Sunday, September 06, 2009

കൈയ്യൊപ്പ്‌




കാലത്തിന്റെ ഓര്‍മത്താളില്‍ ചരിത്രം കൈയ്യൊപ്പ്‌ പതിയ്‌ക്കുമ്പോഴാണ്‌ സംഭവങ്ങള്‍ മായാതെ നില്‌ക്കുന്നത്‌. അത്‌ ചിലപ്പോള്‍ ചിലതിന്റെ തലവര മാറ്റി വരച്ചേക്കാം. അങ്ങനെ കാലം പ്രശസ്‌ത നാടക സംവിധായകന്‍ പ്രശാന്ത്‌ നാരായണനെ ഉപയോഗിച്ച്‌ പതിച്ച കൈയ്യൊപ്പാണ്‌ മലയാള നാടക ചരിത്രത്തില്‍ ഛായാമുഖി. കര്‍ണഭാരത്തിനുശേഷം മോഹന്‍ലാല്‍ അഭിനയിച്ച നാടകം കൂടെ മുകേഷും എന്നതുമാത്രമല്ല ഛായാമുഖിയുടെ സവിശേഷത. സിനിമാ ലോകത്തുമാത്രം മുതല്‍ മുടക്കിയിരുന്ന കോര്‍പ്പറേറ്റ്‌ ലോകം നാടകത്തിലേക്ക്‌ ഇറങ്ങി വന്നു എന്നത്‌ എടുത്തു പറയേണ്ട ഒന്നാണ്‌. ഉറങ്ങിക്കിടന്നു എന്നു പറയാവുന്ന അവസ്‌ഥയിലായിരുന്ന മലയാള നാടകവേദിയെ തൃശ്ശൂരില്‍ ഈ നാടകത്തിന്റെ അരങ്ങേറ്റം കുലുക്കി ഉണര്‍ത്തി. അതിനു തെളിവാണ്‌ സംവിധായകന്‍ പ്രശാന്ത്‌ നാരായണനെ തേടി എത്തുന്ന യുവാക്കള്‍. അവര്‍ക്ക്‌ എത്തുന്നത്‌ നാടക പഠനക്ലാസുകള്‍ക്ക്‌ നേതൃത്വം തേടിയാണ്‌. പ്രൊഫഷണലും അമച്വറുമായ നാടകസംഘങ്ങള്‍ ഇതില്‍പ്പെടും. ഛായാമുഖിയുടെ ഒരുവര്‍ഷത്തെ നേട്ടമായി പ്രശാന്ത്‌ പറയുന്നത്‌ ഈ ഉണര്‍ച്ചയാണ്‌.

? ഛായാമുഖി എന്ന നാടകം അവതരിപ്പിച്ചിട്ട്‌ ഒരുവര്‍ഷമാകുന്നുവല്ലോ എങ്ങനെ വിലയിരുത്തുന്നു.

ഒരു നാടകപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന കൈയ്യൊപ്പ്‌ രേഖപ്പെടുത്താന്‍ സാധിച്ചത്‌ ഈയൊരു വര്‍ഷത്തിലാണ്‌. അല്ലാതെ ഞാന്‍ സീരിയസ്‌ ആയിട്ടുളള എത്രയോ പ്രൊഡക്ഷന്‍സ്‌ ചെയ്‌തിട്ടുണ്ട്‌. തപാലാപ്പീസും ദൂതഘടോല്‍ക്കചവും ഊരുഭംഗവും ഒക്കെ. ഛായാമുഖിയും സീരിയസ്‌ ആയിട്ടുളളതായിരുന്നു. കൊല്ലത്തെ പ്രകാശ്‌ കലാകേന്ദ്ര എന്ന്‌ ഗ്രൂപ്പാണ്‌ ആദ്യം അവതരിപ്പിച്ചത്‌. അവര്‍ക്ക്‌ ആദ്യമായി അക്കാദമിയുടെ അവാര്‍ഡ്‌ ലഭിച്ചു. കീചകന്റെ വേഷം ചെയ്‌തിരുന്ന ആള്‍ക്ക്‌ ആ വര്‍ഷത്തെ മികച്ച നടനുളള അവാര്‍ഡ്‌ ലഭിച്ചു. എനിക്ക്‌ മികച്ച രചനയ്‌ക്കുളള അവാര്‍ഡ്‌ ലഭിച്ചു. ഉറങ്ങിക്കിടന്ന മലയാള നാടകവേദിയെ ഉണര്‍ത്താന്‍ ഛായമുഖിക്കായി എന്നുളളത്‌ എടുത്തു പറയേണ്ടതാണ്‌. അമ്വച്ചറും പ്രൊഫഷണലുമായ നാടക സംഘങ്ങള്‍ പുനുരുജ്‌ജീവിക്കപ്പെട്ടു. പുതിയ നാടക സംഘങ്ങള്‍ ഉയിര്‍കൊളളുന്നു. ഇതില്‍ നിന്ന്‌ ഊര്‍ജം ഉള്‍ക്കൊണ്ട യുവാക്കള്‍ നാടക പഠനക്ലാസുകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തില്‍ നാടക പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ മുഖം നല്‌കാന്‍ ഛായമുഖിക്കായി.

? കെ.പി.എ.സിയുടെ നാടകം കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റുപാടുന്നത്‌ ഛായാമുഖിയിലെ പൂക്കളെ തേടിയാണ്‌....

ഇതൊന്നും നമ്മള്‍ തീരുമാനിക്കുന്നത്‌ അല്ല. പല സിനിമാ നിര്‍മാതാക്കളും സംവിധായകരും നാടക പ്രവര്‍ത്തകരും നാടകകൃത്തുക്കളും കരുതുന്നത്‌ ഇതെല്ലാം സ്വന്തം കഴിവുകൊണ്ടാണ്‌ ഉണ്ടാകുന്നത്‌ എന്നാണ്‌. ഇതെല്ലാം ഓരോരോ സമയത്ത്‌ ഉണ്ടായിപ്പോകുന്ന കാര്യങ്ങളാണ്‌. എത്ര തടഞ്ഞു നിര്‍ത്തിയാലും ഒരു വലിയ മൂവ്‌മെന്റിനെ തകര്‍ക്കാന്‍ നമുക്ക്‌ സാധിക്കില്ല. ലാലും മുകേഷും വലിയൊരു മൂവ്‌മെന്റാണ്‌ ഏറ്റെടുക്കുന്നത്‌. അത്‌ അവര്‍ ആദ്യസ്‌റ്റേജില്‍ തന്നെ അതിന്റെ മൈലേജ്‌ ഉണ്ടാക്കുകയും അത്‌ വിജയിക്കുയും ചെയ്‌തു എന്നത്‌ വ്യക്‌തമാണ്‌.


? ടെക്‌നോളജി നാടകത്തില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം

ടെക്‌നോളജി എത്ര വികസിച്ചാലും മണ്ണില്‍നിന്നുകൊണ്ടു മാത്രമേ മനുഷ്യന്‌ ജീവിക്കാനാകൂ എന്ന്‌ വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍. ടെക്‌നോളജിക്കപ്പുറം നില്‌ക്കാനൊരു തറയുണ്ടെങ്കില്‍ പറയാനൊരു ആശയമുണ്ടെങ്കില്‍ അത്‌ എത്ര തീവ്രമായി പറയണമെന്ന്‌ വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍.
നാടകം രണ്ടാമത്‌ അവതരിപ്പിച്ച തിരുവനന്തപുരത്ത്‌ തുറന്ന സ്‌റ്റേജ്‌ ആയതുകൊണ്ട്‌ നാടകത്തിന്‌ ചില പരിമിതികളുണ്ടായിരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും പ്രേക്ഷകര്‍ ഉന്മാദത്തോടെ നാടകം കണ്ടു.


? നാടകത്തില്‍ സംഭാഷണം റെക്കോര്‍ഡ്‌ ചെയ്‌തുപയോഗിക്കുന്നതിനെ പ്രിയനന്ദന്‍ വിമര്‍ശിച്ചുകണ്ടിരുന്നു.

പ്രിയനന്ദനെപ്പോലെയുളള സിനിമാ സംവിധായകര്‍ പറഞ്ഞത്‌ പത്രത്തില്‍ വായിച്ചു. ഇതെല്ലാം ഡബ്ബ്‌ ചെയ്‌ത്‌ പറയുന്നതാണെന്ന്‌. ഇത്‌ പച്ചക്കളളമാണ്‌. പ്രിയനന്ദന്‌ അറിയാത്തതു കൊണ്ടാണ്‌ ഇങ്ങനെ പറയുന്നത്‌.
എന്റെ പ്രിയപ്പെട്ട പ്രിയനന്ദനാ നിങ്ങള്‍ ഛായാമുഖി മോഹന്‍ലാലും മുകേഷും അവതരിപ്പിച്ചത്‌ കാണാത്തതുകൊണ്ടാണ്‌ ഇത്തരം വിഡ്‌ഢി പ്രസ്‌താവങ്ങള്‍ ഇറക്കുന്നത്‌. തൊട്ടു സമീപിച്ചു നോക്ക്‌ അല്ലെങ്കില്‍ ഒരു ദിവസം ക്യാമ്പില്‍ വരാനുളള സൗമനസ്യം കാണിക്കൂ. അതില്‍ അഭിനയിച്ചിരിക്കുന്ന എല്ലാപേരും മികവോടും തികവോടും പരിശീലിച്ചാണ്‌ സംഭാഷണങ്ങള്‍ ഡബ്ബ്‌ ചെയ്യാതെ അവതരിപ്പിച്ചിരിക്കുന്നത്‌. മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്‌ എങ്ങനെ എന്നറിയില്ല. ഞാനത്‌ കണ്ടിട്ടില്ല. അത്‌ വച്ച്‌ പ്രിയനന്ദനെപ്പോലെയുളളവര്‍ ഇത്തരം പ്രസ്‌താവങ്ങള്‍ ഇറക്കരുത്‌. അത്‌ പൊതുജനങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക്‌ ആക്ഷേപം ഉണ്ടാക്കുന്നതാണ്‌.
ആത്മഗതങ്ങള്‍ രണ്ടെണ്ണം റെക്കോര്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. ഭീമന്റെ ചിന്തയില്‍ മാത്രം വരുന്ന ആത്മഗതങ്ങള്‍, ആദ്യത്തെ വിഷ്‌ക്കംഭത്തിലുളള യാത്രയ്‌ക്ക്‌ ഇനിയുമെത്ര ദൂരം എന്ന്‌ പറയുന്ന നാടകത്തില്‍ ഭീമന്റെ ടോട്ടല്‍ മാനസികാവസ്‌ഥ ഉള്‍ക്കൊളളുന്ന എട്ട്‌ പത്ത്‌ വരികള്‍ റെക്കോര്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. പിന്നെ ആത്മഗതം പോലെ കീചകനോട്‌ മാപ്പ്‌ പറയുന്ന ഭീമന്റെ ഭാഗവും റെക്കോര്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാതെ ബാക്കി എല്ലായിടത്തും സ്വന്തം ശബ്‌ദത്തില്‍ തത്സമയമായിട്ടാണ്‌ പറയുന്നത്‌.


? മോഹന്‍ലാലും മുകേഷും നാടകത്തെ എങ്ങനെ സമീപിച്ചു.

നാടകപ്രവര്‍ത്തനത്തിന്റെ ഗൗരവം നിലനിറുത്തിക്കൊണ്ടു തന്നെ സാധനയിലൂടെ സ്വായത്തമാക്കാന്‍ പറ്റുമെന്നുളളതിനു തെളിവാണ്‌ ഛായാമുഖി. മോഹന്‍ലാലും മുകേഷും ഗൗരവമായിത്തന്നെ നാടകത്തെ എടുക്കുകയും ചെയ്‌തു.
മോഹന്‍ലാലിനെപ്പോലൊരാളെ വച്ച്‌ നാടകം ചെയ്യാന്‍ പറ്റുന്നു എന്ന്‌ പറയുന്നത്‌ വലിയൊരു ഭാഗ്യമാണ്‌. ഇന്ത്യയില്‍ എത്രയോ നാടക, സിനിമാ സംവിധായകരുണ്ട്‌. അവര്‍ക്കൊന്നും കിട്ടാത്ത ഒരവസരമാണ്‌ എനിക്ക്‌ കിട്ടിയത്‌. അത്‌ എന്റെ സ്‌ക്രിപ്‌റ്റിന്റെ നല്ലവശം കൊണ്ടും. എന്റെ വര്‍ക്കിങ്ങ്‌ പാറ്റേണിന്റെ സുഖം കൊണ്ടുമായിരിക്കാം അവര്‍ അത്‌ തിരഞ്ഞെടുത്തത്‌. ലാലും മുകേഷുമടക്കം നാടകത്തിലെ എല്ലാപേരും നല്ല ആത്‌മവിശ്വാസത്തോടെ അഭിനയിച്ചു.


? ലാലിന്റേതാണോ മുകേഷിന്റേതാണോ മികച്ച അഭിനയം

ലാലിന്റേതാണോ മുകേഷിന്റേതാണോ മികച്ച അഭിനയം എന്ന്‌ താരതമ്യം ചെയ്യാനാകില്ല. കാരണം കഥാപാത്രം ആവശ്യപ്പെടുന്നതേ അവര്‍ അരങ്ങത്ത്‌ ചെയ്യുന്നുളളൂ. ഇപ്പോള്‍ ഒരാളെ എക്‌സ്‌പോസ്‌ ചെയ്യാന്‍ വേണ്ടി ഒരു കഥാപാത്രത്തെ ഉണ്ടാക്കാനാവില്ല. ഭീമന്റെ അവസ്‌ഥയനുസരിച്ച്‌ അഞ്‌ജാത വാസക്കാലത്തെ ഭീമനാണ്‌ പെര്‍ഫോം ചെയ്യേണ്ടത്‌. അതുകൊണ്ട്‌ വളരെ നിയന്ത്രണമുളള അണ്ടര്‍ ആക്‌ടിങ്ങ്‌ ആയിട്ടുളള, അതായത്‌ അഭിനയമോ അമിതാഭിനയമോ അല്ലാതെ അതിലും താഴെ നില്‌ക്കുന്ന ബിഹേവിങ്ങ്‌ എന്നു പറയാവുന്ന, ചെയ്യുക ചെയ്‌ത്‌ കാണിക്കുക ചെയ്യാന്‍ വേണ്ടി ചെയ്‌ത്‌ കാണിക്കുക, ഇതില്‍ ചെയ്‌ത്‌ കാണിക്കുകയാണ്‌ നാടകക്കാര്‍ ചെയ്യുന്നത്‌. നടന്നാല്‍ മതി നടന്നു കാണിക്കേണ്ട. അത്‌ വളരെ മനോഹരമായി മോഹന്‍ലാല്‍ നാടകത്തില്‍ നടപ്പിലാക്കുന്നുണ്ട്‌. സിനിമാ ലോകത്ത്‌ സൂപ്പര്‍ സ്‌റ്റാര്‍ ആയ ഒരാള്‍ നാടകത്തിന്റെ സങ്കേതത്തിലേക്ക്‌ വീഴുകയും പെട്ടെന്ന്‌ അതുമായി ഇഴുകിച്ചേരുകയും ചെയ്‌തത്‌ അത്ഭുതാവഹമാണ്‌. ഇരുപത്തിഅഞ്ചു വര്‍ഷം വരെ എക്‌സ്‌പീരിയന്‍സ്‌ ഉളള നടന്മാരുമായി ഞാന്‍ വര്‍ക്ക്‌ ചെയ്‌തിട്ടുണ്ട്‌. അവരില്‍ നിന്നു കിട്ടുന്ന റിഫ്‌ളക്‌സ്‌ അല്ല എനിക്ക്‌ ലാലില്‍നിന്നു കിട്ടിയത്‌. അസാധാരണമായ കഴിവും നിരീക്ഷണ പാടവവും അത്‌ പുനരവതരിപ്പിക്കുന്നതിനുളള കഴിവും അദ്ദേഹത്തിന്‌ കൂടുതലാണ്‌. പിന്നെ കഥാപാത്രം അരങ്ങത്തു ആവശ്യപ്പെടുന്നത്‌ മാത്രം അദ്ദേഹം അരങ്ങത്തു ചെയ്യാറുളളൂ.
ഛായാമുഖി വിശകലനം ചെയ്യുമ്പോള്‍ മുകേഷ്‌ അവതരിപ്പിക്കുന്ന കീചകനാണ്‌ കൂടുതല്‍ പ്രാധാന്യം. കീചകന്‍ എന്ന വ്യക്‌തിത്വം അത്തരത്തിലുളളതാണ്‌. പുരാണത്തിലെ കുപ്രസിദ്ധമായ കഥാപാത്രമാണ്‌ കീചകന്‍. അതില്‍നിന്നും വ്യത്യസ്‌തമായ ഒരു സമീപനമാണ്‌ നാടകത്തിലെ കീചകനുളളത്‌. മൊത്തം നാടകത്തിന്റെ ഗ്രാഫ്‌ പരിശോധിച്ചാല്‍ കീചകന്റെ വരവ്‌ നാടകത്തിന്റെ പോക്ക്‌ മറ്റൊരു തലത്തിലേക്കാണ്‌ മാറ്റുന്നത്‌.
ഇവരുടെ അഭിനയം താരതമ്യം ചെയ്യാനാകില്ല. പണ്ട്‌ മധുവിനെയും സത്യനെയും, സത്യനെയും നസീറിനെയും ഒക്കെ താരതമ്യം ചെയ്‌തിരുന്നു. താരതമ്യം അഭിനയത്തിന്റെ കാര്യത്തില്‍ നടക്കില്ല. അതൊരു തെറ്റായ പ്രവണതയാണ്‌. ജിലേബിക്ക്‌ ജിലേബിയുടെ വ്യക്‌തിത്വമേ ഉണ്ടാകൂ. ലഡുവിന്റേതാകില്ല. രണ്ടുപേരും അങ്ങനെയാണ്‌. രണ്ടുപേരും എന്നല്ല മുകുന്ദനാണെങ്കിലും ഹരിശാന്താണെങ്കിലും ഹരിശാന്തിന്‌ ഡയലോഗുപോലുമില്ല. ജീമൂത എന്ന മല്ലന്റെ വേഷമാണ്‌ ഹരിശാന്ത്‌ ചെയ്‌തിരിക്കുന്നത്‌. ഇവര്‍ എല്ലാപേരും കഥാപാത്രങ്ങളോട്‌ നീതിപുലര്‍ത്തുകയും നാടകത്തിന്‌ മൊത്തത്തില്‍ പരുക്കേല്‌ക്കാത്ത രീതിയില്‍ അഭിനയിക്കുകയും ചെയ്യുമ്പോഴാണ്‌ നാടകത്തിന്‌ പൂര്‍ണതയുണ്ടാകുന്നത്‌. ഒരാള്‍ മുഴച്ചു നില്‌ക്കുകയാണെങ്കില്‍ ആ നാടകം പരാജയപ്പെട്ടു എന്നാണര്‍ത്ഥം. അപ്പോള്‍ ഈ പൂര്‍ണതയ്‌ക്കു വിഘാതം വരാതെ നില്‌ക്കുക എന്നതാണ്‌ അഭിനയ നിയന്ത്രണം എന്നത്‌.
മുകേഷിന്‌ നാടക പാരമ്പര്യം കൂടെയുണ്ട്‌. അരങ്ങിന്റെ ക്രാഫ്‌റ്റ്‌ എന്ന്‌ പറയുന്നത്‌ തൊട്ടിലില്‍ കിടക്കുമ്പോഴേ അറിയാവുന്ന കാര്യമാണ്‌. പിന്നെ നല്ലൊരു പെര്‍ഫോര്‍മറാണ്‌ മുകേഷ്‌. മോഹന്‍ലാല്‍ സിനിമയില്‍ ബിഹേവ്‌ ചെയ്യുമ്പോള്‍ മുകേഷ്‌ പെര്‍ഫോം ചെയ്യുകയാണ്‌. അത്‌ അഭിനയത്തിന്റെ രണ്ട്‌ സ്‌റ്റെല്‍ ആണ്‌. മുകേഷിന്റെ കഥാപാത്രം വ്യത്യസ്‌തമായതുകൊണ്ടാണ്‌ പല അരങ്ങിലും കൈയ്യടിയും കൂടെ പാട്ടു പാടലും ഉണ്ടാകുന്നത്‌.

? മോഹല്‍ലാല്‍ നാടകത്തിന്റെ സ്‌ക്രിപ്‌റ്റില്‍ ഇടപെട്ടിട്ടുണ്ടോ

നാടകത്തിന്റെ കാര്യത്തില്‍ ഒരു ഇടപെടലും അദ്ദേഹം നടത്തിയിട്ടില്ല.
ഡയലോഗിന്റെ കാര്യത്തിലാകട്ടെ ഒരു കുത്തിന്റെ കാര്യത്തിലാകട്ടെ ഇടപെടല്‍ ഉണ്ടായിട്ടില്ല. നാടകം അദ്ദേഹം നന്നായി പഠിച്ചിട്ടാണ്‌ ക്യാമ്പിലേക്ക്‌ വന്നത്‌. ഒരു കഥാപാത്രത്തെ മാത്രമല്ല മൊത്തം നാടകവും വായിച്ച്‌ അതിന്റെ ആത്മാവു കണ്ടെത്തിയാണ്‌ അദ്ദേഹംഅഭിനയിച്ചിരിക്കുന്നത്‌.
ക്രിയേറ്റീവ്‌ ആയിട്ടുളള ഒരു ഇടപെടലും നടത്തിയിട്ടില്ല. കോണ്‍ട്രിബ്യൂഷന്‍സ്‌ ഉണ്ടായിട്ടുണ്ട്‌. പക്ഷേ അതു നാടകത്തിന്റെ പൂര്‍ണതയ്‌ക്കു ഭംഗം വരാത്തരീതിയിലാണു എന്നു മാത്രം. പാചകത്തിനു ഒരുസംഘം നില്‌ക്കുകയാണെങ്കില്‍ രുചി നോക്കുമ്പോള്‍ കുറച്ച്‌ ഉപ്പ്‌ കൂടെ ഇടണം എന്ന്‌ ഒരാള്‍ പറയുമ്പോള്‍ ഉപ്പിട്ടാല്‍ രുചി കൂടും. അത്തരത്തില്‍ ഛായാമുഖി ആകുന്ന വിഭവത്തില്‍ രുചി ഉണ്ടാക്കാനുളള ചില ഹിന്റ്‌സ്‌ അദ്ദേഹം ഇട്ടിട്ടുണ്ട്‌. ഹിഡുംബിയെ ഭീമന്‍ എടുത്ത്‌ എറിയുന്ന ഒരു സീക്വന്‍സ്‌ ഉണ്ട്‌. പാട്ടിനിടയില്‍ പൂര്‍വകാലത്തിലേക്ക്‌ ഭീമന്‍ പോകുന്നുണ്ട്‌. പാഞ്ചാലിയാണ്‌ കണ്ണുപൊത്തുന്നത്‌ എന്ന്‌ കരുതി ഹിഡുംബിയോട്‌ ഭീമന്‍ പറയും ``അവള്‍ ഹിഡുംബി തേന്‍കുടങ്ങള്‍ കാഴ്‌ച വച്ചിട്ടുണ്ട്‌, കിനാവുപോലെ സുന്ദരമാണ്‌ ആ കാലം''. അവിടെ ഞാനൊരു കോമ്പിനേഷന്‍ ഉണ്ടാക്കി വര്‍ക്ക്‌ ഔട്ട്‌ ചെയ്‌തു വച്ചിരുന്നു. അത്‌ ചെയ്യുന്നതിനിടയില്‍ ലാല്‍ പറഞ്ഞു. ഭീമന്‍ ഹിഡുംബിയെ എടുത്ത്‌ ആകാശത്തിലേക്ക്‌ എറിയുന്നതായിട്ടുളള ഒരു ചിത്രം എനിക്ക്‌ ആര്‍ട്ടിസ്‌റ്റ്‌ നമ്പൂതിരി വരച്ചുതന്നിട്ടുണ്ട്‌. അത്‌ നാടകത്തില്‍ വര്‍ക്ക്‌ ചെയ്യാമോ എന്ന്‌. അസാദ്ധ്യമായിട്ട്‌ ഒന്നുമില്ല നമുക്ക്‌ അത്‌ ചെയ്യാം എന്ന്‌ ഞാന്‍ പറഞ്ഞു. അങ്ങനെ ആ തീം നാടകത്തിന്റെ പരിമിതിയ്‌ക്കുളളില്‍ നിന്നുകൊണ്ട്‌ വേറൊരു സങ്കേതം ഉപയോഗിച്ചു അതില്‍ ഉപയോഗിച്ചിട്ടുണ്ട്‌. അല്ലാതെയുളള ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.


? പുതിയ വര്‍ക്കുകള്‍

രണ്ട്‌ സ്‌ക്രിപ്‌റ്റുകള്‍ തീര്‍ത്തു. ലാല്‍ എന്നോട്‌ പറഞ്ഞിട്ട്‌ ഒഎന്‍വി സാറിന്റെ ഉജെ്‌ജയിനി സ്‌ക്രിപ്‌റ്റ്‌ ആക്കി. അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു. പിന്നെ പെട്ടെന്ന്‌ പെട്ടെന്ന്‌ നാടകം ചെയ്യുന്ന സ്വഭാവം എനിക്കില്ല. പിന്നെ കുറച്ച്‌ ശ്രദ്ധ സിനിമയ്‌ക്ക്‌ കൊടുത്താല്‍ കൊളളാമെന്നുണ്ട്‌. കലാമൂല്യമുളള ഒരുചിത്രം എല്ലാപേര്‍ക്കും ഇഷ്‌ടപ്പെടുന്ന രീതിയില്‍ എടുക്കണം. അതായത്‌ കടിച്ചാല്‍ പൊട്ടാത്ത സാധനം ആളുകള്‍ക്ക്‌ ഉണ്ടാകില്ല. എന്റെ ആത്മരതി, എന്റെ ആത്മാവിനെ സന്തോഷിപ്പിക്കുന്നത്‌ ജനത്തെ സന്തോഷിപ്പിക്കണമെന്നില്ല. പൊതുജനത്തിന്റെ മനശാസ്‌ത്രത്തെ സ്വാധീനിക്കാന്‍ പറ്റണം. എന്റെ മനശാസ്‌ത്രത്തിനനുസരിച്ച്‌ പൊതുജനത്തിനെ കൊണ്ടുവരാന്‍ സാധിക്കാത്തിടത്തോളം കാലം എനിക്ക്‌ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാനാവില്ല. അപ്പോള്‍ പൊതുജനത്തിന്റെ മനശാസ്‌ത്രം വച്ചിട്ട്‌ അതിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ പൊതുജനത്തിന്‌ താല്‌പര്യമുളള കാര്യം ചെയ്യുക.


? ഛായാമുഖിയില്‍ ഇത്‌ എത്രത്തോളം.......

തീര്‍ച്ചയായിട്ടും പക്ഷേ ഇതിലൊരു കാര്യമുണ്ട്‌. എഴുതുന്ന സമയത്ത്‌ പൊതുജനത്തിന്റെ മനശാസ്‌ത്രം വച്ചിട്ടല്ല ചെയ്‌തത്‌. എന്റെ മനശാസ്‌ത്രം ഉപയോഗിച്ചാണ്‌ ചെയ്‌തത്‌. അതിലേക്ക്‌ പ്രേക്ഷകര്‍ വരികയായിരുന്നു. അല്ലെങ്കില്‍ നടീനടന്മാര്‍ വരികയായിരുന്നു. പിന്നെ മാസിന്റെ സൈക്കോളജിയിലേക്ക്‌ ഇറങ്ങിപ്പോയത്‌ ലാലും മുകേഷും ഏറ്റെടുത്തപ്പോഴാണ്‌. ഷേക്‌സ്‌പിയറിന്റെ നാടകത്തില്‍ മാര്‍ക്ക്‌ ആന്റണിയുടെ പ്രസംഗം ഉണ്ട്‌. പൊതുജനത്തിന്റെ മനസിനെ കീഴടക്കാന്‍ ഒറ്റപ്രസംഗം കൊണ്ട്‌ അദ്ദേഹത്തിനു കഴിഞ്ഞു. അതുപോലെയാണ്‌ ഓരോ കലാപ്രവര്‍ത്തനവും. ഞാന്‍ സിനിമ ചെയ്യുകയാണെങ്കില്‍ പൊതുജനത്തെ ത്രസിപ്പിക്കുന്ന ഒരു സിനിമയാകും ഞാന്‍ ചെയ്യുക. അല്ലെങ്കില്‍ സിനിമ ചെയ്യില്ല. ചെയ്യാതിരിക്കുകയാണ്‌ ഭേദം. അവാര്‍ഡിന്‌ വേണ്ടി മാത്രമായ ചലച്ചിത്രം ചെയ്യുന്നത്‌ ഉണ്ടാകില്ല.
അവാര്‍ഡിലൊന്നും കാര്യമില്ല. ഇപ്പോ എത്രയോപേര്‍ എന്റെ മൊബൈല്‍ നമ്പര്‍ തേടിപ്പിടിച്ച്‌ ഛായാമുഖിയിലെ പാട്ടു പാടി കേള്‍പ്പിക്കുന്നുണ്ട്‌. അത്‌ വലിയൊരു അംഗീകാരമല്ലേ. എത്രയോ പരിചയമില്ലാത്ത ആളുകള്‍ ഛായാമുഖിയുടെ സംവിധായകന്‍ എന്ന്‌ പറയുമ്പോള്‍ നമ്മളെ റെസ്‌പെക്‌ട്‌ ചെയ്യുന്നുണ്ട്‌. ഛായാമുഖിക്ക്‌ അവാര്‍ടൊന്നും ലഭിച്ചിട്ടില്ല. അതിന്‌ ചില നടപടി ക്രമങ്ങള്‍ ഉണ്ട്‌.

? കഥകളിയുടെ പഠനം കലാപ്രവര്‍ത്തനത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്‌.

കഥകളി ഞാന്‍ ആസ്വദിക്കാനായി പഠിച്ചതാണ്‌. ഇന്ന്‌ ഞാന്‍ കഥകളി മറന്നു കഴിഞ്ഞു. കഥകളി പഠിച്ചു മറന്നാല്‍ മാത്രമേ നാടകം ചെയ്യാനാകൂ. കഥകളി പഠനം വളരെ സ്‌ട്രെയിന്‍ ഉളളതാണ്‌. ആറു വര്‍ഷം പഠിച്ച്‌ പിന്നെ അരങ്ങത്ത്‌ 10 വര്‍ഷം അവതരിപ്പിച്ചാലെ നല്ല വേഷങ്ങള്‍ ലഭിക്കൂ. അതുവരെയും കുട്ടിവേഷങ്ങള്‍ ചെയ്യണം. പിന്നെ ഒരു കാര്യം കഥകളിയില്‍നിന്നു കിട്ടുന്ന മലയാള ഭാഷാപരമായിട്ടുളള ഒരു ഊര്‍ജ്‌ജം ഉണ്ട്‌. അതിന്റെ സാഹിത്യശാഖ അങ്ങനെയാണ്‌ വികസിച്ചിട്ടുളളത്‌. നളചരിതം നാലുതവണ വായിച്ചാല്‍ അരക്കവിയാണെന്ന്‌ അച്‌ഛന്‍ പറയുമായിരുന്നു. അത്രയും പദസമ്പത്ത്‌ അതിനകത്തുണ്ട്‌. അഭിനയ രീതികള്‍ തന്മയത്വം രസഭാവ സിദ്ധാന്തങ്ങള്‍ രംഗക്രമീകരണങ്ങള്‍ അതിലെ സിമ്പോളിസം പിന്നെ ടോട്ടാലിറ്റി ഇതെല്ലാം സമഞ്‌ജസമായി ഏകീകരിച്ച്‌ ചെയ്യുന്ന കലാരൂപമാണ്‌ കഥകളി. ഏതെങ്കിലും ഒന്ന്‌ മുഴച്ചാല്‍ കഥകളി അല്ലാതെയായി തീരും. എല്ലാ കലാരൂപങ്ങള്‍ക്കും കഥകളി ഉപ്പ്‌ പോലെയാണ്‌. പക്ഷേ അത്‌ അളവ്‌ മനസിലാക്കി ഉപയോഗിക്കണം അത്‌ ഇല്ലാതെ വരുമ്പോഴാണ്‌ വികൃത പ്രകടനങ്ങള്‍ ഉണ്ടാകുന്നത്‌. കഥകളി നടന്മാരെ കൊണ്ടുവന്ന്‌ നാടകം കളിപ്പിക്കുന്നത്‌പോലെ ഇരിക്കും. വളരെ പ്രസിദ്ധരായ പല നാടകക്കാരും വളരെ ഉപരിപ്ലവമായിട്ട്‌ കഥകളിയെ സമീപിക്കുകയും അതിന്റെ വേഷവിതാനങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്‌തതു കൊണ്ടുമാത്രം അത്‌ മലയാള തനിമയുളള നാടകമാണെന്ന്‌ പറയാനാകില്ല.
കഥകളി സ്‌കൂളിങ്ങ്‌ വളരെ നല്ലതാണ്‌. പക്ഷേ അത്‌ പഠിച്ച്‌ മറക്കണം.
നല്ല നാടകം ഉണ്ടാകുന്നതിനെക്കുറിച്ച്‌ സി.എന്‍ ശ്രീകണ്‌ഠന്‍ സാറിന്റെ ഒരു ലേഖനം ഉണ്ട്‌. ജപ്പാന്റെ നാടക വേദി കബൂക്കിയും നോയും ആണെങ്കില്‍ മലയാളത്തിന്റെ നാടകവേദി എന്തുകൊണ്ട്‌ കഥകളി ആയിക്കൂട. എന്നാല്‍ നമ്മുടെ കഥകളി ഉള്‍പ്പെടെയുളള തെയ്യം, തിറ തുടങ്ങിയ കലാരൂപങ്ങളില്‍നിന്ന്‌ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട്‌ ഉരുവം കൊളളും. അത്‌ പ്രതിഭാശാലിയായ ഒരു നാടകപ്രവര്‍ത്തകന്റെ രക്‌ത്തതില്‍ കുതിര്‍ന്നാകും ഉണ്ടാകുക. നമ്മുടെ കഥകളിയും തെയ്യവും തിറയും തോറ്റവും പറണേറ്റും ഒക്കെ സമഞ്ചസമായി ഉള്‍ക്കൊളളുന്ന ഏകീകരിക്കപ്പെട്ടുളള ഒരു നൂതന നാടകവേദി ഉയര്‍ത്തെഴുന്നേല്‌ക്കും എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

? ഛായാമുഖി എത്രത്തോളം ഈ പ്രതീക്ഷകള്‍ സഫലമാക്കി.

അങ്ങനെ എന്ന്‌ പറയാനാവില്ല. ഞാന്‍ അനുരണനം മാത്രമാണ്‌. ഒരു നിമിത്തം. എത്രയോ ആളുകള്‍ എന്നെക്കാരണം പ്രചോദിതരാകുന്നു. നാടകത്തിന്‌ ക്ലാസെടുക്കാന്‍ ആളുകള്‍ വിളിക്കുന്നു. അപ്പോള്‍ സ്വതസിദ്ധമായ നമ്മുടെ സംസ്‌കാരത്തില്‍നിന്നു കൊണ്ടുളള നാടകങ്ങള്‍ ഇനിയും ഇഷ്‌ടം പോലെ വരാം.

? ഛായാമുഖി മാസ്‌റ്റര്‍പീസ്‌ ആണോ

വര്‍ക്ക്‌ എന്ന നിലയില്‍ എനിക്ക്‌ സംതൃപ്‌തി നല്‌കിയ ഒന്നാണ്‌ ഛായാമുഖി. എന്റെ മാസ്‌റ്റര്‍ പീസ്‌ അല്ല. അങ്ങനെ ഞാന്‍ വിശ്വസിക്കുന്നില്ല. മാസ്‌റ്റര്‍ പീസ്‌ വരാനിരിക്കുന്നതേ ഉളളൂ. അണിയറയില്‍ അതിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്‌ എന്ന്‌ വേണം പറയാന്‍.

? ബാംഗ്ലൂര്‍ പരിപാടിയ്‌ക്ക്‌ശേഷം മടങ്ങി വരവെ ഉണ്ടായ അപകടത്തെക്കുറിച്ച്‌...

ബാംഗ്ലൂരിലെ പരിപാടിയ്‌ക്ക്‌ശേഷം മടങ്ങി വരവെയാണ്‌ കഥകളി ആര്‍ട്ടിസ്‌റ്റ്‌ രഞ്‌ജിത്‌ അപകടത്തില്‍ മരിക്കുന്നത്‌. എന്റെ അസിസ്‌റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന മന്‍സൂറിന്റെ കാല്‌ ആ അപകടത്തില്‍ നഷ്‌ടമായി. ഇയാള്‍ ഇപ്പോഴും ചികിത്സയിലാണ്‌. ഞങ്ങള്‍ക്ക്‌ ഇതൊരു വലിയ ഷോക്ക്‌ ആയിരുന്നു.

അതിനകത്ത്‌ വേറൊരു അനുഭവമുണ്ട്‌. തൃശൂരില്‍ ആദ്യമായി നാടകം അവതരിപ്പിക്കുന്നതിനിടെ ലാലേട്ടന്‍ എന്നോട്‌ പറഞ്ഞു പ്രശാന്തേ കളികഴിഞ്ഞാല്‍ നിന്റെ തലയ്‌ക്കുഴിഞ്ഞ്‌ ഒരു തേങ്ങ അടിച്ചേക്കണം. ആളുകള്‍ കണ്ണുവയ്‌ക്കാന്‍ സാദ്ധ്യതയുണ്ട്‌. അത്‌ വാസ്‌തവമാണെന്ന്‌ എനിക്ക്‌ പിന്നീട്‌ മനസിലായി. പിന്നെ 45 ദിവസം എനിക്ക്‌ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഡിപ്രഷന്‍ ഉണ്ടായി മാനസികമായി തകര്‍ന്നിട്ട്‌ ഒന്നും എഴുതാന്‍ പറ്റാത്ത മാനസികാവസ്‌ഥയിലേക്ക്‌ ഞാന്‍ പോവുകയും ശാരീരികമായി തളരുകയും ചെയ്‌തു.

2 comments:

Unknown said...

hmm keep it up
can do betr,means sme mor creativ qustions can b askd . linking wit western plays etc

രഞ്ജിത്ത് ലാല്‍ എം .എസ്. said...

kc....kurachu..edit ChaiYYam AyirunnU...