Monday, June 20, 2011

വേറിട്ട വഴികളില്‍ നരേന്‍

നരേന്‍ എന്ന പേരിന് അര്‍ത്ഥം നല്ല മനുഷ്യന്‍ എന്നാണ്. എന്നാല്‍ ആ അര്‍ത്ഥത്തിനുംമേലെ, നല്ല കഥാപാത്രങ്ങളെ കിട്ടാനും അവ മികച്ചതാക്കാനും ആഗ്രഹിക്കുന്ന നടനാണ് നരേന്‍. ഒരിക്കല്‍ അവതരിപ്പിച്ച  കഥാപാത്രങ്ങള്‍ക്ക് സമാനമായവ വീണ്ടും വന്നാല്‍ 'നോ' പറയാന്‍ നരേന് കഴിയുന്നത് അതുകൊണ്ടാണ്. ഏകദേശം രണ്ടുവര്‍ഷത്തിന്ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന നരേന്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'വീരപുരുഷന്റെ' സെറ്റില്‍വച്ച് ഫ്ളാഷ് സിനിമയുമായി സംസാരിച്ചു:

വീരപുരുഷനിലെ അബ്ദുറഹ്മാന്‍ സാഹിബായി അഭിനയിക്കാന്‍ വേണ്ടി നടത്തിയ മുന്നൊരുക്കങ്ങള്‍ എന്താണ്? 
ആദ്യം സ്ക്രിപ്റ്റ് വായിച്ചു. ഇത് സാധാരണ ഒരുകഥയാണെങ്കില്‍ അത് എങ്ങനെ വേണമെങ്കിലും പെര്‍ഫോം ചെയ്യാം. നമ്മുടെ ഇഷ്ടം. അത്വേണ്ട, ഇത് വേണ്ട എന്നൊക്കെ ഡയറക്ടര്‍ പറയും. എന്നാല്‍ വീരപുത്രനില്‍ നമ്മള്‍ അബ്ദു റഹ്മാന്‍ സാഹിബിനെക്കുറിച്ച് അറിഞ്ഞിട്ടുളള കാര്യങ്ങളില്‍നിന്ന് മാറി ചെയ്യാനാകില്ല. സാഹിബ് എപ്പോഴും വേഗതയില്‍ നടക്കുന്ന ആളാണ്. എന്നാല്‍ എല്ലാ സീനിലും അങ്ങനെ നടക്കാനാകില്ല. പിന്നെ വളരെ റൊമാന്റിക് ആയിരുന്നു. ഭാര്യയുമായി നല്ല സ്നേഹത്തിലായിരുന്നു.  എല്ലാ ഭാരങ്ങളും ഇറക്കിവയ്ക്കുന്നത് ഭാര്യയുടെ അടുത്താണ്.  പിന്നെ ആളൊരു മൃഗസ്നേഹി കൂടിയാണ്.
    സാഹിബുമായി നേരിട്ട് പരിചയമുള്ളവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ഒരാളായിരുന്നു. അതുകൊണ്ട് സാഹിബിനെ എല്ലാര്‍ക്കും ആരാധന കലര്‍ന്ന പേടിയായിരുന്നു. സുഹൃത്തുക്കള്‍ക്കടക്കം.  ഒരിക്കലും നുണ പറയാത്ത ആളാണ്. അങ്ങനെ കുറെ ക്വാളിറ്റീസ് ഉണ്ട്.   ഇങ്ങനത്തെ കുറെ കാര്യങ്ങള്‍ ചാവക്കാടിനടുത്തുള്ള മാടഞ്ചേരിയിലുള്ള റഷീദില്‍നിന്നും മനസിലാക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ബാപ്പ സാഹിബിന്റെ കൂട്ടുകാരനായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പലരുടെയും കുടുംബാംഗങ്ങളുമായും അദ്ദേഹത്തിന്റെ ബന്ധുക്കളുമായും സംസാരിച്ചിരുന്നു.  അവരൊക്കെ പറഞ്ഞ കാര്യങ്ങള്‍ വീരപുത്രനിലെ അഭിനയത്തിന് മുതല്‍ക്കൂട്ടാകുന്നു.

മലയാളത്തെ മറന്നത് പോലെ?
കഴിഞ്ഞ വര്‍ഷം രണ്ടുമൂന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നു. പലതും നടന്നില്ല. ഇഷ്ടപ്പെട്ട കഥ കിട്ടിയപ്പോഴും ചെയ്യാന്‍ സാധിച്ചില്ല. തമിഴില്‍ ആ സമയത്ത് നല്ല തിരക്കിലായി. തമ്പിക്കോട്ടെയുടെ തിരക്കില്‍ ഞാന്‍ ഒന്നരവര്‍ഷം  പെട്ടുപോയി. നാലുമാസം മുമ്പാണ് അത് റിലീസായത്. അത് വിചാരിച്ചപോലെ തീര്‍ക്കാനായില്ല. മലയാളത്തിലാണെങ്കില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമായിരുന്നു. എന്നാല്‍ തമിഴില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല. അവിടെ നാലഞ്ചു മാസമെടുക്കും ഒരു സിനിമ തീരാന്‍. ആ സമയം കൊണ്ട് നമുക്ക് ഇവിടെ രണ്ടുമൂന്ന് പടം തീര്‍ക്കാം.

തമ്പിക്കോട്ടൈ നഗരത്തെക്കാള്‍ ഗ്രാമത്തെയാണ് ആകര്‍ഷിച്ചത്....?
തമ്പിക്കോട്ടൈ ബേസിക്കലി ഒരു എക്ളാസ് സെന്റര്‍ ഫിലിം ആയിരുന്നില്ല. നഗരത്തിലെ ക്രൌഡിനുള്ള സിനിമയല്ല അത്. ഈ സിനിമയില്‍ എനിക്കുണ്ടായ വിഷമങ്ങളിലൊന്ന് വിചാരിച്ചപോലെ പെട്ടെന്ന് തീര്‍ക്കാനായില്ലെന്നതാണ്. കൂടുതല്‍ സമയം അവിടെ ചെലവഴിക്കേണ്ടിവന്നു. പിന്നെ വിതരണരംഗത്ത് ചില പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. പുതിയ പ്രൊഡ്യൂസര്‍ ആയതുകൊണ്ട് അയാള്‍ക്ക് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. പുതിയ പ്രൊഡ്യൂസര്‍ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് എങ്ങനെയാണ് പെട്ടുപോകുന്നത്, അതൊക്കെ ഏകദേശം ഞാന്‍ പഠിച്ചു. കൂടെ അയാളും. പടത്തെക്കുറിച്ച് തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക്  നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വിതരണരംഗത്തെ പാളിച്ചകള്‍കാരണം അത് മുതലാക്കാനായില്ല.

തമിഴിനോട് താല്‍പര്യക്കൂടുതല്‍?
തമിഴില്‍ നില്‍ക്കാനാണ് താല്‍പര്യം എന്ന് പറയാനാകില്ല. ഇഷ്ടപ്പെട കഥാപാത്രങ്ങള്‍ വരുന്നത് കൊണ്ടാണ് സത്യത്തില്‍ തമിഴ് സിനിമ ചെയ്യുന്നത്. മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം തമിഴില്‍നിന്ന് കിട്ടില്ല. രണ്ടിടത്തും അന്തരീക്ഷംവേറെയാണ്. അവിടെ ഒറ്റ മലയാളി പോലും ഇല്ല. ഒരു അന്യനാണ് നമ്മളവിടെ. അവിടേക്കാള്‍ എത്രയോ ഭേദമാണിവിടെ. അങ്ങനെ നോക്കുകയാണെങ്കില്‍ നമ്മള്‍ ഒരു പടവും അവിടെ ചെയ്യില്ല. പക്ഷേ അതല്ല, ഒരു പടം സെലക്ട് ചെയ്യാനുള്ള മാനദണ്ഡം.  എനിക്ക് കുറെക്കൂടെ ശക്തമായ കഥാപാത്രങ്ങള്‍ അവിടെ നിന്നാണ് വരുന്നത്. നല്ല പടങ്ങളാണെങ്കില്‍ ഏത് ഇന്‍ഡസ്ട്രിയിലും ചെയ്യാം.

സിനിമ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം?
ബേസിക്കലി ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ എന്നെക്കാളും നല്ല മനുഷ്യനായാല്‍ കൊള്ളാമെന്നുണ്ട്. അല്ലെങ്കില്‍ എന്നെപ്പോലുള്ള ആളാകണം. അല്ലെങ്കില്‍ ഞാന്‍ ഇന്‍സ്പയേഡ് ആകുന്ന ഒരാളാകണം. നല്ല ഇന്‍സ്പിറേഷന്‍ നല്‍കുന്ന കഥാപാത്രമായിരിക്കണം. അങ്ങനെ രണ്ടുമൂന്ന് കാര്യങ്ങളേ ഉള്ളൂ. ഇതൊന്നും അല്ലെങ്കില്‍ ഞാന്‍ സിനിമ ചെയ്യാറില്ല. ചെയ്യാന്‍ തോന്നാറുമില്ല. പിന്നെ എനിക്ക് ചെയ്യാന്‍ പറ്റുന്നതായിരിക്കണം.

ആദ്യ സിനിമയായ നിഴല്‍ക്കുത്തിന്റെ നിഴലില്‍നിന്ന് എങ്ങനെയാണ് രക്ഷപ്പെട്ടത്?
ഒരു പടം വിജയിച്ചാല്‍ അതു പോലുളള മുപ്പത് സിനിമ വരും. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ അത് മാക്സിമം അവഗണിക്കുക തന്നെ ചെയ്യണം. ഫോര്‍ ദി പീപ്പിള്‍ കഴിഞ്ഞപ്പോഴും പൊലീസ് കഥാപാത്രങ്ങള്‍ ധാരാളം വന്നിരുന്നു. അവ ചെയ്യാതിരിക്കുക. ചെയ്യാതിരിക്കുമ്പോള്‍ ചില പ്രശ്നങ്ങളുണ്ടാകും. ചില പ്ളസും മൈനസും ഉണ്ട്. അവഗണിച്ചപ്പോള്‍ ഒരു വര്‍ഷത്തെ ഇടവേളയുണ്ടായി. നാലഞ്ചുപടങ്ങള്‍ ചെയ്യാതെ വിട്ടു. അതുകൊണ്ട് ഒരു അച്ചുവിന്റെ അമ്മ കിട്ടി. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നത് നമ്മെ തേടി വരും. പക്ഷേ അത് വൈകിയിട്ടാണ് വരുന്നതെന്ന് മാത്രം.

ഭാവി പരിപാടികള്‍?
സിനിമയുടെ മറ്റുമേഖലകളിലേക്ക് ചെല്ലണം. ഒരു സിനിമ സംവിധാനം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ അത് ഉടനെ ഉണ്ടാകില്ല. ആദ്യമെല്ലാമൊന്ന് പഠിക്കട്ടെ. ഇപ്പോഴുള്ള ശ്രദ്ധ അഭിനയരംഗത്ത് നേട്ടമുണ്ടാക്കുക എന്നത് മാത്രം.

No comments: