'അമ്മ'യുടെ എതിര്‍പ്പുകള്‍ക്കിടയില്‍ 'അച്ഛന്റെ' ഷൂട്ടിങ് കഴിഞ്ഞു. താരസംഘടനയായ അമ്മയുടെ അഭിനയ വിലക്ക് നിലനില്ക്കുന്ന തിലകനെ നായക കഥാപാത്രമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'അച്ഛന്‍'.
ചിറക് മുറ്റിയ മക്കള്‍ ജോലി ലഭിച്ച് വിദേശത്തേക്ക് പറന്ന് പോയശേഷം ഭാര്യയും അപ്രതീക്ഷിതമായി മരിക്കുന്ന വൃദ്ധന്റെ കഥയാണ് അച്ഛനില്‍ പറയുന്നത്. ഇന്നത്തെ വാര്‍ദ്ധക്യം അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് ചിത്രം ക്യാമറയിലാക്കുന്നത്. രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണ് ഫ്രെയിമിലുണ്ടാകുക. തിലകന്റെ കഥാപാത്രമായ മേജര്‍ മാധവ മേനോനും സഹായിയായി വേഷമിടുന്ന ശശി ഇരഞ്ഞിക്കലും. മറ്റുള്ളവര്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും സിനിമയിലെത്തും.
മേജര്‍ മാധവ മേനോന്റെ മക്കളിലൊരാള്‍ യൂറോപ്പിലാണ്. മറ്റൊരാള്‍ അമേരിക്കയില്‍. അവര്‍ അവിടെ സ്ഥിര താമസക്കാരാണ്. അമേരിക്കയില്‍ മരുമകളുടെ പ്രസവ ശുശ്രൂഷ ചെയ്യുന്നതിനായി മാധവമേനോന്റെ ഭാര്യ അവിടേക്ക് പോകുന്നു. ഭാര്യ പോകുന്നതിനോട് മാധവമേനോന് താല്പര്യമില്ല. ഇതിനിടെ അവര്‍ അവിടെ വച്ച് മരിക്കുന്നു. ഭാര്യയുടെ മരണം അദ്ദേഹത്തിന് ഷോക്കാകുന്നു. എന്നാല്‍ മക്കള്‍ അമ്മയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നില്ല. അമ്മയുടെ ഭൌതികശരീരം മക്കള്‍ അച്ഛനെ കാണിക്കാതിരിക്കുന്നതിന് കാരണം സാമ്പത്തികമാണ്-മൃതദേഹം നാട്ടിലെത്തിക്കുന്നത് വലിയ ചെലവുള്ള കാര്യമാണ്. മക്കള്‍ പണം വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നവരാണ്. പിന്നെ അവധിയില്ലാത്ത തങ്ങള്‍ക്ക് ചടങ്ങുകള്‍ക്ക് വേണ്ടി നാട്ടിലെത്തണം. ഇതെല്ലാം ഒഴിവാക്കാന്‍ രണ്ടുമക്കളും കൂടി കണ്ടെത്തിയ വഴിയാണ്, അമ്മയുടെ ശരീരം അമേരിക്കയില്‍ സംസ്കരിച്ചശേഷം ചിതാഭസ്മം അച്ഛന് പാഴ്സലായി അയച്ചുകൊടുക്കുകയെന്നത്.
തിലകന്റെ കഥാപാത്രത്തിന് സിനിമയില്‍ സംഭാഷണങ്ങളില്ല. തന്റെ പ്രിയപ്പെട്ട ഭാര്യയുടെ മരണശേഷമാണ് മാധവമേനോന്‍ മൂകനായത്. അച്ഛനും മക്കളും തമ്മിലുള്ള ആശയവിനിമയം നടക്കുന്നത് ഇന്റര്‍നെറ്റിലൂടെയും. ഇതിന് അദ്ദേഹത്തെ സഹായിക്കുന്നത് ശശി ഇരഞ്ഞിക്കലിന്റെ കഥാപാത്രവും. കഥ, തിരക്കഥ എസ്.ആര്‍ രവീന്ദ്രന്‍.
അലി അക്ബറിനിത് ഇത് കുടുംബകാര്യം....
ഭാര്യ നിര്‍മ്മിച്ച് ഭര്‍ത്താവ് സംവിധാനം ചെയ്ത് മകള്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയാണ് 'അച്ഛന്‍'. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെയും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയ്ക്ക് ഇതില്‍പരമുള്ള കോംപിനേഷന്‍ വേറെയില്ല.
എന്ത് കൊണ്ടിത് 'കുടുംബചിത്രമായി'യെന്ന ചോദ്യത്തിന് മറുപടി... അഭിനയ വിലക്കുള്ള തിലകനെ അഭിനയിപ്പിക്കുന്നത് കാരണം ഫെഫ്കയുടെ ജീവനക്കാരനെ എടുത്താല്‍ ചിലപ്പോള്‍ അവരുടെ ഭാവി ഇരുളടയും. തന്റെ കൂടെ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന പലരും ഭയം കാരണം സഹകരിക്കാന്‍ മടിച്ചു. ഇന്ന് സജീവമായി സിനിമയില്‍ നില്ക്കുന്നവര്‍ ഇതിലേക്ക് വരില്ല. 25നും 30നും ലക്ഷത്തിനിടയില്‍ ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തിക്കും. തിലകനെ നായകനാക്കി സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍, അതിന് പ്രതികരണമായി ഉണ്ടായത് സംവിധായകന്‍ അലിയുടെ വീട് ആക്രമണമാണ്. അച്ഛന്റെ ഷൂട്ടിങ് നടക്കുന്നത് കോഴിക്കോട് ചേവായൂരിലെ അലിഅക്ബറിന്റെ വീട്ടിലാണ്. അലീന ചേവായൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥിനിയാണ്.
സംവിധാനം, കാമറ- അലി അക്ബര്‍. നിര്‍മ്മാണം- ലൂസിയമ്മ, ഭാര്യ. സംഗീത സംവിധാനം- അലീന അലി, മകള്‍.
No comments:
Post a Comment