Tuesday, October 05, 2010

ദേവദുന്ദുഭി സാന്ദ്രലയം...

മലയാളി മനസ്സുകളില്‍ വിശേഷണങ്ങള്‍ക്കതീതനായ വയലാര്‍ രാമവര്‍മ ആദ്യമായി സിനിമയ്ക്ക് വേണ്ടി ഗാനമെഴുതാന്‍ തപസ്സിരുന്ന മുറിയില്‍നിന്നാണ് ഞാനും എന്റെ തീര്‍ത്ഥയാത്ര തുടങ്ങുന്നത്. ആലപ്പുഴ ബ്രദേഴ്സ് ടൂറിസ്റ്റ് ഹോമിലിരുന്ന് വയലാറിനെ മനസ്സില്‍ ധ്യാനിച്ച് ധൈര്യം നേടിയാണ് ദേവദുന്ദുഭി സാന്ദ്രലയം... എന്ന ആദ്യ ഗാനം എഴുതി തുടങ്ങുന്നത്. 1985 ന്റെ അവസാനമായിരുന്നു അത്. ഇരുപത്തിയഞ്ച് വര്‍ഷമാകുന്നു ഇപ്പോള്‍.

ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയ്ക്ക് വേണ്ടി അന്ന് നാല് പാട്ടുകളാണ് ഞാനെഴുതിയത്. ദേവദുന്ദുഭിയെഴുതിയ ശേഷം ഫാസിലിനെക്കാണിച്ചു, ആത്മവിശ്വാസക്കുറവുണ്ടായിരുന്നു എനിക്ക്. കാരണം ഫാസില്‍ ഉദ്ദേശിച്ച രീതിയില്‍ എഴുതാനായോ എന്ന ശങ്ക മനസ്സിനെ മഥിച്ചിരുന്നതിനാലാണത്. എന്നാല്‍ എന്റെ മനസിന് ആശ്വാസമേകി ഫാസില്‍ പാട്ട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. അദ്ദേഹവുമായി സഹൃദയത്വം സ്ഥാപിക്കാനായതാണ് ആ പാട്ട് മികച്ചതാകാന്‍ കാരണം.

തിരുവനന്തപുരത്ത് കാവാലം നാരായണപ്പണിക്കരുടെ നാടകട്രൂപ്പില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അക്കാലത്ത് ഞാന്‍. അതേസമയം ആകാശവാണിക്കുവേണ്ടിയും എഴുതുമായിരുന്നു. കോഴിക്കോട് മാതൃഭൂമിയില്‍ പ്രൂഫ് റീഡറുമായിരുന്നു.

ഫാസില്‍ കാവാലത്തെ കാണാനായി വരുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു. ഞാന്‍ അത്രയൊന്നും പ്രശസ്തനല്ലാത്ത കാലം. എന്നെ ഫാസിലിന് പരിചയപ്പെടുത്തുന്നത് ആലപ്പുഴയിലെ ഇ.സി തോമസ് എന്ന കൂട്ടുകാരനായിരുന്നു.

എന്ത് കൊണ്ട് ഈ സിനിമയില്‍ ഞാന്‍? എന്ന ചോദ്യത്തിന് ഫാസില്‍ പറഞ്ഞു. നിങ്ങളെന്റെ പിന്നാലെ അവസരം ചോദിച്ച് വന്നിട്ടില്ല.

അതാണ് എനിക്ക് പ്ളസ് പോയിന്റായത്. നെടുമുടി വേണുവും ഫാസിലും തോമസും ഒരുമിച്ച് പഠിച്ചിട്ടുണ്ടായിരുന്നു. വേണുവും ഞാനും നാലുവര്‍ഷം ഒരേമുറിയില്‍ താമസിച്ച് കാവാലത്തിന്റെ നാടകസംഘത്തില്‍ പ്രവര്‍ത്തിച്ചവരാണ്. ആ സിനിമയില്‍ അഭിനയിച്ചിരുന്ന ശ്രീവിദ്യയെയും പരിചയമുണ്ടായിരുന്നു.

പുതുമുഖ പ്രാധാന്യമുള്ളതായിരുന്നു എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമ. നായകനും നായികയും ആയി പുതുമുഖങ്ങളായ സംഗീതും, സോണിയയും. ഗാനരചയിതാവായി ഞാനും. ഇതില്‍ ഇന്ന് രംഗത്തുള്ളത് ഞാന്‍ മാത്രം. അതുപോലെ മറ്റൊരു കാര്യം ജെറി അമല്‍ദേവായിരുന്നു സംഗീത സംവിധായകന്‍. ഞങ്ങള്‍ പാട്ടിന്റെ മറ്റു വേദികളില്‍ മുമ്പും അതിനുശേഷവും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ആ ഒരുസിനിമയില്‍ മാത്രമേ ഞങ്ങളൊരുമിച്ചുണ്ടായിരുന്നുള്ളൂ.

മുഴുവന്‍ സമയ സിനിമാ പ്രവര്‍ത്തകന്‍ ആകുമെന്ന വിശ്വാസമൊന്നും സിനിമയ്ക്ക് വേണ്ടി എഴുതി തുടങ്ങുമ്പോള്‍ എനിക്കുണ്ടായിരുന്നില്ല. ദാസേട്ടനാണ് കണ്ണേട്ടനിലെ പാട്ടുകള്‍ പാടിയിരിക്കുന്നത്. മുമ്പ് ആകാശവാണിക്ക്വേണ്ടി എന്റെ ചില ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ടായിരുന്നു. ചെന്നൈയില്‍ റെക്കോര്‍ഡിങ്ങിന് ശേഷം അദ്ദേഹം പറഞ്ഞു, 'എനിക്ക് ഉറപ്പുണ്ടായിരുന്നു താന്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്ന്'. അദ്ദേഹത്തിന്റെ പ്രോത്സാഹനവും നല്ലവാക്കുകളും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. കാലം എന്റെ വഴി തിരിച്ച് വിടുകയായിരുന്നു.

No comments: