Sunday, June 13, 2010

ദേവ്യാനി ഇന്‍ വണ്ടര്‍ലാന്‍ഡ്

കോഴിക്കോട്: സ്കൂള്‍ തുറന്ന ദിവസം ദേവ്യാനിക്ക് കൂട്ടുകാരി മനീഷയോട് പറയാന്‍ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു. ഹോങ്കോങിലെ ഡിസ്നിലാന്റില്‍ പോയതും മിക്കിയോടും മിന്നിയോടും ഒപ്പം നിന്ന് ഫോട്ടോ എടുത്തതും അങ്ങനെ പറയാനൊരു നൂറുകൂട്ടം കാര്യങ്ങള്‍. അവളായിരുന്നു അന്ന് ക്ളാസിലെ സ്റ്റാര്‍.
അച്ഛനും അമ്മയ്ക്കും രണ്ടുപെങ്ങമ്മാര്‍ക്കും ദേവ്യാനിയുടെ വക സര്‍പ്രൈസ് ഗിഫ്റ്റായിരുന്നു ഹോങ്കോങ് യാത്ര. എല്ലാ വെക്കേഷനും അച്ഛന്‍ ടൂറിന് കൊണ്ടുപോകും. ഇത്തവണ അത് ദേവ്യാനിയുടെ വകയായി.
ഡിസ്നിയുടെ കാര്‍ട്ടൂണ്‍ ചാനലിലെ "ഹന്നാ മൊന്റാന" ഷോയുടെ ആരാധികയാണ് ദേവ്യാനി. ഈ ഷോയെ അധികരിച്ച് ഡിസ്നി ഇന്ത്യ നടത്തിയ ദേശീയ സൂപ്പര്‍ സ്റ്റാര്‍ സമ്മര്‍ ഓണ്‍ലൈന്‍ മത്സരത്തിലെ വിജയിയായ ദേവ്യാനിക്ക് ലഭിച്ച സമ്മാനമായിരുന്നു കുടുംബ സമേതമുള്ള ഹോങ്കോങ് യാത്ര.
കഴിഞ്ഞ മാസം 21 മുതല്‍ 26 വരെ ആയിരുന്നു ഇവരുടെ ഹോങ്കോങ് യാത്ര.
ഇന്ത്യന്‍ നിര്‍മ്മിത ചൈനീസ് ഫുഡ് കഴിച്ച് പരിചയമുള്ള ദേവ്യാനിക്കും അനിയത്തിമാര്‍ക്കും വേറിട്ട അനുഭവമായിരുന്നു ഹോങ്കോങിലെ ചൈനാക്കാര്‍ നല്കിയ നൂഡില്‍സ്.
അവിടത്തെ ഡിസ്നി പാര്‍ക്കിലേക്കുള്ള യാത്ര 23 ന് ആയിരുന്നു. കാര്‍ട്ടൂണ്‍ ചാനലില്‍ മാത്രം കണ്ടുപരിചയമുള്ള മിക്കിയും മിന്നിയും ഡൊണാള്‍ഡ് ഡക്കും, സ്ക്രൂജമ്മാവനും പിന്നെ തങ്ങളെപ്പോലെ വികൃതികളായ ഹ്യൂയിയും ഡ്യൂയിയും ലൂയിയുമൊക്കെ കിന്നാരം പറഞ്ഞ് അടുത്ത് കൂടിയപ്പോള്‍ ദേവ്യാനി ഇന്‍ വണ്ടര്‍ലാന്‍ഡ് ആയി. അന്നുമുതല്‍ ഏഴുവയസ്സുള്ള ഇഷാനിയും, അഞ്ച് വയസ്സുള്ള താരിണിയും ദേവ്യാനിയോട് പറയുന്ന ഒരു വാചകമുണ്ട്, "താങ്ക്സ് ചേച്ചി". ഇതു കേട്ട് ഇവരുടെ അമ്മയും പറയുന്നു "താങ്ക്സ് മോളെ". കാരണം ദേവ്യാനി ഇവര്‍ക്ക് നല്കിയത് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ്.
ഹന്നാ മൊന്റാന ഷോയെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ക്വിസ് മത്സരമായിരുന്നു ഇത്. ഷോയുടെ കൂടെ ടി.വി സ്ക്രീനില്‍ സ്ക്രോള്‍ ചെയ്ത അറിയിപ്പ് കണ്ടാണ് ദേവ്യാനി മത്സരത്തിന് രജിസ്റ്റര്‍ ചെയ്തത്. ഡിസ്നിയുടെ ഇന്ത്യയിലെ ഓഫീസായിരുന്നു മത്സരം നടത്തിയത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുടെ ചോയ്സ് ഉണ്ടായിരുന്നു, മറ്റു ചിലവയ്ക്ക് ചോയ്സ് ഉണ്ടായില്ല. ഉത്തരങ്ങള്‍ നല്‍കി ഏതാനും മിനുട്ടുകള്‍ക്കകം മത്സരാര്‍ത്ഥിയുടെ സ്കോര്‍ നില മനസ്സിലാക്കാം. ഏറ്റവും കൂടുതല്‍ മാര്‍ക്ക് സ്കോര്‍ ചെയ്ത ഇരുപത് പേരുടെ ലിസ്റ്റ് സ്ക്രീനില്‍ തെളിയും.
മൂന്നാഴ്ച്ച നീണ്ട മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആദ്യ പത്തില്‍ കയറിയും ഇറങ്ങിയും നിന്ന ദേവ്യാനി അവസാന ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. വിജയിയായ വിവരം ദേവ്യാനിയുടെ അമ്മയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് ഡിസ്നി ഇന്ത്യ അധികൃതര്‍ അറിയിച്ചത്.
ദേവ്യാനിക്ക് ലഭിച്ച ഒന്നാം സമ്മാനം വീട്ടുകാര്‍ക്കൊപ്പം ഹോങ്കോങിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റും, ഹോങ്കോങില്‍ മൂന്ന് ദിവസം താമസവും, ഡിസ്നിലാന്‍ഡ് തീംപാര്‍ക്കില്‍ സൌജന്യ പ്രവേശനവും 1000 ഡോളര്‍ പോക്കറ്റ് മണിയുമായിരുന്നു.
സ്കൂളില്‍ ആനുവല്‍ ഡേയ്ക്കും മറ്റു പരിപാടികളിലും നൃത്തവും പാട്ടും അവതരിപ്പിക്കാറുള്ള ഈ കൊച്ചു മിടുക്കി പകുതി വഴിയില്‍ നിര്‍ത്തിയ നൃത്ത പഠനവും ഗാന പരിശീലനവും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. വരയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
കോഴിക്കോട് ചേവായൂര്‍ ഭാരതീയ വിദ്യാഭവനിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ദേവ്യാനി.
മാത്യഭൂമി എഡിറ്റോറിയല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ പി.വി.നിധീഷാണ് അച്ഛന്‍. അമ്മ ഭാവന നിധീഷ്.

1 comment:

ഉപാസന || Upasana said...

കൊള്ളാമല്ലോ ദേവൂട്ടി
:-)