ഇടവേളകള്‍ ജീവിതത്തില്‍ തിരിച്ചുവരവിനുള്ള ഒരുക്കുകൂട്ടിന് വേണ്ടിയുള്ളതാണ്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് വിജയം. താല്ക്കാലിക വീഴ്ച്ചകളില്‍ പതറാതെ സ്വയം വിലയിരുത്തലും മെച്ചപ്പെടുത്തലും ആ വിജയത്തിന്റെ തിളക്കം കൂട്ടും. അങ്ങനെയൊരു തിരിച്ച് വരവിനൊരുങ്ങുകയാണ് നിഷാന്ത് സാഗര്‍.
സ്നേഹജിത്ത് എന്ന പുതുമുഖ സംവിധായകന്റെ സീന്‍ നമ്പര്‍ 001 എന്ന സിനിമ തിരിച്ചുവരവിന് ബ്രേക്ക് നല്കും എന്ന വിശ്വാസത്തിലാണ് നിഷാന്ത്. ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഷാന്താണ്. ജോക്കര്‍ നല്കിയ മൈലേജ് ഉപയോഗിക്കാനായില്ലെന്ന തിരിച്ചറിവ് ഒരിക്കലും നഷ്ടബോധത്തിലേക്ക് തള്ളിയിട്ടില്ല.
"അന്ന് ഞാന്‍ ഒറ്റയ്ക്കായിരുന്നു. എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് മലയാളം സിനിമാ വ്യവസായം നിറയെ യുവാക്കളാണ്. എന്റെ സമയമായെന്ന് കരുതുന്നു. തിരിച്ച് വരാനായുള്ള കാത്തിരിപ്പായിരുന്നു ഇതുവരെ. യുവാക്കള്‍ക്ക് സാദ്ധ്യതയുള്ള കാലമാണിത്"
2000 ല്‍ ഇറങ്ങിയ ദിലീപ് ചിത്രമായ ജോക്കറില്‍ നല്ലൊരു വേഷം ചെയ്ത നിഷാന്തിന് പിന്നീട് അങ്ങനെയൊരു വേഷം ലഭിച്ചില്ല. "സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ചകള്‍ പറ്റി. പക്വതയില്ലാതെയായിരുന്നു അന്ന് കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ കുട്ടിക്കളി വിട്ട് സീരിയസ് ആയി".
ഓഫറുകള്‍ ഉണ്ടായിരുന്നെങ്കിലും പലതും സ്വീകരിച്ചില്ല. നല്ലതെന്ന് തോന്നിയ തിരക്കഥയിലും ഗുല്‍മോഹറിലും അഭിനയിച്ചു.
10 വര്‍ഷത്തെ ഇടവേള വലുതാണെങ്കിലും സ്വയം വിലയിരുത്താനും തെറ്റുകള്‍ തിരുത്താനുമുള്ള സമയമായിരുന്നു നിഷാന്തിന്. പുസ്തകങ്ങള്‍ വായിച്ചു. ധാരാളം നല്ല സിനിമകള്‍ കണ്ടു. തിരുത്തലിന്റെ മാത്രമല്ല മെച്ചപ്പെടുത്തലിന്റെ കാലം കൂടിയായിരുന്നു അത്. "പണ്ട് ഉണ്ടായ അബദ്ധങ്ങള്‍ ഇനിയുണ്ടാകില്ല." നിഷാന്ത് ആത്മവിശ്വാസത്തിലാണ്.
എ സ്ക്വയര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സുരേഷ് കൊച്ചുണ്ണിയാണ്.
Thursday, July 15, 2010
Monday, July 12, 2010
അന്‍പതിന്റെ നിറവില്‍...
വിപ്ളവ മണ്ണായ കണ്ണൂരിലെ വെങ്ങരയിലെ മുസ്ളീം യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന ഒരാള്‍ നാടകം കാണുന്നത് പോലും വിപ്ളവമാണ്. വിപ്ളവം അമ്മാവന്‍ അടിച്ചമര്‍ത്തിയതിനെത്തുടര്‍ന്ന് നാടുവിട്ടുപോയ പതിമൂന്ന് വയസ്സുകാരന്‍ കേരള നാടക ചരിത്രത്തിന്റെ ഭാഗമായ കഥയാണ് ഇബ്രാഹിം വെങ്ങരയുടെത്.
നാടകവും ഇബ്രാഹിമും തമ്മിലുള്ള ലോഹ്യം തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു.
നാടുചുറ്റുന്നതിനിടയില്‍ 1957 ല്‍ മട്ടാഞ്ചേരിയിലെത്തിയ ഇബ്രാഹിമിനായി കാലം കാത്തുവച്ചിരുന്നത് പ്രഗത്ഭരായ കൂട്ടുകാരെയായിരുന്നു.
ജമാല്‍ കൊച്ചങ്ങാടി, സി.വി അഗസ്റ്റിന്‍, എം.കെ അര്‍ജുനന്‍, സി.കെ രവീന്ദ്രന്‍ തുടങ്ങിയവരുമായുള്ള സൌഹൃദം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു.
1960 ല്‍ സി.വി അഗസ്റ്റിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച "ക്രൂശിക്കപ്പെട്ട ഒരാത്മാവ്" എന്ന നാടകമാണ് അഭിനയ ജീവിതത്തിന്റെ ഫസ്റ്റ്ബെല്‍. അന്ന് വയസ് പത്തൊന്‍പത്. തുടര്‍ന്ന് ജമാല്‍ കൊച്ചങ്ങാടിയുടെ "മരീചിക", കലാപരിഷത്ത് എന്ന പ്രൊഫഷണല്‍ നാടക സംഘത്തിന്റെ "യന്ത്രങ്ങള്‍" തുടങ്ങിയ നാടകങ്ങള്‍.
മട്ടാഞ്ചേരിയുടെ തെരുവില്‍ കുപ്പതൊട്ടിയിലെ ആഹാരത്തിനുവേണ്ടി പട്ടികളുമായി യുദ്ധം ചെയ്യുന്ന കുട്ടിയുടെ ദൃശ്യം ഇബ്രാഹിമിന്റെ മനസിനെ കലുഷിതമാക്കി. ഇത് അദ്ദേഹത്തെ നാടക രചനയിലേക്ക് തിരിച്ചുവിട്ടു. കലുഷിതമായി മനസ്സില്‍നിന്ന് പുറത്തുവന്ന സൃഷ്ടി, പക്ഷേ ഇബ്രാഹിം ആരെയും കാണിച്ചില്ല. "അന്ന് ഞാന്‍ കൊച്ചിയില്‍ ഇന്‍ഡോ മറൈന്‍ ഏജന്‍സീസില്‍ ജോലി ചെയ്യുന്നു. സ്ക്രിപ്റ്റ് താമസിക്കുന്ന മുറിയില്‍ വച്ചിരുന്നു. ഞാനില്ലാത്ത സമയത്ത് കൂട്ടുകാര്‍ മുറി ഉപയോഗിക്കാറുണ്ട്. അങ്ങനെ ഒരിക്കല്‍ മുറിയിലെത്തിയ സി.കെ രവീന്ദ്രന്‍ അങ്കമാലിയില്‍ നടന്ന പ്രാദേശിക നാടക മത്സരത്തിന് ഞാനറിയാതെ സ്ക്രിപ്റ്റ് അയച്ചു കൊടുത്തു. എനിക്കാണ് സമ്മാനമെന്ന് പത്രത്തില്‍ കാണുമ്പോഴാണ് രവീന്ദ്രന്‍ സ്ക്രിപ്റ്റ് മത്സരത്തിനയച്ച കാര്യം അറിയുന്നത്. പി.ജെ ആന്റണിയുടെ അടക്കമുള്ള നാടകങ്ങളെ പിന്തള്ളിയാണ് എന്റെ നാടകം സമ്മാനം നേടിയത്. ജീവിതത്തിലെ ആദ്യ അംഗീകാരം.1965 ല്‍ ആയിരുന്നു അത്". ഈ സംഭവം വെങ്ങരയെ എഴുത്ത് സീരിയസ്സായി എടുക്കാന്‍ പ്രേരിപ്പിച്ചു. നാടകത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി.
കെ.ടി എന്ന നാടക സര്‍വകലാശാല
"1974 മുതലാണ് ഞാന്‍ കെ.ടി മുഹമ്മദുമായുള്ള ഗുരുശിഷ്യ ബന്ധം ആരംഭിച്ചത്. കെ.ടി എന്ന സര്‍വകലാശാലയില്‍ നിന്ന് ഞാന്‍ നാടകത്തില്‍ ബിരുദമെടുത്തു. ആ ദിവസങ്ങള്‍ നാടകത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെയും പരീക്ഷണങ്ങളുടെയും ആണ്. അദ്ദേഹത്തില്‍നിന്ന് ധാരാളം അറിവുകള്‍ എനിക്ക് ലഭിച്ചു. എട്ടുവര്‍ഷം നീണ്ടുനിന്നു ആ ബന്ധം."
ഗുരുവിനുള്ള പ്രണാമമായി ശിഷ്യന്‍ ഒരുക്കുന്ന നാടകമാണ് "കളത്തിങ്കല്‍ തൊടിയില്‍ കല്‍വിളക്ക്". മുഹമ്മദ് എന്നാല്‍ വെളിച്ചമെന്നാണ് അര്‍ത്ഥം. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ കത്തിച്ചുവച്ച കല്‍വിളക്കായിരുന്നു കെ.ടി.
"വിശപ്പിനേക്കാള്‍ ശക്തി ഒന്നിനുമില്ല എന്ന് പറയുന്ന കെ.ടിക്ക് വിശക്കുമ്പോള്‍ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ പരിഹസിക്കുന്ന അറംപറ്റുന്ന അവസ്ഥയെക്കുറിച്ചാണ് നാടകം. കെ.ടിയുടെ കഥാപാത്രങ്ങള്‍ അദ്ദേഹത്തോട് പ്രതികാരം ചെയ്യുന്ന രീതിയിലാണ് നാടകം തയ്യാറാക്കുന്നത്".
മറക്കാനാകാത്ത നിമിഷം
പുനലൂരില്‍ തിക്കോടിയന്റെ മഹാഭാരതം നാടകം കളിക്കുന്ന സമയം. പതിമൂന്ന് വര്‍ഷം മുമ്പ് നാടുവിട്ടുപോയ ജ്യേഷ്ഠന്‍ മുഹമ്മദ് അവിടെ താമസിക്കുന്നു എന്നറിഞ്ഞ് അന്വേഷിച്ച് കണ്ടെത്തി. കുടുംബമായി അവിടെ കഴിഞ്ഞ അദ്ദേഹം കാന്‍സര്‍ രോഗിയായിരുന്നു.
കുറച്ച് കാലത്തിനുശേഷം പുനലൂരില്‍ വീണ്ടും നാടകം കളിക്കാനായി എത്തിയപ്പോള്‍ ജ്യേഷ്ഠനെ കാണാന്‍പോയി. തീരെ അവശനായിരുന്നു അദ്ദേഹം. ഞാന്‍ മരിക്കുമ്പോള്‍ നിന്നെ കാണാനാകില്ലലോ എന്ന് പറഞ്ഞ അദ്ദേഹം തന്നെ മേയ്ക്കപ്പ് ഇടാന്‍ സമയമായി എന്ന് പറഞ്ഞ് അയച്ചു. ശിവരാത്രി ദിവസമായിരുന്ന അന്ന് രണ്ടു നാടകത്തില്‍ അഭിനയിക്കണമായിരുന്നു.
ആദ്യ നാടകത്തിനായി മേയ്ക്കപ്പ് ഇടുമ്പോഴായിരുന്നു ജ്യേഷ്ഠന്‍ മരിച്ചു എന്ന് ഒരാള്‍ വന്നു പറയുന്നത്. ട്രൂപ്പിലെ മറ്റാരേയും അറിയിക്കേണ്ട എന്ന് അയാള്‍ക്ക് നിര്‍ദ്ദേശം നല്കിയശേഷം അഭിനയിക്കാനായി കയറി. രണ്ടുവേദികളിലെയും നാടകം കഴിഞ്ഞശേഷം ജ്യേഷ്ഠന്റെ വീട്ടിലേക്ക് പോയി.
ബ്രേക്ക് നല്കിയ നാടകം
1988 ലെ പടനിലമായിരുന്നു ബ്രേക്ക് നല്കിയ നാടകം. പതിനായിരത്തോളം വേദികളില്‍ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഞാന്‍ മാത്രമല്ല പല അമച്ച്വര്‍ നാടകവേദികളും ഈ നാടകം ഇപ്പോഴും അവതരിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഈ നാടകത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
1992 ലെ മേടപ്പത്ത് ഇന്ത്യയിലെ 14 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. ഏഴില്‍ ചൊവ്വ എന്നായിരുന്ന ഈനാടകത്തിന്റെ ആദ്യപേര്. ആകാശവാണി ഇന്ത്യയിലെ എല്ലാ നിലയങ്ങളിലും തദ്ദേശീയ ഭാഷയില്‍ ഈ നാടകം പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
വെല്ലുവിളികള്‍
നാടകരംഗത്തിലേക്ക് വന്നതുകൊണ്ട് സമുദായം പീഡിപ്പിച്ചിട്ടുണ്ട്. അത് മറക്കാഗ്രഹിക്കുന്നു. പറ്റാവുന്ന രീതികളിലെല്ലാം അവര്‍ പീഡിപ്പിച്ചു. എന്റെ മകളുടെ കല്ല്യാണത്തിന് വീഡിയോഗ്രഫി പാടില്ല എന്ന് വാശിപിടിച്ച സമുദായ നേതാക്കള്‍ ആറുമാസം കഴിഞ്ഞപ്പോള്‍ അവരുടെ മക്കളുടെ കല്യാണത്തിന് വീഡിയോ ഉപയോഗിച്ചു.
ചിരന്തന
1982ല്‍ ഗള്‍ഫില്‍ പോയി ഹോട്ടല്‍ തുടങ്ങി. നാടകം പോലെ വഴങ്ങിയില്ല കച്ചവടം. അതിനാല്‍ കച്ചവടം പൊളിഞ്ഞു. എന്നാല്‍ അതേസമയം കൊണ്ട് നാടക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. ഗള്‍ഫിലെ കൂട്ടുകാരുമായി ചേര്‍ന്ന് ചിരന്തന എന്ന ട്രൂപ്പ് തുടങ്ങുകയായിരുന്നു. 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചിരന്തനയുടെ 26ാമത് നാടകമാണ് കളത്തിങ്കല്‍ തൊടിയില്‍ കല്‍വിളക്ക്. കൈതപ്രം ദാമോദരന്‍ പാട്ടെഴുതി എം.കെ അര്‍ജുനന്‍ മാഷ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന നാടകത്തില്‍ കെ.ടിയുടെ ഭാഗം അഭിനയിക്കുന്നതിന് യുവ നടനെ അന്വേഷിക്കുകയാണ് ഇബ്രാഹിം.
ന്‍പതു വര്‍ഷത്തെ നാടകപ്രവര്‍ത്തനത്തിനിടയില്‍ 129 ഓളം റേഡിയോ നാടകങ്ങളും, 50 ഓളം നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
കെ.ടി കത്തിച്ചുനല്കിയ കല്‍വിളക്കുമായി നാടകം കളിയല്ല പൊതുപ്രവര്‍ത്തനമാണ് എന്ന വിശ്വാസവുമായി ഇബ്രാഹിം വെങ്ങര അടുത്ത നാടകത്തിനുള്ള കോപ്പുകൂട്ടുകയാണ്. സമൂഹത്തിലെ അനാചരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടവയാണ് എന്ന് ഗുരു പഠിപ്പിച്ചത് സ്വന്തം നാടകങ്ങളിലൂടെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് കെ.ടിയുടെ പ്രിയശിഷ്യന്‍.
Subscribe to:
Posts (Atom)