കഥയുടെ ഇങ്ക്...
ഒരിക്കല്‍ ഒരിടത്ത് ഒരു കുഞ്ഞാവയുണ്ടായിരുന്നു. കുഞ്ഞാവയ്ക്ക് വാപ്പച്ചിയും ഉമ്മച്ചിയും പിന്നെ ഇക്കായും ആയിരുന്നു പ്രിയപ്പെട്ടവര്‍. കുഞ്ഞാവ ഇങ്കേ ഇങ്കേ എന്ന് കരഞ്ഞപ്പോള്‍ ഇക്ക വിളിച്ചു ഇങ്കുവെന്ന്. അത് പേരായി. കുഞ്ഞായിരിക്കുമ്പോ ഇങ്കുവും വാപ്പച്ചിയും ഉമ്മീരയും കൂടി ഉമ്മീരേടെ വീട്ടില്‍ പോയി. കുഞ്ഞായിരിക്കുമ്പോ എന്ന് പറഞ്ഞാ മോള്‍ക്ക് അഞ്ചു വയസ്സായിരുന്നു. അവിടെ ഒരു തള്ളയാടും കുഞ്ഞാടും ഉണ്ടായിരുന്നു. കുഞ്ഞാടും ഇങ്കുമോളും വലിയകൂട്ടായി. എന്ന് പറഞ്ഞാ ഉണ്ണും പിന്നെ ഒരുപായില് കെടക്കും. അവധി പെട്ടെന്ന് കഴിഞ്ഞു പോയി. കുഞ്ഞാടിനെ വിട്ടിട്ട് വീട്ടീ പോണം എന്ന് കേട്ടപ്പോ ഇങ്കുവിന് കരച്ചില്‍ വന്നു. എല്ലാ ശനിയും ഞായറും കുഞ്ഞാടുമായി കളിക്കാന്‍ കൊണ്ടുപോകാം എന്ന് വാപ്പ പറഞ്ഞു. അങ്ങനെ ഇങ്കുമോള് തിരിച്ച് വീട്ടില്‍ വന്നു. കുറെ ദിവസം വാപ്പച്ചി വാക്കു പാലിച്ചു. പിന്നീട് കാലുമാറി തുടങ്ങി. കുഞ്ഞാടിനെ കാണണമെന്ന് വാശിപിടിച്ച് ഇങ്കുവിന് പനി വന്നു. അപ്പോ വാപ്പച്ചി പറഞ്ഞു മോള് കുഞ്ഞാടിനെ കുറിച്ചൊരു കഥയെഴുത്, അങ്ങനെ ഇങ്കു കുഞ്ഞാടിന്റെ കഥ എഴുതി. അതാണ് ട് എന്ന കുഞ്ഞാടിന്റെ കഥ. അങ്ങനെ ഇങ്കു അഞ്ചാം വയസ്സില്‍ കുഞ്ഞു കഥാകാരിയായി. പിന്നെ പിന്നെ അവള്‍ സ്ഥിരമായി കഥ എഴുതിത്തുടങ്ങി. ഒരിടത്ത് എന്ന വാക്കു കൊണ്ടാണ് സാധാരണ കുട്ടിക്കഥകള്‍ തുടങ്ങുന്നതെങ്കിലും ഇങ്കുവാണ് എഴുതുന്നതെങ്കില്‍ ശൈലി മാറും. ഒരു ദിവസത്തിലാണ് ഇങ്കുവിന്റെ കഥകള്‍ തുടങ്ങുന്നത്. പാപ്പച്ചി, ഉമ്മച്ചി, ഇക്ക തുടങ്ങി ഇങ്കുവിന്റെ ചുറ്റിലും ഉള്ളവരും പിന്നെ അവളുടെ കൂട്ടുകാരുമൊക്കെയാണ് കഥകളിലെ കഥാപാത്രങ്ങള്‍. ഇങ്കുവിന്റെ മനസ്സിലെ നിഷ്കളങ്കത ഈ കഥകളില്‍ പ്രതിഫലിക്കുന്നു. തനിക്കു ചുറ്റുമുള്ള സംഭവങ്ങള്‍ തികഞ്ഞ സ്വാഭാവികതയോടെ ബാല മനസ്സിലൂടെ കഥകളായി പിറക്കുന്നു. സമകാലിക വിഷയങ്ങളും കുഞ്ഞു മനസ്സിന്റെ ഭാവനകളും കുഞ്ഞു വിരലുകളിലൂടെ പുറത്തു വന്നപ്പോള്‍ കഥകള്‍ ആസ്വാദ്യമായി മാറി. ഇങ്കുവിനെപ്പോലെ കുഞ്ഞാണ് അവളുടെ കഥകളും അവയിലെ വാചകങ്ങളും. എഴുതുന്നതിനേക്കാളുപരി അവള്‍ കഥ പറയുകയാണ്. ഇങ്കുവിന് ആറ് വയസ്സായപ്പോള്‍ അതായത് २००४ മാര്‍ച്ചില്‍ ഇങ്കു പറഞ്ഞ കഥകള്‍ എന്ന പേരില്‍ ആദ്യകഥാ സമാഹാരം പുറത്തിറങ്ങി. ഇപ്പോള്‍ ഇങ്കുവിന് പ്രായം പതിനൊന്ന്. പഠിക്കുന്നത് ആറാം ക്ളാസ്സില്‍. പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണം എട്ട്. പൂവും പുഴയും, മൂക്കുത്തി പട്ടി, നത്തുകണ്ണ്, തേനൂളന്‍, മാന്യന്‍ തുടങ്ങിയവയാണ് ഇങ്കുവിന്റെ പുസ്തകങ്ങള്‍.
No comments:
Post a Comment