Saturday, August 14, 2010

രണ്ടടി ആറിഞ്ച്കാരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കഥ

ലോകത്തിലെ ആദ്യത്തെ രണ്ടടി ആറിഞ്ച് പൊക്കകാരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കഥ സിനിമയാകുന്നു. വെട്ടൂര്‍ ശിവന്‍കുട്ടി എന്ന കമ്മ്യൂണിസ്റ്റ് നേതാവായി എത്തുന്നത് ഉണ്ടപക്രു ആണ്. സ്വന്തം ഭാര്യ സിന്ദാബാദ് എന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ബിജു വട്ടപ്പാറയും.

പാര്‍ട്ടിയാണ് എല്ലാമെന്ന് കരുതി ജീവിക്കുന്ന ശിവന് രക്തസാക്ഷിയാകണം എന്നാണ് ആഗ്രഹം. സ്വന്തം പഞ്ചായത്ത് വിട്ട് പുറത്ത് പോയിട്ടല്ലാത്തയാളാണ് ശിവന്‍കുട്ടി. കമ്മ്യൂണിസത്തിന്റെ അപചയങ്ങളും കമ്മ്യൂണിസ്റ്റുകാരന്റെ മൂല്യച്യുതിയുമൊന്നും ഈ ഗ്രാമത്തിലെത്തിയിട്ടില്ല. പുറംലോകത്ത് എന്ത് നടക്കുന്നുവെന്നറിയാത്ത നേതാവ് കൂടിയാണിയാള്‍.

സ്ത്രീ വിരോധിയാണ് സഖാവ് ശിവന്‍കുട്ടി. കാരണം മറ്റൊന്നുമല്ല. തന്റെ പൊക്കക്കുറവുണ്ടാക്കുന്ന ഈഗോയാണ്സഖാവിനെ സ്ത്രീവര്‍ഗ്ഗത്തിനെതിരാക്കുന്നത്. സ്ത്രീ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ട ചുമതല ഇദ്ദേഹത്തെയാണ് പാര്‍ട്ടി ഏല്പിക്കുന്നത്. എന്നാല്‍ അവരുടെ എണ്ണം കൂട്ടാന്‍ ശിവന് താല്പര്യമില്ല. സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നില്ലെങ്കിലും സര്‍വ്വസമ്മതായ ഈ നേതാവിനെ പാര്‍ട്ടിക്ക് വലിയ കാര്യമാണ്. ഒരു കാര്യത്തില്‍ മാത്രമേ പാര്‍ട്ടി ഔദ്യോഗകപക്ഷവും ശിവന്‍കുട്ടി വിമതപക്ഷമാകുന്നുള്ളൂ. അത് സ്ത്രീവിരോധത്തിലാണ്.

പുര നിറഞ്ഞ് നില്ക്കുന്ന ശിവന്‍കുട്ടിയെ കെട്ടിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. ചൈനയില്‍നിന്നോ ത്രിപുരയില്‍ നിന്നോ ബംഗാളില്‍നിന്നോ മാത്രമേ പെണ്ണ്കെട്ടുകയുള്ളൂ എന്ന വാശിയിലാണ് ശിവന്‍കുട്ടി. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹം വിവാഹിതനാകുന്നു. അതാണ് സിനിമയിലെ വഴിത്തിരിവ്.

സ്ത്രീവിരോധിയാണെങ്കിലും ഭാര്യയാകുന്ന പെണ്‍കുട്ടിയെക്കുറിച്ച് ശിവന്‍കുട്ടിക്കൊരു സങ്കല്പമുണ്ട്. മാര്‍ക്സിനെയും ലെനിനെയും അരച്ച്കലക്കി കുടിച്ച് ഉറച്ച കമ്മ്യൂണിസ്റ്റ്കാരിയാകണം തന്റെ വാമഭാഗം. തന്റെ പൊതുപ്രവര്‍ത്തനത്തിന് താങ്ങുംതണലുമായി നില്ക്കുന്നവള്‍. എന്നാല്‍ കമ്മ്യൂണിസ്റ്റ് ദൈവങ്ങള്‍ ശിവന്റെ തലയില്‍ വരച്ചിരുന്നത് നേരെ തിരിച്ചായിരുന്നു. എല്ലാ ടി.വി സീരിയലുകളും വിടാതെ കാണുന്ന പൈങ്കിളി നോവലുകള്‍ മുടങ്ങാതെ വായിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയാണ് ഭാര്യയായി ലഭിച്ചത്.

അവള്‍ക്കുമുണ്ടായിരുന്നു ഭാവി വരനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍. സിനിമയിലെ സൂപ്പര്‍ താരം സുശീല്‍കുമാറിന്റെ ആരാധികയാണ് അവള്‍. സുശീല്‍കുമാറിനെപ്പോലെയുള്ള ഒരാളെയാണ് ഭര്‍ത്താവായി ആഗ്രഹിക്കുന്നത്. പലപ്പോഴും ശിവന്‍കുട്ടിയുടെ പൊക്കക്കുറവിനെ കളിയാക്കുകയും സുശീല്‍കുമാറിനെ പുകഴ്ത്തിയും മറ്റും അവള്‍ സംസാരിക്കാറുണ്ട്. അങ്ങനെയിരിക്കെ അവരുടെ കലുഷിതമായ ദാമ്പത്യജീവിതത്തില്‍ കെടുങ്കാറ്റായി ആ ഗ്രാമത്തിലേക്ക് സുശീല്‍കുമാറിന്റെ സിനിമയുടെ ഷൂട്ടിങ്ങ് സംഘം എത്തുന്നു. ഇത് സഖാവ് ശിവന്‍ കാണുന്നത് തന്റെ ജീവിതം തകര്‍ക്കാനായി അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഗൂഢാലോചനയായാണ്. തന്റെ ഭാര്യയെ തട്ടികൊണ്ടുപോകാനെത്തുന്ന വില്ലനാണ് സുശീല്‍കുമാര്‍, ശിവന്‍കുട്ടിക്ക്. ഇത് വഴി ഗ്രാമത്തില്‍ പാര്‍ട്ടിയുടെ നട്ടെല്ല് തകര്‍ക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നതായി ഇയാള്‍ കരുതുന്നു. രസകരമായ സംഭവങ്ങള്‍ക്ക് ശേഷം കഥാന്ത്യം "സ്വന്തം ഭാര്യ സിന്ദാബാദ്" എന്ന മുദ്രാവാക്യത്തിലേക്ക് സ്ത്രീവിരോധിയായ നായകന്‍ എത്തുകയാണ്.

മുഴുനീള തമാശ സിനിമയാണെങ്കിലും ഉണ്ടപക്രുവിന് തമാശ രംഗങ്ങളൊന്നും തന്നെയില്ല. ശ്രുതി ലക്ഷമിയാണ് ഉണ്ടപക്രുവിന്റെ നായികയായി എത്തുന്നത്. സ്വരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, കെ.പി.എ.സി ലളിത തുടങ്ങിയ ഹാസ്യതാരങ്ങളുടെ നിര ഈ സിനിമയില്‍ തമാശകളുമായി എത്തുന്നുണ്ട്.

മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി രാമരാവണന്‍ സംവിധാനം ചെയ്ത ബിജുവട്ടപ്പാറയൊരുക്കുന്ന വ്യത്യസ്തമായ ചിത്രമാണ് സ്വന്തം ഭാര്യ സിന്ദാബാദ്. സീരിയസ് സിനിമയായ രാമരാവണില്‍നിന്നും വ്യത്യസ്തമായി തമാശ നിറഞ്ഞതാണ് സ്വന്തം ഭാര്യ സിന്ദാബാദ്.
തിരക്കഥ, സംഭാഷണം, സംവിധാനം ബിജുവട്ടപ്പാറ, ക്യാമറ- ബാലസുബ്രഹ്മണ്യം, ബാദുഷാ- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

No comments: