Sunday, July 13, 2014

കായിക വികസനത്തിന് ഒരു ബൂസ്റ്റ്‌


ഒരു കായിക ഉണര്‍വിന് തയാറെടുക്കുകയാണ് കേരളം. വളരെക്കാലമായി കേരളത്തിന്റെ കായിക മാമാങ്കം എല്ലാ വര്‍ഷവും മുറപോലെ നടത്തി വരുന്ന സ്‌കൂള്‍ ഗെയിംസാണ്. എന്നാല്‍ കായിക ഇന്ത്യ തന്നെ കേരളത്തിന്റെ അതിഥികളായി എത്തുകയാണ്. ദേശീയ ഗെയിംസിന്റെ രൂപത്തില്‍. ഗെയിംസ് അടുത്ത വര്‍ഷം ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടത്താന്‍ തീരുമാനമായത് കഴികെ കുറെ നാളുകളായി  ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന ഒരുക്കങ്ങളെ വേഗത്തിലാക്കി. രണ്ടു കൊല്ലത്തിലൊരിക്കല്‍ നടക്കേണ്ട ഗെയിംസ് 2002-ല്‍ ഹൈദരാബാദില്‍ നടന്നതിനുശേഷം കൃത്യമായ ഇടവേളയില്‍ വിവിധ കാരണങ്ങളാല്‍ നടക്കാറുണ്ടായിരുന്നില്ല. 2007-ല്‍ നടക്കേണ്ടിയിരുന്ന ഗെയിംസ് 2011-ലായിരുന്നു റാഞ്ചിയില്‍ നടന്നത്. 2012-ലായിരുന്നു കേരളത്തില്‍ നടക്കേണ്ടിയിരുന്നത്. വൈകലൊക്കെ ഒരു വശത്ത് ഉണ്ടെങ്കിലും കായിക അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ഒരു വന്‍ കുതിച്ചു ചാട്ടത്തിനാണ് കേരളം ഒരുങ്ങി കൊണ്ടിരിക്കുന്നത്. നേരത്തേ അത്‌ലറ്റിക്‌സിനുവേണ്ട സിന്തറ്റിക് ട്രാക്കും മറ്റും തിരുവനന്തപുരത്തും എറണാകുളത്തുമായിരുന്നു ഉണ്ടായിരുന്നത്. ഫുട്‌ബോളും ക്രിക്കറ്റും ഒഴിച്ചുള്ള കായിക ഇനങ്ങളുടെ കാര്യത്തിലും ഈ അവസ്ഥ തന്നെയായിരുന്നു. ഫുട്‌ബോളിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയവും മഞ്ചേരിയിലെ സ്‌റ്റേഡിയവും ക്രിക്കറ്റിന് പെരിന്തമണ്ണയിലും കൃഷ്ണഗിരിയിലും തലശേരിയിലും ഒക്കെ മികച്ച ഗ്രൗണ്ടും പരിശീലന സൗകര്യങ്ങളും ഉണ്ട്. എന്നാല്‍ മറ്റു കായിക ഇനങ്ങള്‍ക്ക് അത്തരമൊരു ഭാഗ്യം ഉണ്ടായിരുന്നില്ല. അതിനൊരു പരിഹാരം ആകുകയാണ് 611 കോടി രൂപയുടെ ബജറ്റുള്ള ദേശീയ ഗെയിംസ് കേരളത്തിലുടനീളം വിവിധ ഇടങ്ങളിലായി നടത്താനുള്ള തീരുമാനം. ഇത് മൂന്ന് വര്‍ഷം മുമ്പ് തീരുമാനിച്ച തുകയായതിനാല്‍ 40 ശതമാനം വര്‍ധനവ് വേണമെന്ന് മുറവിളിയും ഉയര്‍ന്നിട്ടുണ്ട്.  
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഏഴ് ജില്ലകളിലായി ദേശീയ ഗെയിംസിന്റെ പതാക ഉയരുമ്പോള്‍ ഇവിടങ്ങളിലെല്ലാം പുതിയ കായിക അടിസ്ഥാന സൗകര്യങ്ങളുടെ ഉദ്ഘാടനം കൂടെയാണ് നടക്കുന്നത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് 32 ഏക്കറില്‍ അന്താരാഷ്ട്ര നിലവാരത്തിലെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും കണ്ണൂരിലെ മുണ്ടയാട് സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്‌റ്റേഡിയവും ആണ് പണിതു കൊണ്ടിരിക്കുന്നത്. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്ന കഴക്കൂട്ടത്തെ സ്‌റ്റേഡിയം ഫുട്‌ബോളിനും ക്രിക്കറ്റിനും ഉപയുക്തമാകുന്ന രീതിയിലാണ് നിര്‍മ്മിക്കുന്നത്. ഫിഫയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായ നിലവാരമുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയം കൂടിയാണിത്. 50,000 പേര്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കുകയും ചെയ്യാം. സ്‌റ്റേഡിയത്തിനൊപ്പം ഒരു ഇന്‍ഡോര്‍ സ്‌റ്റേഡിയം കൂടെ ഒരുങ്ങുന്നുണ്ട്. 12 ഷട്ടില്‍ കോര്‍ട്ടുകള്‍,ടെന്നീസ് കോര്‍ട്ട്, സ്‌ക്വാഷ് കോര്‍ട്ട്, സ്വിമ്മിങ് പൂള്‍ എന്നിവയും ഇവിടെയുണ്ടാകും. 160 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതേസമയം മുണ്ടായാട്ടേത് ബാസ്‌ക്കറ്റ് ബോളിനും റസ്‌ലിങിനും വേണ്ടിയുള്ളതും. സ്‌റ്റേഡിയം നിര്‍മ്മാണം ഈ വര്‍ഷം ഓഗസ്തില്‍ പൂര്‍ത്തിയാകുമെന്ന് കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.  ഗെയിംസിന്റെ നടത്തിപ്പിനായി നവീകരിക്കുന്ന വിവിധ സ്‌റ്റേഡിയങ്ങളെ കൂടാതെ പുതുതായി നിര്‍മ്മിക്കുന്നവയുടെ കൂട്ടത്തില്‍പ്പെട്ടവയാണ് ഇവ.
കോഴിക്കോട് മെഡിക്കല്‍ കോളെജ് ഗ്രൗണ്ടില്‍ നിര്‍മ്മിക്കുന്ന പുതിയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഗ്രാസ് ഫുട്‌ബോള്‍ ടര്‍ഫും ഗാലറിയും കൂടാതെ ഒരു സിന്തറ്റിക് ട്രാക്കുമുണ്ട്. ലോണ്‍ ബൗളിനായി കൊച്ചിയില്‍ ഒരു കോര്‍ട്ട് നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ ട്രാപ് ആന്റ് സ്‌കീറ്റ് ഔട്ട് ഡോര്‍ ഷൂട്ടിങ് മത്സരങ്ങള്‍ നടത്തുന്നതിനായി റേഞ്ച് നിര്‍മ്മിക്കാന്‍ തൃശൂര്‍ പൊലീസ് അക്കാദമിയില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഗെയിംസ് ഏഴുമാസം മാത്രം അകലെ നില്‍ക്കവേ നിര്‍മ്മാണത്തിനുള്ള ദര്‍ഘാസ് ക്ഷണിച്ചിട്ടേയുള്ളൂ. അതേസമയം തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ചിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ 70 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് കോഴിക്കോട് ചേവായൂരില്‍ നിര്‍മ്മിക്കാനിരിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയവും. അവിടേയും അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല. സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണവും നവീകരണവും വിവിധ ഘട്ടങ്ങളിലാണെങ്കിലും ദേശീയ ഗെയിംസ് ആരംഭിക്കുന്നതിന് മുമ്പ് എല്ലാം പൂര്‍ത്തീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍.
പുതുതായി ഒരുക്കുന്ന സൗകര്യങ്ങളില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ സ്‌ക്വാഷ് കോര്‍ട്ടും കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയവും ഉള്‍പ്പെടുന്നു. കൊല്ലത്ത് അസ്‌ട്രോ ടര്‍ഫ് സ്‌റ്റേഡിയവും ഗാലറിയുമാണ് നിര്‍മ്മിക്കുന്നത്. ഹോക്കിയില്‍കേരളം വന്‍ശക്തിയൊന്നും അല്ലെങ്കിലും പുതിയ സ്‌റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും കേരളത്തിന് പ്രതീക്ഷ നല്‍കുന്ന താരങ്ങളുടെ ഉദയത്തിന് കാരണമായേക്കാം. 

ഉപയോഗിച്ചാല്‍ നേട്ടം
കായിക വികസനത്തിനുള്ള ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുണ്ടായിരുന്നുവെങ്കിലും വടക്കന്‍ ജില്ലകളില്‍ സൗകര്യങ്ങള്‍ കുറവായിരുന്നു. എന്നാല്‍ താരങ്ങളിലധികവും വന്നിരുന്നത് വടക്കന്‍ കേരളത്തില്‍ നിന്നുമായിരുന്നു. പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് അവര്‍ സാഹചര്യങ്ങോട് പൊരുതി മുന്നേറി. എന്നാല്‍ ദേശീയ ഗെയിംസ് ഈ പ്രദേശത്തു കൂടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. അത് പുതിയ തലമുറയ്ക്ക് ഗുണം ചെയ്യും. മലബാറില്‍ നിന്ന് ഒരാള്‍ക്ക് ''സിന്തറ്റിക് ട്രാക്കില്‍ ഓടില്‍ പരിശീലിക്കുന്നതിന് എറണാകുളത്ത് പോകുക എളുപ്പമല്ല. എല്ലാ ദിവസവും പോയി വരാന്‍ ആകില്ല. അപ്പോള്‍ അവിടെ തങ്ങി പരിശീലനം നടത്തേണ്ടി വരും. അതിനുള്ള സാമ്പത്തിക ശേഷി ഉള്ളവരല്ല അധികവും. അത്തരക്കാര്‍ക്ക് പ്രയോജനകരമാകും കോഴിക്കോടും കണ്ണൂരിലും ഒക്കെ ഗെയിംസിനുവേണ്ടി ഒരുക്കുന്ന സൗകര്യങ്ങള്‍,'' ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‌ലറ്റായ ഒളിമ്പ്യന്‍ പി ടി  ഉഷ ഇന്ത്യാ ടുഡേയോട് പറയുന്നു. എന്നാല്‍ ഗെയിംസ് കഴിഞ്ഞ് ഈ സൗകര്യങ്ങള്‍ പൂട്ടിയിടാതെ കുട്ടികള്‍ക്ക് പരിശീലനം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും വേണമെന്ന് അവര്‍ കൂട്ടി ചേര്‍ക്കുന്നു.
കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും മികച്ച സ്‌റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും  ഉണ്ട്. എന്നാല്‍ അവയൊക്കെ കേരളത്തില്‍  ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹച്ചിരുന്നതായി ഉഷ ഓര്‍മ്മിക്കുന്നു. കാരണം കേരളത്തിലാണ് ഏറ്റവും പ്രതിഭയുള്ള കുട്ടികള്‍ ഉള്ളത്. എന്നാല്‍ മുമ്പ് അവര്‍ക്ക് പരിശീലനത്തിനുള്ള വേദി ഉണ്ടായിരുന്നില്ല. അത്തരം ഒരവസ്ഥയ്ക്ക് പരിഹാരം കൂടിയാകുകയാണ് ഗെയിംസിനായി ഒരുങ്ങുന്ന സ്‌റ്റേഡിയങ്ങള്‍.
പല ജില്ലകളിലായി മത്സരങ്ങള്‍ നടക്കുന്നത് ഒരു ഗെയിംസ് എന്ന നിലയില്‍ ആവേശം ഉയര്‍ത്തിയെന്ന് വരില്ല എന്ന വിമര്‍ശനം ഉണ്ടെങ്കിലും ഈ നീക്കം കേരളത്തിലെ വിവിധ ഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഉപയോഗപ്രദമാകുമെന്ന്  ഉഷ മറുവാദം ഉന്നയിക്കുന്നു. എല്ലാ ജില്ലകളിലും ഗെയിംസിന്റെ സന്ദേശം അടിസ്ഥാന സൗകര്യ വികസനത്തിലൂടെ എത്തിക്കാനാകും. അത് ആ പ്രദേശങ്ങളിലെ നിരവധി കുട്ടികളെ കായിക രംഗത്തിലേക്ക് ആകര്‍ഷിക്കാനും ഇടയാക്കും.
1987-നുശേഷം കേരളത്തില്‍ വിരുന്നെത്തുന്ന ദേശീയ ഗെയിംസിനായി ഏഴു ജില്ലകളിലായി ഒരുക്കുന്ന സൗകര്യങ്ങള്‍ ഗെയിംസിനുശേഷം മികച്ച രീതിയില്‍ പരിപാലിക്കുന്നതിനും അവയെ കായിക താരങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കായിക കേരളം മുടക്കുന്ന പണം നഷ്ടമാകുകയാണ് ചെയ്യുക. അതിനാല്‍ അവയുടെ ഭാവിയിലെ ഉപയോഗത്തിനുവേണ്ട നടപടികള്‍ കൂടെ സര്‍ക്കാര്‍ ഗെയിംസിനുശേഷം സ്വകരിക്കേണ്ടതുണ്ട്.

No comments: