ഇടവേളകള്‍ ജീവിതത്തില്‍ തിരിച്ചുവരവിനുള്ള ഒരുക്കുകൂട്ടിന് വേണ്ടിയുള്ളതാണ്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് വിജയം. താല്ക്കാലിക വീഴ്ച്ചകളില്‍ പതറാതെ സ്വയം വിലയിരുത്തലും മെച്ചപ്പെടുത്തലും ആ വിജയത്തിന്റെ തിളക്കം കൂട്ടും. അങ്ങനെയൊരു തിരിച്ച് വരവിനൊരുങ്ങുകയാണ് നിഷാന്ത് സാഗര്‍.
സ്നേഹജിത്ത് എന്ന പുതുമുഖ സംവിധായകന്റെ സീന്‍ നമ്പര്‍ 001 എന്ന സിനിമ തിരിച്ചുവരവിന് ബ്രേക്ക് നല്കും എന്ന വിശ്വാസത്തിലാണ് നിഷാന്ത്. ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഷാന്താണ്. ജോക്കര്‍ നല്കിയ മൈലേജ് ഉപയോഗിക്കാനായില്ലെന്ന തിരിച്ചറിവ് ഒരിക്കലും നഷ്ടബോധത്തിലേക്ക് തള്ളിയിട്ടില്ല.
"അന്ന് ഞാന്‍ ഒറ്റയ്ക്കായിരുന്നു. എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് മലയാളം സിനിമാ വ്യവസായം നിറയെ യുവാക്കളാണ്. എന്റെ സമയമായെന്ന് കരുതുന്നു. തിരിച്ച് വരാനായുള്ള കാത്തിരിപ്പായിരുന്നു ഇതുവരെ. യുവാക്കള്‍ക്ക് സാദ്ധ്യതയുള്ള കാലമാണിത്"
2000 ല്‍ ഇറങ്ങിയ ദിലീപ് ചിത്രമായ ജോക്കറില്‍ നല്ലൊരു വേഷം ചെയ്ത നിഷാന്തിന് പിന്നീട് അങ്ങനെയൊരു വേഷം ലഭിച്ചില്ല. "സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ചകള്‍ പറ്റി. പക്വതയില്ലാതെയായിരുന്നു അന്ന് കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ കുട്ടിക്കളി വിട്ട് സീരിയസ് ആയി".
ഓഫറുകള്‍ ഉണ്ടായിരുന്നെങ്കിലും പലതും സ്വീകരിച്ചില്ല. നല്ലതെന്ന് തോന്നിയ തിരക്കഥയിലും ഗുല്‍മോഹറിലും അഭിനയിച്ചു.
10 വര്‍ഷത്തെ ഇടവേള വലുതാണെങ്കിലും സ്വയം വിലയിരുത്താനും തെറ്റുകള്‍ തിരുത്താനുമുള്ള സമയമായിരുന്നു നിഷാന്തിന്. പുസ്തകങ്ങള്‍ വായിച്ചു. ധാരാളം നല്ല സിനിമകള്‍ കണ്ടു. തിരുത്തലിന്റെ മാത്രമല്ല മെച്ചപ്പെടുത്തലിന്റെ കാലം കൂടിയായിരുന്നു അത്. "പണ്ട് ഉണ്ടായ അബദ്ധങ്ങള്‍ ഇനിയുണ്ടാകില്ല." നിഷാന്ത് ആത്മവിശ്വാസത്തിലാണ്.
എ സ്ക്വയര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സുരേഷ് കൊച്ചുണ്ണിയാണ്.
No comments:
Post a Comment