കോഴിക്കോട്: "ഞാനൊരു രഹസ്യം പറയാം. ജിത്തുവിന് വിഷമമുണ്ടാക്കുന്ന കാര്യമാണ്" മമ്മീ ആന്റ് മീയുടെ ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍ പറഞ്ഞപ്പോള്‍ സംവിധായകന്‍ ജിത്തുവിന്റെ മുഖം മാറിത്തുടങ്ങിയിരുന്നു. "ജിത്തു ഈ സിനിമ മോഷ്ടിച്ചതാണ്". ജിത്തുവിന്റെ മുഖം വിളറി. "ഈ സിനിമ ഇയാള്‍ നിങ്ങളുടെ വീട്ടില്‍നിന്ന് മോഷ്ടിച്ചതാണ്." ജിത്തുവിന്റെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു. സിനിമയുടെ വിജയരഹസ്യമാണ് വിപിന്‍ പറഞ്ഞത്.
ഈ സിനിമയിലെ ക്ളാരയും ജോസഫും എന്റെ വീട്ടിലുമുണ്ട്. എന്നാലും ജുവലിന്റെ അത്ര ഞാന്‍ വരില്ല. വിപിന് പിന്തുണയുമായി നായിക അര്‍ച്ചനാ കവിയുമെത്തി.
മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററാണ് ഈ സിനിമയെന്ന് വിപിന്‍ അഭിപ്രായപ്പെട്ടു. കഥയില്ലായ്മയാണ് മലയാള സിനിമയുടെ പ്രശ്നം എന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ പറയുകയാണ് ഇത് എന്റെ വീട്ടില്‍ ദിവസവും നടക്കുന്നതല്ലേയെന്ന്. വീട്ടിന് പുറത്തിറങ്ങി നിന്ന് നോക്കണം മമ്മീയെയും മീയെയും കാണാനാകും.
"എന്റെ ചേട്ടാ വളച്ചുകെട്ടി ചോദിക്കാതെ അങ്ങനെ ഓപ്പണായി ചോദിക്ക്. ക്യാരക്ടര്‍ ഫസ്റ്റ്, ഡ്രസ് സെക്കന്റ്. നീലത്താമരയിലെ കുഞ്ഞിമാളുവിന്റെ വേഷം വടക്കേഇന്ത്യക്കാരുടെ മുന്നില്‍ ഗ്ളാമര്‍ വേഷമാണ്. എന്നാല്‍ കേരളീയര്‍ക്ക് അത് പരമ്പരാഗതമായുള്ളതാണ്. അതുകൊണ്ട് കഥാപാത്രത്തെ ആശ്രയിച്ചിരിക്കും ഡ്രസ്. നല്ലവേഷം കിട്ടിയാല്‍ ചെയ്യും." മലയാളത്തനിമ വിട്ടുള്ള കളിയില്ലെന്ന് പറഞ്ഞിരുന്ന മലയാള നടിമാര്‍ അതിര്‍ത്തി കടക്കുമ്പോള്‍ ഗ്ളാമറസ് ആകുന്നതിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അര്‍ച്ചന തന്റെ സിനിമാ ഡ്രസ് കോഡ് വ്യക്തമാക്കി.
സിനിമയില്‍ വഴക്കുകൂടുന്ന രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നാറുണ്ട്. യഥാര്‍ത്ഥത്തില്‍ വഴക്കുകൂടുന്നതുപോലെ ഈസിയായി കാമറയ്ക്കുമുന്നില്‍ ചെയ്യാനാകുന്നില്ല. പിന്നെ ഞാന്‍ രണ്ടു സിനിമയിലല്ലേ അഭിനയിച്ചിട്ടുള്ളൂ. കൂടുതല്‍ പിന്നെ പറയാം. അഭിനയിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകുന്ന രംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ നയം വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമയായതിനാല്‍ പ്രൊഡ്യൂസറെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായതായി തിരക്കഥാകൃത്തും സംവിധായകനുമായ ജിത്തുജോസഫ് പറഞ്ഞു. ബ്രാന്‍ഡ് സംവിധായകനാകാന്‍ താല്പര്യമില്ല. അങ്ങനെ ആയവരൊക്ക മാറാന്‍ നോക്കുകയാണ്. വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ താല്പര്യമുള്ളതിനാല്‍ അടുത്ത പ്രോജക്ട് ഒരു ത്രില്ലറാണ് ഒരുക്കുന്നത്. ജിത്തുവിന്റെ ആദ്യ സിനിമ കുറ്റാന്വേഷണ സിനിമയായ ഡിറ്റക്ടീവ് ആണ്.
മമ്മീ ആന്റ് മീ ഹിറ്റായതിനെത്തുടര്‍ന്ന് ധാരാളം പ്രൊഡ്യൂസര്‍മാര്‍ വിളിച്ചിരുന്നു. അവര്‍ക്കെല്ലാം വേണ്ടത് ഇതുപോലൊരു കുടുംബ കഥയായതിനാല്‍ താല്പര്യമില്ലെന്ന് പറഞ്ഞു.
മമ്മീ ആന്‍ഡ് മീയിലെ കഥാപാത്രങ്ങള്‍ നമ്മുടെയൊക്കെ വീട്ടിലുള്ളതാണ്. അമ്മയും മകളുമായുള്ള പിണക്കങ്ങള്‍ സര്‍വ്വസാധാരണമാണ്. സിനിമ റിലീസായശേഷം ജിത്തുവിന്റെ ഫോണിലേക്ക് മാതാപിതാക്കളുടെ കോളിന്റെ ബഹളമാണ്. എല്ലാ പേര്‍ക്കും വേണ്ടത് അവരുടെ മക്കളോട് സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കണം. ചിലര്‍ക്ക് സിനിമയിലെ ഡോക്ടരുടെ നമ്പര്‍ വേണം. ഇതൊക്കെ സിനിമയുടെ വിജയമായി ഇവര്‍ കരുതുന്നു.
പത്രസമ്മേളനത്തില്‍ സംഗീത സംവിധായകന്‍ സെജോ ജോണും, മാസ്റ്റര്‍ ജീവനും പങ്കെടുത്തു. ഇരുവരുടെയും ആദ്യസിനിമയാണിത്.
No comments:
Post a Comment