Sunday, August 15, 2010

സ്ഥലത്തെ പ്രധാന പക്രു

പൊക്കക്കുറവ് കര്‍മ്മപഥത്തില്‍ ഇല്ലെന്ന ഗിന്നസ്പക്രുവിന്റെ മുദ്രാവാക്യം ജീവിതചര്യയാക്കിയ കഥാപാത്രമാണ് 'സ്വന്തം ഭാര്യ സിന്ദാബാദ്' എന്ന സിനിമയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്. സ്ഥലത്തെ പ്രധാന ദിവ്യനായി വിലസുന്ന സര്‍വ്വസമ്മതനായ രാഷ്ട്രീയക്കാരനാണ് നായകന്‍. ഇപ്പോള്‍ തമിഴില്‍ രണ്ട് സിനിമകള്‍ ഒരേ സമയം അഭിനയിക്കുന്ന പക്രു തനിക്ക് പ്രാധാന്യമുള്ള കഥകളുണ്ടാകുന്നതില്‍ സന്തോഷവാനാണ്.

നായികാ പ്രാധാന്യം ഉള്ള സിനിമയില്‍ പക്രുവിന്റെ ഭാര്യയായി അഭിനയിക്കാന്‍വേണ്ടി നിരവധി താരങ്ങളെ തിരഞ്ഞ ശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രുതിയിലെത്തിയത്. എന്നാല്‍ തനിക്കൊപ്പം നായികയായി അഭിനയിക്കാന്‍ നടിമാരെ ലഭിക്കുമോ എന്ന സന്ദേഹം പക്രുവിനെ അലട്ടുന്നില്ല. ഇമേജ് പ്രശ്നമല്ലാത്ത നായികമാരെ തനിക്ക് ലഭിക്കും എന്ന വിശ്വാസത്തിലാണ് അദ്ദേഹം. കല്ല്യാണം കഴിച്ച് കൂടെ താമസിപ്പിക്കാനലല്ലോ?കൂടെ നായികയായി അഭിനയിക്കാനല്ലേ, പക്രു ചോദിക്കുന്നു.

മുമ്പ് പൊക്കക്കുറവുള്ളവര്‍ക്ക് സര്‍ക്കസിലെ കോമാളികളായി അങ്ങോട്ടുമിങ്ങോട്ടും എടുത്തെറിയപ്പെടാനുള്ള കഥാപാത്രങ്ങളെയാണ് ലഭിച്ചിരുന്നത്. ഇന്നത് മാറുന്നു. പൊക്കക്കുറവിനെ തമാശയായി കാണാതെ ജീവിതത്തോട് അടുത്ത് നില്ക്കുന്ന സിനിമകള്‍ ലഭിക്കുന്നുണ്ട്. തന്റെ പൊക്കത്തിന് പ്രാധാന്യം ലഭിക്കുന്ന കഥയൊരുക്കാന്‍ തിരക്കഥാകൃത്തുക്കളും സിനിമയെടുക്കാന്‍ നിര്‍മ്മാതാക്കളും തയ്യാറാകുന്നുണ്ട്. ഈ വേഷം പക്രു ചെയ്താല്‍ നന്നായിരിക്കും എന്ന് ഇവര്‍ കരുതുന്നത് കൊണ്ടാണ് നല്ല കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തുന്നത്.

സ്വന്തം ഭാര്യ സിന്ദാബാദ് എന്ന പേരിനെക്കുറിച്ചും പക്രു പറഞ്ഞു. "കൌതുകമുള്ള പേര്. അത് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കുടുംബവും കുടുംബാനുഭവങ്ങളും മനസില്‍ ഓടിയെത്തും. പ്രേക്ഷകനോട് അടുത്ത് നില്ക്കുന്ന പേരാണിത്. എല്ലാപേര്‍ക്കും സ്വന്തം ഭാര്യ സിന്ദാബാദാണ്."

സൂര്യ നായകനായ ഏഴാമറിവും വിജയിന്റെ കാവല്‍ക്കാരനിലുമാണ് പക്രു ഇപ്പോള്‍ അഭിനയിക്കുന്നത്. സൂധീര്‍ എന്ന ഏഴാമറിവിലെ കഥാപാത്രം സൂര്യയുടെ കൂട്ടുകാരനായി സിനിമയിലുടനീളം ഉണ്ട്.

ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്കായ കാവല്‍ക്കാരനില്‍ ബോഡിഗാര്‍ഡിലെ അതേ കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്.

No comments: