോഴും വേഗതയില്‍ നടക്കുന്ന ആളാണ്. എന്നാല്‍ എല്ലാ സീനിലും അങ്ങനെ നടക്കാനാകില്ല. പിന്നെ വളരെ റൊമാന്റിക് ആയിരുന്നു. ഭാര്യയുമായി നല്ല സ്നേഹത്തിലായിരുന്നു.  എല്ലാ ഭാരങ്ങളും ഇറക്കിവയ്ക്കുന്നത് ഭാര്യയുടെ അടുത്താണ്.  പിന്നെ ആളൊരു മൃഗസ്നേഹി കൂടിയാണ്.
    സാഹിബുമായി നേരിട്ട് പരിചയമുള്ളവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ഒരാളായിരുന്നു. അതുകൊണ്ട് സാഹിബിനെ എല്ലാര്‍ക്കും ആരാധന കലര്‍ന്ന പേടിയായിരുന്നു. സുഹൃത്തുക്കള്‍ക്കടക്കം.  ഒരിക്കലും നുണ പറയാത്ത ആളാണ്. അങ്ങനെ കുറെ ക്വാളിറ്റീസ് ഉണ്ട്.   ഇങ്ങനത്തെ കുറെ കാര്യങ്ങള്‍ ചാവക്കാടിനടുത്തുള്ള മാടഞ്ചേരിയിലുള്ള റഷീദില്‍നിന്നും മനസിലാക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ബാപ്പ സാഹിബിന്റെ കൂട്ടുകാരനായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പലരുടെയും കുടുംബാംഗങ്ങളുമായും അദ്ദേഹത്തിന്റെ ബന്ധുക്കളുമായും സംസാരിച്ചിരുന്നു.  അവരൊക്കെ പറഞ്ഞ കാര്യങ്ങള്‍ വീരപുത്രനിലെ അഭിനയത്തിന് മുതല്‍ക്കൂട്ടാകുന്നു.

മലയാളത്തെ മറന്നത് പോലെ?
കഴിഞ്ഞ വര്‍ഷം രണ്ടുമൂന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നു. പലതും നടന്നില്ല. ഇഷ്ടപ്പെട്ട കഥ കിട്ടിയപ്പോഴും ചെയ്യാന്‍ സാധിച്ചില്ല. തമിഴില്‍ ആ സമയത്ത് നല്ല തിരക്കിലായി. തമ്പിക്കോട്ടെയുടെ തിരക്കില്‍ ഞാന്‍ ഒന്നരവര്‍ഷം  പെട്ടുപോയി. നാലുമാസം മുമ്പാണ് അത് റിലീസായത്. അത് വിചാരിച്ചപോലെ തീര്‍ക്കാനായില്ല. മലയാളത്തിലാണെങ്കില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമായിരുന്നു. എന്നാല്‍ തമിഴില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല. അവിടെ നാലഞ്ചു മാസമെടുക്കും ഒരു സിനിമ തീരാന്‍. ആ സമയം കൊണ്ട് നമുക്ക് ഇവിടെ രണ്ടുമൂന്ന് പടം തീര്‍ക്കാം.

തമ്പിക്കോട്ടൈ നഗരത്തെക്കാള്‍ ഗ്രാമത്തെയാണ് ആകര്‍ഷിച്ചത്....?
തമ്പിക്കോട്ടൈ ബേസിക്കലി ഒരു എക്ളാസ് സെന്റര്‍ ഫിലിം ആയിരുന്നില്ല. നഗരത്തിലെ ക്രൌഡിനുള്ള സിനിമയല്ല അത്. ഈ സിനിമയില്‍ എനിക്കുണ്ടായ വിഷമങ്ങളിലൊന്ന് വിചാരിച്ചപോലെ പെട്ടെന്ന് തീര്‍ക്കാനായില്ലെന്നതാണ്. കൂടുതല്‍ സമയം അവിടെ ചെലവഴിക്കേണ്ടിവന്നു. പിന്നെ വിതരണരംഗത്ത് ചില പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. പുതിയ പ്രൊഡ്യൂസര്‍ ആയതുകൊണ്ട് അയാള്‍ക്ക് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. പുതിയ പ്രൊഡ്യൂസര്‍ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് എങ്ങനെയാണ് പെട്ടുപോകുന്നത്, അതൊക്കെ ഏകദേശം ഞാന്‍ പഠിച്ചു. കൂടെ അയാളും. പടത്തെക്കുറിച്ച് തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക്  നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വിതരണരംഗത്തെ പാളിച്ചകള്‍കാരണം അത് മുതലാക്കാനായില്ല.

തമിഴിനോട് താല്‍പര്യക്കൂടുതല്‍?
തമിഴില്‍ നില്‍ക്കാനാണ് താല്‍പര്യം എന്ന് പറയാനാകില്ല. ഇഷ്ടപ്പെട കഥാപാത്രങ്ങള്‍ വരുന്നത് കൊണ്ടാണ് സത്യത്തില്‍ തമിഴ് സിനിമ ചെയ്യുന്നത്. മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം തമിഴില്‍നിന്ന് കിട്ടില്ല. രണ്ടിടത്തും അന്തരീക്ഷംവേറെയാണ്. അവിടെ ഒറ്റ മലയാളി പോലും ഇല്ല. ഒരു അന്യനാണ് നമ്മളവിടെ. അവിടേക്കാള്‍ എത്രയോ ഭേദമാണിവിടെ. അങ്ങനെ നോക്കുകയാണെങ്കില്‍ നമ്മള്‍ ഒരു പടവും അവിടെ ചെയ്യില്ല. പക്ഷേ അതല്ല, ഒരു പടം സെലക്ട് ചെയ്യാനുള്ള മാനദണ്ഡം.  എനിക്ക് കുറെക്കൂടെ ശക്തമായ കഥാപാത്രങ്ങള്‍ അവിടെ നിന്നാണ് വരുന്നത്. നല്ല പടങ്ങളാണെങ്കില്‍ ഏത് ഇന്‍ഡസ്ട്രിയിലും ചെയ്യാം.

സിനിമ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം?
ബേസിക്കലി ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ എന്നെക്കാളും നല്ല മനുഷ്യനായാല്‍ കൊള്ളാമെന്നുണ്ട്. അല്ലെങ്കില്‍ എന്നെപ്പോലുള്ള ആളാകണം. അല്ലെങ്കില്‍ ഞാന്‍ ഇന്‍സ്പയേഡ് ആകുന്ന ഒരാളാകണം. നല്ല ഇന്‍സ്പിറേഷന്‍ നല്‍കുന്ന കഥാപാത്രമായിരിക്കണം. അങ്ങനെ രണ്ടുമൂന്ന് കാര്യങ്ങളേ ഉള്ളൂ. ഇതൊന്നും അല്ലെങ്കില്‍ ഞാന്‍ സിനിമ ചെയ്യാറില്ല. ചെയ്യാന്‍ തോന്നാറുമില്ല. പിന്നെ എനിക്ക് ചെയ്യാന്‍ പറ്റുന്നതായിരിക്കണം.

ആദ്യ സിനിമയായ നിഴല്‍ക്കുത്തിന്റെ നിഴലില്‍നിന്ന് എങ്ങനെയാണ് രക്ഷപ്പെട്ടത്?
ഒരു പടം വിജയിച്ചാല്‍ അതു പോലുളള മുപ്പത് സിനിമ വരും. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ അത് മാക്സിമം അവഗണിക്കുക തന്നെ ചെയ്യണം. ഫോര്‍ ദി പീപ്പിള്‍ കഴിഞ്ഞപ്പോഴും പൊലീസ് കഥാപാത്രങ്ങള്‍ ധാരാളം വന്നിരുന്നു. അവ ചെയ്യാതിരിക്കുക. ചെയ്യാതിരിക്കുമ്പോള്‍ ചില പ്രശ്നങ്ങളുണ്ടാകും. ചില പ്ളസും മൈനസും ഉണ്ട്. അവഗണിച്ചപ്പോള്‍ ഒരു വര്‍ഷത്തെ ഇടവേളയുണ്ടായി. നാലഞ്ചുപടങ്ങള്‍ ചെയ്യാതെ വിട്ടു. അതുകൊണ്ട് ഒരു അച്ചുവിന്റെ അമ്മ കിട്ടി. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നത് നമ്മെ തേടി വരും. പക്ഷേ അത് വൈകിയിട്ടാണ് വരുന്നതെന്ന് മാത്രം.

ഭാവി പരിപാടികള്‍?
സിനിമയുടെ മറ്റുമേഖലകളിലേക്ക് ചെല്ലണം. ഒരു സിനിമ സംവിധാനം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ അത് ഉടനെ ഉണ്ടാകില്ല. ആദ്യമെല്ലാമൊന്ന് പഠിക്കട്ടെ. ഇപ്പോഴുള്ള ശ്രദ്ധ അഭിനയരംഗത്ത് നേട്ടമുണ്ടാക്കുക എന്നത് മാത്രം.

Tuesday, October 05, 2010

കേരളമറിയാന്‍ അലക്സാന്ദ്ര

അലക്സാന്ദ്ര ഡിലേനി. തീര്‍ച്ചയായും ഒരു ആമുഖം വേണ്ട പേരാണ് ഇത്. നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നിരിക്കും ആ ചോദ്യം. ആരാ?.

കോഴിക്കോട് സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷനില്‍ അഥവാ ക്രസ്റില്‍ അതിഥി അദ്ധ്യാപികയാണ് അലക്സാന്ദ്ര ഡിലേനിയെന്ന ഇരുപത്തിനാലുകാരിയായ ഇംഗ്ളീഷുകാരി.

മാഞ്ചസ്റര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് തെക്കനേഷ്യന്‍ രാജ്യങ്ങളിലെ മതങ്ങള്‍ എന്ന വിഷയത്തില്‍ ബിരുദം നേടിയ അലക്സാന്ദ്ര അവിടെനിന്ന് തന്നെ ദാരിദ്യവും അന്താരാഷ്ട്ര വികസനവും എന്ന വിഷയത്തില്‍ ബിരുദാന്തര ബിരുദവും നേടിയ ശേഷമാണ് ക്രസ്റില്‍ എത്തുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിക്കേഷന്‍ സ്കില്‍സ് വികസിപ്പിക്കാന്‍ സഹായിക്കുകയാണ് അവര്‍. ക്രസ്റില്‍ എത്തുംമുമ്പ് ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളോടൊപ്പമായിരുന്നു പത്തുദിവസം. അവിടെയും പണി ഇത് തന്നെ, വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ കഴിവ് വര്‍ദ്ധിപ്പിക്കുക.

ഈ കൊച്ചിയില്‍ വിമാനമിറങ്ങിയ ദിവസവും, കോഴിക്കോടേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്ര എന്നിവ അലക്സ് എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന ഇവര്‍ മറക്കില്ള. ആ യാത്രയില്‍ തുണയായ രണ്ടു കന്യാസ്ത്രീകളെയും അവര്‍ ""നെവര്‍'' മറക്കില്ള. ആ യാത്രയില്‍ കേരളത്തിന്‍െറ പൊതു സ്വഭാവം മനസ്സിലാക്കാന്‍ അലക്സിന് കഴിഞ്ഞു. ഹോ... ഈ തുറിച്ച് നോട്ടം! നമ്മളൊക്കെ സ്ട്രെയിഞ്ചേഴ്സ് ആണെന്ന് തോന്നും അത് കണ്ടാല്‍, അലക്സാന്ദ്ര ഓര്‍മകള്‍ പങ്കുവച്ചു.

ഒരു മുതലാളിത്ത രാജ്യത്തില്‍ ജനിച്ച അലക്സാന്ദ്രയ്ക്കിഷ്ടം സോഷ്യലിസവും കമ്മ്യൂണിസവുമാണ്. കമ്മ്യൂണിസത്തിന്‍െറ അന്തസത്ത ശരിയായ വിധത്തില്‍ നടപ്പിലാക്കിയാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ എല്ളാം പരിഹരിക്കപ്പെടുമെന്ന വിശ്വാസം അവര്‍ക്കുണ്ട്. എല്ളാവരുടെയും ആവശ്യങ്ങളെയും സംബോധന ചെയ്യാന്‍ കമ്മ്യൂണിസത്തിന് കഴിയും. ആരോഗ്യം, സമ്പത്ത്, ഭാവി തുടങ്ങിയവയുടെ തുല്യമായ വിതരണം ഉറപ്പാക്കാന്‍ കമ്മ്യൂണിസത്തിനാകും. നടപ്പിലാക്കുന്നത് പോലെയിരിക്കും അതിന്‍െറ വിജയം. കേരളത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം നല്ളരീതിയില്‍ നടക്കുന്നുവെന്ന് കരുതുന്നു.

ഞാന്‍ നേപ്പാളില്‍ ആറുമാസം ഉണ്ടായിരുന്നു. പഠനത്തിന്‍െറ ഭാഗമായി ജെണ്ടര്‍ ഇന്‍ കാസ്റ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ കാലത്താണത്. അവിടെ മതവും ജാതിയും സ്ത്രീപുരുഷ സമത്വം എന്നിവയില്‍ ധാരാളം അസമത്വങ്ങള്‍ നിലനില്‍ക്കുകയാണ്. ഇത് മനസിനെ വളരെയധികം അലട്ടി. കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രസ്റിലെത്തുന്നത്. ഇവിടുത്തെ മൂന്നു മാസത്തെ പ്രവര്‍ത്തനം കഴിഞ്ഞാല്‍ തിരികെ നേപ്പാളിലേക്ക് പോകണം. അവിടെ സ്ത്രീകളുടെ പദവി വളരെ താഴ്ന്ന നിലയിലാണ്. തെക്കനേഷ്യന്‍ മതങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ ഹിന്ദുയിസവും ഇസ്ളാമിസവും മനസ്സിലാക്കിയിരുന്നു. രണ്ടിലും സ്ത്രീ പുരുഷ അസമത്വം നിലനില്ക്കുന്നുണ്ട്. കേരളത്തില്‍ വളരെയധികം മെച്ചമാണ് സ്ത്രീകളുടെ സ്ഥിതി.

കേരളത്തിലും ബ്രിട്ടനിലും സ്ത്രീ സ്വാതന്ത്യ്രം വളരെയധികമുണ്ട്. ബ്രിട്ടനില്‍ സ്ത്രീക്ക് കരിയറും ജീവിതവും ഒരുമിച്ച് കൊണ്ടു പോകാനാകും. എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അതിന് കഴിയുന്നില്ള എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് വച്ച് നോക്കുമ്പോള്‍ സ്ത്രീ സ്വാതന്ത്യ്രത്തില്‍ ബ്രിട്ടനെ അപേകഷിച്ച് അല്പം പിന്നിലാണ്. സ്വരച്ചേര്‍ച്ചയുള്ള സമൂഹമാണ് കേരളത്തിലേത്. എന്നാലും സ്ത്രീയും പുരുഷനും തമ്മില്‍ പല കാര്യങ്ങളിലും വേര്‍തിരിവ് കാണുന്നുണ്ട്. ഇവിടെ സ്ത്രീകളെ മാനിക്കുന്ന കമ്മ്യൂണിസ്റ് ഭരണകൂടമാണ് അധികാരത്തിലുള്ളതെന്നത് പ്രതീകഷയുളവാക്കുന്ന കാര്യമാണ്.

ഞാനൊരു ദൈവ വിശ്വാസിയാണ് എന്നാല്‍ ക്രിസ്ത്യാനിയല്ള. എന്തുകൊണ്ട്? എന്ന ചോദ്യത്തിന് മറുപടിയുണ്ട് അലക്സാന്ദ്രയ്ക്ക്. ക്രിസ്തുമതത്തിന്‍െറ അന്തസത്തയില്‍നിന്ന് സഭ അകന്നുപോയി. ഇത് എല്ളാ മതങ്ങള്‍ക്കും സംഭവിച്ച കാര്യമാണ്. ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സയന്‍സിന് എല്ളാ കാര്യങ്ങളും വിശദീകരിക്കാന്‍ കഴിയില്ള. മനുഷ്യ മനസിന് മനസ്സിലാക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് ദൈവീകത്വം. മതങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയത് കൊണ്ടാകാം. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങള്‍ അന്തസത്തയില്‍നിന്നും ജനങ്ങളില്‍നിന്നും ഒരുപാട് അകലെയായി.

ലക്ചറിംഗ് വളരെയധികം ഇഷ്ടപ്പെടുന്ന അലക്സാന്ദ്രയ്ക്ക് ജേര്‍ണലിസത്തോടുമുണ്ട് ഇച്ചിരി കമ്പം. മാനുഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണമെന്നാണ് അവരുടെ ആഗ്രഹം. അനിതാനായരുടെ ലേഡീസ് കൂപ്പേയും അരുന്ധതീറോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിംഗ്സും വായിച്ചിട്ടുള്ള അവര്‍ക്കിഷ്ടം സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍ എന്ന നോവലാണ്.

ഫുട്ബാളില്‍ മാഞ്ചസ്റ്ററിലെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡോ, സിറ്റിയാണോ ഇഷ്ട ടീം?. എനിക്ക് ഫുട്ബാള്‍ ഇഷ്ടമല്ല. അതിനാല്‍ രണ്ടുടീമുകളേയും താല്പര്യമില്ല.

Sunday, August 15, 2010

ചാലിയാര്‍ വീണ്ടുമൊഴുകുന്നു

മുപ്പത് വര്‍ഷം മുമ്പ് ചാലിയാര്‍ പുഴ കടക്കാന്‍ ഒരു വിവാഹ സംഘമെത്തി. പതിനേഴുകാരിയായ വധുവിനോട് ചെക്കന്‍െറ ബന്ധുക്കളിലാരോ പറഞ്ഞു. ആദ്യം അവനെ തോണിയില്‍ കയറ്റ്, അല്ളെങ്കില്‍ അവന്‍ മുങ്ങും. പൊങ്ങുന്നത് പാര്‍ട്ടി യോഗത്തിലായിരിക്കും. മലപ്പുറത്ത് എളമരത്തെ ചാലിയാറിനക്കരെയുള്ള വീട്ടിലേക്കുള്ള ചെറിയ തോണിയിരിക്കെ റഹ്മത്തിന് പുതിയാപ്ള കരീമിന്‍െറ സ്വഭാവം എന്താണെന്ന് വ്യക്തമായി മനസ്സിലായി.

പുതിയാപ്ള കരീം ഇന്ന് കേരളത്തിന്‍െറ വ്യവസായ മന്ത്രിയായ എളമരം കരീമായി വളര്‍ന്നപ്പോഴും പണ്ടത്തെ സ്വഭാവം മാറ്റിയിട്ടില്ള. വീട്ടിലെത്തുന്നത് അതിഥിയായാണ്. വീട്ടിലെത്തിയാല്‍ ആള് പിന്നെ സ്നേഹനിധിയായ ഭര്‍ത്താവായി. വീട്ടിലെ ഈ മന്ത്രിയുടെ വകുപ്പില്‍ അധികം ഇടപെടുകയുമില്ള. ചിലപ്പോള്‍ സ്നേഹം കൂടുമ്പോള്‍ അടുക്കളയില്‍ കയറി ഒരു കൈ സഹായം നല്കാറുണ്ട്. എന്നാല്‍ വീട്ടിന് പുറത്ത് നിറുത്തുന്ന ഒന്നുണ്ട്, രാഷ്ട്രീയം. ഈ വീട്ടില്‍ രാഷ്ട്രീയം പാടില്ള എന്നാണ് അലിഖിത നിയമം. ആരെങ്കിലും റഹ്മത്തിനോട് രാഷ്ട്രീയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മറുപടി ചെറുചിരിയിലൊതുക്കുന്നതും അതുകൊണ്ട് തന്നെ.

മധുര പതിനേഴില്‍ റഹ്മത്തിന്‍െറ ജീവിതത്തിലേക്ക് കടന്നുവന്ന കരീമിക്കായുടെ വളര്‍ച്ചയുടെ ഓരോ പടിയിലും അവരുടെ താങ്ങുണ്ട്. റഹ്മത്തിന്‍െറ ജീവിതത്തിലേക്ക് കരീമിന്‍െറ വരവ് ആകസ്മികമായിരുന്നു. റഹ്മത്തിന്‍െറ ഉമ്മയുടെ പുറക്കാട്ടിരിയിലെ സഹോദരിയുടെ മകളെ പെണ്ണ് കാണാനെത്തിയ കരീമിന് എന്തോ ആ കുട്ടിയെ ബോധിച്ചില്ള. കോവൂരാണ് റഹ്മത്തിന്‍െറ കുടുംബം താമസിച്ചിരുന്നത്. പിന്നീട് കുട്ടികൃഷ്ണന്‍ എന്ന പാര്‍ട്ടി സഖാവ് വഴിയാണ് റഹ്മത്തിന്‍െറ ബാപ്പയുടെ അടുത്ത് കരീമിന്‍െറ വിവാഹാലോചന എത്തുന്നത്.

എളമരം ഏര്യാകമ്മിറ്റിയംഗമായിരുന്ന കരീം അന്ന് മാവൂര്‍ റയോണ്‍സിലെ കരാര്‍ തൊഴിലാളികളുടെ മാനേജരും ആയിരുന്നു. ഭാര്യയെ ജോലിക്ക് വിടാന്‍ താല്പര്യമില്ളാത്ത കരീമിന് എസ്.എസ്.എല്‍.സി പാസായ കുട്ടി മതി എന്ന ഏക ഡിമാന്‍േറ ഉണ്ടായിരുന്നുള്ളൂ. അന്ന് റഹ്മത്തിന്‍െറ ചേച്ചിയുടെ കല്ള്യാണം കഴിഞ്ഞിട്ടുണ്ടായിരുന്നില്ള. ചേച്ചി അന്ന് ഡിഗ്രിക്കു പഠിക്കുന്നു. പിന്നെയുള്ളത് പതിനഞ്ച് വയസ്സുകാരി റഹ്മത്തും. മൂത്തവളുടെ കല്യാണം കഴിയാതെ ഇളയവളെ കെട്ടിച്ചു കൊടുക്കുകയില്ള എന്ന ബാപ്പയുടെ നിര്‍ബന്ധത്തിന് വഴങ്ങി കരീം റഹ്മത്തിനായി രണ്ടു വര്‍ഷം കാത്തിരുന്നു. ആറുമക്കളില്‍ നാലാമത്തെ ആളായിരുന്നു റഹ്മത്ത്. രണ്ട് വര്‍ഷം കൂടി കാത്തിരുന്നശേഷം, ഇരുപത്തിയേഴാം വയസ്സിലാണ് പതിനേഴുകാരിയായ റഹ്മത്തുമായി കരീമിന്‍െറ വിവാഹം നടക്കുന്നത്. കമ്മ്യൂണിസ്റ് പാര്‍ട്ടിയോട് അനുഭാവമുള്ള കുടുംബമായിരുന്നു റഹ്മത്തിന്‍േറതും.

തോണി യാത്രയ്ക്കിടയില്‍ മണവാളന്‍െറ സ്വഭാവം നന്നായി പിടികിട്ടിയതിനാല്‍ കരീമിന്‍െറ തിരക്കുപിടിച്ച പാര്‍ട്ടി ജീവിതത്തെക്കുറിച്ച് റഹ്മത്തിന് പരിഭവം ഉണ്ടായില്ള. അതിനനുസരിച്ച് ജീവിക്കാന്‍ പഠിച്ചു. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ അതിഥിയെപ്പോലെ വീട്ടിലെത്തുന്ന കരീമിന്‍െറ ഇഷ്ട വിഭവമായ കപ്പയും മീനും നല്കി സല്ക്കരിക്കുന്നതിലും മക്കളുടെ കാര്യങ്ങള്‍ നോക്കി ജീവിക്കുന്നതിലും സായൂജ്യം കണ്ടെത്തുകയാണ് അവര്‍.



മന്ത്രി ചൂടനാണോ...

ഏയ്... അല്ള. പുസ്തകം വായിക്കുമ്പോഴോ, എഴുതുമ്പോഴോ ശല്യപ്പെടുത്തിയാല്‍ ചൂടാകും. അല്ളാത്തപ്പോഴൊക്കെ പാവമാണ്. പാര്‍ട്ടിയും മക്കളുമാണ് അദ്ദേഹത്തിന്‍െറ ദൌര്‍ബല്യങ്ങള്‍.



യാത്രകളും സംഗീതവും...

പാര്‍ട്ടി യോഗങ്ങള്‍ക്കും മറ്റു ഔദ്യോഗിക പരിപാടികള്‍ക്കും സംസ്ഥാനത്തിന് പുറത്തേക്ക് പോകുമ്പോള്‍ മന്ത്രി ഭാര്യയെയും കൂട്ടും. യാത്രയ്ക്ക് കൂടെ ഭാര്യയില്ളാത്തപ്പോള്‍ തിരിച്ചെത്തുമ്പോള്‍ സമ്മാനമായി പാട്ടിന്‍െറ സിഡികളും കാസറ്റുകളും കൈയില്‍കാണും. റഫിയുടെയും മറ്റും പഴയ ഹിന്ദി പാട്ടുകളുടെ ശേഖരം മന്ത്രി പത്നിയുടെ കൈവശമുണ്ട്. റഫിയുടെ കടുത്ത ആരാധകനായിരുന്നു ബോംബേയില്‍ പട്ടാളത്തിലായിരുന്ന ബാപ്പ. അതേ പാരമ്പര്യം തന്നെയാണ് റഹ്മത്തിനും. അദ്ദേഹത്തിനുമുണ്ടായിരുന്നു പഴയ ഹിന്ദി ഗാനങ്ങളുടെ വലിയൊരു ശേഖരം.

വീട്ടുകാര്യങ്ങളും നോക്കി കോഴിക്കോട് താമസിക്കുന്ന റഹ്മത്ത് അപൂര്‍വമായേ തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തില്‍ താമസിക്കാനെത്താറുള്ളൂ. മന്ത്രിയുടെ പൊതുജീവിതത്തില്‍നിന്നും അകന്നാണ് അവരുടെ ജീവിതം. അദ്ദേഹത്തിന് സ്വന്തമായി നല്ളൊരു പുസ്തകശേഖരമുണ്ടെങ്കിലും ഭാര്യയ്ക്ക് ഇഷ്ടം അതെല്ളാം പൊടിതട്ടി ഭംഗിയായി സൂകഷിക്കാനാണ്. ശ്രീശ്രീ രവി ശങ്കര്‍ മുതല്‍ മാര്‍ക്സിയന്‍ തത്വചിന്ത വരെ ആ ശേഖരത്തിലുണ്ട്.

ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. സുമിന്‍, നിമിന്‍. ഇവരുടെ മറ്റൊരു കുഞ്ഞ് അകാലത്തില്‍ മരിച്ച് പോയിരുന്നു. ഓഡിയോളജിസ്റായ സുമിന്‍ ഭര്‍ത്താവ് അബ്ദുള്‍ റൌഫിനൊപ്പം യു.കെയിലാണ്. അവിടെ ആര്‍ക്കിടെക്ടാണ് റൌഫ്. ചെറുമകള്‍ മൂന്നുവയസ്സുകാരി ഐറിന്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ഫോണിലൂടെ മാത്രം ഉമ്മൂമ്മായുടെയും ഉപ്പൂപ്പായുടെയും ശബ്ദം കേട്ടിട്ടുള്ള ഐറീനെ അടുത്തമാസം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രിയും കുടുംബവും. റഹ്മത്തിനൊപ്പം മകള്‍ നിമിനുമാണ് കോവൂരിലെ വീട്ടില്‍ താമസിക്കുന്നത്. വിളിപ്പാടകലെ ഉമ്മയും ബന്ധുക്കളുമുണ്ട്. ചാലിയാറിലേക്ക് ഒഴുകിയിറങ്ങിയ മഴവെള്ളം പോലെ കയറ്റങ്ങളും ഇറക്കങ്ങളുമായി ഇവരുടെ ജീവിതം മൂന്നുപതിറ്റാണ്ടായി നിശ്ശബ്ദം ഒഴുകുന്നു

സ്ഥലത്തെ പ്രധാന പക്രു

പൊക്കക്കുറവ് കര്‍മ്മപഥത്തില്‍ ഇല്ലെന്ന ഗിന്നസ്പക്രുവിന്റെ മുദ്രാവാക്യം ജീവിതചര്യയാക്കിയ കഥാപാത്രമാണ് 'സ്വന്തം ഭാര്യ സിന്ദാബാദ്' എന്ന സിനിമയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്. സ്ഥലത്തെ പ്രധാന ദിവ്യനായി വിലസുന്ന സര്‍വ്വസമ്മതനായ രാഷ്ട്രീയക്കാരനാണ് നായകന്‍. ഇപ്പോള്‍ തമിഴില്‍ രണ്ട് സിനിമകള്‍ ഒരേ സമയം അഭിനയിക്കുന്ന പക്രു തനിക്ക് പ്രാധാന്യമുള്ള കഥകളുണ്ടാകുന്നതില്‍ സന്തോഷവാനാണ്.

നായികാ പ്രാധാന്യം ഉള്ള സിനിമയില്‍ പക്രുവിന്റെ ഭാര്യയായി അഭിനയിക്കാന്‍വേണ്ടി നിരവധി താരങ്ങളെ തിരഞ്ഞ ശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രുതിയിലെത്തിയത്. എന്നാല്‍ തനിക്കൊപ്പം നായികയായി അഭിനയിക്കാന്‍ നടിമാരെ ലഭിക്കുമോ എന്ന സന്ദേഹം പക്രുവിനെ അലട്ടുന്നില്ല. ഇമേജ് പ്രശ്നമല്ലാത്ത നായികമാരെ തനിക്ക് ലഭിക്കും എന്ന വിശ്വാസത്തിലാണ് അദ്ദേഹം. കല്ല്യാണം കഴിച്ച് കൂടെ താമസിപ്പിക്കാനലല്ലോ?കൂടെ നായികയായി അഭിനയിക്കാനല്ലേ, പക്രു ചോദിക്കുന്നു.

മുമ്പ് പൊക്കക്കുറവുള്ളവര്‍ക്ക് സര്‍ക്കസിലെ കോമാളികളായി അങ്ങോട്ടുമിങ്ങോട്ടും എടുത്തെറിയപ്പെടാനുള്ള കഥാപാത്രങ്ങളെയാണ് ലഭിച്ചിരുന്നത്. ഇന്നത് മാറുന്നു. പൊക്കക്കുറവിനെ തമാശയായി കാണാതെ ജീവിതത്തോട് അടുത്ത് നില്ക്കുന്ന സിനിമകള്‍ ലഭിക്കുന്നുണ്ട്. തന്റെ പൊക്കത്തിന് പ്രാധാന്യം ലഭിക്കുന്ന കഥയൊരുക്കാന്‍ തിരക്കഥാകൃത്തുക്കളും സിനിമയെടുക്കാന്‍ നിര്‍മ്മാതാക്കളും തയ്യാറാകുന്നുണ്ട്. ഈ വേഷം പക്രു ചെയ്താല്‍ നന്നായിരിക്കും എന്ന് ഇവര്‍ കരുതുന്നത് കൊണ്ടാണ് നല്ല കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തുന്നത്.

സ്വന്തം ഭാര്യ സിന്ദാബാദ് എന്ന പേരിനെക്കുറിച്ചും പക്രു പറഞ്ഞു. "കൌതുകമുള്ള പേര്. അത് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കുടുംബവും കുടുംബാനുഭവങ്ങളും മനസില്‍ ഓടിയെത്തും. പ്രേക്ഷകനോട് അടുത്ത് നില്ക്കുന്ന പേരാണിത്. എല്ലാപേര്‍ക്കും സ്വന്തം ഭാര്യ സിന്ദാബാദാണ്."

സൂര്യ നായകനായ ഏഴാമറിവും വിജയിന്റെ കാവല്‍ക്കാരനിലുമാണ് പക്രു ഇപ്പോള്‍ അഭിനയിക്കുന്നത്. സൂധീര്‍ എന്ന ഏഴാമറിവിലെ കഥാപാത്രം സൂര്യയുടെ കൂട്ടുകാരനായി സിനിമയിലുടനീളം ഉണ്ട്.

ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്കായ കാവല്‍ക്കാരനില്‍ ബോഡിഗാര്‍ഡിലെ അതേ കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്.

അച്ഛന്‍ വരുന്നു

'അമ്മ'യുടെ എതിര്‍പ്പുകള്‍ക്കിടയില്‍ 'അച്ഛന്റെ' ഷൂട്ടിങ് കഴിഞ്ഞു. താരസംഘടനയായ അമ്മയുടെ അഭിനയ വിലക്ക് നിലനില്ക്കുന്ന തിലകനെ നായക കഥാപാത്രമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'അച്ഛന്‍'.

ചിറക് മുറ്റിയ മക്കള്‍ ജോലി ലഭിച്ച് വിദേശത്തേക്ക് പറന്ന് പോയശേഷം ഭാര്യയും അപ്രതീക്ഷിതമായി മരിക്കുന്ന വൃദ്ധന്റെ കഥയാണ് അച്ഛനില്‍ പറയുന്നത്. ഇന്നത്തെ വാര്‍ദ്ധക്യം അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് ചിത്രം ക്യാമറയിലാക്കുന്നത്. രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണ് ഫ്രെയിമിലുണ്ടാകുക. തിലകന്റെ കഥാപാത്രമായ മേജര്‍ മാധവ മേനോനും സഹായിയായി വേഷമിടുന്ന ശശി ഇരഞ്ഞിക്കലും. മറ്റുള്ളവര്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും സിനിമയിലെത്തും.

മേജര്‍ മാധവ മേനോന്റെ മക്കളിലൊരാള്‍ യൂറോപ്പിലാണ്. മറ്റൊരാള്‍ അമേരിക്കയില്‍. അവര്‍ അവിടെ സ്ഥിര താമസക്കാരാണ്. അമേരിക്കയില്‍ മരുമകളുടെ പ്രസവ ശുശ്രൂഷ ചെയ്യുന്നതിനായി മാധവമേനോന്റെ ഭാര്യ അവിടേക്ക് പോകുന്നു. ഭാര്യ പോകുന്നതിനോട് മാധവമേനോന് താല്പര്യമില്ല. ഇതിനിടെ അവര്‍ അവിടെ വച്ച് മരിക്കുന്നു. ഭാര്യയുടെ മരണം അദ്ദേഹത്തിന് ഷോക്കാകുന്നു. എന്നാല്‍ മക്കള്‍ അമ്മയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നില്ല. അമ്മയുടെ ഭൌതികശരീരം മക്കള്‍ അച്ഛനെ കാണിക്കാതിരിക്കുന്നതിന് കാരണം സാമ്പത്തികമാണ്-മൃതദേഹം നാട്ടിലെത്തിക്കുന്നത് വലിയ ചെലവുള്ള കാര്യമാണ്. മക്കള്‍ പണം വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നവരാണ്. പിന്നെ അവധിയില്ലാത്ത തങ്ങള്‍ക്ക് ചടങ്ങുകള്‍ക്ക് വേണ്ടി നാട്ടിലെത്തണം. ഇതെല്ലാം ഒഴിവാക്കാന്‍ രണ്ടുമക്കളും കൂടി കണ്ടെത്തിയ വഴിയാണ്, അമ്മയുടെ ശരീരം അമേരിക്കയില്‍ സംസ്കരിച്ചശേഷം ചിതാഭസ്മം അച്ഛന് പാഴ്സലായി അയച്ചുകൊടുക്കുകയെന്നത്.

തിലകന്റെ കഥാപാത്രത്തിന് സിനിമയില്‍ സംഭാഷണങ്ങളില്ല. തന്റെ പ്രിയപ്പെട്ട ഭാര്യയുടെ മരണശേഷമാണ് മാധവമേനോന്‍ മൂകനായത്. അച്ഛനും മക്കളും തമ്മിലുള്ള ആശയവിനിമയം നടക്കുന്നത് ഇന്റര്‍നെറ്റിലൂടെയും. ഇതിന് അദ്ദേഹത്തെ സഹായിക്കുന്നത് ശശി ഇരഞ്ഞിക്കലിന്റെ കഥാപാത്രവും. കഥ, തിരക്കഥ എസ്.ആര്‍ രവീന്ദ്രന്‍.

അലി അക്ബറിനിത് ഇത് കുടുംബകാര്യം....

ഭാര്യ നിര്‍മ്മിച്ച് ഭര്‍ത്താവ് സംവിധാനം ചെയ്ത് മകള്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയാണ് 'അച്ഛന്‍'. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെയും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയ്ക്ക് ഇതില്‍പരമുള്ള കോംപിനേഷന്‍ വേറെയില്ല.

എന്ത് കൊണ്ടിത് 'കുടുംബചിത്രമായി'യെന്ന ചോദ്യത്തിന് മറുപടി... അഭിനയ വിലക്കുള്ള തിലകനെ അഭിനയിപ്പിക്കുന്നത് കാരണം ഫെഫ്കയുടെ ജീവനക്കാരനെ എടുത്താല്‍ ചിലപ്പോള്‍ അവരുടെ ഭാവി ഇരുളടയും. തന്റെ കൂടെ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന പലരും ഭയം കാരണം സഹകരിക്കാന്‍ മടിച്ചു. ഇന്ന് സജീവമായി സിനിമയില്‍ നില്ക്കുന്നവര്‍ ഇതിലേക്ക് വരില്ല. 25നും 30നും ലക്ഷത്തിനിടയില്‍ ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തിക്കും. തിലകനെ നായകനാക്കി സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍, അതിന് പ്രതികരണമായി ഉണ്ടായത് സംവിധായകന്‍ അലിയുടെ വീട് ആക്രമണമാണ്. അച്ഛന്റെ ഷൂട്ടിങ് നടക്കുന്നത് കോഴിക്കോട് ചേവായൂരിലെ അലിഅക്ബറിന്റെ വീട്ടിലാണ്. അലീന ചേവായൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥിനിയാണ്.

സംവിധാനം, കാമറ- അലി അക്ബര്‍. നിര്‍മ്മാണം- ലൂസിയമ്മ, ഭാര്യ. സംഗീത സംവിധാനം- അലീന അലി, മകള്‍.

പെണ്ണുങ്ങള്‍ പണിയുന്ന പട്ടണങ്ങള്‍


തട്ടിക്കൂട്ട് സിനിമകള്‍ക്ക് പകരം കാമ്പുള്ള കഥയും പുതുമയും ഒത്തുവന്നത് പെണ്‍പട്ടണം, മലര്‍വാടി ആര്‍ട്സ് ക്ളബ്, അപൂര്‍വ്വരാഗം എന്നീ സിനിമകളുടെ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായതായി പെണ്‍പട്ടണത്തിന്റെ സംവിധായകന്‍ വി.എം.വിനു. പുതിയ ചിത്രമായ പെണ്‍പട്ടണത്തെക്കുറിച്ച് ഫ്ളാഷ്സിനിമയോട് സംസാരിക്കുകയായിരുന്നു വിനു.


ഇതൊരു ആര്‍ട്ട്സിനിമയാണോ?

കൊമേഴ്സ്യല്‍ മൂഡില്‍നിന്ന് വ്യതിചലിച്ചുള്ള സിനിമയാണ് പെണ്‍പട്ടണം എന്നത് തെറ്റാണ്. എന്റെ സിനിമാ സങ്കല്പ്പങ്ങള്‍ക്ക് അനുസരിച്ചാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. കൊമേഴ്സ്യല്‍ ഘടകങ്ങളെല്ലാം ഇതിലുണ്ട്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം, പണം കൊടുത്ത് കാണാന്‍ കയറുന്നവന് കാശ് മുതലാകണം സിനിമ എന്നതാണ് എന്റെ സിനിമാ സങ്കല്പം.

എന്താണ് പെണ്‍പട്ടണമടക്കമുള്ള പുതിയ ചിത്രങ്ങളുടെ ശക്തി?

ഇതുവരെ ആരും പറയാത്ത കുടുംബശ്രീ പ്രവര്‍ത്തകരുടെ കഥ ബാക്ക് ഡ്രോപ്പായി വന്നതാണ് പെണ്‍പട്ടണത്തിന്റെ ബലം. പുതിയ തലമുറയുടെ സിനിമയാണ് മലര്‍വാടി. അതിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പ്രതിഭാധനനായ ചെറുപ്പക്കാരനാണ്. സിബി മലയിലും വിനീതും പുതിയ ആളുകളെ ഉപയോഗിച്ച് സിനിമയെടുത്തു. ഇത് ആ സിനിമകള്‍ക്ക് പ്ളസ് പോയിന്റായി.

എന്തായിരുന്നു നിലവിലെ സിനിമകളുടെ കുറവ്?

നല്ല സിനിമകള്‍ സംഭവിക്കുന്നില്ല എന്ന മലയാളി പ്രേക്ഷകരുടെ പരാതിക്കാണ് ഈ സിനിമകളുടെ വിജയം അന്ത്യമുണ്ടാക്കിയത്. സ്പാര്‍ക്കുള്ള സിനിമകള്‍ ഉണ്ടാകുന്നില്ലായിരുന്നു. ഇതും സ്ഥിരം മുഖങ്ങളും വ്യത്യസ്തതയില്ലാത്ത കഥകളും കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍നിന്ന് അകറ്റി. ഒന്നോ രണ്ടോ ആഴ്ച തിയേറ്ററുകളിലോടുന്ന സിനിമകളാണ് പൊതുവേ ഉണ്ടായിക്കൊണ്ടിരുന്നത്. ഇതൊക്കെ മലയാളി പ്രേക്ഷകര്‍ നല്ല തമിഴ് സിനിമ തേടിപ്പോകുന്ന അവസ്ഥയുണ്ടാക്കി. ഞാനും ഇതിന് കാരണക്കാരനാണ്.

കുടുംബശ്രീ പ്രവര്‍ത്തകരെക്കുറിച്ചുള്ള ചിത്രം എന്നത് എന്തെങ്കിലും തരത്തില്‍ ദോഷകരമായോ?

'കുടുംബശ്രീ പ്രവര്‍ത്തകരെക്കുറിച്ചുള്ള ഡോക്യുമെന്ററിയല്ല ഈ സിനിമ. കാരണം അവരെക്കുറിച്ച് ആഴത്തില്‍ സിനിമയില്‍ പറയുന്നില്ല. എന്നാല്‍ അവരെ ഉപയോഗിച്ച് മനുഷ്യരെക്കുറിച്ചുള്ള കഥ പറയാനായി. അവരുടെ വിഷമങ്ങളും വികാരങ്ങളും പ്രതിസന്ധികളും സിനിമയിലുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാനും പെണ്‍പട്ടണത്തിലൂടെ കഴിഞ്ഞു. പുരുഷ മേധാവിത്വത്തിനെതിരായുള്ള സ്ത്രീപക്ഷ സിനിമയാണിത്'



രഞ്ജിത്തിന്റെ കഥയും റസാഖിന്റെ തിരക്കഥയും?

രഞ്ജിത്തിന്റെ നല്ല കഥയ്ക്ക് റസാഖിന്റെ ശക്തമായ തിരക്കഥ ലഭിച്ചത് സിനിമയ്ക്ക് മുതല്‍ക്കൂട്ടായി. ഞങ്ങള്‍ മൂന്ന് പേരും നന്നായി ആശയവിനിമയം നടത്തുന്നവരാണ്. ചെറിയ സൂചനകളിലൂടെ തന്നെ കാര്യങ്ങള്‍ വ്യക്തമാവുന്ന സാഹചര്യം ഞങ്ങള്‍ക്കിടയിലുണ്ട്.

മൂന്ന് നായികമാര്‍, പിന്നെ ലളിത ച്ചേച്ചിയും?

രേവതിയുടെയും കെ.പി.എ.സി ലളിതയുടെയും, ശ്വേതാ മേനോന്റെയും, വിഷ്ണുപ്രിയയുടെയും പൂര്‍ണമായ പങ്കാളിത്തം സിനിമയിലുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി ഇവര്‍ പൂര്‍ണമായും കുടുംബശ്രീ പ്രവര്‍ത്തകരായി മാറി. വേഷത്തിലും മറ്റും യാതൊരു വ്യത്യാസവുമുണ്ടായില്ല. ആദ്യ സിനിമയില്‍ അഭിനയിക്കും പോലുള്ള മൂഡിലായിരുന്നു ലളിതച്ചേച്ചി. വളരെ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു അവര്‍. നാലുപേരും മത്സരബുദ്ധിയോടെയാണ് അഭിനയിച്ചതെന്ന് പറയാം.

രഞ്ജിത്തിന്റെ വഴി പിന്‍തുടര്‍ന്നാണോ നാടകപ്രവര്‍ത്തകരെയും പരിഗണിച്ചത് ?

അങ്ങനെ വേണമെങ്കില്ല്‍ പറയാം. സിനിമയ്ക്ക് മൊത്തം ഫ്രെഷ്നസ് തോന്നിക്കാനാണ് നാടക പ്രവര്‍ത്തകരെ സിനിമയില്‍ അഭിനയിപ്പിച്ചത്. അവര്‍ അത് നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു.

Saturday, August 14, 2010

രണ്ടടി ആറിഞ്ച്കാരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കഥ

ലോകത്തിലെ ആദ്യത്തെ രണ്ടടി ആറിഞ്ച് പൊക്കകാരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കഥ സിനിമയാകുന്നു. വെട്ടൂര്‍ ശിവന്‍കുട്ടി എന്ന കമ്മ്യൂണിസ്റ്റ് നേതാവായി എത്തുന്നത് ഉണ്ടപക്രു ആണ്. സ്വന്തം ഭാര്യ സിന്ദാബാദ് എന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ബിജു വട്ടപ്പാറയും.

പാര്‍ട്ടിയാണ് എല്ലാമെന്ന് കരുതി ജീവിക്കുന്ന ശിവന് രക്തസാക്ഷിയാകണം എന്നാണ് ആഗ്രഹം. സ്വന്തം പഞ്ചായത്ത് വിട്ട് പുറത്ത് പോയിട്ടല്ലാത്തയാളാണ് ശിവന്‍കുട്ടി. കമ്മ്യൂണിസത്തിന്റെ അപചയങ്ങളും കമ്മ്യൂണിസ്റ്റുകാരന്റെ മൂല്യച്യുതിയുമൊന്നും ഈ ഗ്രാമത്തിലെത്തിയിട്ടില്ല. പുറംലോകത്ത് എന്ത് നടക്കുന്നുവെന്നറിയാത്ത നേതാവ് കൂടിയാണിയാള്‍.

സ്ത്രീ വിരോധിയാണ് സഖാവ് ശിവന്‍കുട്ടി. കാരണം മറ്റൊന്നുമല്ല. തന്റെ പൊക്കക്കുറവുണ്ടാക്കുന്ന ഈഗോയാണ്സഖാവിനെ സ്ത്രീവര്‍ഗ്ഗത്തിനെതിരാക്കുന്നത്. സ്ത്രീ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ട ചുമതല ഇദ്ദേഹത്തെയാണ് പാര്‍ട്ടി ഏല്പിക്കുന്നത്. എന്നാല്‍ അവരുടെ എണ്ണം കൂട്ടാന്‍ ശിവന് താല്പര്യമില്ല. സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നില്ലെങ്കിലും സര്‍വ്വസമ്മതായ ഈ നേതാവിനെ പാര്‍ട്ടിക്ക് വലിയ കാര്യമാണ്. ഒരു കാര്യത്തില്‍ മാത്രമേ പാര്‍ട്ടി ഔദ്യോഗകപക്ഷവും ശിവന്‍കുട്ടി വിമതപക്ഷമാകുന്നുള്ളൂ. അത് സ്ത്രീവിരോധത്തിലാണ്.

പുര നിറഞ്ഞ് നില്ക്കുന്ന ശിവന്‍കുട്ടിയെ കെട്ടിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. ചൈനയില്‍നിന്നോ ത്രിപുരയില്‍ നിന്നോ ബംഗാളില്‍നിന്നോ മാത്രമേ പെണ്ണ്കെട്ടുകയുള്ളൂ എന്ന വാശിയിലാണ് ശിവന്‍കുട്ടി. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹം വിവാഹിതനാകുന്നു. അതാണ് സിനിമയിലെ വഴിത്തിരിവ്.

സ്ത്രീവിരോധിയാണെങ്കിലും ഭാര്യയാകുന്ന പെണ്‍കുട്ടിയെക്കുറിച്ച് ശിവന്‍കുട്ടിക്കൊരു സങ്കല്പമുണ്ട്. മാര്‍ക്സിനെയും ലെനിനെയും അരച്ച്കലക്കി കുടിച്ച് ഉറച്ച കമ്മ്യൂണിസ്റ്റ്കാരിയാകണം തന്റെ വാമഭാഗം. തന്റെ പൊതുപ്രവര്‍ത്തനത്തിന് താങ്ങുംതണലുമായി നില്ക്കുന്നവള്‍. എന്നാല്‍ കമ്മ്യൂണിസ്റ്റ് ദൈവങ്ങള്‍ ശിവന്റെ തലയില്‍ വരച്ചിരുന്നത് നേരെ തിരിച്ചായിരുന്നു. എല്ലാ ടി.വി സീരിയലുകളും വിടാതെ കാണുന്ന പൈങ്കിളി നോവലുകള്‍ മുടങ്ങാതെ വായിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയാണ് ഭാര്യയായി ലഭിച്ചത്.

അവള്‍ക്കുമുണ്ടായിരുന്നു ഭാവി വരനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍. സിനിമയിലെ സൂപ്പര്‍ താരം സുശീല്‍കുമാറിന്റെ ആരാധികയാണ് അവള്‍. സുശീല്‍കുമാറിനെപ്പോലെയുള്ള ഒരാളെയാണ് ഭര്‍ത്താവായി ആഗ്രഹിക്കുന്നത്. പലപ്പോഴും ശിവന്‍കുട്ടിയുടെ പൊക്കക്കുറവിനെ കളിയാക്കുകയും സുശീല്‍കുമാറിനെ പുകഴ്ത്തിയും മറ്റും അവള്‍ സംസാരിക്കാറുണ്ട്. അങ്ങനെയിരിക്കെ അവരുടെ കലുഷിതമായ ദാമ്പത്യജീവിതത്തില്‍ കെടുങ്കാറ്റായി ആ ഗ്രാമത്തിലേക്ക് സുശീല്‍കുമാറിന്റെ സിനിമയുടെ ഷൂട്ടിങ്ങ് സംഘം എത്തുന്നു. ഇത് സഖാവ് ശിവന്‍ കാണുന്നത് തന്റെ ജീവിതം തകര്‍ക്കാനായി അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഗൂഢാലോചനയായാണ്. തന്റെ ഭാര്യയെ തട്ടികൊണ്ടുപോകാനെത്തുന്ന വില്ലനാണ് സുശീല്‍കുമാര്‍, ശിവന്‍കുട്ടിക്ക്. ഇത് വഴി ഗ്രാമത്തില്‍ പാര്‍ട്ടിയുടെ നട്ടെല്ല് തകര്‍ക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നതായി ഇയാള്‍ കരുതുന്നു. രസകരമായ സംഭവങ്ങള്‍ക്ക് ശേഷം കഥാന്ത്യം "സ്വന്തം ഭാര്യ സിന്ദാബാദ്" എന്ന മുദ്രാവാക്യത്തിലേക്ക് സ്ത്രീവിരോധിയായ നായകന്‍ എത്തുകയാണ്.

മുഴുനീള തമാശ സിനിമയാണെങ്കിലും ഉണ്ടപക്രുവിന് തമാശ രംഗങ്ങളൊന്നും തന്നെയില്ല. ശ്രുതി ലക്ഷമിയാണ് ഉണ്ടപക്രുവിന്റെ നായികയായി എത്തുന്നത്. സ്വരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, കെ.പി.എ.സി ലളിത തുടങ്ങിയ ഹാസ്യതാരങ്ങളുടെ നിര ഈ സിനിമയില്‍ തമാശകളുമായി എത്തുന്നുണ്ട്.

മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി രാമരാവണന്‍ സംവിധാനം ചെയ്ത ബിജുവട്ടപ്പാറയൊരുക്കുന്ന വ്യത്യസ്തമായ ചിത്രമാണ് സ്വന്തം ഭാര്യ സിന്ദാബാദ്. സീരിയസ് സിനിമയായ രാമരാവണില്‍നിന്നും വ്യത്യസ്തമായി തമാശ നിറഞ്ഞതാണ് സ്വന്തം ഭാര്യ സിന്ദാബാദ്.
തിരക്കഥ, സംഭാഷണം, സംവിധാനം ബിജുവട്ടപ്പാറ, ക്യാമറ- ബാലസുബ്രഹ്മണ്യം, ബാദുഷാ- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Thursday, July 15, 2010

സീന്‍ നമ്പര്‍ 001- നിഷാന്ത് സാഗര്‍; കമിംഗ് ബാക്ക്

ഇടവേളകള്‍ ജീവിതത്തില്‍ തിരിച്ചുവരവിനുള്ള ഒരുക്കുകൂട്ടിന് വേണ്ടിയുള്ളതാണ്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് വിജയം. താല്ക്കാലിക വീഴ്ച്ചകളില്‍ പതറാതെ സ്വയം വിലയിരുത്തലും മെച്ചപ്പെടുത്തലും ആ വിജയത്തിന്റെ തിളക്കം കൂട്ടും. അങ്ങനെയൊരു തിരിച്ച് വരവിനൊരുങ്ങുകയാണ് നിഷാന്ത് സാഗര്‍.
സ്നേഹജിത്ത് എന്ന പുതുമുഖ സംവിധായകന്റെ സീന്‍ നമ്പര്‍ 001 എന്ന സിനിമ തിരിച്ചുവരവിന് ബ്രേക്ക് നല്കും എന്ന വിശ്വാസത്തിലാണ് നിഷാന്ത്. ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഷാന്താണ്. ജോക്കര്‍ നല്കിയ മൈലേജ് ഉപയോഗിക്കാനായില്ലെന്ന തിരിച്ചറിവ് ഒരിക്കലും നഷ്ടബോധത്തിലേക്ക് തള്ളിയിട്ടില്ല.
"അന്ന് ഞാന്‍ ഒറ്റയ്ക്കായിരുന്നു. എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് മലയാളം സിനിമാ വ്യവസായം നിറയെ യുവാക്കളാണ്. എന്റെ സമയമായെന്ന് കരുതുന്നു. തിരിച്ച് വരാനായുള്ള കാത്തിരിപ്പായിരുന്നു ഇതുവരെ. യുവാക്കള്‍ക്ക് സാദ്ധ്യതയുള്ള കാലമാണിത്"
2000 ല്‍ ഇറങ്ങിയ ദിലീപ് ചിത്രമായ ജോക്കറില്‍ നല്ലൊരു വേഷം ചെയ്ത നിഷാന്തിന് പിന്നീട് അങ്ങനെയൊരു വേഷം ലഭിച്ചില്ല. "സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ചകള്‍ പറ്റി. പക്വതയില്ലാതെയായിരുന്നു അന്ന് കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ കുട്ടിക്കളി വിട്ട് സീരിയസ് ആയി".
ഓഫറുകള്‍ ഉണ്ടായിരുന്നെങ്കിലും പലതും സ്വീകരിച്ചില്ല. നല്ലതെന്ന് തോന്നിയ തിരക്കഥയിലും ഗുല്‍മോഹറിലും അഭിനയിച്ചു.
10 വര്‍ഷത്തെ ഇടവേള വലുതാണെങ്കിലും സ്വയം വിലയിരുത്താനും തെറ്റുകള്‍ തിരുത്താനുമുള്ള സമയമായിരുന്നു നിഷാന്തിന്. പുസ്തകങ്ങള്‍ വായിച്ചു. ധാരാളം നല്ല സിനിമകള്‍ കണ്ടു. തിരുത്തലിന്റെ മാത്രമല്ല മെച്ചപ്പെടുത്തലിന്റെ കാലം കൂടിയായിരുന്നു അത്. "പണ്ട് ഉണ്ടായ അബദ്ധങ്ങള്‍ ഇനിയുണ്ടാകില്ല." നിഷാന്ത് ആത്മവിശ്വാസത്തിലാണ്.
എ സ്ക്വയര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സുരേഷ് കൊച്ചുണ്ണിയാണ്.

Monday, July 12, 2010

അന്‍പതിന്റെ നിറവില്‍...

വിപ്ളവ മണ്ണായ കണ്ണൂരിലെ വെങ്ങരയിലെ മുസ്ളീം യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന ഒരാള്‍ നാടകം കാണുന്നത് പോലും വിപ്ളവമാണ്. വിപ്ളവം അമ്മാവന്‍ അടിച്ചമര്‍ത്തിയതിനെത്തുടര്‍ന്ന് നാടുവിട്ടുപോയ പതിമൂന്ന് വയസ്സുകാരന്‍ കേരള നാടക ചരിത്രത്തിന്റെ ഭാഗമായ കഥയാണ് ഇബ്രാഹിം വെങ്ങരയുടെത്.
നാടകവും ഇബ്രാഹിമും തമ്മിലുള്ള ലോഹ്യം തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു.
നാടുചുറ്റുന്നതിനിടയില്‍ 1957 ല്‍ മട്ടാഞ്ചേരിയിലെത്തിയ ഇബ്രാഹിമിനായി കാലം കാത്തുവച്ചിരുന്നത് പ്രഗത്ഭരായ കൂട്ടുകാരെയായിരുന്നു.
ജമാല്‍ കൊച്ചങ്ങാടി, സി.വി അഗസ്റ്റിന്‍, എം.കെ അര്‍ജുനന്‍, സി.കെ രവീന്ദ്രന്‍ തുടങ്ങിയവരുമായുള്ള സൌഹൃദം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു.
1960 ല്‍ സി.വി അഗസ്റ്റിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച "ക്രൂശിക്കപ്പെട്ട ഒരാത്മാവ്" എന്ന നാടകമാണ് അഭിനയ ജീവിതത്തിന്റെ ഫസ്റ്റ്ബെല്‍. അന്ന് വയസ് പത്തൊന്‍പത്. തുടര്‍ന്ന് ജമാല്‍ കൊച്ചങ്ങാടിയുടെ "മരീചിക", കലാപരിഷത്ത് എന്ന പ്രൊഫഷണല്‍ നാടക സംഘത്തിന്റെ "യന്ത്രങ്ങള്‍" തുടങ്ങിയ നാടകങ്ങള്‍.
മട്ടാഞ്ചേരിയുടെ തെരുവില്‍ കുപ്പതൊട്ടിയിലെ ആഹാരത്തിനുവേണ്ടി പട്ടികളുമായി യുദ്ധം ചെയ്യുന്ന കുട്ടിയുടെ ദൃശ്യം ഇബ്രാഹിമിന്റെ മനസിനെ കലുഷിതമാക്കി. ഇത് അദ്ദേഹത്തെ നാടക രചനയിലേക്ക് തിരിച്ചുവിട്ടു. കലുഷിതമായി മനസ്സില്‍നിന്ന് പുറത്തുവന്ന സൃഷ്ടി, പക്ഷേ ഇബ്രാഹിം ആരെയും കാണിച്ചില്ല. "അന്ന് ഞാന്‍ കൊച്ചിയില്‍ ഇന്‍ഡോ മറൈന്‍ ഏജന്‍സീസില്‍ ജോലി ചെയ്യുന്നു. സ്ക്രിപ്റ്റ് താമസിക്കുന്ന മുറിയില്‍ വച്ചിരുന്നു. ഞാനില്ലാത്ത സമയത്ത് കൂട്ടുകാര്‍ മുറി ഉപയോഗിക്കാറുണ്ട്. അങ്ങനെ ഒരിക്കല്‍ മുറിയിലെത്തിയ സി.കെ രവീന്ദ്രന്‍ അങ്കമാലിയില്‍ നടന്ന പ്രാദേശിക നാടക മത്സരത്തിന് ഞാനറിയാതെ സ്ക്രിപ്റ്റ് അയച്ചു കൊടുത്തു. എനിക്കാണ് സമ്മാനമെന്ന് പത്രത്തില്‍ കാണുമ്പോഴാണ് രവീന്ദ്രന്‍ സ്ക്രിപ്റ്റ് മത്സരത്തിനയച്ച കാര്യം അറിയുന്നത്. പി.ജെ ആന്റണിയുടെ അടക്കമുള്ള നാടകങ്ങളെ പിന്തള്ളിയാണ് എന്റെ നാടകം സമ്മാനം നേടിയത്. ജീവിതത്തിലെ ആദ്യ അംഗീകാരം.1965 ല്‍ ആയിരുന്നു അത്". ഈ സംഭവം വെങ്ങരയെ എഴുത്ത് സീരിയസ്സായി എടുക്കാന്‍ പ്രേരിപ്പിച്ചു. നാടകത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി.


കെ.ടി എന്ന നാടക സര്‍വകലാശാല


"1974 മുതലാണ് ഞാന്‍ കെ.ടി മുഹമ്മദുമായുള്ള ഗുരുശിഷ്യ ബന്ധം ആരംഭിച്ചത്. കെ.ടി എന്ന സര്‍വകലാശാലയില്‍ നിന്ന് ഞാന്‍ നാടകത്തില്‍ ബിരുദമെടുത്തു. ആ ദിവസങ്ങള്‍ നാടകത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെയും പരീക്ഷണങ്ങളുടെയും ആണ്. അദ്ദേഹത്തില്‍നിന്ന് ധാരാളം അറിവുകള്‍ എനിക്ക് ലഭിച്ചു. എട്ടുവര്‍ഷം നീണ്ടുനിന്നു ആ ബന്ധം."
ഗുരുവിനുള്ള പ്രണാമമായി ശിഷ്യന്‍ ഒരുക്കുന്ന നാടകമാണ് "കളത്തിങ്കല്‍ തൊടിയില്‍ കല്‍വിളക്ക്". മുഹമ്മദ് എന്നാല്‍ വെളിച്ചമെന്നാണ് അര്‍ത്ഥം. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ കത്തിച്ചുവച്ച കല്‍വിളക്കായിരുന്നു കെ.ടി.
"വിശപ്പിനേക്കാള്‍ ശക്തി ഒന്നിനുമില്ല എന്ന് പറയുന്ന കെ.ടിക്ക് വിശക്കുമ്പോള്‍ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ പരിഹസിക്കുന്ന അറംപറ്റുന്ന അവസ്ഥയെക്കുറിച്ചാണ് നാടകം. കെ.ടിയുടെ കഥാപാത്രങ്ങള്‍ അദ്ദേഹത്തോട് പ്രതികാരം ചെയ്യുന്ന രീതിയിലാണ് നാടകം തയ്യാറാക്കുന്നത്".


മറക്കാനാകാത്ത നിമിഷം

പുനലൂരില്‍ തിക്കോടിയന്റെ മഹാഭാരതം നാടകം കളിക്കുന്ന സമയം. പതിമൂന്ന് വര്‍ഷം മുമ്പ് നാടുവിട്ടുപോയ ജ്യേഷ്ഠന്‍ മുഹമ്മദ് അവിടെ താമസിക്കുന്നു എന്നറിഞ്ഞ് അന്വേഷിച്ച് കണ്ടെത്തി. കുടുംബമായി അവിടെ കഴിഞ്ഞ അദ്ദേഹം കാന്‍സര്‍ രോഗിയായിരുന്നു.
കുറച്ച് കാലത്തിനുശേഷം പുനലൂരില്‍ വീണ്ടും നാടകം കളിക്കാനായി എത്തിയപ്പോള്‍ ജ്യേഷ്ഠനെ കാണാന്‍പോയി. തീരെ അവശനായിരുന്നു അദ്ദേഹം. ഞാന്‍ മരിക്കുമ്പോള്‍ നിന്നെ കാണാനാകില്ലലോ എന്ന് പറഞ്ഞ അദ്ദേഹം തന്നെ മേയ്ക്കപ്പ് ഇടാന്‍ സമയമായി എന്ന് പറഞ്ഞ് അയച്ചു. ശിവരാത്രി ദിവസമായിരുന്ന അന്ന് രണ്ടു നാടകത്തില്‍ അഭിനയിക്കണമായിരുന്നു.
ആദ്യ നാടകത്തിനായി മേയ്ക്കപ്പ് ഇടുമ്പോഴായിരുന്നു ജ്യേഷ്ഠന്‍ മരിച്ചു എന്ന് ഒരാള്‍ വന്നു പറയുന്നത്. ട്രൂപ്പിലെ മറ്റാരേയും അറിയിക്കേണ്ട എന്ന് അയാള്‍ക്ക് നിര്‍ദ്ദേശം നല്കിയശേഷം അഭിനയിക്കാനായി കയറി. രണ്ടുവേദികളിലെയും നാടകം കഴിഞ്ഞശേഷം ജ്യേഷ്ഠന്റെ വീട്ടിലേക്ക് പോയി.


ബ്രേക്ക് നല്കിയ നാടകം

1988 ലെ പടനിലമായിരുന്നു ബ്രേക്ക് നല്കിയ നാടകം. പതിനായിരത്തോളം വേദികളില്‍ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഞാന്‍ മാത്രമല്ല പല അമച്ച്വര്‍ നാടകവേദികളും ഈ നാടകം ഇപ്പോഴും അവതരിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഈ നാടകത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
1992 ലെ മേടപ്പത്ത് ഇന്ത്യയിലെ 14 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. ഏഴില്‍ ചൊവ്വ എന്നായിരുന്ന ഈനാടകത്തിന്റെ ആദ്യപേര്. ആകാശവാണി ഇന്ത്യയിലെ എല്ലാ നിലയങ്ങളിലും തദ്ദേശീയ ഭാഷയില്‍ ഈ നാടകം പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

വെല്ലുവിളികള്‍

നാടകരംഗത്തിലേക്ക് വന്നതുകൊണ്ട് സമുദായം പീഡിപ്പിച്ചിട്ടുണ്ട്. അത് മറക്കാഗ്രഹിക്കുന്നു. പറ്റാവുന്ന രീതികളിലെല്ലാം അവര്‍ പീഡിപ്പിച്ചു. എന്റെ മകളുടെ കല്ല്യാണത്തിന് വീഡിയോഗ്രഫി പാടില്ല എന്ന് വാശിപിടിച്ച സമുദായ നേതാക്കള്‍ ആറുമാസം കഴിഞ്ഞപ്പോള്‍ അവരുടെ മക്കളുടെ കല്യാണത്തിന് വീഡിയോ ഉപയോഗിച്ചു.

ചിരന്തന

1982ല്‍ ഗള്‍ഫില്‍ പോയി ഹോട്ടല്‍ തുടങ്ങി. നാടകം പോലെ വഴങ്ങിയില്ല കച്ചവടം. അതിനാല്‍ കച്ചവടം പൊളിഞ്ഞു. എന്നാല്‍ അതേസമയം കൊണ്ട് നാടക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. ഗള്‍ഫിലെ കൂട്ടുകാരുമായി ചേര്‍ന്ന് ചിരന്തന എന്ന ട്രൂപ്പ് തുടങ്ങുകയായിരുന്നു. 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചിരന്തനയുടെ 26ാമത് നാടകമാണ് കളത്തിങ്കല്‍ തൊടിയില്‍ കല്‍വിളക്ക്. കൈതപ്രം ദാമോദരന്‍ പാട്ടെഴുതി എം.കെ അര്‍ജുനന്‍ മാഷ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന നാടകത്തില്‍ കെ.ടിയുടെ ഭാഗം അഭിനയിക്കുന്നതിന് യുവ നടനെ അന്വേഷിക്കുകയാണ് ഇബ്രാഹിം.

ന്‍പതു വര്‍ഷത്തെ നാടകപ്രവര്‍ത്തനത്തിനിടയില്‍ 129 ഓളം റേഡിയോ നാടകങ്ങളും, 50 ഓളം നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

കെ.ടി കത്തിച്ചുനല്കിയ കല്‍വിളക്കുമായി നാടകം കളിയല്ല പൊതുപ്രവര്‍ത്തനമാണ് എന്ന വിശ്വാസവുമായി ഇബ്രാഹിം വെങ്ങര അടുത്ത നാടകത്തിനുള്ള കോപ്പുകൂട്ടുകയാണ്. സമൂഹത്തിലെ അനാചരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടവയാണ് എന്ന് ഗുരു പഠിപ്പിച്ചത് സ്വന്തം നാടകങ്ങളിലൂടെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് കെ.ടിയുടെ പ്രിയശിഷ്യന്‍.

Sunday, June 13, 2010

ദേവ്യാനി ഇന്‍ വണ്ടര്‍ലാന്‍ഡ്

കോഴിക്കോട്: സ്കൂള്‍ തുറന്ന ദിവസം ദേവ്യാനിക്ക് കൂട്ടുകാരി മനീഷയോട് പറയാന്‍ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു. ഹോങ്കോങിലെ ഡിസ്നിലാന്റില്‍ പോയതും മിക്കിയോടും മിന്നിയോടും ഒപ്പം നിന്ന് ഫോട്ടോ എടുത്തതും അങ്ങനെ പറയാനൊരു നൂറുകൂട്ടം കാര്യങ്ങള്‍. അവളായിരുന്നു അന്ന് ക്ളാസിലെ സ്റ്റാര്‍.
അച്ഛനും അമ്മയ്ക്കും രണ്ടുപെങ്ങമ്മാര്‍ക്കും ദേവ്യാനിയുടെ വക സര്‍പ്രൈസ് ഗിഫ്റ്റായിരുന്നു ഹോങ്കോങ് യാത്ര. എല്ലാ വെക്കേഷനും അച്ഛന്‍ ടൂറിന് കൊണ്ടുപോകും. ഇത്തവണ അത് ദേവ്യാനിയുടെ വകയായി.
ഡിസ്നിയുടെ കാര്‍ട്ടൂണ്‍ ചാനലിലെ "ഹന്നാ മൊന്റാന" ഷോയുടെ ആരാധികയാണ് ദേവ്യാനി. ഈ ഷോയെ അധികരിച്ച് ഡിസ്നി ഇന്ത്യ നടത്തിയ ദേശീയ സൂപ്പര്‍ സ്റ്റാര്‍ സമ്മര്‍ ഓണ്‍ലൈന്‍ മത്സരത്തിലെ വിജയിയായ ദേവ്യാനിക്ക് ലഭിച്ച സമ്മാനമായിരുന്നു കുടുംബ സമേതമുള്ള ഹോങ്കോങ് യാത്ര.
കഴിഞ്ഞ മാസം 21 മുതല്‍ 26 വരെ ആയിരുന്നു ഇവരുടെ ഹോങ്കോങ് യാത്ര.
ഇന്ത്യന്‍ നിര്‍മ്മിത ചൈനീസ് ഫുഡ് കഴിച്ച് പരിചയമുള്ള ദേവ്യാനിക്കും അനിയത്തിമാര്‍ക്കും വേറിട്ട അനുഭവമായിരുന്നു ഹോങ്കോങിലെ ചൈനാക്കാര്‍ നല്കിയ നൂഡില്‍സ്.
അവിടത്തെ ഡിസ്നി പാര്‍ക്കിലേക്കുള്ള യാത്ര 23 ന് ആയിരുന്നു. കാര്‍ട്ടൂണ്‍ ചാനലില്‍ മാത്രം കണ്ടുപരിചയമുള്ള മിക്കിയും മിന്നിയും ഡൊണാള്‍ഡ് ഡക്കും, സ്ക്രൂജമ്മാവനും പിന്നെ തങ്ങളെപ്പോലെ വികൃതികളായ ഹ്യൂയിയും ഡ്യൂയിയും ലൂയിയുമൊക്കെ കിന്നാരം പറഞ്ഞ് അടുത്ത് കൂടിയപ്പോള്‍ ദേവ്യാനി ഇന്‍ വണ്ടര്‍ലാന്‍ഡ് ആയി. അന്നുമുതല്‍ ഏഴുവയസ്സുള്ള ഇഷാനിയും, അഞ്ച് വയസ്സുള്ള താരിണിയും ദേവ്യാനിയോട് പറയുന്ന ഒരു വാചകമുണ്ട്, "താങ്ക്സ് ചേച്ചി". ഇതു കേട്ട് ഇവരുടെ അമ്മയും പറയുന്നു "താങ്ക്സ് മോളെ". കാരണം ദേവ്യാനി ഇവര്‍ക്ക് നല്കിയത് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ്.
ഹന്നാ മൊന്റാന ഷോയെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ക്വിസ് മത്സരമായിരുന്നു ഇത്. ഷോയുടെ കൂടെ ടി.വി സ്ക്രീനില്‍ സ്ക്രോള്‍ ചെയ്ത അറിയിപ്പ് കണ്ടാണ് ദേവ്യാനി മത്സരത്തിന് രജിസ്റ്റര്‍ ചെയ്തത്. ഡിസ്നിയുടെ ഇന്ത്യയിലെ ഓഫീസായിരുന്നു മത്സരം നടത്തിയത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുടെ ചോയ്സ് ഉണ്ടായിരുന്നു, മറ്റു ചിലവയ്ക്ക് ചോയ്സ് ഉണ്ടായില്ല. ഉത്തരങ്ങള്‍ നല്‍കി ഏതാനും മിനുട്ടുകള്‍ക്കകം മത്സരാര്‍ത്ഥിയുടെ സ്കോര്‍ നില മനസ്സിലാക്കാം. ഏറ്റവും കൂടുതല്‍ മാര്‍ക്ക് സ്കോര്‍ ചെയ്ത ഇരുപത് പേരുടെ ലിസ്റ്റ് സ്ക്രീനില്‍ തെളിയും.
മൂന്നാഴ്ച്ച നീണ്ട മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആദ്യ പത്തില്‍ കയറിയും ഇറങ്ങിയും നിന്ന ദേവ്യാനി അവസാന ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. വിജയിയായ വിവരം ദേവ്യാനിയുടെ അമ്മയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് ഡിസ്നി ഇന്ത്യ അധികൃതര്‍ അറിയിച്ചത്.
ദേവ്യാനിക്ക് ലഭിച്ച ഒന്നാം സമ്മാനം വീട്ടുകാര്‍ക്കൊപ്പം ഹോങ്കോങിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റും, ഹോങ്കോങില്‍ മൂന്ന് ദിവസം താമസവും, ഡിസ്നിലാന്‍ഡ് തീംപാര്‍ക്കില്‍ സൌജന്യ പ്രവേശനവും 1000 ഡോളര്‍ പോക്കറ്റ് മണിയുമായിരുന്നു.
സ്കൂളില്‍ ആനുവല്‍ ഡേയ്ക്കും മറ്റു പരിപാടികളിലും നൃത്തവും പാട്ടും അവതരിപ്പിക്കാറുള്ള ഈ കൊച്ചു മിടുക്കി പകുതി വഴിയില്‍ നിര്‍ത്തിയ നൃത്ത പഠനവും ഗാന പരിശീലനവും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. വരയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
കോഴിക്കോട് ചേവായൂര്‍ ഭാരതീയ വിദ്യാഭവനിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ദേവ്യാനി.
മാത്യഭൂമി എഡിറ്റോറിയല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ പി.വി.നിധീഷാണ് അച്ഛന്‍. അമ്മ ഭാവന നിധീഷ്.