Saturday, October 09, 2010

സുവര്‍ണ പ്രതീക്ഷയുടെ വെള്ളി നിമിഷങ്ങള്‍

താപമാപിനിയുടെ രസനിരപ്പ് പോലെയായിരുന്നു ദിജുവിന്റെ ചേട്ടന്റെ മുഖം. അമ്മയുടേത് പ്രാര്‍ത്ഥനാ നിരതം. അച്ഛന്റെ മുഖഭാവം പിടിതരാതെ നിസംഗതയുടെയും പ്രതീക്ഷയുടെയും ഇടയില്‍ തത്തിക്കളിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണില്‍ ടീം ഇനത്തിലെ ഫൈനലില്‍ ആദ്യ ഡബിള്‍സ് മത്സരത്തില്‍ വി.ദിജു- ജ്വാല സഖ്യം മലേഷ്യന്‍ ജോഡികളെ നേരിടുമ്പോള്‍ ഇങ്ങ് കോഴിക്കോട് രാമനാട്ടുകരയിലെ വീട്ടിലിരുന്ന് കുടുംബാംഗങ്ങള്‍ ടി.വിയില്‍ കളി കാണുകയായിരുന്നു.

അങ്ങ് ഡല്‍ഹിയില്‍ ദിജുവിന്റെ കളി തുടങ്ങിയപ്പോള്‍ ഡി.ഡി സ്പോര്‍ട്സില്‍ ഇന്ത്യുടെ ഓംകാര്‍ സിംഗ് ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ സ്വര്‍ണം നേടുന്ന രംഗമായിരുന്നു ലൈവായി കാണിച്ചിരുന്നത്. ടി.വിയുടെ മുന്നില്‍ ചട്ടന്‍ ദിനുവും അച്ഛന്‍ കരുണാകരനും ദിജുവിന്റെ മൂന്ന് കൂട്ടുകാരും മാത്രം.

ഷൂട്ടിംഗ് മത്സരം കഴിഞ്ഞപ്പോള്‍ സമയം 7.17. ചാനലിലെ അവതാരകര്‍ കാണികളിലേക്കും പ്രതീക്ഷയുണര്‍ത്തി താരങ്ങളുടെ ഫോമിനെക്കുറിച്ച് പ്രകീര്‍ത്തിച്ച് കൊണ്ട് ബാഡ്മിന്റണ്‍ മത്സരങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങി. അതുവരെ ടി.വി റൂമില്‍ പിന്നിലിരുന്ന അച്ഛന്‍ ദിനുവിനൊപ്പം മുന്നിലേക്ക് വന്നിരുന്നു. കൂടെ അമ്മ ലളിതയുമെത്തി. ആ സമയം ദിജു- ജ്വാല സഖ്യം ആദ്യ സെറ്റ് നഷ്ടപ്പെട്ട് പിന്നിലായിരുന്നു. രണ്ടാം സെറ്റില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ സഖ്യം ഇടിമിന്നലായി പോയിന്റുകള്‍ വാരിക്കൂട്ടി. നിരാശയുടെ നിമിഷങ്ങള്‍ പതിയെ പ്രതീക്ഷയിലേക്ക് മാറി. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച് മുന്നേറിയ സഖ്യം വിജയം കരസ്ഥമാക്കി. എല്ലാവരുടെയും മുഖത്ത് വിജയ പ്രതീക്ഷ. നിശബ്ദമായി കളികണ്ടിരിക്കുന്ന അമ്മയും ദിനുവിനോട് കമന്റുകള്‍ പറഞ്ഞു. അച്ഛന്‍ നിശബ്ദനായി തന്നെ തുടര്‍ന്നു.

ആദ്യ കളി വിജയിച്ച് സ്വര്‍ണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ മൂന്നാം സെറ്റ് തുടങ്ങി.

നിര്‍ണായകമായ മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ നേടിയ ലീഡ് നിലനിര്‍ത്താന്‍ സഖ്യത്തിന് കഴിയാതെ വന്നപ്പോള്‍ വീണ്ടും പ്രാര്‍ത്ഥനയുടെയുടെ നിമിഷങ്ങള്‍. ജ്വാല നിരന്തരമായി പിഴവുകള്‍ വരുത്തിയപ്പോള്‍ നിശബ്ദത. പോയിന്റ് നഷ്ടമാകുമ്പോള്‍ നിരാശയുടെ ശബ്ദങ്ങള്‍. പിന്നെ കളിയെക്കുറിച്ചുള്ള വിശകലനങ്ങള്‍. രണ്ടാം സെറ്റില്‍ ഏകാഗ്രതയോടെ കളിച്ച സഖ്യത്തിന് മികവ് മൂന്നാം സെറ്റില്‍ നിലനിര്‍ത്താനായില്ല.

മലേഷ്യന്‍ ജോഡിയുടെ സ്കോര്‍ നിരന്തരമുയര്‍ന്നപ്പോള്‍ ചാനല്‍ പതിയെ പരസ്യത്തിലേക്ക് മാറി. വീട്ടില്‍ പ്രതീക്ഷയുടെ നിമിഷങ്ങള്‍. പരസ്യത്തിന് ശേഷം ഓംകാര്‍ സിംഗിന് സ്വര്‍ണം സമ്മാനിക്കുന്ന ദൃശ്യങ്ങള്‍. ബാഡ്മിന്റണ്‍ മത്സരം കാണിക്കുമെന്ന പ്രതീക്ഷ ചാനല്‍ തെറ്റിച്ചപ്പോള്‍ ന്യൂസ് ചാനലിന്റെ ബട്ടണിലേക്ക് ദിനുവിന്റെ വിരലുകള്‍ ചെന്നു. അവിടെയും നിരാശ.

വെബ്സൈറ്റുകളില്‍ വിവരം നോക്കാന്‍ ദിനു കൂട്ടുകാരെ വിളിച്ചു പറയുന്നതിനിടയില്‍ അമ്മ ലളിത വീട്ടിനുള്ളിലേക്ക് പോയി. അച്ഛനും പിന്നിലേക്ക് മാറി. എല്ലാവരുടെ മുഖത്ത് നിരാശ പടര്‍ന്നു. അപ്പോഴേക്കും വിവരമെത്തി ദിജു- ജ്വാല സഖ്യം 2-1 ന് മലേഷ്യന്‍ സഖ്യത്തോട് തോറ്റു. ഇന്ത്യ 1-0 ത്തിന് പിന്നില്‍. ടീമിനമായതിനാല്‍ സിംഗിള്‍സിലെയും ഡബിള്‍സിലെയും ഫലങ്ങള്‍ കൂടി കണക്കിലെടുത്താണ് സ്വര്‍ണം നിര്‍ണയിച്ചത്. സിംഗിള്‍സില്‍ സൈന വിജയിച്ചെങ്കിലും ഡബിള്‍സില്‍ സെനേഷ് തോമസ്- രൂപേഷ് കുമാര്‍ സഖ്യം പരാജയപ്പെട്ടു. സ്വര്‍ണം മലേഷ്യക്ക് ലഭിച്ചു. ഇന്ത്യയ്ക്ക് വെള്ളിയും.

വിജയ പ്രതീക്ഷയുണ്ടായിരുന്നതായി ദിനു പറഞ്ഞു. സിംഗിള്‍സിലും ഡബിള്‍സിലും പ്രതീക്ഷയില്ലെങ്കിലും ജ്വാലയുമൊത്തുള്ള മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടാനാകുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

No comments: