Saturday, October 09, 2010

സുവര്‍ണ പ്രതീക്ഷയുടെ വെള്ളി നിമിഷങ്ങള്‍

താപമാപിനിയുടെ രസനിരപ്പ് പോലെയായിരുന്നു ദിജുവിന്റെ ചേട്ടന്റെ മുഖം. അമ്മയുടേത് പ്രാര്‍ത്ഥനാ നിരതം. അച്ഛന്റെ മുഖഭാവം പിടിതരാതെ നിസംഗതയുടെയും പ്രതീക്ഷയുടെയും ഇടയില്‍ തത്തിക്കളിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണില്‍ ടീം ഇനത്തിലെ ഫൈനലില്‍ ആദ്യ ഡബിള്‍സ് മത്സരത്തില്‍ വി.ദിജു- ജ്വാല സഖ്യം മലേഷ്യന്‍ ജോഡികളെ നേരിടുമ്പോള്‍ ഇങ്ങ് കോഴിക്കോട് രാമനാട്ടുകരയിലെ വീട്ടിലിരുന്ന് കുടുംബാംഗങ്ങള്‍ ടി.വിയില്‍ കളി കാണുകയായിരുന്നു.

അങ്ങ് ഡല്‍ഹിയില്‍ ദിജുവിന്റെ കളി തുടങ്ങിയപ്പോള്‍ ഡി.ഡി സ്പോര്‍ട്സില്‍ ഇന്ത്യുടെ ഓംകാര്‍ സിംഗ് ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ സ്വര്‍ണം നേടുന്ന രംഗമായിരുന്നു ലൈവായി കാണിച്ചിരുന്നത്. ടി.വിയുടെ മുന്നില്‍ ചട്ടന്‍ ദിനുവും അച്ഛന്‍ കരുണാകരനും ദിജുവിന്റെ മൂന്ന് കൂട്ടുകാരും മാത്രം.

ഷൂട്ടിംഗ് മത്സരം കഴിഞ്ഞപ്പോള്‍ സമയം 7.17. ചാനലിലെ അവതാരകര്‍ കാണികളിലേക്കും പ്രതീക്ഷയുണര്‍ത്തി താരങ്ങളുടെ ഫോമിനെക്കുറിച്ച് പ്രകീര്‍ത്തിച്ച് കൊണ്ട് ബാഡ്മിന്റണ്‍ മത്സരങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങി. അതുവരെ ടി.വി റൂമില്‍ പിന്നിലിരുന്ന അച്ഛന്‍ ദിനുവിനൊപ്പം മുന്നിലേക്ക് വന്നിരുന്നു. കൂടെ അമ്മ ലളിതയുമെത്തി. ആ സമയം ദിജു- ജ്വാല സഖ്യം ആദ്യ സെറ്റ് നഷ്ടപ്പെട്ട് പിന്നിലായിരുന്നു. രണ്ടാം സെറ്റില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ സഖ്യം ഇടിമിന്നലായി പോയിന്റുകള്‍ വാരിക്കൂട്ടി. നിരാശയുടെ നിമിഷങ്ങള്‍ പതിയെ പ്രതീക്ഷയിലേക്ക് മാറി. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച് മുന്നേറിയ സഖ്യം വിജയം കരസ്ഥമാക്കി. എല്ലാവരുടെയും മുഖത്ത് വിജയ പ്രതീക്ഷ. നിശബ്ദമായി കളികണ്ടിരിക്കുന്ന അമ്മയും ദിനുവിനോട് കമന്റുകള്‍ പറഞ്ഞു. അച്ഛന്‍ നിശബ്ദനായി തന്നെ തുടര്‍ന്നു.

ആദ്യ കളി വിജയിച്ച് സ്വര്‍ണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ മൂന്നാം സെറ്റ് തുടങ്ങി.

നിര്‍ണായകമായ മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ നേടിയ ലീഡ് നിലനിര്‍ത്താന്‍ സഖ്യത്തിന് കഴിയാതെ വന്നപ്പോള്‍ വീണ്ടും പ്രാര്‍ത്ഥനയുടെയുടെ നിമിഷങ്ങള്‍. ജ്വാല നിരന്തരമായി പിഴവുകള്‍ വരുത്തിയപ്പോള്‍ നിശബ്ദത. പോയിന്റ് നഷ്ടമാകുമ്പോള്‍ നിരാശയുടെ ശബ്ദങ്ങള്‍. പിന്നെ കളിയെക്കുറിച്ചുള്ള വിശകലനങ്ങള്‍. രണ്ടാം സെറ്റില്‍ ഏകാഗ്രതയോടെ കളിച്ച സഖ്യത്തിന് മികവ് മൂന്നാം സെറ്റില്‍ നിലനിര്‍ത്താനായില്ല.

മലേഷ്യന്‍ ജോഡിയുടെ സ്കോര്‍ നിരന്തരമുയര്‍ന്നപ്പോള്‍ ചാനല്‍ പതിയെ പരസ്യത്തിലേക്ക് മാറി. വീട്ടില്‍ പ്രതീക്ഷയുടെ നിമിഷങ്ങള്‍. പരസ്യത്തിന് ശേഷം ഓംകാര്‍ സിംഗിന് സ്വര്‍ണം സമ്മാനിക്കുന്ന ദൃശ്യങ്ങള്‍. ബാഡ്മിന്റണ്‍ മത്സരം കാണിക്കുമെന്ന പ്രതീക്ഷ ചാനല്‍ തെറ്റിച്ചപ്പോള്‍ ന്യൂസ് ചാനലിന്റെ ബട്ടണിലേക്ക് ദിനുവിന്റെ വിരലുകള്‍ ചെന്നു. അവിടെയും നിരാശ.

വെബ്സൈറ്റുകളില്‍ വിവരം നോക്കാന്‍ ദിനു കൂട്ടുകാരെ വിളിച്ചു പറയുന്നതിനിടയില്‍ അമ്മ ലളിത വീട്ടിനുള്ളിലേക്ക് പോയി. അച്ഛനും പിന്നിലേക്ക് മാറി. എല്ലാവരുടെ മുഖത്ത് നിരാശ പടര്‍ന്നു. അപ്പോഴേക്കും വിവരമെത്തി ദിജു- ജ്വാല സഖ്യം 2-1 ന് മലേഷ്യന്‍ സഖ്യത്തോട് തോറ്റു. ഇന്ത്യ 1-0 ത്തിന് പിന്നില്‍. ടീമിനമായതിനാല്‍ സിംഗിള്‍സിലെയും ഡബിള്‍സിലെയും ഫലങ്ങള്‍ കൂടി കണക്കിലെടുത്താണ് സ്വര്‍ണം നിര്‍ണയിച്ചത്. സിംഗിള്‍സില്‍ സൈന വിജയിച്ചെങ്കിലും ഡബിള്‍സില്‍ സെനേഷ് തോമസ്- രൂപേഷ് കുമാര്‍ സഖ്യം പരാജയപ്പെട്ടു. സ്വര്‍ണം മലേഷ്യക്ക് ലഭിച്ചു. ഇന്ത്യയ്ക്ക് വെള്ളിയും.

വിജയ പ്രതീക്ഷയുണ്ടായിരുന്നതായി ദിനു പറഞ്ഞു. സിംഗിള്‍സിലും ഡബിള്‍സിലും പ്രതീക്ഷയില്ലെങ്കിലും ജ്വാലയുമൊത്തുള്ള മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടാനാകുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Tuesday, October 05, 2010

ദേവദുന്ദുഭി സാന്ദ്രലയം...

മലയാളി മനസ്സുകളില്‍ വിശേഷണങ്ങള്‍ക്കതീതനായ വയലാര്‍ രാമവര്‍മ ആദ്യമായി സിനിമയ്ക്ക് വേണ്ടി ഗാനമെഴുതാന്‍ തപസ്സിരുന്ന മുറിയില്‍നിന്നാണ് ഞാനും എന്റെ തീര്‍ത്ഥയാത്ര തുടങ്ങുന്നത്. ആലപ്പുഴ ബ്രദേഴ്സ് ടൂറിസ്റ്റ് ഹോമിലിരുന്ന് വയലാറിനെ മനസ്സില്‍ ധ്യാനിച്ച് ധൈര്യം നേടിയാണ് ദേവദുന്ദുഭി സാന്ദ്രലയം... എന്ന ആദ്യ ഗാനം എഴുതി തുടങ്ങുന്നത്. 1985 ന്റെ അവസാനമായിരുന്നു അത്. ഇരുപത്തിയഞ്ച് വര്‍ഷമാകുന്നു ഇപ്പോള്‍.

ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയ്ക്ക് വേണ്ടി അന്ന് നാല് പാട്ടുകളാണ് ഞാനെഴുതിയത്. ദേവദുന്ദുഭിയെഴുതിയ ശേഷം ഫാസിലിനെക്കാണിച്ചു, ആത്മവിശ്വാസക്കുറവുണ്ടായിരുന്നു എനിക്ക്. കാരണം ഫാസില്‍ ഉദ്ദേശിച്ച രീതിയില്‍ എഴുതാനായോ എന്ന ശങ്ക മനസ്സിനെ മഥിച്ചിരുന്നതിനാലാണത്. എന്നാല്‍ എന്റെ മനസിന് ആശ്വാസമേകി ഫാസില്‍ പാട്ട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. അദ്ദേഹവുമായി സഹൃദയത്വം സ്ഥാപിക്കാനായതാണ് ആ പാട്ട് മികച്ചതാകാന്‍ കാരണം.

തിരുവനന്തപുരത്ത് കാവാലം നാരായണപ്പണിക്കരുടെ നാടകട്രൂപ്പില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അക്കാലത്ത് ഞാന്‍. അതേസമയം ആകാശവാണിക്കുവേണ്ടിയും എഴുതുമായിരുന്നു. കോഴിക്കോട് മാതൃഭൂമിയില്‍ പ്രൂഫ് റീഡറുമായിരുന്നു.

ഫാസില്‍ കാവാലത്തെ കാണാനായി വരുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു. ഞാന്‍ അത്രയൊന്നും പ്രശസ്തനല്ലാത്ത കാലം. എന്നെ ഫാസിലിന് പരിചയപ്പെടുത്തുന്നത് ആലപ്പുഴയിലെ ഇ.സി തോമസ് എന്ന കൂട്ടുകാരനായിരുന്നു.

എന്ത് കൊണ്ട് ഈ സിനിമയില്‍ ഞാന്‍? എന്ന ചോദ്യത്തിന് ഫാസില്‍ പറഞ്ഞു. നിങ്ങളെന്റെ പിന്നാലെ അവസരം ചോദിച്ച് വന്നിട്ടില്ല.

അതാണ് എനിക്ക് പ്ളസ് പോയിന്റായത്. നെടുമുടി വേണുവും ഫാസിലും തോമസും ഒരുമിച്ച് പഠിച്ചിട്ടുണ്ടായിരുന്നു. വേണുവും ഞാനും നാലുവര്‍ഷം ഒരേമുറിയില്‍ താമസിച്ച് കാവാലത്തിന്റെ നാടകസംഘത്തില്‍ പ്രവര്‍ത്തിച്ചവരാണ്. ആ സിനിമയില്‍ അഭിനയിച്ചിരുന്ന ശ്രീവിദ്യയെയും പരിചയമുണ്ടായിരുന്നു.

പുതുമുഖ പ്രാധാന്യമുള്ളതായിരുന്നു എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമ. നായകനും നായികയും ആയി പുതുമുഖങ്ങളായ സംഗീതും, സോണിയയും. ഗാനരചയിതാവായി ഞാനും. ഇതില്‍ ഇന്ന് രംഗത്തുള്ളത് ഞാന്‍ മാത്രം. അതുപോലെ മറ്റൊരു കാര്യം ജെറി അമല്‍ദേവായിരുന്നു സംഗീത സംവിധായകന്‍. ഞങ്ങള്‍ പാട്ടിന്റെ മറ്റു വേദികളില്‍ മുമ്പും അതിനുശേഷവും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ആ ഒരുസിനിമയില്‍ മാത്രമേ ഞങ്ങളൊരുമിച്ചുണ്ടായിരുന്നുള്ളൂ.

മുഴുവന്‍ സമയ സിനിമാ പ്രവര്‍ത്തകന്‍ ആകുമെന്ന വിശ്വാസമൊന്നും സിനിമയ്ക്ക് വേണ്ടി എഴുതി തുടങ്ങുമ്പോള്‍ എനിക്കുണ്ടായിരുന്നില്ല. ദാസേട്ടനാണ് കണ്ണേട്ടനിലെ പാട്ടുകള്‍ പാടിയിരിക്കുന്നത്. മുമ്പ് ആകാശവാണിക്ക്വേണ്ടി എന്റെ ചില ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ടായിരുന്നു. ചെന്നൈയില്‍ റെക്കോര്‍ഡിങ്ങിന് ശേഷം അദ്ദേഹം പറഞ്ഞു, 'എനിക്ക് ഉറപ്പുണ്ടായിരുന്നു താന്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്ന്'. അദ്ദേഹത്തിന്റെ പ്രോത്സാഹനവും നല്ലവാക്കുകളും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. കാലം എന്റെ വഴി തിരിച്ച് വിടുകയായിരുന്നു.

കേരളമറിയാന്‍ അലക്സാന്ദ്ര

അലക്സാന്ദ്ര ഡിലേനി. തീര്‍ച്ചയായും ഒരു ആമുഖം വേണ്ട പേരാണ് ഇത്. നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നിരിക്കും ആ ചോദ്യം. ആരാ?.

കോഴിക്കോട് സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷനില്‍ അഥവാ ക്രസ്റില്‍ അതിഥി അദ്ധ്യാപികയാണ് അലക്സാന്ദ്ര ഡിലേനിയെന്ന ഇരുപത്തിനാലുകാരിയായ ഇംഗ്ളീഷുകാരി.

മാഞ്ചസ്റര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് തെക്കനേഷ്യന്‍ രാജ്യങ്ങളിലെ മതങ്ങള്‍ എന്ന വിഷയത്തില്‍ ബിരുദം നേടിയ അലക്സാന്ദ്ര അവിടെനിന്ന് തന്നെ ദാരിദ്യവും അന്താരാഷ്ട്ര വികസനവും എന്ന വിഷയത്തില്‍ ബിരുദാന്തര ബിരുദവും നേടിയ ശേഷമാണ് ക്രസ്റില്‍ എത്തുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിക്കേഷന്‍ സ്കില്‍സ് വികസിപ്പിക്കാന്‍ സഹായിക്കുകയാണ് അവര്‍. ക്രസ്റില്‍ എത്തുംമുമ്പ് ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളോടൊപ്പമായിരുന്നു പത്തുദിവസം. അവിടെയും പണി ഇത് തന്നെ, വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ കഴിവ് വര്‍ദ്ധിപ്പിക്കുക.

ഈ കൊച്ചിയില്‍ വിമാനമിറങ്ങിയ ദിവസവും, കോഴിക്കോടേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്ര എന്നിവ അലക്സ് എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന ഇവര്‍ മറക്കില്ള. ആ യാത്രയില്‍ തുണയായ രണ്ടു കന്യാസ്ത്രീകളെയും അവര്‍ ""നെവര്‍'' മറക്കില്ള. ആ യാത്രയില്‍ കേരളത്തിന്‍െറ പൊതു സ്വഭാവം മനസ്സിലാക്കാന്‍ അലക്സിന് കഴിഞ്ഞു. ഹോ... ഈ തുറിച്ച് നോട്ടം! നമ്മളൊക്കെ സ്ട്രെയിഞ്ചേഴ്സ് ആണെന്ന് തോന്നും അത് കണ്ടാല്‍, അലക്സാന്ദ്ര ഓര്‍മകള്‍ പങ്കുവച്ചു.

ഒരു മുതലാളിത്ത രാജ്യത്തില്‍ ജനിച്ച അലക്സാന്ദ്രയ്ക്കിഷ്ടം സോഷ്യലിസവും കമ്മ്യൂണിസവുമാണ്. കമ്മ്യൂണിസത്തിന്‍െറ അന്തസത്ത ശരിയായ വിധത്തില്‍ നടപ്പിലാക്കിയാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ എല്ളാം പരിഹരിക്കപ്പെടുമെന്ന വിശ്വാസം അവര്‍ക്കുണ്ട്. എല്ളാവരുടെയും ആവശ്യങ്ങളെയും സംബോധന ചെയ്യാന്‍ കമ്മ്യൂണിസത്തിന് കഴിയും. ആരോഗ്യം, സമ്പത്ത്, ഭാവി തുടങ്ങിയവയുടെ തുല്യമായ വിതരണം ഉറപ്പാക്കാന്‍ കമ്മ്യൂണിസത്തിനാകും. നടപ്പിലാക്കുന്നത് പോലെയിരിക്കും അതിന്‍െറ വിജയം. കേരളത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം നല്ളരീതിയില്‍ നടക്കുന്നുവെന്ന് കരുതുന്നു.

ഞാന്‍ നേപ്പാളില്‍ ആറുമാസം ഉണ്ടായിരുന്നു. പഠനത്തിന്‍െറ ഭാഗമായി ജെണ്ടര്‍ ഇന്‍ കാസ്റ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ കാലത്താണത്. അവിടെ മതവും ജാതിയും സ്ത്രീപുരുഷ സമത്വം എന്നിവയില്‍ ധാരാളം അസമത്വങ്ങള്‍ നിലനില്‍ക്കുകയാണ്. ഇത് മനസിനെ വളരെയധികം അലട്ടി. കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രസ്റിലെത്തുന്നത്. ഇവിടുത്തെ മൂന്നു മാസത്തെ പ്രവര്‍ത്തനം കഴിഞ്ഞാല്‍ തിരികെ നേപ്പാളിലേക്ക് പോകണം. അവിടെ സ്ത്രീകളുടെ പദവി വളരെ താഴ്ന്ന നിലയിലാണ്. തെക്കനേഷ്യന്‍ മതങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ ഹിന്ദുയിസവും ഇസ്ളാമിസവും മനസ്സിലാക്കിയിരുന്നു. രണ്ടിലും സ്ത്രീ പുരുഷ അസമത്വം നിലനില്ക്കുന്നുണ്ട്. കേരളത്തില്‍ വളരെയധികം മെച്ചമാണ് സ്ത്രീകളുടെ സ്ഥിതി.

കേരളത്തിലും ബ്രിട്ടനിലും സ്ത്രീ സ്വാതന്ത്യ്രം വളരെയധികമുണ്ട്. ബ്രിട്ടനില്‍ സ്ത്രീക്ക് കരിയറും ജീവിതവും ഒരുമിച്ച് കൊണ്ടു പോകാനാകും. എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അതിന് കഴിയുന്നില്ള എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് വച്ച് നോക്കുമ്പോള്‍ സ്ത്രീ സ്വാതന്ത്യ്രത്തില്‍ ബ്രിട്ടനെ അപേകഷിച്ച് അല്പം പിന്നിലാണ്. സ്വരച്ചേര്‍ച്ചയുള്ള സമൂഹമാണ് കേരളത്തിലേത്. എന്നാലും സ്ത്രീയും പുരുഷനും തമ്മില്‍ പല കാര്യങ്ങളിലും വേര്‍തിരിവ് കാണുന്നുണ്ട്. ഇവിടെ സ്ത്രീകളെ മാനിക്കുന്ന കമ്മ്യൂണിസ്റ് ഭരണകൂടമാണ് അധികാരത്തിലുള്ളതെന്നത് പ്രതീകഷയുളവാക്കുന്ന കാര്യമാണ്.

ഞാനൊരു ദൈവ വിശ്വാസിയാണ് എന്നാല്‍ ക്രിസ്ത്യാനിയല്ള. എന്തുകൊണ്ട്? എന്ന ചോദ്യത്തിന് മറുപടിയുണ്ട് അലക്സാന്ദ്രയ്ക്ക്. ക്രിസ്തുമതത്തിന്‍െറ അന്തസത്തയില്‍നിന്ന് സഭ അകന്നുപോയി. ഇത് എല്ളാ മതങ്ങള്‍ക്കും സംഭവിച്ച കാര്യമാണ്. ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സയന്‍സിന് എല്ളാ കാര്യങ്ങളും വിശദീകരിക്കാന്‍ കഴിയില്ള. മനുഷ്യ മനസിന് മനസ്സിലാക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് ദൈവീകത്വം. മതങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയത് കൊണ്ടാകാം. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങള്‍ അന്തസത്തയില്‍നിന്നും ജനങ്ങളില്‍നിന്നും ഒരുപാട് അകലെയായി.

ലക്ചറിംഗ് വളരെയധികം ഇഷ്ടപ്പെടുന്ന അലക്സാന്ദ്രയ്ക്ക് ജേര്‍ണലിസത്തോടുമുണ്ട് ഇച്ചിരി കമ്പം. മാനുഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണമെന്നാണ് അവരുടെ ആഗ്രഹം. അനിതാനായരുടെ ലേഡീസ് കൂപ്പേയും അരുന്ധതീറോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിംഗ്സും വായിച്ചിട്ടുള്ള അവര്‍ക്കിഷ്ടം സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍ എന്ന നോവലാണ്.

ഫുട്ബാളില്‍ മാഞ്ചസ്റ്ററിലെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡോ, സിറ്റിയാണോ ഇഷ്ട ടീം?. എനിക്ക് ഫുട്ബാള്‍ ഇഷ്ടമല്ല. അതിനാല്‍ രണ്ടുടീമുകളേയും താല്പര്യമില്ല.