Thursday, January 20, 2011

കോഴിക്കോടിന്റെ ഗുജറാത്തി മധുരം

മതം മാറിയാല്‍ ഹിന്ദുവെന്നും മുസ്ലീമെന്നും ക്രിസ്ത്യാനിയെന്നുമുള്ള ഒരാളുടെ സ്വത്വം മാറാം. പാസ്‌പോര്‍ട്ട് മാറി മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാല്‍ ആദ്യത്തേത് മാറ്റാനുമാകും. എന്നാല്‍ മാതൃഭാഷ ഒരാളുടെ ഉള്ളില്‍ കൊത്തിവയ്ക്കുന്ന ബോധം അത് മാറ്റാന്‍ ക്ഷ്രിപ്രസാധ്യമല്ല.
കോഴിക്കോടിന്റെ നാഗരിക സംസ്‌കാരത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടും ഭാഷയിലൂടെ ഉരുത്തിരിഞ്ഞുണ്ടായ സ്വത്വ ബോധം കാത്തു സൂക്ഷിക്കുന്നവരാണ് ഇവിടുത്തെ ഗുജറാത്തികള്‍. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയെത്തിയ പിതാമഹന്മാരുടെ പിന്മുറക്കാരായി പിറന്ന് മലയാളം രണ്ടാം മാതൃഭാഷയായി ഉള്ളിലേക്ക് സ്വാംശീകരിക്കപ്പെട്ടിട്ടും അവര്‍ ഗുജറാത്തികളായി തുടരുന്നു. ഈ ബോധം അവര്‍ പ്രകടിപ്പിക്കുന്നത് നവരാത്രി, ദീപാവലി ആഘോഷവേളകളിലാണ്.
നിറങ്ങള്‍ ചാലിച്ച് ദീപങ്ങളൊരുക്കി അവര്‍ ആഘോഷിക്കുമ്പോള്‍ കോഴിക്കോടന്‍ തനിമയിലെ മധുരക്കൂട്ടാകുന്നു ആ കൂട്ടായ്മകള്‍. ഗുജറാത്തികളുടെ പുതുവര്‍ഷമാണ് ദീപാവലി. പുതുബിസിനസുകള്‍ തുടങ്ങുന്നതിനും പഴയ ബന്ധങ്ങള്‍ പുതുക്കുന്നതിനും അവര്‍ ഈ അവസരം ഉപയോഗിക്കുന്നു. ഇതില്‍ ഒഴിച്ച് കൂട്ടാനാകാത്ത ഒന്നാണ് മധുര പലഹാരങ്ങള്‍.
കോഴിക്കോട് ഗുജറാത്തികളുടെ ബിസിനസ് പച്ചപിടിച്ച് നിന്നിരുന്ന കാലത്ത് ദീപാവലി ഉത്സവകാലത്ത് നാട്ടുകാര്‍ക്ക് മധുരപലഹാര കിറ്റുകള്‍ കൊടുത്തയക്കുന്നത് പതിവായിരുന്നു. ആ പതിവിന് ഇപ്പോള്‍ ഇളക്കം തട്ടിയിട്ടുണ്ട്. എന്നാലും അവരുടെ ആഘോഷങ്ങളുടെ മധുരിമയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. ദീപാവലി ദിവസം ലക്ഷമി പൂജയ്ക്ക് ശേഷം പുതിയ ബിസിനസ് ആരംഭിക്കുന്നതിന്റെ സന്തോഷം മധുരത്തിലൂടെ അവര്‍ അറിയിക്കുന്നു.
നവരാത്രി ഉത്സവത്തിന്റെ തുടര്‍ച്ചയാണ് ദീപാവലിയും. ശ്രീരാമന്‍ രാവണനെ വധിച്ചതിന് ശേഷം അയോധ്യയില്‍ തിരികെ എത്തുന്നതിന്റെ ഓര്‍മ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും അവര്‍ ആഘോഷിക്കുന്നു. ഗുജറാത്തികളുടെ പാരമ്പര്യ ബിസിനസ്സുകള്‍ ക്ഷയിച്ചതും പുതിയ തലമുറ ഇവിടം ഉപേക്ഷിച്ച് മറുനാടുകള്‍ തേടുന്നതും ആഘോഷങ്ങളുടെ യുവത്വം കുറച്ചിട്ടുണ്ട്. പണ്ട് ഗുജറാത്തി തെരുവില്‍ ദീപാവലി ദിവസം ആഘോഷങ്ങളില്‍ മുട്ടി വഴിനടക്കാവില്ലായിരുന്നു. ഇന്ന് അതെല്ലാം പോയി. ചടങ്ങുകള്‍ മാത്രമായി മാറി. കഴിഞ്ഞ അറുപത് വര്‍ഷമായി കോഴിക്കോട് വ്യാപാരം നടത്തുന്ന വിജയ് സിങ് ഓര്‍മകള്‍ അയവിറക്കി. ഗുജറാത്തിന് ഉണ്ടായ സാമ്പത്തിക വളര്‍ച്ച കാരണം ഇവിടേക്ക് ആരും വരുന്നില്ല. ഇവിടെ ജനിച്ച ഗുജറാത്തി യുവാക്കള്‍ മുന്‍തലമുറയുടെ വേരുകള്‍ തേടി തിരികെ പോകുന്നു. സോഫ്റ്റ് എഞ്ചിനീയറിംഗ് കഴിഞ്ഞവര്‍ ബാംഗ്‌ളൂരിനേക്കാളും ഇഷ്ടപ്പെടുന്നത് അഹമ്മദാബാദിനെയാണ്.
ഇതെല്ലാം കോഴിക്കോടിന്റെ ഗുജറാത്തി പെരുമയില്‍ വിള്ളല്‍ വീഴ്ത്തുന്നുണ്ടെങ്കിലും അവര്‍ കഴിഞ്ഞ നാളുകളെപ്പോലെ ദീപാവലി ആഷോഷിക്കുന്നു. ഇന്നിവിടെയുള്ള 1600 ഓളം ഗുജറാത്തികള്‍ ഇവിടെയുണ്ട്. ഇവര്‍ മുന്‍തലമുറയെപ്പോലെ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതില്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ല, വിജയ്‌സിങ് പറഞ്ഞു. കാരണം മുമ്പ് ആഘോഷങ്ങളെല്ലാം വ്യാപാരവുമായി ബന്ധപ്പെട്ടായിരുന്നു. ഇന്നത് കുറഞ്ഞു. അതിന്റെ അനന്തഫലമാണിത്. എന്നാല്‍ നാട്ടുകാരായ മുസ്ലീംങ്ങള്‍ ദീപാവലി സമയത്ത് മധുരപലഹാരങ്ങള്‍ വാങ്ങി പരസ്പരം വിതരണം ചെയ്യുന്ന രീതി കണ്ടുവരുന്നുണ്ട്.
ലഡു, മൈസൂര്‍ പാക്ക്, ജിലേബി, കാജൂറോള്‍, മലായ് പാന്‍ മസാല, പേഡ, ബര്‍ഫി, ബാലൂശൈ, കാജൂകത്രി, റസ് അംഗുരി തുടങ്ങിയ പലഹാരങ്ങള്‍ക്കാണ് ദീപാവലി ആഘോഷങ്ങളുടെ മധുരം കൂട്ടുന്നത്.

No comments: