ചന്ദ്രനിലെ മലയാളീസ് കോര്‍ണര്‍ തട്ടുകടയില്‍ നിന്നും ഉടമ കറിയാച്ചന്‍ ചന്ദ്രനിലെ ജീവിതാനുഭവം
എസ്-മെയില്‍ വഴി നടത്തിയ ചാറ്റിലൂടെ വിവരിക്കുന്നു
ഇനി തന്റെയും വീട്ടുകാരിയുടെയും പിള്ളാരുടെയും പടങ്ങളും വിശേഷങ്ങളും എളുപ്പത്തില്‍ കോട്ടയത്തെ ബന്ധുക്കള്‍ക്ക് എത്തിക്കാം എന്ന സന്തോഷത്തിലാണ് കറിയാച്ചന്‍. സന്തോഷം കാരണം കറിയാച്ചന്‍ കഴിഞ്ഞ രണ്ടാഴ്ച്ചകൊണ്ട് തീര്‍ത്ത കുപ്പിക്ക് കണക്കില്ല. വീട്ടുകാരി തടയാന്‍ ശ്രമിച്ചെങ്കിലും ഭാര്യയെ അനുസരിക്കാന്‍ കറിയാച്ചനെ കിട്ടില്ല. ഒരുനൂറ്റാണ്ടുമുമ്പ് വല്ല്യപ്പച്ചന്‍ ചന്ദ്രനിലേക്ക് കുടിയേറിയെങ്കിലും, ഇപ്പോഴത്തെ ചാന്ദ്രതറവാട്ടുകാരനായ കറിയാച്ചന്‍ അച്ചായന്‍മാരുടെ സ്വഭാവം മാറ്റിയിട്ടില്ല. ചന്ദ്രനിലെത്തിയാലും അച്ചായന്‍മാര്‍ കുടുംബ പാരമ്പര്യം മറക്കില്ല. ചന്ദ്രനിലെ മൂന്നാമത്തെ തലമുറയാണ് കറിയാച്ചന്‍.
കറിയാച്ചന്റെ വല്ല്യപ്പച്ചനെ നമ്മളെല്ലാവരും അറിയും. 1969 ല്‍ നീലും കൂട്ടുകാരും സ്ട്രോങ്ങ് ആയി ചന്ദ്രികയില്‍ ചാലിച്ച ചായ കുടിച്ച അനുഭവം മറക്കില്ല.
ചന്ദ്രികയുടെ മിശ്രണവും വല്ല്യപ്പച്ചന്റെ പാക്കിംഗുമാണ് ആ ചായയുടെ രഹസ്യമെന്ന് കറിയാച്ചന്‍. മലയാളീസ് കോര്‍ണര്‍ തട്ടുകടയില്‍ നിന്നും ചായ കുടിച്ചവരൊന്നും അത് മറക്കത്തില്ല. പറക്കുംതളികളുടെയും മറ്റു അന്യഗ്രഹ ജീവികളുടെയും ഇടത്താവളമാണിവിടം. പുത്തന്‍ മോഡല്‍ തളികയിലാ കറിയാ വീ.ഐ.പികള്‍ക്ക് ചായ വിളമ്പുന്നത്.
മുമ്പ് പടവും മറ്റും അയയ്ക്കണമെങ്കില്‍ സാം അങ്കിളിന്റെ കാലുപിടിക്കണം. ഇനി അതുവേണ്ടല്ലോ, അമേരിക്കന്‍ ചാരന്മാരെ കൊണ്ട് പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. എല്ലാം അവന്മാര് പരിശോധിച്ചേ വിടൂ. ഇവിടം അങ്കിള്‍ സാമിന് സ്ത്രീധനം കിട്ടിയേന്നാ അവന്മാരുടെ ഭാവം. ഇനി ഏതായാലും നമ്മുടെ സ്വന്തം ചന്ദ്രയാനുണ്ടല്ലോ. പറയ്, കറിയാ എങ്ങനെ കുടിക്കാതിരിക്കും. ആഘോഷിക്കണ്ടേ. വൈകുന്നേരം എന്താ പരിപാടി എന്നായിരുന്നു പണ്ട്, ഇപ്പോ രാവിലെ തന്നെ തുടങ്ങും.
തങ്ങള്‍ ഇവിടെ ഉള്ളതുകൊണ്ടാണ് മിപ് നിര്‍മാണം മലയാളീസിനെ ഏല്പിച്ചതെന്നാണ് കറിയാച്ചന്റെ വാദം.
ഭൂമിയിലെ സാമ്പത്തിക പ്രതിസന്ധി ചന്ദ്രനെ ബാധിക്കാതെ സുരക്ഷിതമാക്കുന്നതിനിടയിലാണ് ഇന്ത്യ ചന്ദ്രയാന്‍ വിക്ഷേപിച്ച കാര്യം സ്പേസ് നെറ്റ് വഴി കറിയാച്ചന്‍ അറിഞ്ഞത്. ഞാനും കുടുംബവും ചൊവ്വയിലേക്ക് കുടിയേറിയതായി ജി. മാധവന്‍ നായര്‍ ഇന്ത്യാവിഷനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞതായി അറിഞ്ഞു. ഇവിടെ മലയാളം ചാനലുകള്‍ ഇല്ലാത്തതിനാല്‍ കറിയാച്ചന്‍ അഭിമുഖം കണ്ടില്ല. കോട്ടയത്തെ പിള്ളാരാണ് വിവരം എസ്-മെയില്‍ ചെയ്തത്. പരിപാടി കണ്ട് പിള്ളാര് അന്തംവിട്ടുപോയി. കറിയാച്ചന്റെ പെങ്ങളും കുടുംബവുമാണ് ചൊവ്വയിലേക്ക് പോയത്. നാത്തൂന്‍ പോര് കാരണമാ അവര് പോയത്.
കാര്യം പെങ്ങളും ഭാര്യയുമൊക്കെത്തന്ന രണ്ടും ഇരിക്കപ്പൊറുതി തരില്ലാന്നേ അതുകൊണ്ട് ഞാനാ പറഞ്ഞത് പെങ്ങളെ അളിയനെയും കൂട്ടി ചൊവ്വയ്ക്ക് വിട്ടോന്ന് കറിയാ പറഞ്ഞു. നേരെ ചൊവ്വേ നടക്കാഞ്ഞിട്ടല്ലേ. ഇതിനെയാ ആ അമേരിക്കന്‍സ് മാധവന്‍ നായരുടെ ചെവിയിലെത്തിച്ചത്. തെറ്റിദ്ധാരണയാ എല്ലാറ്റിനും കാരണം. അല്ലെങ്കില്‍ ചന്ദ്രനിലേക്ക് റോക്കറ്റ് വിടുമ്പം നമ്മളെ അറിയിക്കണ്ടേ. സാം പറഞ്ഞത് മാധവന്‍ നായര് അങ്ങ് വിശ്വസിച്ചു. അല്ലെങ്കിലും ഇന്ത്യാക്കാര് ഇപ്പോ ഇങ്ങനെയാ അമേരിക്ക എന്ത് പറഞ്ഞാലും കണ്ണടച്ച് വിഴുങ്ങും. മാധവന്‍ നായര് നമ്മളെ അറിയിച്ചില്ലെങ്കിലും നമ്മള് എല്ലാം അറിയും. എങ്ങനെ അറിഞ്ഞു എന്നായിരിക്കും വിചാരിക്കുന്നത് അല്ലേ. വെറുതെയല്ല മാഷെ പിള്ളാര് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരായത്. ഇവിടെ കാര്യങ്ങളെല്ലാം നടക്കുന്നത് സ്പേസ് നെറ്റ് വഴിയാ. കോട്ടയത്തെ പിളളാര് കണ്ടുപിടിച്ചതാ. ഇപ്പോ ഇതുവഴി പോകുന്ന എല്ലാ ബഹിരാകാശവാസികളും ഇവിടെ ഇറങ്ങി സ്പേസ് നെറ്റ് കണക്ഷന്‍ എടുത്തിട്ടേ പോകൂ. ഈ പ്രപഞ്ചം മുഴുവന്‍ സ്പേസ് നെറ്റിലാ. ശൂന്യതയായതുകൊണ്ട് നല്ല സ്പീഡാ വിവരം കൈമാറാന്‍. കഴിഞ്ഞ ദിവസം ചൊവ്വയില് നമ്മടെ മലയാളീസ് നെറ്റ് കഫേ ഫ്രാഞ്ചസി ഉദ്ഘാടനമായിരുന്നു. നമ്മളോട് പറഞ്ഞിരുന്നെങ്കില് എല്ലാ സഹായവും നല്കിയേനെ. ങ്ഹാ ഇനി പറഞ്ഞിട്ടു കാര്യമില്ലലോ.
No comments:
Post a Comment