Sunday, August 15, 2010

ചാലിയാര്‍ വീണ്ടുമൊഴുകുന്നു

മുപ്പത് വര്‍ഷം മുമ്പ് ചാലിയാര്‍ പുഴ കടക്കാന്‍ ഒരു വിവാഹ സംഘമെത്തി. പതിനേഴുകാരിയായ വധുവിനോട് ചെക്കന്‍െറ ബന്ധുക്കളിലാരോ പറഞ്ഞു. ആദ്യം അവനെ തോണിയില്‍ കയറ്റ്, അല്ളെങ്കില്‍ അവന്‍ മുങ്ങും. പൊങ്ങുന്നത് പാര്‍ട്ടി യോഗത്തിലായിരിക്കും. മലപ്പുറത്ത് എളമരത്തെ ചാലിയാറിനക്കരെയുള്ള വീട്ടിലേക്കുള്ള ചെറിയ തോണിയിരിക്കെ റഹ്മത്തിന് പുതിയാപ്ള കരീമിന്‍െറ സ്വഭാവം എന്താണെന്ന് വ്യക്തമായി മനസ്സിലായി.

പുതിയാപ്ള കരീം ഇന്ന് കേരളത്തിന്‍െറ വ്യവസായ മന്ത്രിയായ എളമരം കരീമായി വളര്‍ന്നപ്പോഴും പണ്ടത്തെ സ്വഭാവം മാറ്റിയിട്ടില്ള. വീട്ടിലെത്തുന്നത് അതിഥിയായാണ്. വീട്ടിലെത്തിയാല്‍ ആള് പിന്നെ സ്നേഹനിധിയായ ഭര്‍ത്താവായി. വീട്ടിലെ ഈ മന്ത്രിയുടെ വകുപ്പില്‍ അധികം ഇടപെടുകയുമില്ള. ചിലപ്പോള്‍ സ്നേഹം കൂടുമ്പോള്‍ അടുക്കളയില്‍ കയറി ഒരു കൈ സഹായം നല്കാറുണ്ട്. എന്നാല്‍ വീട്ടിന് പുറത്ത് നിറുത്തുന്ന ഒന്നുണ്ട്, രാഷ്ട്രീയം. ഈ വീട്ടില്‍ രാഷ്ട്രീയം പാടില്ള എന്നാണ് അലിഖിത നിയമം. ആരെങ്കിലും റഹ്മത്തിനോട് രാഷ്ട്രീയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മറുപടി ചെറുചിരിയിലൊതുക്കുന്നതും അതുകൊണ്ട് തന്നെ.

മധുര പതിനേഴില്‍ റഹ്മത്തിന്‍െറ ജീവിതത്തിലേക്ക് കടന്നുവന്ന കരീമിക്കായുടെ വളര്‍ച്ചയുടെ ഓരോ പടിയിലും അവരുടെ താങ്ങുണ്ട്. റഹ്മത്തിന്‍െറ ജീവിതത്തിലേക്ക് കരീമിന്‍െറ വരവ് ആകസ്മികമായിരുന്നു. റഹ്മത്തിന്‍െറ ഉമ്മയുടെ പുറക്കാട്ടിരിയിലെ സഹോദരിയുടെ മകളെ പെണ്ണ് കാണാനെത്തിയ കരീമിന് എന്തോ ആ കുട്ടിയെ ബോധിച്ചില്ള. കോവൂരാണ് റഹ്മത്തിന്‍െറ കുടുംബം താമസിച്ചിരുന്നത്. പിന്നീട് കുട്ടികൃഷ്ണന്‍ എന്ന പാര്‍ട്ടി സഖാവ് വഴിയാണ് റഹ്മത്തിന്‍െറ ബാപ്പയുടെ അടുത്ത് കരീമിന്‍െറ വിവാഹാലോചന എത്തുന്നത്.

എളമരം ഏര്യാകമ്മിറ്റിയംഗമായിരുന്ന കരീം അന്ന് മാവൂര്‍ റയോണ്‍സിലെ കരാര്‍ തൊഴിലാളികളുടെ മാനേജരും ആയിരുന്നു. ഭാര്യയെ ജോലിക്ക് വിടാന്‍ താല്പര്യമില്ളാത്ത കരീമിന് എസ്.എസ്.എല്‍.സി പാസായ കുട്ടി മതി എന്ന ഏക ഡിമാന്‍േറ ഉണ്ടായിരുന്നുള്ളൂ. അന്ന് റഹ്മത്തിന്‍െറ ചേച്ചിയുടെ കല്ള്യാണം കഴിഞ്ഞിട്ടുണ്ടായിരുന്നില്ള. ചേച്ചി അന്ന് ഡിഗ്രിക്കു പഠിക്കുന്നു. പിന്നെയുള്ളത് പതിനഞ്ച് വയസ്സുകാരി റഹ്മത്തും. മൂത്തവളുടെ കല്യാണം കഴിയാതെ ഇളയവളെ കെട്ടിച്ചു കൊടുക്കുകയില്ള എന്ന ബാപ്പയുടെ നിര്‍ബന്ധത്തിന് വഴങ്ങി കരീം റഹ്മത്തിനായി രണ്ടു വര്‍ഷം കാത്തിരുന്നു. ആറുമക്കളില്‍ നാലാമത്തെ ആളായിരുന്നു റഹ്മത്ത്. രണ്ട് വര്‍ഷം കൂടി കാത്തിരുന്നശേഷം, ഇരുപത്തിയേഴാം വയസ്സിലാണ് പതിനേഴുകാരിയായ റഹ്മത്തുമായി കരീമിന്‍െറ വിവാഹം നടക്കുന്നത്. കമ്മ്യൂണിസ്റ് പാര്‍ട്ടിയോട് അനുഭാവമുള്ള കുടുംബമായിരുന്നു റഹ്മത്തിന്‍േറതും.

തോണി യാത്രയ്ക്കിടയില്‍ മണവാളന്‍െറ സ്വഭാവം നന്നായി പിടികിട്ടിയതിനാല്‍ കരീമിന്‍െറ തിരക്കുപിടിച്ച പാര്‍ട്ടി ജീവിതത്തെക്കുറിച്ച് റഹ്മത്തിന് പരിഭവം ഉണ്ടായില്ള. അതിനനുസരിച്ച് ജീവിക്കാന്‍ പഠിച്ചു. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ അതിഥിയെപ്പോലെ വീട്ടിലെത്തുന്ന കരീമിന്‍െറ ഇഷ്ട വിഭവമായ കപ്പയും മീനും നല്കി സല്ക്കരിക്കുന്നതിലും മക്കളുടെ കാര്യങ്ങള്‍ നോക്കി ജീവിക്കുന്നതിലും സായൂജ്യം കണ്ടെത്തുകയാണ് അവര്‍.



മന്ത്രി ചൂടനാണോ...

ഏയ്... അല്ള. പുസ്തകം വായിക്കുമ്പോഴോ, എഴുതുമ്പോഴോ ശല്യപ്പെടുത്തിയാല്‍ ചൂടാകും. അല്ളാത്തപ്പോഴൊക്കെ പാവമാണ്. പാര്‍ട്ടിയും മക്കളുമാണ് അദ്ദേഹത്തിന്‍െറ ദൌര്‍ബല്യങ്ങള്‍.



യാത്രകളും സംഗീതവും...

പാര്‍ട്ടി യോഗങ്ങള്‍ക്കും മറ്റു ഔദ്യോഗിക പരിപാടികള്‍ക്കും സംസ്ഥാനത്തിന് പുറത്തേക്ക് പോകുമ്പോള്‍ മന്ത്രി ഭാര്യയെയും കൂട്ടും. യാത്രയ്ക്ക് കൂടെ ഭാര്യയില്ളാത്തപ്പോള്‍ തിരിച്ചെത്തുമ്പോള്‍ സമ്മാനമായി പാട്ടിന്‍െറ സിഡികളും കാസറ്റുകളും കൈയില്‍കാണും. റഫിയുടെയും മറ്റും പഴയ ഹിന്ദി പാട്ടുകളുടെ ശേഖരം മന്ത്രി പത്നിയുടെ കൈവശമുണ്ട്. റഫിയുടെ കടുത്ത ആരാധകനായിരുന്നു ബോംബേയില്‍ പട്ടാളത്തിലായിരുന്ന ബാപ്പ. അതേ പാരമ്പര്യം തന്നെയാണ് റഹ്മത്തിനും. അദ്ദേഹത്തിനുമുണ്ടായിരുന്നു പഴയ ഹിന്ദി ഗാനങ്ങളുടെ വലിയൊരു ശേഖരം.

വീട്ടുകാര്യങ്ങളും നോക്കി കോഴിക്കോട് താമസിക്കുന്ന റഹ്മത്ത് അപൂര്‍വമായേ തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തില്‍ താമസിക്കാനെത്താറുള്ളൂ. മന്ത്രിയുടെ പൊതുജീവിതത്തില്‍നിന്നും അകന്നാണ് അവരുടെ ജീവിതം. അദ്ദേഹത്തിന് സ്വന്തമായി നല്ളൊരു പുസ്തകശേഖരമുണ്ടെങ്കിലും ഭാര്യയ്ക്ക് ഇഷ്ടം അതെല്ളാം പൊടിതട്ടി ഭംഗിയായി സൂകഷിക്കാനാണ്. ശ്രീശ്രീ രവി ശങ്കര്‍ മുതല്‍ മാര്‍ക്സിയന്‍ തത്വചിന്ത വരെ ആ ശേഖരത്തിലുണ്ട്.

ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. സുമിന്‍, നിമിന്‍. ഇവരുടെ മറ്റൊരു കുഞ്ഞ് അകാലത്തില്‍ മരിച്ച് പോയിരുന്നു. ഓഡിയോളജിസ്റായ സുമിന്‍ ഭര്‍ത്താവ് അബ്ദുള്‍ റൌഫിനൊപ്പം യു.കെയിലാണ്. അവിടെ ആര്‍ക്കിടെക്ടാണ് റൌഫ്. ചെറുമകള്‍ മൂന്നുവയസ്സുകാരി ഐറിന്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ഫോണിലൂടെ മാത്രം ഉമ്മൂമ്മായുടെയും ഉപ്പൂപ്പായുടെയും ശബ്ദം കേട്ടിട്ടുള്ള ഐറീനെ അടുത്തമാസം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രിയും കുടുംബവും. റഹ്മത്തിനൊപ്പം മകള്‍ നിമിനുമാണ് കോവൂരിലെ വീട്ടില്‍ താമസിക്കുന്നത്. വിളിപ്പാടകലെ ഉമ്മയും ബന്ധുക്കളുമുണ്ട്. ചാലിയാറിലേക്ക് ഒഴുകിയിറങ്ങിയ മഴവെള്ളം പോലെ കയറ്റങ്ങളും ഇറക്കങ്ങളുമായി ഇവരുടെ ജീവിതം മൂന്നുപതിറ്റാണ്ടായി നിശ്ശബ്ദം ഒഴുകുന്നു

No comments: