Showing posts with label keralakaumudi weekly. Show all posts
Showing posts with label keralakaumudi weekly. Show all posts

Monday, June 20, 2011

വേറിട്ട വഴികളില്‍ നരേന്‍

നരേന്‍ എന്ന പേരിന് അര്‍ത്ഥം നല്ല മനുഷ്യന്‍ എന്നാണ്. എന്നാല്‍ ആ അര്‍ത്ഥത്തിനുംമേലെ, നല്ല കഥാപാത്രങ്ങളെ കിട്ടാനും അവ മികച്ചതാക്കാനും ആഗ്രഹിക്കുന്ന നടനാണ് നരേന്‍. ഒരിക്കല്‍ അവതരിപ്പിച്ച  കഥാപാത്രങ്ങള്‍ക്ക് സമാനമായവ വീണ്ടും വന്നാല്‍ 'നോ' പറയാന്‍ നരേന് കഴിയുന്നത് അതുകൊണ്ടാണ്. ഏകദേശം രണ്ടുവര്‍ഷത്തിന്ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന നരേന്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'വീരപുരുഷന്റെ' സെറ്റില്‍വച്ച് ഫ്ളാഷ് സിനിമയുമായി സംസാരിച്ചു:

വീരപുരുഷനിലെ അബ്ദുറഹ്മാന്‍ സാഹിബായി അഭിനയിക്കാന്‍ വേണ്ടി നടത്തിയ മുന്നൊരുക്കങ്ങള്‍ എന്താണ്? 
ആദ്യം സ്ക്രിപ്റ്റ് വായിച്ചു. ഇത് സാധാരണ ഒരുകഥയാണെങ്കില്‍ അത് എങ്ങനെ വേണമെങ്കിലും പെര്‍ഫോം ചെയ്യാം. നമ്മുടെ ഇഷ്ടം. അത്വേണ്ട, ഇത് വേണ്ട എന്നൊക്കെ ഡയറക്ടര്‍ പറയും. എന്നാല്‍ വീരപുത്രനില്‍ നമ്മള്‍ അബ്ദു റഹ്മാന്‍ സാഹിബിനെക്കുറിച്ച് അറിഞ്ഞിട്ടുളള കാര്യങ്ങളില്‍നിന്ന് മാറി ചെയ്യാനാകില്ല. സാഹിബ് എപ്പോഴും വേഗതയില്‍ നടക്കുന്ന ആളാണ്. എന്നാല്‍ എല്ലാ സീനിലും അങ്ങനെ നടക്കാനാകില്ല. പിന്നെ വളരെ റൊമാന്റിക് ആയിരുന്നു. ഭാര്യയുമായി നല്ല സ്നേഹത്തിലായിരുന്നു.  എല്ലാ ഭാരങ്ങളും ഇറക്കിവയ്ക്കുന്നത് ഭാര്യയുടെ അടുത്താണ്.  പിന്നെ ആളൊരു മൃഗസ്നേഹി കൂടിയാണ്.
    സാഹിബുമായി നേരിട്ട് പരിചയമുള്ളവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ഒരാളായിരുന്നു. അതുകൊണ്ട് സാഹിബിനെ എല്ലാര്‍ക്കും ആരാധന കലര്‍ന്ന പേടിയായിരുന്നു. സുഹൃത്തുക്കള്‍ക്കടക്കം.  ഒരിക്കലും നുണ പറയാത്ത ആളാണ്. അങ്ങനെ കുറെ ക്വാളിറ്റീസ് ഉണ്ട്.   ഇങ്ങനത്തെ കുറെ കാര്യങ്ങള്‍ ചാവക്കാടിനടുത്തുള്ള മാടഞ്ചേരിയിലുള്ള റഷീദില്‍നിന്നും മനസിലാക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ബാപ്പ സാഹിബിന്റെ കൂട്ടുകാരനായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പലരുടെയും കുടുംബാംഗങ്ങളുമായും അദ്ദേഹത്തിന്റെ ബന്ധുക്കളുമായും സംസാരിച്ചിരുന്നു.  അവരൊക്കെ പറഞ്ഞ കാര്യങ്ങള്‍ വീരപുത്രനിലെ അഭിനയത്തിന് മുതല്‍ക്കൂട്ടാകുന്നു.

മലയാളത്തെ മറന്നത് പോലെ?
കഴിഞ്ഞ വര്‍ഷം രണ്ടുമൂന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നു. പലതും നടന്നില്ല. ഇഷ്ടപ്പെട്ട കഥ കിട്ടിയപ്പോഴും ചെയ്യാന്‍ സാധിച്ചില്ല. തമിഴില്‍ ആ സമയത്ത് നല്ല തിരക്കിലായി. തമ്പിക്കോട്ടെയുടെ തിരക്കില്‍ ഞാന്‍ ഒന്നരവര്‍ഷം  പെട്ടുപോയി. നാലുമാസം മുമ്പാണ് അത് റിലീസായത്. അത് വിചാരിച്ചപോലെ തീര്‍ക്കാനായില്ല. മലയാളത്തിലാണെങ്കില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമായിരുന്നു. എന്നാല്‍ തമിഴില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല. അവിടെ നാലഞ്ചു മാസമെടുക്കും ഒരു സിനിമ തീരാന്‍. ആ സമയം കൊണ്ട് നമുക്ക് ഇവിടെ രണ്ടുമൂന്ന് പടം തീര്‍ക്കാം.

തമ്പിക്കോട്ടൈ നഗരത്തെക്കാള്‍ ഗ്രാമത്തെയാണ് ആകര്‍ഷിച്ചത്....?
തമ്പിക്കോട്ടൈ ബേസിക്കലി ഒരു എക്ളാസ് സെന്റര്‍ ഫിലിം ആയിരുന്നില്ല. നഗരത്തിലെ ക്രൌഡിനുള്ള സിനിമയല്ല അത്. ഈ സിനിമയില്‍ എനിക്കുണ്ടായ വിഷമങ്ങളിലൊന്ന് വിചാരിച്ചപോലെ പെട്ടെന്ന് തീര്‍ക്കാനായില്ലെന്നതാണ്. കൂടുതല്‍ സമയം അവിടെ ചെലവഴിക്കേണ്ടിവന്നു. പിന്നെ വിതരണരംഗത്ത് ചില പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. പുതിയ പ്രൊഡ്യൂസര്‍ ആയതുകൊണ്ട് അയാള്‍ക്ക് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. പുതിയ പ്രൊഡ്യൂസര്‍ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് എങ്ങനെയാണ് പെട്ടുപോകുന്നത്, അതൊക്കെ ഏകദേശം ഞാന്‍ പഠിച്ചു. കൂടെ അയാളും. പടത്തെക്കുറിച്ച് തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക്  നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വിതരണരംഗത്തെ പാളിച്ചകള്‍കാരണം അത് മുതലാക്കാനായില്ല.

തമിഴിനോട് താല്‍പര്യക്കൂടുതല്‍?
തമിഴില്‍ നില്‍ക്കാനാണ് താല്‍പര്യം എന്ന് പറയാനാകില്ല. ഇഷ്ടപ്പെട കഥാപാത്രങ്ങള്‍ വരുന്നത് കൊണ്ടാണ് സത്യത്തില്‍ തമിഴ് സിനിമ ചെയ്യുന്നത്. മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം തമിഴില്‍നിന്ന് കിട്ടില്ല. രണ്ടിടത്തും അന്തരീക്ഷംവേറെയാണ്. അവിടെ ഒറ്റ മലയാളി പോലും ഇല്ല. ഒരു അന്യനാണ് നമ്മളവിടെ. അവിടേക്കാള്‍ എത്രയോ ഭേദമാണിവിടെ. അങ്ങനെ നോക്കുകയാണെങ്കില്‍ നമ്മള്‍ ഒരു പടവും അവിടെ ചെയ്യില്ല. പക്ഷേ അതല്ല, ഒരു പടം സെലക്ട് ചെയ്യാനുള്ള മാനദണ്ഡം.  എനിക്ക് കുറെക്കൂടെ ശക്തമായ കഥാപാത്രങ്ങള്‍ അവിടെ നിന്നാണ് വരുന്നത്. നല്ല പടങ്ങളാണെങ്കില്‍ ഏത് ഇന്‍ഡസ്ട്രിയിലും ചെയ്യാം.

സിനിമ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം?
ബേസിക്കലി ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ എന്നെക്കാളും നല്ല മനുഷ്യനായാല്‍ കൊള്ളാമെന്നുണ്ട്. അല്ലെങ്കില്‍ എന്നെപ്പോലുള്ള ആളാകണം. അല്ലെങ്കില്‍ ഞാന്‍ ഇന്‍സ്പയേഡ് ആകുന്ന ഒരാളാകണം. നല്ല ഇന്‍സ്പിറേഷന്‍ നല്‍കുന്ന കഥാപാത്രമായിരിക്കണം. അങ്ങനെ രണ്ടുമൂന്ന് കാര്യങ്ങളേ ഉള്ളൂ. ഇതൊന്നും അല്ലെങ്കില്‍ ഞാന്‍ സിനിമ ചെയ്യാറില്ല. ചെയ്യാന്‍ തോന്നാറുമില്ല. പിന്നെ എനിക്ക് ചെയ്യാന്‍ പറ്റുന്നതായിരിക്കണം.

ആദ്യ സിനിമയായ നിഴല്‍ക്കുത്തിന്റെ നിഴലില്‍നിന്ന് എങ്ങനെയാണ് രക്ഷപ്പെട്ടത്?
ഒരു പടം വിജയിച്ചാല്‍ അതു പോലുളള മുപ്പത് സിനിമ വരും. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ അത് മാക്സിമം അവഗണിക്കുക തന്നെ ചെയ്യണം. ഫോര്‍ ദി പീപ്പിള്‍ കഴിഞ്ഞപ്പോഴും പൊലീസ് കഥാപാത്രങ്ങള്‍ ധാരാളം വന്നിരുന്നു. അവ ചെയ്യാതിരിക്കുക. ചെയ്യാതിരിക്കുമ്പോള്‍ ചില പ്രശ്നങ്ങളുണ്ടാകും. ചില പ്ളസും മൈനസും ഉണ്ട്. അവഗണിച്ചപ്പോള്‍ ഒരു വര്‍ഷത്തെ ഇടവേളയുണ്ടായി. നാലഞ്ചുപടങ്ങള്‍ ചെയ്യാതെ വിട്ടു. അതുകൊണ്ട് ഒരു അച്ചുവിന്റെ അമ്മ കിട്ടി. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നത് നമ്മെ തേടി വരും. പക്ഷേ അത് വൈകിയിട്ടാണ് വരുന്നതെന്ന് മാത്രം.

ഭാവി പരിപാടികള്‍?
സിനിമയുടെ മറ്റുമേഖലകളിലേക്ക് ചെല്ലണം. ഒരു സിനിമ സംവിധാനം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ അത് ഉടനെ ഉണ്ടാകില്ല. ആദ്യമെല്ലാമൊന്ന് പഠിക്കട്ടെ. ഇപ്പോഴുള്ള ശ്രദ്ധ അഭിനയരംഗത്ത് നേട്ടമുണ്ടാക്കുക എന്നത് മാത്രം.

Thursday, January 20, 2011

കോഴിക്കോടിന്റെ ഗുജറാത്തി മധുരം

മതം മാറിയാല്‍ ഹിന്ദുവെന്നും മുസ്ലീമെന്നും ക്രിസ്ത്യാനിയെന്നുമുള്ള ഒരാളുടെ സ്വത്വം മാറാം. പാസ്‌പോര്‍ട്ട് മാറി മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാല്‍ ആദ്യത്തേത് മാറ്റാനുമാകും. എന്നാല്‍ മാതൃഭാഷ ഒരാളുടെ ഉള്ളില്‍ കൊത്തിവയ്ക്കുന്ന ബോധം അത് മാറ്റാന്‍ ക്ഷ്രിപ്രസാധ്യമല്ല.
കോഴിക്കോടിന്റെ നാഗരിക സംസ്‌കാരത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടും ഭാഷയിലൂടെ ഉരുത്തിരിഞ്ഞുണ്ടായ സ്വത്വ ബോധം കാത്തു സൂക്ഷിക്കുന്നവരാണ് ഇവിടുത്തെ ഗുജറാത്തികള്‍. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയെത്തിയ പിതാമഹന്മാരുടെ പിന്മുറക്കാരായി പിറന്ന് മലയാളം രണ്ടാം മാതൃഭാഷയായി ഉള്ളിലേക്ക് സ്വാംശീകരിക്കപ്പെട്ടിട്ടും അവര്‍ ഗുജറാത്തികളായി തുടരുന്നു. ഈ ബോധം അവര്‍ പ്രകടിപ്പിക്കുന്നത് നവരാത്രി, ദീപാവലി ആഘോഷവേളകളിലാണ്.
നിറങ്ങള്‍ ചാലിച്ച് ദീപങ്ങളൊരുക്കി അവര്‍ ആഘോഷിക്കുമ്പോള്‍ കോഴിക്കോടന്‍ തനിമയിലെ മധുരക്കൂട്ടാകുന്നു ആ കൂട്ടായ്മകള്‍. ഗുജറാത്തികളുടെ പുതുവര്‍ഷമാണ് ദീപാവലി. പുതുബിസിനസുകള്‍ തുടങ്ങുന്നതിനും പഴയ ബന്ധങ്ങള്‍ പുതുക്കുന്നതിനും അവര്‍ ഈ അവസരം ഉപയോഗിക്കുന്നു. ഇതില്‍ ഒഴിച്ച് കൂട്ടാനാകാത്ത ഒന്നാണ് മധുര പലഹാരങ്ങള്‍.
കോഴിക്കോട് ഗുജറാത്തികളുടെ ബിസിനസ് പച്ചപിടിച്ച് നിന്നിരുന്ന കാലത്ത് ദീപാവലി ഉത്സവകാലത്ത് നാട്ടുകാര്‍ക്ക് മധുരപലഹാര കിറ്റുകള്‍ കൊടുത്തയക്കുന്നത് പതിവായിരുന്നു. ആ പതിവിന് ഇപ്പോള്‍ ഇളക്കം തട്ടിയിട്ടുണ്ട്. എന്നാലും അവരുടെ ആഘോഷങ്ങളുടെ മധുരിമയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. ദീപാവലി ദിവസം ലക്ഷമി പൂജയ്ക്ക് ശേഷം പുതിയ ബിസിനസ് ആരംഭിക്കുന്നതിന്റെ സന്തോഷം മധുരത്തിലൂടെ അവര്‍ അറിയിക്കുന്നു.
നവരാത്രി ഉത്സവത്തിന്റെ തുടര്‍ച്ചയാണ് ദീപാവലിയും. ശ്രീരാമന്‍ രാവണനെ വധിച്ചതിന് ശേഷം അയോധ്യയില്‍ തിരികെ എത്തുന്നതിന്റെ ഓര്‍മ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും അവര്‍ ആഘോഷിക്കുന്നു. ഗുജറാത്തികളുടെ പാരമ്പര്യ ബിസിനസ്സുകള്‍ ക്ഷയിച്ചതും പുതിയ തലമുറ ഇവിടം ഉപേക്ഷിച്ച് മറുനാടുകള്‍ തേടുന്നതും ആഘോഷങ്ങളുടെ യുവത്വം കുറച്ചിട്ടുണ്ട്. പണ്ട് ഗുജറാത്തി തെരുവില്‍ ദീപാവലി ദിവസം ആഘോഷങ്ങളില്‍ മുട്ടി വഴിനടക്കാവില്ലായിരുന്നു. ഇന്ന് അതെല്ലാം പോയി. ചടങ്ങുകള്‍ മാത്രമായി മാറി. കഴിഞ്ഞ അറുപത് വര്‍ഷമായി കോഴിക്കോട് വ്യാപാരം നടത്തുന്ന വിജയ് സിങ് ഓര്‍മകള്‍ അയവിറക്കി. ഗുജറാത്തിന് ഉണ്ടായ സാമ്പത്തിക വളര്‍ച്ച കാരണം ഇവിടേക്ക് ആരും വരുന്നില്ല. ഇവിടെ ജനിച്ച ഗുജറാത്തി യുവാക്കള്‍ മുന്‍തലമുറയുടെ വേരുകള്‍ തേടി തിരികെ പോകുന്നു. സോഫ്റ്റ് എഞ്ചിനീയറിംഗ് കഴിഞ്ഞവര്‍ ബാംഗ്‌ളൂരിനേക്കാളും ഇഷ്ടപ്പെടുന്നത് അഹമ്മദാബാദിനെയാണ്.
ഇതെല്ലാം കോഴിക്കോടിന്റെ ഗുജറാത്തി പെരുമയില്‍ വിള്ളല്‍ വീഴ്ത്തുന്നുണ്ടെങ്കിലും അവര്‍ കഴിഞ്ഞ നാളുകളെപ്പോലെ ദീപാവലി ആഷോഷിക്കുന്നു. ഇന്നിവിടെയുള്ള 1600 ഓളം ഗുജറാത്തികള്‍ ഇവിടെയുണ്ട്. ഇവര്‍ മുന്‍തലമുറയെപ്പോലെ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതില്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ല, വിജയ്‌സിങ് പറഞ്ഞു. കാരണം മുമ്പ് ആഘോഷങ്ങളെല്ലാം വ്യാപാരവുമായി ബന്ധപ്പെട്ടായിരുന്നു. ഇന്നത് കുറഞ്ഞു. അതിന്റെ അനന്തഫലമാണിത്. എന്നാല്‍ നാട്ടുകാരായ മുസ്ലീംങ്ങള്‍ ദീപാവലി സമയത്ത് മധുരപലഹാരങ്ങള്‍ വാങ്ങി പരസ്പരം വിതരണം ചെയ്യുന്ന രീതി കണ്ടുവരുന്നുണ്ട്.
ലഡു, മൈസൂര്‍ പാക്ക്, ജിലേബി, കാജൂറോള്‍, മലായ് പാന്‍ മസാല, പേഡ, ബര്‍ഫി, ബാലൂശൈ, കാജൂകത്രി, റസ് അംഗുരി തുടങ്ങിയ പലഹാരങ്ങള്‍ക്കാണ് ദീപാവലി ആഘോഷങ്ങളുടെ മധുരം കൂട്ടുന്നത്.

ഹൈമവതഭൂവിലൂടെ

ജീവിതമെന്ന വലിയ യാത്രയുടെ കണ്ണികളാണ് ഓരോ ചെറുയാത്രയും. ശരീരത്തിനൊപ്പം മനസും യാത്ര ചെയ്യുമ്പോഴാണ് ഇത് പൂര്‍ണമാകുന്നത്. യാത്രയില്‍ കാണുന്നതിപ്പുറം പോകുകയെന്നതാണ് ഓരോ സഞ്ചാരസാഹിത്യകൃതികളുടെയും ധര്‍മം.
കേന്ദ്രസാഹിത്യ അക്കാദമിയുടെ 55 വര്‍ഷത്തെ ചരിത്രത്തില്‍ ഹൈമതഭൂവില്‍ എന്ന സഞ്ചാരസാഹിത്യകൃതിക്കും രചയിതാവ് എം.പി.വീരേന്ദ്രകുമാറിനും പ്രത്യേക സ്ഥാനമുണ്ട്. കാരണം എല്ലാറ്റിന്റെയും ചരിത്രത്തില്‍ ആദ്യത്തേത് എന്ന സ്ഥാനത്തിന് ഒരിക്കലും മാറ്റമുണ്ടാകില്ല. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സഞ്ചാര സാഹിത്യ കൃതിക്ക് അവാര്‍ഡ് കൊടുക്കുന്നത്. മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് ഡയറ്ക്ടറായ വീരേന്ദ്രകുമാര്‍ എന്ന സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാര്‍ട്ടിയുടെ നേതാവിന് ഇതിന് സമാനമായ ആദ്യത്തേതിന് എട്ടുവര്‍ഷത്തെ പ്രായമുണ്ട്. 2002 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ആമസോണും കുറെ വ്യാകുലതകളും എന്ന പുസ്തകത്തിന് ലഭിച്ചപ്പോഴാണ്. രണ്ടു തവണയും ആദ്യമായാണ് സര്‍ഗാത്മക സാഹിത്യത്തിനൊപ്പം സഞ്ചാരസാഹിത്യത്തെയും പരിഗണിച്ചത്.
ഞങ്ങള്‍ കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ ചെല്ലുമ്പോള്‍ വീരേന്ദ്രകുമാര്‍ സുഹൃദ് സംഘത്തിന്റെ നടുവിലായിരുന്നു. യാത്രകള്‍ സമ്മാനിച്ച കുറച്ച് സുഹൃത്തുക്കള്‍ക്കുമൊത്ത്. ബിസിനസുകാരായ അവര്‍ മലപ്പുറത്ത് തുടങ്ങാന്‍ പോകുന്ന ജുവലറിയുടെ ഉദ്ഘാടനത്തിന് വീരേന്ദ്രകുമാറിനെ ക്ഷണിക്കാന്‍ വന്നതായിരുന്നു അവര്‍. അവാര്‍ഡ് ലഭ്യതയില്‍ അഭിനന്ദിച്ച് കൊണ്ട് തുടങ്ങിയ അവര്‍ മഞ്ഞളാംകുഴി അലിയിലൂടെയും മറ്റും സഞ്ചരിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. യാത്ര പറഞ്ഞിറങ്ങിയ അവരുടെ പിന്നാലെ ഹൈമവതഭൂവിലൂടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു.
അപ്രതീക്ഷിതമായിരുന്നു അവാര്‍ഡ്, വീരേന്ദ്രകുമാര്‍ പറഞ്ഞുതുടങ്ങി. ഒരു എഴുത്തുകാരനെ സംബന്ധിച്ച ഏറ്റവും വലിയ ആഹ്‌ളാദം അവാര്‍ഡ് ലഭിക്കുമ്പോഴാണ്. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സഞ്ചാര സാഹിത്യത്തിന് അവാര്‍ഡ് നല്കുന്നത്. സര്‍ഗാത്മത സൃഷ്ടികളായ കവിത, കഥ, നോവല്‍ തുടങ്ങിയവയിലേക്ക് സഞ്ചാരസാഹിത്യം ചേര്‍ക്കപ്പെട്ടു എന്ന പ്രത്യേകത ഇതിനുണ്ട്.
ഹൈമവത ഭൂവില്‍ എഴുതിയത് മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ കൊണ്ടാണ്. ഓരോ യാത്രയിലും ശരീരം മാത്രമല്ല മനസും സഞ്ചരിക്കുന്നു. ഓരോ സ്ഥലത്തും എത്തുമ്പോള്‍ അവിടുത്തുകാരുമായി സംവദിക്കുമ്പോള്‍ കൂടുതല്‍ അറിവുകള്‍ ലഭിക്കും. സ്ഥല ചരിത്രവും മിത്തും മറ്റു വിവരങ്ങളും ശേഖരിച്ച് ആ സ്ഥലത്തിന്റെ ആത്മാവിലൂടെയുള്ള യാത്രയാണ് നടത്തുന്നത്. പിന്നീട് തിരിച്ചെത്തി എഴുതാനിരിക്കുമ്പോള്‍ ധാരാളം റഫറന്‍സ് പുസ്തകങ്ങളിലൂടെയുള്ള യാത്രയും ഉണ്ടാകും. ഹൈമവത ഭൂവില്‍ എഴുതാനായി 400 ല്‍പരം പുസ്തകങ്ങള്‍ പരിശോധിച്ചിരുന്നു. ഒരു പുസ്തകം വായിക്കുന്നതിനേക്കാള്‍ അറിവുകള്‍ ഓരോ യാത്രയ്ക്കും സമ്മാനിക്കാനാകും.
ധാരാളം യാത്ര ചെയ്യുന്ന എന്നെ ഏറ്റവും കൂടുതല്‍ ആശ്ചര്യപ്പെടുത്തുകയും ഉണര്‍ത്തുകയും ചെയ്തിട്ടുള്ളത് ഹിമവാനാണ്. ഹിമാലയ സാനുക്കളലൂടെയുള്ള യാത്ര പ്രത്യേക അനുഭവമാണ് സമ്മാനിക്കുന്നത്. ആല്‍പ്‌സ് പര്‍വ്വതവും വലുതാണ് എന്ന് മാത്രമേ നമുക്ക് പറയാനാകൂ. എന്നാല്‍ ഹിമാലയം അതിനപ്പുറം നമ്മുടേത് കൂടിയാണ്. മഹാമേരുവാണ് ഹിമാലയം. എന്റെ അമ്മയുടെ പേര് മരുദേവി എന്നാണ്. മരുവിന്റെ മകള്‍ എന്നര്‍ത്ഥം. അതിനാല്‍ ഹിമാലയം എന്നില്‍ അമ്മയുടെ ഓര്‍മകള്‍ കൊണ്ടുവരും.
വോള്‍ഗയെ പോലെ അല്ല ഗംഗയും യമുനയും അടങ്ങുന്ന നമ്മുടെ നദികള്‍. അവ നമ്മില്‍ ഗൃഹാതുരത്വം നിറയ്ക്കും. പ്രകൃതി സൗന്ദര്യം ഗൃഹാതുരത്വം കൂടിയാണ്.
യാത്രാവിവരണം ദേശത്തിന്റെ കഥകൂടിയാണ്. ചരിത്രം, മിത്ത്, നാടോടി കഥകള്‍ എല്ലാമതിലുണ്ടാകും. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും നമ്മെ അവയുമായി ബന്ധിപ്പിക്കുന്ന ഓരോന്നുണ്ടാകും. അയ്യായിരം പ്രസംഗങ്ങള്‍ ചെയ്താല്‍ അവ മറന്നുപോകും എന്നാല്‍ അക്ഷരങ്ങളുടെ ലോകത്തിന് അവസാനമില്ല.

വയനാട്ടില്‍നിന്ന്...

വീരേന്ദ്രകുമാറിന്റെ പ്രതിഭയുടെ വേരുകള്‍ വയനാടിന്റെ പച്ചപ്പില്‍ ആഴത്തിലൂന്നിയവയാണ്. എന്റെ മനസില്‍ എന്റെ ഗ്രാമവും അതിന്റെ പച്ചപ്പുമുണ്ട്. സി.വി ശ്രീരാമന്റെ എഴുത്തുകള്‍ മറ്റു ദേശക്കാരെക്കുറിച്ചാണ്. എന്നാല്‍ വയനാടിന്റെ പച്ചപ്പ് മൃഗങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ചു.

കാര്‍ യാത്രകള്‍

രണ്ടുമൂന്ന് മാസം മുമ്പ് യൂറോപ്പില്‍ പോയിരുന്നു. അന്ന് റോമില്‍ വിമാനമിറങ്ങിയശേഷം തുടര്‍ യാത്ര കാറിലായിരുന്നു. വിമാനത്തിലോ ട്രെയിനിലോ ഇല്ലാത്ത സൗകര്യം കാറില്‍ യാത്ര ചെയ്യുമ്പോള്‍ ലഭിക്കും. യാത്ര ചെയ്യുന്ന സ്ഥലത്തിന്റെ സൗന്ദര്യം മുഴുവന്‍ മനസിലാക്കാന്‍ സാധിക്കും. ആഗ്രഹിക്കുന്ന സ്ഥലത്ത് യാത്ര നിറുത്തി കാഴ്ച്ചകള്‍ ആസ്വദിക്കാനാകും. അതിനാല്‍ കാറിലെ യാത്രകള്‍ ഞാന്‍ ആസ്വദിക്കുന്നു.
മാതൃഭൂമിയില്‍ വീരേന്ദ്രകുമാറിന്റെ മുറിയില്‍ ധാരാളം പുസ്തകങ്ങള്‍ ചില്ലലമാരയില്‍ സൂക്ഷിച്ചിട്ടുണ്ട്. മേശപ്പുറത്തും പുസ്തകങ്ങള്‍ക്ക് കുറവൊന്നുമില്ല. ദ ബ്‌ളാക്ക് ബുക്ക് ഒഫ് കമ്മ്യൂണിസം, ഓര്‍ഫാന്‍ പാമുക്കിന്റെ മൈ നെയിം ഈസ് റെഡ്, തുടങ്ങി നിരവധി പുസ്തകങ്ങളുണ്ട്. വിവിധ പ്രമേയങ്ങളിലെ പുസ്തകങ്ങളാണിവ. ഒരേ സമയം വിവിധ പുസ്തകങ്ങള്‍ സമാന്തരമായി വായിക്കാറുണ്ട്. കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസത്തിനുണ്ടായ തകര്‍ച്ചയെക്കുറിച്ചുള്ള പുസ്തകമാണത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ചുള്ള വായനയാണോ എന്ന ചോദ്യത്തിനുള്ള മറുപടി ഗൗരവമുള്ള ചെറുപുഞ്ചിരിയിലൊതുക്കി.
വിവേകാനന്ദനെക്കുറിച്ചും പിന്നെ ഒരു യാത്രാവിവരണവുമാണ് അണിയറയിലെരുങ്ങുന്ന പുസ്തകളങ്ങള്‍. അച്ഛന്‍ എം.കെ പത്മപ്രഭാ ഗൗഡര്‍ തെളിയിച്ച വായനാ വഴിയിലൂടെയുള്ള യാത്രയിലാണ് വീരേന്ദ്രകുമാര്‍. അദ്ദേഹം നൈനിറ്റാളിലെ നൈനി തടാകത്തിലേ തണുപ്പില്‍നിന്നും ലഖ്‌നൗവിലൂടെ നേപ്പാളിലും ഗംഗാ തീരത്തുമലഞ്ഞ് പാലടീ പുത്രത്തിലെത്തിയശേഷം ഡല്‍ഹിയുടെ ചൂടിലേക്ക് എത്തിയപ്പോള്‍ ഞങ്ങള്‍ വിട പറഞ്ഞിറങ്ങി. യാത്ര അവസാനിക്കുന്നില്ല; എങ്കിലും ഇപ്പോള്‍ വിട.

Tuesday, October 05, 2010

ദേവദുന്ദുഭി സാന്ദ്രലയം...

മലയാളി മനസ്സുകളില്‍ വിശേഷണങ്ങള്‍ക്കതീതനായ വയലാര്‍ രാമവര്‍മ ആദ്യമായി സിനിമയ്ക്ക് വേണ്ടി ഗാനമെഴുതാന്‍ തപസ്സിരുന്ന മുറിയില്‍നിന്നാണ് ഞാനും എന്റെ തീര്‍ത്ഥയാത്ര തുടങ്ങുന്നത്. ആലപ്പുഴ ബ്രദേഴ്സ് ടൂറിസ്റ്റ് ഹോമിലിരുന്ന് വയലാറിനെ മനസ്സില്‍ ധ്യാനിച്ച് ധൈര്യം നേടിയാണ് ദേവദുന്ദുഭി സാന്ദ്രലയം... എന്ന ആദ്യ ഗാനം എഴുതി തുടങ്ങുന്നത്. 1985 ന്റെ അവസാനമായിരുന്നു അത്. ഇരുപത്തിയഞ്ച് വര്‍ഷമാകുന്നു ഇപ്പോള്‍.

ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയ്ക്ക് വേണ്ടി അന്ന് നാല് പാട്ടുകളാണ് ഞാനെഴുതിയത്. ദേവദുന്ദുഭിയെഴുതിയ ശേഷം ഫാസിലിനെക്കാണിച്ചു, ആത്മവിശ്വാസക്കുറവുണ്ടായിരുന്നു എനിക്ക്. കാരണം ഫാസില്‍ ഉദ്ദേശിച്ച രീതിയില്‍ എഴുതാനായോ എന്ന ശങ്ക മനസ്സിനെ മഥിച്ചിരുന്നതിനാലാണത്. എന്നാല്‍ എന്റെ മനസിന് ആശ്വാസമേകി ഫാസില്‍ പാട്ട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. അദ്ദേഹവുമായി സഹൃദയത്വം സ്ഥാപിക്കാനായതാണ് ആ പാട്ട് മികച്ചതാകാന്‍ കാരണം.

തിരുവനന്തപുരത്ത് കാവാലം നാരായണപ്പണിക്കരുടെ നാടകട്രൂപ്പില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അക്കാലത്ത് ഞാന്‍. അതേസമയം ആകാശവാണിക്കുവേണ്ടിയും എഴുതുമായിരുന്നു. കോഴിക്കോട് മാതൃഭൂമിയില്‍ പ്രൂഫ് റീഡറുമായിരുന്നു.

ഫാസില്‍ കാവാലത്തെ കാണാനായി വരുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു. ഞാന്‍ അത്രയൊന്നും പ്രശസ്തനല്ലാത്ത കാലം. എന്നെ ഫാസിലിന് പരിചയപ്പെടുത്തുന്നത് ആലപ്പുഴയിലെ ഇ.സി തോമസ് എന്ന കൂട്ടുകാരനായിരുന്നു.

എന്ത് കൊണ്ട് ഈ സിനിമയില്‍ ഞാന്‍? എന്ന ചോദ്യത്തിന് ഫാസില്‍ പറഞ്ഞു. നിങ്ങളെന്റെ പിന്നാലെ അവസരം ചോദിച്ച് വന്നിട്ടില്ല.

അതാണ് എനിക്ക് പ്ളസ് പോയിന്റായത്. നെടുമുടി വേണുവും ഫാസിലും തോമസും ഒരുമിച്ച് പഠിച്ചിട്ടുണ്ടായിരുന്നു. വേണുവും ഞാനും നാലുവര്‍ഷം ഒരേമുറിയില്‍ താമസിച്ച് കാവാലത്തിന്റെ നാടകസംഘത്തില്‍ പ്രവര്‍ത്തിച്ചവരാണ്. ആ സിനിമയില്‍ അഭിനയിച്ചിരുന്ന ശ്രീവിദ്യയെയും പരിചയമുണ്ടായിരുന്നു.

പുതുമുഖ പ്രാധാന്യമുള്ളതായിരുന്നു എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമ. നായകനും നായികയും ആയി പുതുമുഖങ്ങളായ സംഗീതും, സോണിയയും. ഗാനരചയിതാവായി ഞാനും. ഇതില്‍ ഇന്ന് രംഗത്തുള്ളത് ഞാന്‍ മാത്രം. അതുപോലെ മറ്റൊരു കാര്യം ജെറി അമല്‍ദേവായിരുന്നു സംഗീത സംവിധായകന്‍. ഞങ്ങള്‍ പാട്ടിന്റെ മറ്റു വേദികളില്‍ മുമ്പും അതിനുശേഷവും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ആ ഒരുസിനിമയില്‍ മാത്രമേ ഞങ്ങളൊരുമിച്ചുണ്ടായിരുന്നുള്ളൂ.

മുഴുവന്‍ സമയ സിനിമാ പ്രവര്‍ത്തകന്‍ ആകുമെന്ന വിശ്വാസമൊന്നും സിനിമയ്ക്ക് വേണ്ടി എഴുതി തുടങ്ങുമ്പോള്‍ എനിക്കുണ്ടായിരുന്നില്ല. ദാസേട്ടനാണ് കണ്ണേട്ടനിലെ പാട്ടുകള്‍ പാടിയിരിക്കുന്നത്. മുമ്പ് ആകാശവാണിക്ക്വേണ്ടി എന്റെ ചില ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ടായിരുന്നു. ചെന്നൈയില്‍ റെക്കോര്‍ഡിങ്ങിന് ശേഷം അദ്ദേഹം പറഞ്ഞു, 'എനിക്ക് ഉറപ്പുണ്ടായിരുന്നു താന്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്ന്'. അദ്ദേഹത്തിന്റെ പ്രോത്സാഹനവും നല്ലവാക്കുകളും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. കാലം എന്റെ വഴി തിരിച്ച് വിടുകയായിരുന്നു.

കേരളമറിയാന്‍ അലക്സാന്ദ്ര

അലക്സാന്ദ്ര ഡിലേനി. തീര്‍ച്ചയായും ഒരു ആമുഖം വേണ്ട പേരാണ് ഇത്. നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നിരിക്കും ആ ചോദ്യം. ആരാ?.

കോഴിക്കോട് സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷനില്‍ അഥവാ ക്രസ്റില്‍ അതിഥി അദ്ധ്യാപികയാണ് അലക്സാന്ദ്ര ഡിലേനിയെന്ന ഇരുപത്തിനാലുകാരിയായ ഇംഗ്ളീഷുകാരി.

മാഞ്ചസ്റര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് തെക്കനേഷ്യന്‍ രാജ്യങ്ങളിലെ മതങ്ങള്‍ എന്ന വിഷയത്തില്‍ ബിരുദം നേടിയ അലക്സാന്ദ്ര അവിടെനിന്ന് തന്നെ ദാരിദ്യവും അന്താരാഷ്ട്ര വികസനവും എന്ന വിഷയത്തില്‍ ബിരുദാന്തര ബിരുദവും നേടിയ ശേഷമാണ് ക്രസ്റില്‍ എത്തുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിക്കേഷന്‍ സ്കില്‍സ് വികസിപ്പിക്കാന്‍ സഹായിക്കുകയാണ് അവര്‍. ക്രസ്റില്‍ എത്തുംമുമ്പ് ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളോടൊപ്പമായിരുന്നു പത്തുദിവസം. അവിടെയും പണി ഇത് തന്നെ, വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ കഴിവ് വര്‍ദ്ധിപ്പിക്കുക.

ഈ കൊച്ചിയില്‍ വിമാനമിറങ്ങിയ ദിവസവും, കോഴിക്കോടേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്ര എന്നിവ അലക്സ് എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന ഇവര്‍ മറക്കില്ള. ആ യാത്രയില്‍ തുണയായ രണ്ടു കന്യാസ്ത്രീകളെയും അവര്‍ ""നെവര്‍'' മറക്കില്ള. ആ യാത്രയില്‍ കേരളത്തിന്‍െറ പൊതു സ്വഭാവം മനസ്സിലാക്കാന്‍ അലക്സിന് കഴിഞ്ഞു. ഹോ... ഈ തുറിച്ച് നോട്ടം! നമ്മളൊക്കെ സ്ട്രെയിഞ്ചേഴ്സ് ആണെന്ന് തോന്നും അത് കണ്ടാല്‍, അലക്സാന്ദ്ര ഓര്‍മകള്‍ പങ്കുവച്ചു.

ഒരു മുതലാളിത്ത രാജ്യത്തില്‍ ജനിച്ച അലക്സാന്ദ്രയ്ക്കിഷ്ടം സോഷ്യലിസവും കമ്മ്യൂണിസവുമാണ്. കമ്മ്യൂണിസത്തിന്‍െറ അന്തസത്ത ശരിയായ വിധത്തില്‍ നടപ്പിലാക്കിയാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ എല്ളാം പരിഹരിക്കപ്പെടുമെന്ന വിശ്വാസം അവര്‍ക്കുണ്ട്. എല്ളാവരുടെയും ആവശ്യങ്ങളെയും സംബോധന ചെയ്യാന്‍ കമ്മ്യൂണിസത്തിന് കഴിയും. ആരോഗ്യം, സമ്പത്ത്, ഭാവി തുടങ്ങിയവയുടെ തുല്യമായ വിതരണം ഉറപ്പാക്കാന്‍ കമ്മ്യൂണിസത്തിനാകും. നടപ്പിലാക്കുന്നത് പോലെയിരിക്കും അതിന്‍െറ വിജയം. കേരളത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം നല്ളരീതിയില്‍ നടക്കുന്നുവെന്ന് കരുതുന്നു.

ഞാന്‍ നേപ്പാളില്‍ ആറുമാസം ഉണ്ടായിരുന്നു. പഠനത്തിന്‍െറ ഭാഗമായി ജെണ്ടര്‍ ഇന്‍ കാസ്റ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ കാലത്താണത്. അവിടെ മതവും ജാതിയും സ്ത്രീപുരുഷ സമത്വം എന്നിവയില്‍ ധാരാളം അസമത്വങ്ങള്‍ നിലനില്‍ക്കുകയാണ്. ഇത് മനസിനെ വളരെയധികം അലട്ടി. കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രസ്റിലെത്തുന്നത്. ഇവിടുത്തെ മൂന്നു മാസത്തെ പ്രവര്‍ത്തനം കഴിഞ്ഞാല്‍ തിരികെ നേപ്പാളിലേക്ക് പോകണം. അവിടെ സ്ത്രീകളുടെ പദവി വളരെ താഴ്ന്ന നിലയിലാണ്. തെക്കനേഷ്യന്‍ മതങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ ഹിന്ദുയിസവും ഇസ്ളാമിസവും മനസ്സിലാക്കിയിരുന്നു. രണ്ടിലും സ്ത്രീ പുരുഷ അസമത്വം നിലനില്ക്കുന്നുണ്ട്. കേരളത്തില്‍ വളരെയധികം മെച്ചമാണ് സ്ത്രീകളുടെ സ്ഥിതി.

കേരളത്തിലും ബ്രിട്ടനിലും സ്ത്രീ സ്വാതന്ത്യ്രം വളരെയധികമുണ്ട്. ബ്രിട്ടനില്‍ സ്ത്രീക്ക് കരിയറും ജീവിതവും ഒരുമിച്ച് കൊണ്ടു പോകാനാകും. എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അതിന് കഴിയുന്നില്ള എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് വച്ച് നോക്കുമ്പോള്‍ സ്ത്രീ സ്വാതന്ത്യ്രത്തില്‍ ബ്രിട്ടനെ അപേകഷിച്ച് അല്പം പിന്നിലാണ്. സ്വരച്ചേര്‍ച്ചയുള്ള സമൂഹമാണ് കേരളത്തിലേത്. എന്നാലും സ്ത്രീയും പുരുഷനും തമ്മില്‍ പല കാര്യങ്ങളിലും വേര്‍തിരിവ് കാണുന്നുണ്ട്. ഇവിടെ സ്ത്രീകളെ മാനിക്കുന്ന കമ്മ്യൂണിസ്റ് ഭരണകൂടമാണ് അധികാരത്തിലുള്ളതെന്നത് പ്രതീകഷയുളവാക്കുന്ന കാര്യമാണ്.

ഞാനൊരു ദൈവ വിശ്വാസിയാണ് എന്നാല്‍ ക്രിസ്ത്യാനിയല്ള. എന്തുകൊണ്ട്? എന്ന ചോദ്യത്തിന് മറുപടിയുണ്ട് അലക്സാന്ദ്രയ്ക്ക്. ക്രിസ്തുമതത്തിന്‍െറ അന്തസത്തയില്‍നിന്ന് സഭ അകന്നുപോയി. ഇത് എല്ളാ മതങ്ങള്‍ക്കും സംഭവിച്ച കാര്യമാണ്. ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സയന്‍സിന് എല്ളാ കാര്യങ്ങളും വിശദീകരിക്കാന്‍ കഴിയില്ള. മനുഷ്യ മനസിന് മനസ്സിലാക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് ദൈവീകത്വം. മതങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയത് കൊണ്ടാകാം. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങള്‍ അന്തസത്തയില്‍നിന്നും ജനങ്ങളില്‍നിന്നും ഒരുപാട് അകലെയായി.

ലക്ചറിംഗ് വളരെയധികം ഇഷ്ടപ്പെടുന്ന അലക്സാന്ദ്രയ്ക്ക് ജേര്‍ണലിസത്തോടുമുണ്ട് ഇച്ചിരി കമ്പം. മാനുഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണമെന്നാണ് അവരുടെ ആഗ്രഹം. അനിതാനായരുടെ ലേഡീസ് കൂപ്പേയും അരുന്ധതീറോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിംഗ്സും വായിച്ചിട്ടുള്ള അവര്‍ക്കിഷ്ടം സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍ എന്ന നോവലാണ്.

ഫുട്ബാളില്‍ മാഞ്ചസ്റ്ററിലെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡോ, സിറ്റിയാണോ ഇഷ്ട ടീം?. എനിക്ക് ഫുട്ബാള്‍ ഇഷ്ടമല്ല. അതിനാല്‍ രണ്ടുടീമുകളേയും താല്പര്യമില്ല.